Sun. Dec 22nd, 2024

2023 ൽ 99 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിൻ്റെ റിപ്പോർട്ട്. മരിച്ചവരിൽ 77 പേരും ഇസ്രായേൽ – ഗാസ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. 

ഗാസ, ഇസ്രായേൽ, ലബനൺ എന്നിവിടങ്ങളിലെ മരണങ്ങൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഈ മരണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായേനെയെന്ന് ആഗോള മാധ്യമ നിരീക്ഷകരുടെ റിപ്പോർട്ടിൽ പറയുന്നു. 2023 ഡിസംബറിൽ, ഗാസ- ഇസ്രായേൽ യുദ്ധത്തിൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു രാജ്യത്ത് ഒരു വർഷം മരിക്കുന്നവരുടെ എണ്ണത്തിനേക്കാൾ കൂടുതലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേൽ-ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട 77 പേരിൽ 72 പേർ ഫലസ്തീനികളും മൂന്നു പേർ ലബനനിൽ നിന്നുള്ളവരും രണ്ട് പേർ ഇസ്രായേലികളുമാണ്.

“ഗാസയിലെ മാധ്യമപ്രവർത്തകർ യുദ്ധത്തിന് സാക്ഷ്യം വഹിച്ചവരാണ്”, കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ജോഡി ഗിൻസ്ബെർഗ് അൽജസീറയോട് പറഞ്ഞു. 

“ഫലസ്തീനിലെ മാധ്യമപ്രവർത്തകരുടെ മരണം രാജ്യത്തെ മാത്രം നഷ്ടമല്ല. അത് മാധ്യമപ്രവർത്തന രംഗത്തു തന്നെ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. കൊല്ലപ്പെട്ട ഓരോ മാധ്യമപ്രവർത്തകരും ലോകത്തെക്കുറിച്ച് ഞങ്ങൾക്ക് അറിവ് നൽകേണ്ടവരായിരുന്നു“, ജോഡി ഗിൻസ്ബെർഗ് കൂട്ടിച്ചേർത്തു.

ഗാസ- ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ട  മാധ്യമപ്രവർത്തകരുടെ എണ്ണം 88 ആണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ അവർ കൊല്ലപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുവെന്ന് സംഘടന അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടന നേരത്തെ തന്നെ  മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിക്കുകയും ഗാസയിലെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ സൈന്യം കരുതിക്കൂട്ടി കൊലപ്പെടുത്തുകയാണോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.

ഹമാസിൻ്റെ അപ്രതീക്ഷിതമായ ആക്രമണത്തിനു പിന്നാലെ ഇസ്രായേൽ ആരംഭിച്ച യുദ്ധം നാലുമാസത്തിലേറെയായി തുടരുകയാണ്. ആക്രമണത്തിൽ 1200 പേരെ ഹമാസ് കൊല്ലുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. നവംബറിലെ ഹ്രസ്വകാല വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ചിലയാളുകളെ മോചിപ്പിച്ചിരുന്നു. 

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 67000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനസംഖ്യയുടെ 85 ശതമാനവും പലായനം ചെയ്തതായി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന ഏജൻസികൾ അറിയിച്ചു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.