Sun. Apr 28th, 2024

ദുരന്തനിവാരണമാണ് സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് മണൽ ഇവിടെ നിന്നും കൊണ്ട് പോകുന്നത്. മണൽ മാറ്റുന്നതിന് പകരം ഇവിടെ നടക്കുന്നത് മണൽ കൊള്ളയാണ്. ഇത് തീർത്തും അഴിമതിയാണ്

നാലു വർഷമായി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുകയാണ്. കടലെടുക്കുന്ന ഭൂമിക്കായി, നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിക്കായി, അതിജീവനത്തിനായി തോട്ടപ്പള്ളിയിലെ ജനങ്ങൾ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. 933 ദിവസം പിന്നിട്ട സമരത്തെ പാടെ അവഗണിക്കുന്ന സർക്കാർ എന്തൊക്കെ സംഭവിച്ചാലും പൊഴിമുറിക്കലും ഖനനവും തുടരുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.

 

 

2018ലെ പ്രളയത്തിൻ്റെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണ് നീക്കാനും കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനുമെന്ന പേരിലാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം ആരംഭിച്ചത്. കരിമണൽ ഖനനത്തിനെതിരെ സമരങ്ങൾ നടന്നുവെങ്കിലും പൊഴിമുഖത്തെ ഖനനം തടയാൻ സാധിച്ചില്ല. തോട്ടപ്പള്ളിയിൽ നടക്കുന്നത് മണൽ നീക്കമാണെന്നും എം എസ് സ്വാമിനാഥൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. 

കൊല്ലം നീണ്ടകര മുതൽ കായംകുളം തോട്ടപ്പള്ളിവരെയുള്ള കായലോര മണലിൽ വൻ തോതിൽ ധാതുനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്തും (ഐആർഇ )കേരള മിനറൽസ് ആൻ്റ് മെറ്റൽസ് ലിമിറ്റഡും (കെഎംഎംഎൽ ) ചേർന്നാണ് ഇവിടെ ഖനനം നടത്തുന്നത്.

കോടികൾ വിലയുള്ള മണൽ തോട്ടപ്പള്ളിയിൽ  നിന്നും കടത്തി തീരത്തെ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ഖനന വിരുദ്ധ ഏകോപന സമിതി ആരോപിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ കൊല്ലം ജില്ലയിലെ തെക്കൻ തീരങ്ങളിലും ആലപ്പാടും നടക്കുന്ന കരിമണൽ ഖനനത്തിൻ്റെ തുടർച്ചയാണ് തോട്ടപ്പള്ളിയിലും നടക്കുന്നെന്നാണ് ഇവിടത്തെ ജനങ്ങൾ പറയുന്നത്. നൂറുകണക്കിന് ലോറികളാണ് കരിമണലുമായി തോട്ടപ്പള്ളിയിൽ നിന്നും പോകുന്നത്.

രണ്ട് ലക്ഷം ക്യുബിക് മീറ്റർ മണൽ പൊഴിമുഖത്തുനിന്നും എടുക്കുന്നതിനാണ് ജലവിഭവവകുപ്പ് കെഎംഎംഎല്ലിന് കരാർ നൽകിയത്. കുട്ടനാട്ടിനെ രക്ഷിക്കാനെന്ന വ്യാജേന തോട്ടപ്പള്ളിയിൽ നിന്നും കവരുന്നത് അൻപത് ലക്ഷം ടൺ മണലാണെന്നാണ് സമര സമിതി വൈസ് ചെയർമാൻ ഭദ്രൻ പറയുന്നത്.

 ‘ദുരന്തനിവാരണമാണ് സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് മണൽ ഇവിടെ നിന്നും കൊണ്ട് പോകുന്നത്. മണൽ മാറ്റുന്നതിന് പകരം ഇവിടെ നടക്കുന്നത് മണൽ കൊള്ളയാണ്. ഇത് തീർത്തും അഴിമതിയാണ്. രണ്ടുമൂന്ന് വർഷമായി ഇവിടത്തെ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. 7500 ഹെക്ടർ കൃഷിനിലമാണ് ഇവിടെ നശിച്ചുപോയിരിക്കുന്നത്. ഒൻപത് പാടശേഖരങ്ങൾ ഉപ്പുവെള്ളം കയറി നശിച്ചു. ഇവിടെ നടക്കുന്ന മണൽ ഖനനം തീരത്തെ മത്സ്യസമ്പത്തിനെ ഇല്ലാതെയാക്കുകയാണെന്ന്’, ഭദ്രൻ പറയുന്നു.

പാരിസ്ഥിതിക മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും തദ്ദേശീയരുടെ സാമൂഹിക ആവശ്യങ്ങളൊന്നും പരിഗണിക്കാതെയുമാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് തോട്ടപ്പള്ളിയിലെ തീരദേശവാസികൾ ആരോപിക്കുന്നു. നിരവധി വീടുകളാണ് കടൽ കയറി നശിച്ചുപോയത്.

പല വീടുകളും ഇപ്പോഴും അപകടാവസ്ഥയിലാണ്. പോകാൻ മറ്റൊരിടമില്ലാത്തതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നാണ്  തീരദേശവാസിയായ റംലത്ത് പറയുന്നത്. 

ഖനനം മൂലം തീരദേശത്തിൻ്റെ ഘടന തന്നെ മാറുമെന്നതിന് ഉത്തമ ഉദാഹരണമാണ് ആലപ്പാട്. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് വട്ടക്കായലിനുമിടയിലുള്ള ആലപ്പാട് ഇന്ന് നേർത്ത് ഒരു മണൽവരമ്പ് മാത്രമായി മാറി.

വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ താമസിച്ചിരുന്ന പല സ്ഥലങ്ങളും ഇന്ന് കടലിനടിയിലാണ്. ഇത്തരം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും ഖനനത്തെ പിന്തുണക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

FAQs

എന്താണ് ധാതുമണൽ?

ചില ലോഹസംയുക്തങ്ങൾ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേന്ദ്രീകരിച്ച് അയിരായി രൂപാന്തരപ്പെട്ട് കാണപ്പെടുന്ന മണൽത്തരികൾ ധാതുമണൽ എന്നപേരിൽ അറിയപ്പെടുന്നു.

ആരാണ് എം എസ് സ്വാമിനാഥൻ?

ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ ഒരു കൃഷി ശാസ്ത്രജ്ഞനാണ് എം എസ് സ്വാമിനാഥൻ.

Quotes

പാവപ്പെട്ടവരുടെ കൂലി കൊണ്ടാണ് അഴിമതി നടത്തുന്നത് – ഫ്രാൻസിസ് മാർപ്പാപ്പ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.