Sun. Dec 22nd, 2024

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളുളളതുകൊണ്ടാണ്. ശ്രീലങ്കയിൽ സംഭവിച്ചതുപോലെ ഒരു ദുരനുഭവം ബംഗ്ലാദേശിൽ സംഭവിക്കാതിരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു

തെരഞ്ഞെടുപ്പ് വർഷമായ 2024ലെ ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ജനുവരി ഏഴിന് ബംഗ്ലാദേശിൽ നടക്കാൻ പോകുന്നത്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാകില്ല നടക്കാൻ പോകുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാന പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയും നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും ജയിലിലാകുകയും ചെയ്തതോടെ അവാമി ലീഗ് നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന വസീദ് തുടർച്ചയായ നാലാം ജയത്തിന് തയ്യാറെടുക്കുകയാണ്. 

ഷെയ്ഖ് ഹസീന Screen-grab, Copyrights: DD news

 ജനാധിപത്യത്തിന് കീഴിൽ, സാമ്പത്തിക വളർച്ചയിൽ ഏഷ്യയിലെ തന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കുന്ന രീതിയിലാകുമെങ്കിൽ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത ഈ നേട്ടം കുത്തനെ താഴേക്ക് പതിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പറയുന്നത്. 

എതിരാളികൾക്ക് തന്നെ എതിർക്കുന്നവരെ ജയിലിലടക്കുന്ന സ്വേച്ഛാധിപതിയാണ് ഷെയ്ഖ് ഹസീനയെങ്കിൽ അണികൾക്ക് അവർ മനുഷ്യത്വത്തിൻ്റെ മാതാവാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിത ഭരണാധികാരിയും ഷെയ്ഖ് ഹസീനയാണ്.

തെരഞ്ഞെടുപ്പ് വിവാദങ്ങളുടെ പാരമ്പര്യമുള്ള ബംഗ്ലാദേശിൽ 19 തവണ വധശ്രമം നേരിട്ട ഈ എഴുപത്തിയാറുകാരി ഒരു രാഷ്ട്രീയ പ്രതിഭാസമായാണ് അറിയപ്പെടുന്നത്. 1996ലാണ് ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രിക്കസേരയിൽ എത്തുന്നത്.

അടുത്ത തെരഞ്ഞെടുപ്പിൽ വിജയം നിലനിർത്താൻ അവാമി ലീഗിന് കഴിഞ്ഞില്ലെങ്കിലും 2008ലും 2014ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷം നേടി ഷെയ്ഖ് ഹസീന അധികാരത്തിലെത്തി. ബംഗ്ലാദേശിൻ്റെ പ്രഥമ പ്രധാനമന്ത്രി മകളായ  ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം കൂടുതൽ ചർച്ചയാകുന്നത് 1975 ഓഗസ്റ്റ് 15ന് നടന്ന സൈനിക അട്ടിമറിക്കുശേഷമാണ്.

Life of My Father : Sheikh Hasina – Bangabandhu | The Man Behind The NATION

ഹസീനയുടെ ഭർത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയുമൊഴികെ മുഴുവൻ കുടുംബാംഗങ്ങളും അന്ന് കൊല്ലപ്പെട്ടു. പശ്ചിമ ജർമനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടിൽ അഭയം തേടിയിരുന്ന ഹസീനക്കും കുടുംബത്തിനും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഇന്ത്യയിൽ അഭയം നൽകി.

സിയാവുർ റഹ്മാൻ്റെ കീഴിലുള്ള സൈനിക ഭരണകൂടം ഹസീനക്ക് ബംഗ്ലാദേശിൽ പ്രവേശിക്കുന്നതിന് വിവക്കേർപ്പെടുത്തിയിരുന്നു. ആറ് വർഷം ന്യൂഡൽഹിയിൽ പ്രവാസജീവിതം നയിച്ച ശേഷം 1981ൽ ബംഗ്ലാദേശിൽ തിരികെയെത്തുകയും അവാമി ലീഗിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

1986ലെ ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ഹസീനയും അവാമി ലീഗും മത്സരിച്ചു.1986- 1987 കാലയളവിൽ പ്രസിഡൻ്റ് ഹുസൈന്‍ മുഹമ്മദ് എര്‍ഷാദിനെതിരെ പ്രതിപക്ഷമെന്ന നിലയില്‍ എട്ട് പാര്‍ട്ടികളുടെ സഖ്യത്തിന് ഷെയ്ഖ് ഹസീന നേതൃത്വം നല്‍കി.

പിന്നീട് 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ സിയാവുർ റഹ്മാൻ്റെ വിധവയായ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി.

കൃതൃമത്വത്തിലൂടെയാണ് ബിഎൻപി പാർട്ടി സ്ഥാനാർത്ഥി വിജയിച്ചതെന്ന വിവാദമുയർന്നതോടെ പാർലമെൻ്റ് ബഹിഷ്കരിക്കാൻ അവാമി ലീഗ് ആവശ്യപ്പെട്ടു. ഹസീനയും ഖാലിദ സിയയും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത് അവിടെ നിന്നുമാണ്. 

നിരവധി ഭരണപരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ച സമയമായിരുന്നു ഹസീനയുടെ ആദ്യ ഭരണകാലഘട്ടം. ഗംഗാജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാർ ഒപ്പു വെച്ചു.

ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തിൽ സ്വകാര്യമേഖലയ്ക്ക് പ്രാമുഖ്യം നൽകി.ചിറ്റഗോംഗ് ഹില്‍ ട്രാക്ട്‌സ് സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ഭക്ഷ്യധാന്യ ഉൽപ്പാദനം വർദ്ധിച്ചു. വിവിധ മേഖലയിലെ പരിഷ്കരണത്തിൻ്റെ ഭാഗമായി രാജ്യം ജിഡിപി വളർച്ച കൈവരിച്ചു.

സമൂഹത്തിലെ ദുർബലരായവരെ സംരക്ഷിക്കാൻ നിരവധി സുരക്ഷ പദ്ധതികൾ കൊണ്ടുവന്നു. എന്നിരുന്നാലും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം തുടരാൻ അവാമി ലീഗിന് കഴിഞ്ഞില്ല. 2001ൽ അധികാരം നഷ്ടപ്പെട്ട് ഷെയ്ഖ് ഹസീന വീണ്ടും പ്രതിപക്ഷ നേതാവായി. 

പിന്നീട് ബംഗ്ലാദേശിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിൻ്റെയും അക്രമത്തിൻ്റെയും നാളുകളായിരുന്നു. 2007ൽ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ അഴിമതി കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു.

എന്നാൽ ഹൈക്കോടതി ഹസീനയെ ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു. 2008 ഡിസംബറിൽ നടന്ന ഒൻപതാമത് പാർലമെൻ്ററി തെരഞ്ഞെടുപ്പിൽ അവാമി ലീഗ് 299ൽ 230 സീറ്റുകളും നേടി വിജയിച്ചു.

ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയപ്പോൾ Screen-grab, Copyrights: Daily sun

2009 ജനുവരിയിൽ രണ്ടാം തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഷെയ്ഖ് ഹസീനക്ക് പിന്നീട് അധികാരപദം വിട്ടിറങ്ങേണ്ടി വന്നിട്ടില്ല. നിരവധി വികസന പ്രവർത്തനങ്ങൾക്ക്  ഹസീനയെന്ന ഭരണാധികാരി നേതൃത്വം നൽകി.

ഇതിൽ എടുത്തുപറയേണ്ടത് സാമ്പത്തിക രംഗത്തെ വളർച്ച തന്നെയാണ്. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം പോലും നൽകാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് ഭക്ഷ്യ കയറ്റുമതി രാജ്യമായി ബംഗ്ലാദേശ് മാറി.

ജിഡിപി കുത്തനെ ഉയർന്നു. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അഭയം വാഗ്ദാനം ചെയ്തതും ഹസീനയുടെ കീർത്തി വർദ്ധിപ്പിക്കുന്നതായിരുന്നു. 

എന്നാൽ പട്ടാളഭരണത്തിനെതിരെ പോരാടി ജനാധിപത്യം വീണ്ടെടുത്തവർ തന്നെ ഭരണത്തുടർച്ചയിൽ മതിമറന്ന് ഏകാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിച്ചു.

ബിഎൻപി നേതാവ് ഖാലിദ സിയ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തുടങ്ങിയവയെല്ലാം വിമർശിക്കപ്പെട്ടു.

പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയെ തകർക്കാനാണ് അധികാരത്തിലിരുന്നപ്പോൾ ഹസീന ശ്രമിച്ചുകൊണ്ടിരുന്നത്. സർക്കാർ വിരുദ്ധ നീക്കം നടത്തിയവരെയെല്ലാം ജയിലിലടച്ചു. ജുഡീഷ്യറി, സൈന്യം, മാധ്യമങ്ങൾ തുടങ്ങിയവയെ എല്ലാം തൻ്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ നിർബന്ധിതരാക്കി. 

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളുളളതുകൊണ്ടാണ് ശ്രീലങ്കയിൽ സംഭവിച്ചതുപോലെ ഒരു ദുരനുഭവം ബംഗ്ലാദേശിൽ സംഭവിക്കാതിരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ സ്ഥിരത, അഴിമതി, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളിലും രാജ്യം വെല്ലുവിളി നേരിടുന്നുണ്ട്. 

പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതിലൂടെയും ഏകാധിപത്യത്തിലൂടെയും വീണ്ടും അധികാരത്തിലെത്താമെന്നാണ് ഷെയ്ഖ് ഹസീനയും അണികളും വിശ്വസിക്കുന്നതെന്ന് ഷെയ്ഖ് ഹസീന സർക്കാരിൻ്റെ ഭരണത്തിൽ നിന്നും വ്യക്തമാണ്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിക്കുകകൂടി ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രിപദത്തിലേക്കുള്ള ഷെയ്ഖ് ഹസീനയുടെ വഴി കൂടുതൽ എളുപ്പമാവുകയും ചെയ്തു. 

FAQs

എന്താണ് ജിഡിപി?

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും, സേവനത്തിൻ്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി.

ആരാണ് ഹുസൈൻ മുഹമ്മദ് എർഷാദ്?

1983 മുതൽ 1990 വരെ ബംഗ്ലാദേശിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായിരുന്നു ഹുസൈൻ മുഹമ്മദ് എർഷാദ്.

Quotes

സ്വേച്ഛാധിപത്യത്തിൻ്റെ ഏറ്റവും നല്ല ആയുധം രഹസ്യമാണ്. ജനാധിപത്യത്തിൻ്റെ ഏറ്റവും നല്ല ആയുധം തുറന്നുപറച്ചിലും – എഡ്വേർഡ് ടെല്ലർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.