ഇവിടേക്ക് തിരിച്ചെത്തുന്നവര്‍ കരിഞ്ഞുണങ്ങിയ ഭൂമിയെയാണ് കാണാന്‍ പോകുന്നത്. ഇവിടെ വീടുകളില്ല, കൃഷിസ്ഥലമില്ല, ഒന്നുമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഭാവിയുമില്ല – കേണല്‍ യോഗേവ് ബാർ ഷെഷ്ത്
ഇസ്രായേൽ ഹമാസ് യുദ്ധം എങ്ങുമെത്താതെ നാളുകളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബർ 7 ന് നടന്ന ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേൽ നടത്തിയ തിരിച്ചടിയുടെ ഫലമായി ഗാസ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് ഗാസയിലെ നിരവധി ആളുകളാണ് കൊല്ലപ്പെട്ടതും പലായനം ചെയ്യപ്പെട്ടതും.
ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി ഗാസയിലെ പകുതിയിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്ന് ബിബിസിയുടെ വിശകലനത്തില്‍ ( BBC Analysis) വെളിപ്പെടുത്തുന്നു.
ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ വലിയ ആഘാതമാണ് ഖാൻ യൂനിസ് നഗരത്തിന് നേരിടേണ്ടി വന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഖാൻ യൂനിസിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ മാത്രം 38,000 ത്തില്‍ അധികം (ആകെയുള്ള കെട്ടിടങ്ങളുടെ 46% ത്തിലധികം) കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1500 കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. അതില്‍ ജനുവരി 9 ന് പ്രദേശത്തെ ഉയരം കൂടിയ 16 നിലയുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്കായ അൽ ഫറ ടവറും നിലംപതിച്ചിരുന്നു. ഡിസംബർ അവസാനം മുതല്‍ ഇതിന്‍റെ സമീപ പ്രദേശങ്ങളെല്ലാം തന്നെ നിരപ്പാക്കിയിരുന്നു.
ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം (1.7 മില്യൺ) ആളുകളാണ് പലായനം ചെയ്യപ്പെട്ടത്. കുടിയൊഴിപ്പിക്കപ്പെട്ട ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ഗാസ മുനമ്പിൻ്റെ തെക്കേ അറ്റത്ത് തിങ്ങിനിറഞ്ഞതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ തിരക്കുപിടിച്ച തെരുവുകളും സര്‍വകലാശാലകളും കൃഷിയിടങ്ങളുമെല്ലാം തകര്‍ത്തു.
ബിബിസിയ്ക്ക് ലഭിച്ച സാറ്റ് ലൈറ്റ് ഡാറ്റ ഗാസയുടെ നാശത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി കാണിക്കുന്നു. ഗാസ സ്ട്രിപ്പിലെ 144,000 നും 175,000 ഇടയിലുള്ള കെട്ടിടങ്ങൾ കേടുപാടുകൾ സംഭവിച്ചതോ തകർന്നതോ ആണ്. ഇത് ഗാസയിലുള്ള ആകെ കെട്ടിടങ്ങളുടെ 50% നും 61% ഇടയിലാണ്.
ന്യൂയോര്‍ക്കിലെ സിറ്റി സര്‍വകലാശാലയിലെ കോറി ഷെറും ഓര്‍ഗന്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ജാമോൺ വാൻ ഡെൻ ഹോക്കും ചേര്‍ന്ന് സാറ്റ് ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനം നടത്തിയത്.
ഗാസയിലെ ചരിത്ര പ്രാധാന്യമുള്ള പല സ്ഥലങ്ങൾക്കും വലിയ രീതിയില്‍ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ചരിത്ര പ്രാധാന്യമുള്ള അൽ ഒമരി മസ്ജിദിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ഡിഫെന്‍സ് ഫോഴ്സ് പറഞ്ഞിരുന്നു. ഡിസംബര്‍ മുതല്‍ തെക്കന്‍, മധ്യ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ ബോംബാക്രമണം എത്രത്തോളം തീവ്രമായെന്ന് ആക്രമണത്തിന്റെ മുൻപും ശേഷവുമുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഗാസയില്‍ മുന്‍പ് കൃഷി ചെയ്തിരുന്ന പ്രദേശങ്ങളെല്ലാം വ്യാപകമായി നശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബിബിസി വെരിഫൈ നടത്തിയ വിശകലനത്തില്‍ കാണിക്കുന്നത്. ആക്രമണത്തിന് മുൻപ് ഗാസയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യപ്പെട്ടിരുന്നെങ്കിലും ഇറക്കുമതിയെയാണ് വ്യാപകമായി ആശ്രയിച്ചിരുന്നത്.
ഗാസയിലെ ജനങ്ങളുടെ പകുതിയിലധികവും ഇപ്പോള്‍ പട്ടിണിയിലാണെന്നാണ് എയ്ഡ് ഏജൻസികൾ പറയുന്നത്. യുദ്ധത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ കൃഷി ഉണ്ടായിരുന്ന ഗാസയുടെ വടക്കും മധ്യഭാഗത്തും ഇപ്പോള്‍ കൃഷി സ്ഥലങ്ങൾ നശിച്ചനിലയിലാണ്.
വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ നിന്നും പലയാനം ചെയ്യപ്പെട്ട 33കാരനായ സയീദെന്ന കര്‍ഷകനുമായി ബിബിസി അറബിക് സംസാരിക്കുകയുണ്ടായി. അയാള്‍ ബിബിസിയോട് പങ്കുവെച്ചത് ‘ഐഡിഎഫ് എന്‍റെ കൃഷിസ്ഥലമെല്ലാം നശിപ്പിച്ചുവെന്നാണ്.’
സയീദ് തന്‍റെ പൂര്‍വികരില്‍ നിന്നും (മുത്തച്ഛന്‍) ലഭിച്ച ഭൂമിയില്‍ പേരയ്ക്ക, അത്തി, നാരങ്ങ, ഓറഞ്ച്, പുതിന എന്നിവ കൃഷി ചെയ്തിരുന്നത്. ഇതില്‍ നിന്നും സയീദിന് വര്‍ഷാവര്‍ഷം 6000 ഡോളറാണ് വരുമാനമായി ലഭിച്ചിരുന്നത്. അയാളുടെയും കുടുംബത്തിന്റെയും ഏകവരുമാനവും കൃഷിയായിരുന്നു.
‘ഇവിടേക്ക് തിരിച്ചെത്തുന്നവര്‍ കരിഞ്ഞുണങ്ങിയ ഭൂമിയെയാണ് കാണാന്‍ പോകുന്നത്. ഇവിടെ വീടുകളില്ല, കൃഷി സ്ഥലമില്ല, ഒന്നുമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഭാവിയുമില്ല” എന്നാണ് നവംബര്‍ നാലിന് പുറത്ത് വിട്ട വീഡിയോയിൽ സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ ഡെപ്യൂട്ടി ഹെഡായ കേണല്‍ യോഗേവ് ബാർ-ഷെഷ്ത് (Col Yogev Bar-Shesht) പറയുന്നത്.
ഹമാസിന്റെ ടണല്‍ പ്രവേശന കവാടങ്ങളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും പല കാര്‍ഷിക മേഖലയിലും കണ്ടെത്തിയെന്നും അതുകൊണ്ട് കൃഷി സ്ഥലങ്ങൾ നശിപ്പിക്കേണ്ടി വരുമെന്നാണ് ഐഡിഎഫ് പറഞ്ഞത്.
മുന്‍കാലങ്ങളില്‍ സിറിയ, യുക്രൈന്‍ യുദ്ധങ്ങളില്‍ നശിപ്പിക്കപ്പെട്ട കൃഷി സ്ഥലങ്ങൾ പുനരധിവസിപ്പിക്കുന്നത് പ്രയാസകരമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഗാസയിലെ കാർഷിക നാശം നീണ്ടുനിൽക്കുമെന്ന് എയ്ഡ് വിദഗ്ധർ പറയുന്നത്.
ഡിസംബർ തുടക്കം മുതൽ ജനുവരി പകുതി വരെ ഈജിപ്ഷ്യൻ അതിർത്തിയോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളില്‍ ഉയർന്നുവന്ന പുതിയ ടെന്റുകൾ ഏകദേശം 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്. സാറ്റ് ലൈറ്റ് ചിത്രങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ താമസിപ്പിക്കാനുള്ള ടെൻ്റുകളാണ് കാണാൻ സാധിക്കുക.
FAQs
എന്താണ് അൽ ഒമരി മസ്ജിദ്?
ഗ്രേറ്റ് ഒമരി മസ്ജിദ് എന്നും അൽ ഒമരി മസ്ജിദ് അറിയപ്പെടുന്നു. ഗാസയിലെ പഴയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗാസ മുനമ്പിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മസ്ജിദ് ആയിരുന്നു അൽ ഒമരി. പലതവണ സംഘർഷങ്ങളിലും ഒരു തവണ ഭൂകമ്പത്തിലുമായി ഈ മസ്ജിദ് നശിപ്പിക്കപ്പെട്ടെങ്കിലും ഓരോ തവണയും പുനർനിർമ്മിച്ചു.
എന്താണ് സാറ്റ് ലൈറ്റ് ഡാറ്റ?
ഭൂമിയുടെ ഉപരിതലത്തിൻ്റെയും അന്തരീക്ഷത്തിൻ്റെയും ഉപഗ്രഹചിത്രങ്ങളും നിരീക്ഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളുമാണ് സാറ്റ് ലൈറ്റ് ഡാറ്റ. കാലാവസ്ഥാ വ്യതിയാനങ്ങൾ ട്രാക്കുചെയ്യുന്നതിനും ഭൂമിയുടെ മാറ്റങ്ങളെ അറിയുന്നതിനും ഈ ഡാറ്റ ഉപയോഗിക്കുന്നു.
എന്താണ് എയ്ഡ് ഏജൻസികൾ?
പ്രകൃതിദുരന്തം, യുദ്ധം, സാമ്പത്തിക കുതിച്ചുചാട്ടം അല്ലെങ്കിൽ സ്വയം പര്യാപ്തത തടയുന്ന മറ്റ് സാഹചര്യങ്ങൾ എന്നിവ ബാധിച്ച ആളുകൾക്ക് പണമോ സഹായമോ നൽകുന്ന സ്ഥാപനമാണ് എയ്ഡ് ഏജൻസി. ഗവൺമെൻ്റുകളും സ്വതന്ത്ര സ്ഥാപനങ്ങളും എയ്ഡ് ഏജൻസികൾ നടത്തും.
Quotes
ലോകത്തിൽ ശബ്ദരഹിതരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആർദ്രതയുള്ള നേതാക്കന്മാരെ ആവശ്യമുണ്ട് – എപിജെ അബ്ദുൾ കലാം