Fri. Sep 13th, 2024

എൻ്റെ നെഞ്ചിൽ നിന്നും പർവ്വതത്തിൻ്റെ വലുപ്പമുള്ള ഒരു കല്ല് നീക്കിയതുപോലെ എനിക്ക് തോന്നുന്നു. എനിക്കിപ്പോൾ ശ്വാസമെടുക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക.പരമോന്നത നീതിപീഠത്തിന് ഞാൻ നന്ദി പറയുന്നു. സുപ്രീംകോടതിയുടെ ഈ വിധി എൻ്റെ കുട്ടികൾക്കും ലോകത്തുള്ള സ്ത്രീകൾക്കും തുല്യനീതിയിലുള്ള വിശ്വാസത്തിൽ പ്രതീക്ഷ നൽകുന്നതാണ്

2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ പതിനാലുപേരെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവിനെ സുപ്രീംകോടതി ഇന്നലെ റദ്ദ് ചെയ്തിരുന്നു. തൻ്റെ പോരാട്ടത്തെ മാനിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് നന്ദിയറിയിച്ചുകൊണ്ട് ബിൽക്കിസ് എഴുതിയ തുറന്ന കത്തിൽ വർഷങ്ങളായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും അവർ വ്യക്തമാക്കുന്നു. 

“ഇന്നാണ് എനിക്ക് പുതുവർഷം പിറന്നത്. എൻ്റെ കണ്ണിൽ നിന്നും വാർന്നത് ആശ്വാസത്തിൻ്റെ കണ്ണീരാണ്. ഞാൻ എൻ്റെ കുട്ടികളെ കെട്ടിപ്പിടിച്ചു. ഒന്നര വർഷത്തിനുശേഷം ഞാൻ ചിരിച്ചു” തൻ്റെ അഭിഭാഷകയായ ശോഭ ഗുപ്ത മുഖേന നൽകിയ കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്.

“എൻ്റെ നെഞ്ചിൽ നിന്നും പർവ്വതത്തിൻ്റെ വലുപ്പമുള്ള ഒരു കല്ല് നീക്കിയതുപോലെ എനിക്ക് തോന്നുന്നു. എനിക്കിപ്പോൾ ശ്വാസമെടുക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക. 

പരമോന്നത നീതിപീഠത്തിന് ഞാൻ നന്ദി പറയുന്നു. സുപ്രീംകോടതിയുടെ ഈ വിധി എൻ്റെ കുട്ടികൾക്കും ലോകത്തുള്ള സ്ത്രീകൾക്കും തുല്യനീതിയിലുള്ള വിശ്വാസത്തിൽ പ്രതീക്ഷ നൽകുന്നതാണ്. 

ബുദ്ധിമുട്ടിൻ്റെ സമയങ്ങളിൽ എന്നെ ചേർത്തുനിർത്തിയ എൻ്റെ ഭർത്താവിനോടും എന്നോടൊപ്പം നിന്ന എൻ്റെ കുട്ടികൾക്കും സുഹൃത്തുകൾക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു.എൻ്റെ അഭിഭാഷകയായ ശോഭ ഗുപ്തയോടും എനിക്ക് നന്ദിയുണ്ട്. കാരണം, നീതിപീഠത്തിന് മേലുള്ള എൻ്റെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് അവർ എപ്പോഴും ഓർമിപ്പിച്ചിരുന്നു. 

ഒന്നരവർഷം മുൻപ് കൃത്യമായി പറഞ്ഞാൽ 2022 ഓഗസ്റ്റ് 15 ന് എൻ്റെ കുടുംബം നശിപ്പിക്കുകയും എൻ്റെ അസ്ഥിത്വത്തെ ഇല്ലാതാക്കുകയും ചെയ്തവരെ ശിക്ഷാകലാവധി പൂർത്തിയാകുന്നതിനുമുൻപ് മോചിതരാക്കിയപ്പോൾ ഞാൻ തകർന്നുപോയി. 

വർഷങ്ങളായി ഞാൻ സംഭരിച്ചുവെച്ച ധൈര്യം ചോർന്ന് പോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്, ഐക്യദാർഢ്യങ്ങൾ എന്നെ തേടി വരുന്നതുവരെ. ആയിരക്കണക്കിന് വരുന്ന സാധാരണക്കാർ എനിക്കുവേണ്ടി മുന്നോട്ട് വന്നു.

അവർ എന്നോടൊപ്പം നിൽക്കുകയും എനിക്കുവേണ്ടി സംസാരിക്കുകയും ചെയ്തു. നീതി സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുന്നയിച്ച് നിരവധി അപ്പീലുകളും പൊതുതാൽപര്യ ഹർജികളും സമർപ്പിച്ചു.

മുംബൈയിൽ നിന്നും 8500 പേർ അപ്പീലുകൾ സമർപ്പിച്ചു. കർണാടകയിലെ 29 ജില്ലകളിൽ നിന്നും 40000 പേർ തുറന്ന കത്തുകളെഴുതി. അവർ എനിക്ക് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണക്കും നന്ദിയുണ്ട്. എനിക്ക് വേണ്ടി മാത്രമല്ല, ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടാനുള്ള ഇച്ഛാശക്തി അവർ എനിക്ക് തന്നു. 

ഈ വിധിയുടെ പൂർണ്ണമായ അർത്ഥം ഞാൻ ഉൾക്കൊള്ളുമ്പോൾ എൻ്റെ ഹൃദയത്തിൽ നിന്നുമുള്ള പ്രാർത്ഥന അത് വളരെ ലളിതമാണ്. നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ആവശ്യമാണ്.- എന്ന് പറഞ്ഞുകൊണ്ടാണ് ബിൽക്കിസ് ബാനു തൻ്റെ കത്ത് അവസാനിപ്പിക്കുന്നത്. 

ബിൽക്കിസ് ബാനുവിൻ്റെ കത്ത് Screen-grab, Copyrights: The Bihar now

ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ സംഘം ചേർന്ന് ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ വെറുതെവിടാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ഭരണകക്ഷിയായ ബിജെപിയിലെ അംഗങ്ങളോ പാർട്ടി പ്രവർത്തകരോ അടങ്ങിയ ഒരു സമിതിയാണ് കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. 

കുറ്റവാളികളുമായി സർക്കാർ ഒത്തുകളിച്ചുവെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരുന്നാൽ അത് സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുമെന്നും വ്യക്തമാക്കി. 

നിയമവാഴ്ചയിലുള്ള തൻ്റെ വിശ്വാസത്തെ ഉറപ്പിക്കുന്നതാണ് കോടതിയുടെ വിധിയെന്ന ബിൽക്കിസിൻ്റെ വാക്കുകൾ, നിയമത്തിന് മേൽ ഇന്ത്യയിലെ സ്ത്രീകൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. 

FAQs

ആരാണ് ബി വി നാഗരത്ന?

ഇന്ത്യൻ സുപ്രീം കോടതിയിലെ വനിത ന്യായാധിപയാണ് ബെൻഗളൂരു വെങ്കിടരാമയ്യ നാഗരത്ന. 2008 മുതൽ 2021 വരെ കർണാടക ഹൈക്കോടതിയിൽ ന്യായാധിപയായിരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ എസ് വെങ്കിടാരാമയ്യയുടെ മകൾ ആണു ബി വി നാഗരത്ന.

പൊതുതാൽപര്യ ഹർജി എന്നാലെന്ത്?

സാമ്പത്തികമായോ മറ്റു വിധത്തിലോ വ്യക്തി പരമായ നേട്ടം എന്ന താൽപര്യമില്ലാതെ സമൂഹത്തിലെ പൊതുവായ ഒരു നന്മ ഉദ്ദേശിച്ചോ നീതി നിഷേധിക്കപ്പെട്ട ഒരു കാര്യത്തിനോ വിഭാഗത്തിന് വേണ്ടിയോ ഒരു വ്യക്തി കോടതിയിൽ നൽകുന്ന വ്യവഹാരങ്ങളെയാണ് പൊതുതാൽപര്യ ഹർജി എന്ന് പറയുന്നത്.

Quotes

എൻ്റെ വിജയത്താൽ എന്നെ വിലയിരുത്തരുത്, ഞാൻ എത്ര തവണ വീണു, വീണ്ടും എഴുന്നേറ്റു എന്നതിൻ്റെ അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തുക – നെൽസൺ മണ്ടേല

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.