Sun. Apr 28th, 2024

ഞങ്ങള്‍ സ്വര്‍ഗത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ നരകത്തിലായിരുന്നു. നരകത്തിലാണ് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുക

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചര്‍ച്ചിന്റെ സ്ഥാപകനായ ടിബി ജോഷ്വ നടത്തിയ ചൂഷണങ്ങളുടെയും പീഡനത്തിന്റെയും തെളിവുകൾ പുറത്തുവിട്ട്  ബിബിസി. രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ബിബിസി തെളിവുകള്‍ പുറത്തുവിട്ടത്. 

ടെലിവിഷനുകളിലൂടെ ദൈവപ്രഘോഷണം നടത്തി ആഗോളതലത്തിൽ ധാരാളം അനുയായികളെ സൃഷ്ടിച്ച ജോഷ്വ നടത്തിയ പീഡനങ്ങളുടെയും, കുട്ടികളെ ദുരുപയോഗം ചെയ്തതിന്റെയും, ആളുകളെ ചങ്ങലക്കിട്ട് ചമ്മട്ടികൊണ്ട് അടിച്ചതുമുൾപ്പെടെയുള്ള അതിക്രമങ്ങളുടെ ഡസന്‍ കണക്കിന് ദൃക്സാക്ഷി വിവരണങ്ങള്‍ ബിബിസി പുറത്തുവിട്ട തെളിവുകളിൽ ഉള്‍പ്പെടുന്നു

ടിബി ജോഷ്വ  Screen-grab, Copyrights: The Guardian Nigeria

യുകെയില്‍ നിന്നുള്ള അഞ്ചു പേര്‍ ഉള്‍പ്പെടെ 25 മുൻ സഭാംഗങ്ങളാണ് ജോഷ്വക്കെതിരെ പീഡനങ്ങളും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ആരോപിച്ച് രംഗത്തെത്തിയത്.

ലാഗോസിലെ ജോഷ്വയുടെ രഹസ്യ കോമ്പൗണ്ടിലെ പീഡനങ്ങൾ ഏകദേശം 20 വർഷത്തോളം നീണ്ടുനിന്നു. നിരവധി സ്ത്രീകള്‍ കോമ്പൗണ്ടിനുള്ളില്‍ വര്‍ഷങ്ങളോളം ആവര്‍ത്തിച്ച് പീഡനത്തിന് ഇരയായിട്ടുണ്ട്. താന്‍ അഞ്ചു തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്ന് ഒരു സ്ത്രീ ബിബിസിയോട് പറയുന്നു.

ഇരകളില്‍ ഒരാളായ റേ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി 2002-ൽ ബ്രൈറ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദം ഉപേക്ഷിച്ച് സഭയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമ്പോൾ 21 വയസ്സായിരുന്നു പ്രായം. തുടര്‍ന്നുള്ള 12 വര്‍ഷം അവള്‍ ജോഷ്വയുടെ ‘ശിഷ്യ’ എന്ന് വിളിക്കപ്പെടുന്നവരില്‍ ഒരാളായി അവിടെ കഴിഞ്ഞു.

ഇരകളില്‍ ഒരാളായ റേ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി Screen-grab, Copyrights: BBC

“ഞങ്ങള്‍ സ്വര്‍ഗത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ നരകത്തിലായിരുന്നു. നരകത്തിലാണ് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുക” റേ ബിബിസിയോട് പറഞ്ഞു. ജോഷ്വ ലൈഗികമായി പീഡിപ്പിച്ചുവെന്നും രണ്ട് വര്‍ഷം ഏകാന്ത തടവിന് വിധേയമായെന്നും കോമ്പൗണ്ടിനുള്ളില്‍ നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും റേ കൂട്ടിച്ചേര്‍ത്തു.

ഇമ്മാനുവല്‍ ടിവി എന്ന പേരില്‍ ഒരു ചാനലും സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്ന സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസിന് ആഗോളതലത്തില്‍ നിരവധി കാഴ്ചക്കാരാണുള്ളത്. 1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും യൂറോപ്പ്, അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് നൈജീരിയയിലെ പള്ളിയിൽ ജോഷ്വയുടെ ‘healing miracles’ന് എത്തിച്ചേര്‍ന്നത്. കുറഞ്ഞത് 150 സന്ദർശകരെങ്കിലും ജോഷ്വയുടെ ശിഷ്യന്മാരായി ലാഗോസിലെ കോമ്പൗണ്ടിൽ താമസിച്ചിരുന്നു.

ജെസ്സിക കൈമു Screen-grab, Copyrights: BBC

“എന്റെ കഷ്ടപാട് അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്നു. ജോഷ്വ ആദ്യമായി പീഡിപ്പിക്കുമ്പോള്‍ എനിക്ക് പതിനേഴ് വയസ്സായിരുന്നു. പീഡനത്തെ തുടര്‍ന്ന് അഞ്ചു തവണ ഗര്‍ഭഛിദ്രം നടത്തി” നമീബിയയില്‍ നിന്നുമുള്ള ജെസ്സിക കൈമു ബിബിസിയോട് പറഞ്ഞു. “ഇതെല്ലാം പിന്നണിയിലെ കാര്യങ്ങളാണ്. ഞങ്ങള്‍ കടന്നു പോകുന്ന ചികിത്സകള്‍ ഞങ്ങളെ കൊല്ലുന്ന തരത്തിലായിരുന്നു”, ജെസ്സിക കൈമു കൂട്ടിച്ചേര്‍ത്തു.

ജോഷ്വ തങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും ഇലക്ട്രിക്കൽ കേബിളുകളും കുതിര ചമ്മട്ടിയും ഉപയോഗിച്ച് തല്ലുകയും ഉറക്കം നിഷേധിക്കുകയും ചെയ്തുവെന്നും അഭിമുഖം നല്‍കിയവര്‍ പറഞ്ഞു.

പള്ളിയില്‍ നിന്നും രക്ഷപ്പെട്ടുവന്ന ഒരു ബ്രിട്ടീഷുകാരനും ഭാര്യയും തങ്ങളുടെ അനുഭവങ്ങളും ദൃക്‌സാക്ഷികളുടെ വീഡിയോയും അടങ്ങുന്ന തെളിവുകള്‍ 2010 മാർച്ചിൽ നൈജീരിയയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലേക്ക് ഇമെയിൽ ചെയ്തു.

ജോഷ്വ തന്റെ ഭാര്യയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബ്രിട്ടീഷുകാരന്‍റെ ഇമെയിലില്‍ പറയുന്നുണ്ട്. ഇപ്പോഴും മറ്റ് ബ്രിട്ടീഷ് പൗരന്മാര്‍ രഹസ്യ കോമ്പൗണ്ടിനുള്ളില്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് താന്‍ കമ്മീഷന് മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് ബ്രിട്ടീഷുകാരന്‍ പറയുന്നു.

2022 മാര്‍ച്ചില്‍ പള്ളിയുടെ ലാഗോസ് കോമ്പൗണ്ടിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച ബിബിസിയിലെ ജീവനക്കാരനെ പള്ളിയുടെ സെക്യൂരിറ്റി വെടിവെക്കുന്ന സാഹചര്യം ഉണ്ടായി. പള്ളിയില്‍ നടന്ന ചൂഷണങ്ങളെ കുറിച്ചുള്ള വീഡിയോ യുട്യൂബില്‍ പോസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന് നൈജീരിയയില്‍ നിന്നുള്ള മറ്റൊരാൾക്കെതിരെയും വെടിയുതിർത്തിരുന്നു.

ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ ജോഷ്വക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച് നിഷേധിച്ചിട്ടുണ്ട്. ടിബി ജോഷ്വ എന്ന പ്രവാചകനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പുതിയ സംഭവമല്ലെന്നും ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു സഭയുടെ വാദം.

2021 ല്‍ ജോഷ്വ മരിച്ചപ്പോൾ ആഫ്രിക്കൻ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പുരോഹിതനായാണ് വാഴ്ത്തപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിനിമാ താരങ്ങള്‍, അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ അനുയായികളായിരുന്നു.

നിലവില്‍ ജോഷ്വയുടെ വിധവയായ എവ്ലിന്‍ന്‍റെ നേതൃത്വത്തിലാണ് സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസ് പ്രവര്‍ത്തിക്കുന്നത്. 

FAQs

എന്താണ് സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസ്?

നൈജീരിയയിലെ ലാഗോസിൽ സ്ഥിതി ചെയ്യുന്ന ഒരു കരിസ്മാറ്റിക് ക്രിസ്ത്യൻ മെഗാ ചർച്ചാണ് സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസ്. എട്ട് അംഗങ്ങളുമായി ആരംഭിച്ച പള്ളി പിന്നീട് നൈജീരിയയിലെ ഏറ്റവും സ്വാധീനമുള്ള പള്ളികളിൽ ഒന്നായി മാറി.

എവിടെയാണ് ലാഗോസ്?

നൈജീരിയയിലാണ് ലാഗോസ് നഗരം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരപ്രദേശം കൂടിയാണ് ലാഗോസ്.

Quotes

സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേൽക്കുന്നു – കോബി ബ്രയന്റ്