Sat. Jan 18th, 2025

യുദ്ധത്തില്‍ പെട്ടിരിക്കുന്ന ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട് കിടക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൂതികള്‍ നല്‍കിയിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍ ചെങ്കടലില്‍ ഇസ്രായേലിനെതിരെ ഭീഷണി ഉയര്‍ത്തുകയാണ് യെമനിലെ ഹൂതികള്‍. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഹൂതികള്‍ ഫലസ്തീനൊപ്പമാണ്. ഗാസയില്‍  ആക്രമണം തുടരുന്ന ഇസ്രായേലിനെ പ്രതിരോധത്തിലാക്കാന്‍  ഹൂതികള്‍ ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ ആക്രമിക്കുകയാണ്. 

സൗദി അറേബ്യയോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടുമുള്ള കടുത്ത എതിര്‍പ്പുകൂടിയാണ് ഹൂതികള്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നതിന്‍റെ മറ്റൊരു കാരണം. യെമന്‍ സര്‍ക്കാരുമായി ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമത വിഭാഗമാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍. ഇറാന്റെ ഏറ്റവും വലിയ എതിരാളിയും യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണ് സൗദി അറേബ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും. ചെങ്കടലില്‍ കപ്പലുകള്‍ തടയുന്നതും ആക്രമിക്കുന്നതും ഇസ്രായേലിനെ മാത്രമല്ല അതുവഴി വാണിജ്യം നടത്തുന്ന എല്ലാ രാജ്യങ്ങളെയും ബാധിക്കും. 

ചെങ്കടലിന്റെ മാപ് Screen-grab, Copyrights: BBC

ഈജിപ്തിലെ സൂയസില്‍ നിന്നും ബാബ് അല്‍ മന്ദബ് വരെയുള്ള ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടല്‍ അറബികടലിനെ ബന്ധിപ്പിക്കുന്നു. സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള ലോകത്തിലെ ഏറ്റവും തിരക്കുള്ള ജലപാതകളില്‍ ഒന്നാണ് ഇത്.

ഒക്ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഹൂതികള്‍ ചെങ്കടലില്‍ ആക്രമണങ്ങൾ ആരംഭിച്ചത്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട് കിടക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൂതികള്‍ നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിക്കുന്നതുവരെ ഈ ആക്രമണം തുടരുമെന്നും ഹൂതികള്‍ അറിയിച്ചിരുന്നു.

ഗാലക്സി ലീഡര്‍’ എന്ന ചരക്ക് കപ്പൽ Screen-grab, Copyrights: BNN Breaking

ഇസ്രായേല്‍-ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം ഈക്കഴിഞ്ഞ നവംബര്‍ 19ന് ഇസ്രായേലിന്റെ ‘ഗാലക്സി ലീഡര്‍’ എന്ന ചരക്ക് കപ്പലാണ് ഹൂതികള്‍ ആദ്യമായി പിടിച്ചെടുത്തത്. ഹൂതികളുടെ പ്രധാന കേന്ദ്രമായ യെമന്‍ തീരത്തേക്ക് പിടിച്ചെടുത്ത കപ്പല്‍ മാറ്റുകയും ചെയ്തു. ചെങ്കടല്‍ വഴി പോകുന്ന വാണിജ്യ കപ്പലുകള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ്  ഹൂതികള്‍ ആക്രമിക്കുന്നത്. ഹൂതികളുടെ ആക്രമണത്തില്‍ നിന്നും കപ്പലുകളെ സംരക്ഷിക്കുന്നതിനായി യുഎസ് അന്താരാഷ്ട്ര നാവിക പ്രവർത്തനവും ആരംഭിച്ചു. യുകെ, കാനഡ, ഫ്രാൻസ്, ബഹ്‌റൈൻ, നോർവെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയോടൊപ്പം ചേർന്നു.

സൗദി അറേബ്യയില്‍ നിന്നും പാകിസ്താനിലേക്ക് പോകുന്നതിനിടയില്‍ ഡിസംബര്‍ 26ന് എംഎസ്‌സി മെഡിറ്ററേനിയൻ ഷിപ്പിംഗിന്‍റെ യുണൈറ്റഡ് എട്ടാമന്‍ എന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ഡിസംബര്‍ 24ന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ചരക്ക് കപ്പലായ എംവി സായിബാബക്ക് നേരെയും അറബിക്കടലില്‍ വെച്ച് ഡ്രോണാക്രമണം ഉണ്ടായി. ഡിസംബര്‍ 23ന് ക്രൂഡ് ഓയിലുമായി ന്യൂ മാംഗ്ലൂർ തുറമുഖത്തേക്ക് വരുകയായിരുന്ന എംവി ചെം പ്ലൂട്ടോ എന്ന കപ്പല്‍ ഗുജറാത്ത് തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ ദൂരെ ആക്രമിക്കപ്പെട്ടു. 

എംവി ചെം പ്ലൂട്ടോ Screen-grab, Copyrights: Hindustan Times

ചെങ്കടല്‍ വഴി കടന്നു പോകുമ്പോള്‍ ഹൂതികളുടെ ആക്രമണത്തെ ഭയന്ന് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, മെർസ്ക്, ഹപാഗ്-ലോയ്ഡ്, എണ്ണ കമ്പനിയായ ബിപി എന്നിവയുൾപ്പെടെയുള്ള പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങളെല്ലാം കപ്പലുകള്‍ വഴി തിരിച്ചുവിടാന്‍ തുടങ്ങി. ഇസ്രായേല്‍-ഹമാസ് പോരാട്ടം ഒക്ടോബറില്‍ തുടങ്ങിയത് മുതല്‍ ഇതുവരെ 15 വാണിജ്യ കപ്പലുകളെങ്കിലും ഹൂതികളുടെ ആക്രമണത്തിനിരയായതായി യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു. ചെങ്കടല്‍ വഴി കടന്നു പോകുന്ന എല്ലാ കപ്പലുകളും ഹൂതികള്‍ നിരീക്ഷിച്ചാണ് വിട്ടയക്കുന്നത്. ഇസ്രായേലികള്‍ ഉണ്ടെങ്കില്‍ ആക്രമണം ഉറപ്പാണ്. കുറഞ്ഞത് 44 രാജ്യങ്ങളെങ്കിലും ഹൂതികള്‍ ആക്രമിച്ച കപ്പലുകളുമായി വാണിജ്യപരമായി ബന്ധപ്പെട്ടിരിക്കുന്നു.

യൂറോപ്പും അമേരിക്കയും ഇന്ത്യയും ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം നടത്തുന്നത് ചെങ്കടൽ വഴിയാണ്. കപ്പലുകളെ ആക്രമിക്കുന്നതിലൂടെ ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ പ്രതിസന്ധിയിലാക്കാനായി ഹൂതികള്‍ക്ക് സാധ്യമായി. മുന്‍പ് സമുദ്രവ്യാപാരം തടസ്സപ്പെടുത്തുന്നതിന് ഹൂതികള്‍ മൈനുകളും മിസൈലുകളും റിമോര്‍ട്ടില്‍ നിയന്ത്രിക്കുന്ന സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെലികോപ്റ്ററും ആധുനിക ആയുധങ്ങളും ഉപയോഗിച്ചുള്ള ആസൂത്രിത ഓപ്പറേഷനുകളില്‍ എത്തിനില്‍ക്കുന്നു. 

ചെങ്കടലിലെ വ്യാപാര പാതയില്‍ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ കപ്പലുകള്‍ ആഫ്രിക്ക വഴി കറങ്ങി പോകണം. ഇത് വളരെ  ചിലവേറിയ യാത്രാമാര്‍ഗമാണ്. സാധാരണ നിലയില്‍ കപ്പല്‍ പോകാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കും. അത് ആഴ്ചകള്‍ വരെയാകും. ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് ആഫ്രിക്കന്‍ മുനമ്പിലൂടെ ഏകദേശം 6000 നോട്ടിക്കൽ മൈൽ ദൂരം അധികമുണ്ട്. 

ചെങ്കടല്‍ വഴി ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും കടന്നുപോകുന്നുണ്ട്. ഈ വര്‍ഷം പകുതിവരെ ഒന്‍പതു മില്ല്യണ്‍ എണ്ണ ബാരലുകളടങ്ങിയ കപ്പലുകളാണ് കടന്നു പോയത്. ചെങ്കടലിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ആഗോള വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ചരക്കു നീക്കം 50 ശതമാനമായി കുറയാനും എണ്ണ വില കുത്തനെ വര്‍ദ്ധിക്കുന്നതിനും കാരണമാകും. 

ചെങ്കടല്‍ വഴിയുള്ള ഗതാഗതം അപകടകരമാണെന്നും അതുകൊണ്ട് ഈ വഴി ഒഴിവാക്കുകയാണെന്നാണ് കപ്പല്‍ കമ്പനിയായ ഹപാഗ് ലോയ്ഡ് എജി വ്യക്തമാക്കിയത്. മറ്റു ചില കണ്ടെയ്നര്‍ കമ്പനികള്‍ ചെങ്കടലിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാന്‍ തയ്യാറായിട്ടുണ്ട്. സംയുക്ത നാവിക സഖ്യത്തെ വിന്യസിപ്പിച്ചിട്ടും ചെങ്കടലിലെ ആക്രമണം തുടരുകയാണ്. ഏതു നിമിഷവും ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ചെങ്കടല്‍ വഴിയുള്ള യാത്ര നിര്‍ത്തലാക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഹൂതികളെ സഹായിക്കുന്നതും സംരക്ഷിക്കുന്നതും ഇറാനാണെന്ന് നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ നിരസിച്ചിട്ടുണ്ട്. ആണവകരാര്‍ പ്രതിസന്ധിക്കിടെ  ഇറാന്‍ പാരാമിലിട്ടറി റെവല്യൂഷണറി ഗാര്‍ഡ് നിരവധി കപ്പലുകള്‍ പിടിച്ചടക്കിയിരുന്നു. അന്ന് ഇറാന്‍ സ്വീകരിച്ച അതേ തന്ത്രങ്ങളും രീതികളുമാണ് ഹൂതികള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ ആക്രമണത്തിന് പിന്നില്‍ ഇറാന് പങ്കുണ്ടെന്നാണ് റിസ്‌ക് ഇന്റലിജന്‍സ് വിശകലന സ്ഥാപനമായ RANE വ്യക്തമാക്കുന്നത്.

യെമനിലെ ഹൂതികൾ Screen-grab, Copyrights: CNN

യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളുടെ പൂര്‍വ്വികര്‍ ഷിയ വിഭാഗത്തില്‍പ്പെട്ട സായിദി ഗോത്രമാണ്. വടക്കന്‍ യെമനെന്നും തെക്കന്‍ യെമനെന്നും വംശീയമായി വിഭജിക്കപ്പെട്ട യെമനിലെ മൊത്തം ജനസംഖ്യയുടെ 35 ശതമാനമാണ് സായിദികള്‍. ഷിയ വിഭാഗം വടക്കന്‍ യെമനിലും സുന്നി വിഭാഗം തെക്കന്‍ യെമനിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാതെ കപ്പലുകള്‍ക്ക് ചെങ്കടലുകള്‍ വഴി കടക്കാന്‍ സാധിക്കില്ലെന്നാണ് ഹൂതികള്‍ ആക്രമണങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഹൂതികളെ തടുക്കാന്‍ മറ്റു രാജ്യങ്ങള്‍ ഒന്നിക്കുന്നുണ്ടെങ്കിലും അവരുടെ ആക്രമണങ്ങളെ ചെറുക്കാന്‍ സാധിക്കുന്നില്ല. ചെങ്കടലിലെ പ്രശ്നം ഇസ്രായേലിന്റെയും  പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നിര്‍ത്തിയിട്ടില്ല. ചെങ്കടലിലെ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ ഇസ്രായേല്‍ ഗാസയില്‍ യുദ്ധം അവസാനിപ്പിക്കേണ്ടിവരും. 

FAQs

എന്താണ് സൂയസ് കനാൽ?

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ആഫ്രിക്കയെ ചുറ്റിവരാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു.

ആരാണ് ഹമാസ്?

ഫലസ്തീനിലെ ഗാസയിൽ ഭരണം നടത്തുന്ന ഒരു രാഷ്ട്രീയ-സൈനിക കക്ഷിയാണ് ഹമാസ്. ഫലസ്തീൻ പ്രദേശങ്ങളിലെല്ലാം സ്വാധീനം ചെലുത്തുന്ന ഹമാസ് ഇപ്പോൾ ഗാസയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്താണ് ബാബ് അല്‍ മന്ദബ്?

ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. അറേബ്യൻ ഉപദ്വീപിലെ യെമൻ എന്ന രാജ്യത്തിനും ഹോൺ ഒഫ് ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നീ പ്രദേശങ്ങൾക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കടലിടുക്ക് ഏഷ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്നു.

Quotes

യുദ്ധമെന്നത് സംഘടിത കൊലപാതകമാണ്, അല്ലാതെ മറ്റൊന്നുമല്ല – ഹാരി പാച്ച്

By നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.