Tue. Nov 5th, 2024

1996-ൽ സ്വവർഗ ദമ്പതികൾക്കായി സിവിൽ പങ്കാളിത്തം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഐസ്‌ലാന്‍ഡ് മാറി

ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഗബ്രിയേൽ അറ്റല്‍ ഫ്രഞ്ച് ചരിത്രത്തിലെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയാണ്. 34 കാരനായ ഗബ്രിയേൽ അറ്റലിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, പരസ്യമായി സ്വവർഗാനുരാഗിയെന്ന് പ്രഖ്യാപിച്ച വ്യക്തി എന്നി വിശേഷണങ്ങളുണ്ട്.

2024 ജനുവരി എട്ടിന് എലിസബത്ത് ബോണിൻ്റെ രാജിയെ തുടര്‍ന്നാണ് ഫ്രാന്‍സിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേൽ അറ്റലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിക്കുന്നത്. 29-ാം വയസ്സിലായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി ഗബ്രിയേല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എൽആർഇഎം പാർട്ടിയുടെ തലവൻ, സർക്കാർ വക്താവ്, പബ്ലിക് അക്കൗണ്ട്സ് മന്ത്രി തുടങ്ങി നിരവധി ഉന്നത രാഷ്ട്രീയ പദവികൾ ഗബ്രിയേൽ അറ്റൽ നിർവഹിച്ചിട്ടുണ്ട്. 

ഗബ്രിയേൽ അറ്റല്‍ Screen-grab, Copyrights: CNN

ലോകത്ത് ഇതാദ്യമായല്ല സ്വവർഗാനുരാഗിയായ വ്യക്തി ഭരണാധികാരത്തിലേക്ക് എത്തുന്നത്. 2022-ലാണ് ലോകത്തിലെ ആദ്യ സ്വവർഗാനുരാഗിയായ രാഷ്ട്രത്തലവനായി (ക്യാപ്റ്റൻസ് റീജന്റ്) സാൻ മറിനോയില്‍ പൗലോ റോണ്ടെല്ലി അധികാരത്തിലെത്തുന്നത്. സാൻ മറിനോയുടെ ചരിത്രത്തില്‍ ഈ നിയമനം സുപ്രധാനമായിരുന്നു.

2004 വരെ  സാൻ മറിനോയില്‍ സ്വവർഗരതിക്ക് ജയിൽ ശിക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക് പിന്നീട് ഏറ്റവും പുരോഗമനപരമായ രാജ്യമായി സ്വയം സ്ഥാപിച്ചെടുത്തു. ഒമ്പത് വർഷക്കാലം അമേരിക്കയിലെ അംബാസഡറായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്കുപുറമേ അദ്ദേഹം എൽജിബിടി പ്രവർത്തകന്‍ കൂടിയാണ്.

യൂറോപ്പിലെ ഏതാനും LGBTQIA+ രാഷ്ട്രത്തലവന്മാരിൽ ഒരാളാണ് എഡ്ഗാർസ് റിങ്കെവിക്‌സ്. യൂറോപ്യൻ യൂണിയനിലെ ആദ്യ സ്വവർഗാനുരാഗി പ്രസിഡന്റുമാണ് എഡ്ഗാർസ് റിങ്കെവിക്‌സ്. 2016 മുതൽ രാജ്യത്തിൻ്റെ  വിദേശകാര്യ മന്ത്രിയായിരുന്ന എഡ്ഗാർസ് റിങ്കെവിക്സിനെ 2023 ലാണ് ലാത്വിയയുടെ രാഷ്ട്രത്തലവനായി നിയമിക്കുന്നത്. 2014 ലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് റിങ്കെവിക്‌സ് ട്വിറ്ററിലൂടെ പരസ്യമായി പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ മുന്‍പ് സ്വവർഗാനുരാഗികളായ തലവന്മാർ ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഒരു സ്വവർഗാനുരാഗ രാഷ്ട്രത്തലവനുണ്ടായിരുന്നില്ല. സ്വവർഗ വിവാഹം ലാത്വിയയിൽ നിയമവിരുദ്ധമായിരുന്നു. 2022 ലാണ് രാജ്യത്തിൻ്റെ  ഭരണഘടനാ കോടതി സ്വവർഗ യൂണിയനുകളെ അംഗീകരിച്ചത്. 

ജോഹന്ന സിഗുറാർഡോട്ടര്‍ Screen-grab, Copyrights: Autostraddle

ഐസ്‌ലാൻഡിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ആദ്യ എൽജിബിടി നേതാവുമാണ് ജോഹന്ന സിഗുറാർഡോട്ടര്‍. 2009 ല്‍ ഐസ്‌ലാൻഡിൻ്റെ  സാമ്പത്തിക തകർച്ചയെത്തുടർന്ന് മന്ത്രിസഭ രാജിവച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ജോഹന്ന സിഗുറാർഡോട്ടര്‍ അധികാരമേറ്റത്. 2013 വരെ പ്രധാനമന്ത്രിയായി ജോഹന്ന അധികാരത്തിലിരുന്നു. ഐസ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന വ്യക്തിയാണ് ജോഹന്ന സിഗുറാർഡോട്ടര്‍.

1940-ൽ ഡെൻമാർക്കിൻ്റെ  ആശ്രിത രാജ്യമായിരുന്നപ്പോൾ സ്വവർഗ ലൈംഗികതയ്‌ക്കെതിരായ നിയമങ്ങൾ രാജ്യം റദ്ദാക്കിയിരുന്നു. 1996-ൽ സ്വവർഗ ദമ്പതികൾക്കായി സിവിൽ പങ്കാളിത്തം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഐസ്‌ലാന്‍ഡ് മാറി.

2006 ൽ രാജ്യത്ത് ഗേ, ലെസ്ബിയൻ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം അംഗീകരിച്ചു. ജോഹന്ന പ്രധാനമന്ത്രിയായി ഒരു വർഷത്തിനുള്ളിൽ വിവാഹ സമത്വ നിയമവും ഐസ്‌ലാൻഡ് പാസാക്കി. ജോഹന്നയും പങ്കാളി ജോണിന ലിയോസ്‌ഡോട്ടിറും ഈ നിയമം പ്രയോജനപ്പെടുത്തിയ ആദ്യ ദമ്പതികളിൽ ഒരാളായിരുന്നു.

ബെല്‍ജിയത്തിൻ്റെ മുന്‍ ഗേ പ്രധാനമന്ത്രിയാണ് എലിയോ ദി റുപോ. 2011 ലാണ് എലിയോ ദി റുപോയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിക്കുന്നത്. 1996-ൽ പ്രായപൂർത്തിയാകാത്ത ഒരു പുരുഷനുമായി എലിയോ ദി റുപോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം ഉണ്ടായി. തുടര്‍ന്ന് സ്വവർഗാനുരാഗിയാണെന്ന മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് അതെ, അതുകൊണ്ട് എന്താണെന്നായിരുന്നു എലിയോ ദി റുപോ പ്രതികരിച്ചത്. മൂന്ന് വർഷത്തിന് ശേഷം എലിയോ ദി റുപോ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി. 

ചെറിയ യൂറോപ്യൻ രാജ്യമായ ലക്സംബർഗിൻ്റെ ആദ്യത്തെ സ്വവർഗാനുരാഗി പ്രധാനമന്ത്രിയാണ് സേവ്യർ ബെറ്റൽ. ലോകത്തെ മൂന്നാമത്തെ സ്വവർഗാനുരാഗി പ്രധാനമന്ത്രിയായി 2013 ല്‍ സേവ്യർ ബെറ്റല്‍ നിയമിക്കപ്പെട്ടു. സ്വവർഗ പങ്കാളിയെ വിവാഹം കഴിക്കുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ നേതാവ് എന്ന വിശേഷണവും സേവ്യർ ബെറ്റലിന് സ്വന്തമാണ്. ബെൽജിയത്തിൽ നിന്നുള്ള ആർക്കിടെക്റ്റായ ഗൗത്തിയർ ഡെസ്റ്റനേയെ സേവ്യർ ബെറ്റല്‍ 2015 ല്‍ വിവാഹം ചെയ്തു.

അയർലണ്ടിലെ ആദ്യ സ്വവർഗാനുരാഗി പ്രധാനമന്ത്രിയും ഭാഗികമായി ഇന്ത്യൻ വംശജനുമായ ആദ്യ ഐറിഷ് നേതാവാണ് ലിയോ വരദ്കർ. 2017 മുതല്‍ 2020 വരെയും പിന്നീട് 2022 മുതല്‍ വീണ്ടും ലിയോ വരദ്കർ പ്രധാനമന്ത്രിയായി. ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളായാണ് ലിയോ വരദ്കർ അധികാരത്തില്‍ എത്തുന്നത്.

ആദ്യമായി രാഷ്ട്രീയത്തില്‍ വരുമ്പോള്‍ തന്‍റെ ലൈംഗികതയെ കുറിച്ച് അറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ലിയോ വരദ്കർ വ്യക്തമാക്കിയിരുന്നു. 2015 ല്‍ ദേശീയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സ്വവർഗാനുരാഗിയാണെന്ന് ലിയോ വരദ്കർ വെളിപ്പെടുത്തുന്നത്. ലിയോ വരദ്കറിൻ്റെ പങ്കാളിയാണ് മാത്യു ബാരറ്റ്.

അന്നാ ബര്‍നാബിക് Screen-grab, Copyrights: BBC

ലെസ്ബിയനാഅന്നാ ബര്‍നാബികാണ് സെർബിയയുടെ പ്രധാനമന്ത്രി. ലോകത്തെ രണ്ടാമത്തെ ലെസ്ബിയൻ പ്രധാനമന്ത്രി, സെര്‍ബിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി, സെര്‍ബിയയുടെ ആദ്യത്തെ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രി അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് അന്നാ ബര്‍നാബികിന്.

‘സെര്‍ബിയയുടെ ഗേ പിഎം’ എന്ന് അറിയപ്പെട്ടിരുന്ന അന്നാ ബര്‍നാബിക് തനിക്ക് ആ പേര് വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തൻ്റെ കഴിവ്, പ്രോഫഷണലിസം എന്നിവയുടെ അടിസ്ഥാനത്തില്‍ പേര് മുദ്രകുത്തപ്പെടുന്നത് കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അന്നാ ബര്‍നാബിക് പറഞ്ഞത്.

സേവ്യർ എസ്പോട്ട് സമോറ 2019 ലാണ് അൻഡോറയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. റേഡിയോ ആന്‍ഡ്‌ ടെലിവിഷന്‍ ഓഫ് അൻഡോറ എന്ന രാജ്യത്തെ പൊതു ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സ്വവർഗാനുരാഗിയാണെന്ന് സേവ്യർ എസ്പോട്ട് സമോറ പരസ്യമായി പറയുന്നത്. ഇത് ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും  സേവ്യർ എസ്പോട്ട് സമോറ വ്യക്തമാക്കി. 2022 ല്‍ രാജ്യത്ത് സ്വവർഗാനുരാഗികര്‍ക്ക് വിവാഹം ചെയ്യാനുള്ള അവകാശം ലഭിച്ചു.

ക്വീര്‍ ഭരണാധികാരികള്‍ രാജ്യങ്ങളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ മാത്രമല്ല ഉള്ളത്. ഗബ്രിയേൽ അറ്റലിനെ കൂടാതെ ഫ്രാൻസിൽ സ്വവർഗാനുരാഗികളായ നേതാക്കളിൽ ചിലരാണ് ഫ്രാങ്ക് റൈസ്റ്റർ, സ്റ്റെഫാൻ സെജോർനെ തുടങ്ങിയവർ.

ബെൽജിയത്തിൻ്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ട്രാൻസ്‌ജെൻഡർ വനിതയുമായ പെട്ര ഡി സട്ടർ, ഇറ്റലിയിലെ സിസിലിയുടെ മുന്‍ പ്രസിഡന്റും ഗേയുമായ റൊസാരിയോ ക്രോസെറ്റ, അമേരിക്കയിലെ ഒറിഗോണിൻ്റെ  മുന്‍ ഗവര്‍ണറും ബൈസെക്ഷ്വലുമായ കേറ്റ് ബ്രൗണ്‍ എന്നിവരെ പോലെ അനേകം നേതാക്കള്‍ ഇനിയുമുണ്ട്. ഗബ്രിയേൽ അറ്റലിനെ കൂടാതെ ഫ്രാൻസിൽ സ്വവർഗാനുരാഗികളായ നേതാക്കളിൽ ചിലരാണ് ഫ്രാങ്ക് റൈസ്റ്റർ, സ്റ്റെഫാൻ സെജോർനെ തുടങ്ങിയവർ.

FAQs

എന്താണ് സ്വവർഗാനുരാഗി?

സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരെയാണ് സ്വവർഗാനുരാഗി എന്ന് വിളിക്കുന്നത്. ഇതിൽ പുരുഷന്മാരെ ഗേ എന്നും സ്ത്രീകളെ ലെസ്ബിയൻ എന്നും വിളിക്കുന്നു.

എന്താണ് LGBTQIA+?

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീര്‍, ഇന്റർസെക്‌സ്, അസെക്ഷ്വൽ എന്നിവയുടെ ചുരുക്കമാണ് LGBTQIA+.

Quotes

നിങ്ങൾക്ക് പിന്തുണ നൽകണമെന്നുണ്ടെങ്കിൽ നിങ്ങൾ സ്വവർഗാനുരാഗിയായിരിക്കണമെന്നില്ല, നിങ്ങൾ ഒരു മനുഷ്യനായാൽ മതി – ഡാനിയൽ റാഡ്ക്ലിഫ്

By നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.