Fri. Nov 22nd, 2024

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കി ഗ്രീസ് പാർലമെൻ്റ്. വിവാഹ സമത്വം ഉറപ്പാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമാണ് ഗ്രീസ്. 300 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 76നെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. 

സ്വവർഗ ദമ്പതികൾക്ക് നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അനുമതിയും ബിൽ നൽകുന്നുണ്ട്. എന്നാൽ വാടക ഗർഭധാരണം അനുവദനീയമല്ല. 

പുരോഗമനപരവും ജനാധിപത്യപരവുമായ ആശയം മുന്നോട്ട് വെക്കുന്ന ഇന്നത്തെ ഗ്രീസിനെ സംബന്ധിച്ചടുത്തോളം ഇതൊരു ചരിത്രപരമായ നിമിഷമാണെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ് എക്സിൽ കുറിച്ചു.

“ഞങ്ങൾ അദൃശ്യരും പാർശ്വവൽക്കരിക്കപ്പെട്ടതുമായ സമൂഹമായിരുന്നു. ഞങ്ങൾ വോട്ട് ചെയ്യുകയും നികുതിയടക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സഹായകരമായ നിയമം പാർലമെൻ്റ് നൽകി. യുവ ദമ്പതികൾക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്”ഏഥൻസ് പ്രൈഡിൻ്റെ സ്ഥാപക അംഗമായ ആൻഡ്രിയ ഗിൽബേർട്ട് പറഞ്ഞു.

സാമൂഹ്യവിരുദ്ധമെന്നാണ് പുതിയ നിയമത്തെ യാഥാസ്ഥിതിക സമൂഹം വിശേഷിപ്പിച്ചത്. സഭാ അനുകൂലികൾ റാലി സംഘടിപ്പിക്കുകയും ബാനറുകൾ ഉയർത്തിയും ബൈബിൾ വായിച്ചും പ്രതിഷേധിക്കുകയും ചെയ്തു.  

സഭയുടെ എതിർപ്പിനെ അവഗണിച്ച് വോട്ടുചെയ്ത നിയമനിർമാതാക്കളെ ബഹിഷ്കരിക്കുമെന്നും രാജ്യത്തിൻ്റെ ഐക്യത്തെ ദുഷിപ്പിക്കുന്നതാണെന്നും ഓർത്തഡോക്സ് സഭാ തലവൻ ആർച്ച് ബിഷപ്പ് ഐറോണിമോസ് പറഞ്ഞു.

പ്രധാന പ്രതിപക്ഷമായ സിറിസ ഉൾപ്പെടെ നാല് ഇടതുപക്ഷ പാർട്ടികൾ ബില്ലിനെ അനുകൂലിച്ചു. സിറിസയുടെ സ്റ്റെഫാനോസ് കസെലകിസ് ഗ്രീസിലെ ആദ്യ സ്വവർഗാനുരാഗിയായ രാഷ്ട്രീയ നേതാവാണ്. “ഈ നിയമം എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമല്ല. പക്ഷേ ഇതൊരു തുടക്കമാണ്”ഫ്രീഡം പാർട്ടി പ്രവർത്തകനും സ്വവർഗാനുരാഗിയുമായ സ്പിറാസ് ബിബിലാസ് പറഞ്ഞു.യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ ഗ്രീസ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്.