Thu. May 2nd, 2024

വളരെ നാടകീയ രംഗങ്ങളാണ് ഡിസംബർ 17 ഞായറാഴ്ച കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. ഗവർണറെ ക്യാമ്പസിനുള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു

കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സന്ദർശനവും അതിനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധവും തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന  സംഭവവികാസങ്ങളും  പൊതുജനത്തിന് മുന്നിൽ ഗവർണർ പദവിയെ  പരിഹാസ വിഷയമാക്കിയിരിക്കുകയാണ്. എസ്എഫ്ഐയെ പിന്തുണച്ച് സംസ്ഥാന സർക്കാരും ഗവർണർക്കെതിരെയുള്ള  ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതാദ്യമായല്ല ഗവർണർ-സർക്കാർ പോര് ജനമധ്യത്തിലെത്തുന്നത്. കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് പലതവണ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വാക്ക് പോര് മുറുകിയിരുന്നു. പക്ഷേ പ്രത്യക്ഷമായൊരു പ്രതിഷേധത്തിലേക്കെത്തുന്നത് ഇപ്പോഴാണ്.

വളരെ നാടകീയ രംഗങ്ങളാണ് ഡിസംബർ 17 ഞായറാഴ്ച കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. ഗവർണറെ ക്യാമ്പസിനുള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു. 

ഗവർണർക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ഥാപിച്ച ബാനർ Screen-grab, Copyrights: The Hindu

ബിജെപിയുടെ സ്വാധീനത്തിൻ്റെ ഫലമായി സർവ്വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ ഗവർണർ നാമനിർദേശം ചെയ്തതിനെതിരെയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നൽകിയ നാമനിർദേശ പട്ടിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

എന്നാൽ സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ  പ്രതിഷേധിക്കുകയായിരുന്നു. ഞായറാഴ്ച ക്യാമ്പസിലെത്തിയ ഗവർണറെ വരവേറ്റത് ‘സംഘി ചാൻസിലർ വാപ്പസ് ജാവോ’ എന്ന ബാനറാണ്. സമാനമായ രീതിയിൽ പല പോസ്റ്ററുകളും ക്യാമ്പസിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.

എസ്എഫ്ഐയുടെ പ്രതിഷേധത്തോട് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകളെന്നും ക്രിമിമലുകളെന്നും വിളിക്കുകയും തന്നെ അപായപ്പെടുത്താനായി മുഖ്യമന്ത്രി ആളെ അയച്ചിരിക്കുകയാണെന്ന് ആവർത്തിക്കുകയും ചെയ്തു. 

ഇതൊന്നും നിങ്ങൾ കാണുന്നില്ലേയെന്ന് പോലീസിനോട് കയർത്ത ഗവർണർ  ഉടൻ തന്നെ ബാനറുകൾ നീക്കം ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്നെങ്കിൽ നിങ്ങളിത് ചെയ്യുമായിരുന്നില്ലേയെന്നും ബാനറുകൾ മാറ്റിയില്ലെങ്കിൽ ഇവിടെ നിന്നും പോകുമെന്നും അതിൻ്റെ ഉത്തരവാദിത്തം മലപ്പുറം എസ്പി ഏറ്റെടുക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. തുടർന്ന് എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പോലീസ് അഴിച്ചുമാറ്റി.

ബാനറുകൾ മാറ്റിയതോടെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കോലം കത്തിക്കുകയും പോലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്ന് ബാനറുകൾ വീണ്ടും കെട്ടുകയും ചെയ്തു. ‘മിസ്റ്റർ ചാൻസിലർ, ദി ഈസ് കേരള ഡോണ്ട് സ്പിറ്റ് ഹാൻസ് ആൻ്റ് പാൻപരാഗ് ഹിയർ’ എന്ന് റോഡിൽ എഴുതി പ്രതിഷേധിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Screen-grab, Copyrights: m.rediff.com

ലഹരി വിരുദ്ധ മുദ്രാവാക്യമാണ് തങ്ങൾ എഴുതിയതെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മാധ്യമങ്ങളോട് പറഞ്ഞത്.ഗവർണറുടെ ക്യാമ്പസ് സന്ദർശനത്തിൽ നേരത്തെ തന്നെ എസ്എഫ്ഐ പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവർണറുടെ ഔദ്യോഗിക വാഹനം തടഞ്ഞതിനും  കരിങ്കൊടി കാണിച്ചതിനും നിരവധി വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനുനേരെ പ്രതിപക്ഷം കരിങ്കൊടി കാട്ടിയപ്പോൾ അടിച്ചോടിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അതേസമയത്താണ് ഗവർണർക്കുനേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഗവർണറുടെ സംഘപരിവാർ താൽപര്യങ്ങൾക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും പ്രതിഷേധത്തെ ഇങ്ങനെയല്ല ഒരു പൊതുപ്രവർത്തകൻ നേരിടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കേന്ദ്രം നിയമിച്ചയാളായതുകൊണ്ട് തന്നെ പലപ്പോഴും സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ പലതവണ സംസ്ഥാന സർക്കാരിൽ അതൃപ്തിയുണ്ടാക്കാനും അസഹിഷ്ണുത സൃഷ്ടിക്കാനും ഗവർണറുടെ തീരുമാനങ്ങൾ കാരണമായിട്ടുണ്ട്. മുത്തലാഖ് വിരുദ്ധ നിയമത്തെ പിന്തുണച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മുത്തലാഖ് നൽകി ജീവിതപങ്കാളിയെ ഉപേക്ഷിക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് പറഞ്ഞിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലും ബിജെപിയെ പിന്തുണച്ച് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കശ്മീരിനുള്ള വിശിഷ്ടപദവി കാെണ്ട് അവിടത്തെ പണക്കാർക്ക് മാത്രമാണ് ഗുണമെന്നും ഈ വിഷയം ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ലെന്നുമാണ് ഖാൻ പ്രതികരിച്ചത്. 

കർണാടക സർവ്വകലാശാലകളിലെ ഹിജാബ് വിവാദത്തിലും ആരിഫ് ഖാൻ്റെ നിലപാട് ഏറെ ചർച്ചയായിരുന്നു. ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിർബന്ധമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണമെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. കണ്ണൂർ സർവ്വകലാശാലയിലെ വിസി നിയമനമാണ് ഗവർണറുമായുള്ള ഒരു തുറന്ന പോരിലേക്ക് കേരള സർക്കാരിനെ നയിച്ചത്.

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമം ബന്ധുനിയമനം എളുപ്പമാക്കാനാണെന്നുമായിരുന്നു ഖാൻ്റെ ആരോപണം. സർക്കാർ അയച്ച 11 ഓർഡിനൻസുകളിലും ഗവർണർ ഒപ്പുവെച്ചിരുന്നില്ല. 

പോലീസിനെക്കൊണ്ട് ബാനറഴിപ്പിക്കാൻ ഒരു ഗവർണർ നിർദേശിക്കുമ്പോൾ സംസ്ഥാനത്തിൻ്റെ പ്രഥമ പൌരന് അതിനുള്ള അധികാരമുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.  ഭരണഘടനയുടെ 153 മുതൽ 234 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഗവർണറും നിയമസഭയും ഉൾപ്പെട്ടതാണ് സംസ്ഥാന നിയമനിർമ്മാണ വിഭാഗം. ആര്‍ട്ടിക്കിള്‍ 154 പ്രകാരം സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് ഭരണ നിര്‍വഹണ- അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. 

ഭരണഘടനാനുസൃതമായി നേരിട്ടോ ഉദ്യോഗസ്ഥർ വഴിയോ ഈ അധികാരം നടപ്പിലാക്കാം. ആർട്ടിക്കിൾ 161 അനുസരിച്ച് ശിക്ഷാനടപടികൾ റദ്ദാക്കാനും ശിക്ഷയിൽ ഇളവ് അനുവദിക്കാനും മാപ്പ് നൽകുവാനുമുള്ള അധികാരം ഗവർണർക്ക് നൽകിയിരിക്കുന്നു. ആർട്ടിക്കിൾ 164 പ്രകാരം ഗവർണറാണ് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.

ആർട്ടിക്കിൾ 200ലും 201ലുമാണ് ബില്ലുകൾ അംഗീകരിക്കാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പറയുന്നത്. എന്നാൽ അതിന് സമയപരിധിയില്ല. ഗവർണർക്ക് ബിൽ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യാം. ആർട്ടിക്കിൾ 356 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് ശുപാർശ ചെയ്യാം. തുടങ്ങിയവയാണ് പ്രധാനമായും ഗവർണറുടെ അധികാരപരിധിയിൽ വരുന്നത്. 

കാലിക്കറ്റ് സർവ്വകലാശാല നിയമം 1975, വകുപ്പ് 7 ,ഉപവകുപ്പ് 3 പ്രകാരം  നിയമവിരുദ്ധമോ സർവ്വകലാശാല ചട്ടത്തിന് വിരുദ്ധമോ ആയ ഒരു നടപടിയെ റദ്ദാക്കാനുള്ള അധികാരം ചാൻസലറായ ഗവർണർക്കുണ്ട്.എന്നാൽ പോസ്റ്ററോ ബാനറോ അഴിപ്പിക്കുന്നതിനുള്ള ഉത്തരവ് നൽകാനുള്ള അധികാരം ചാൻസലർക്കില്ല. ആർട്ടിക്കിൾ 163 പ്രകാരം മന്ത്രിസഭയുടെ ഉപദേശമില്ലാതെ നടപടിയെടുക്കാനും ഗവർണർക്കാകില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഒരു വിദ്യാർത്ഥി പ്രതിഷേധത്തിൻ്റെ ബാനർ അഴിച്ചുമാറ്റാൻ ഗവർണർ നിർദേശിക്കുന്നത്. 

എസ്എഫ്ഐയുടെ പ്രതിഷേധത്തെ വെല്ലുവിളിച്ച് സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ തങ്ങുന്ന ആരിഫ് മുഹമ്മദ് ഖാന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എസ്എഫ്ഐ ആകട്ടെ തങ്ങളുടെ പ്രതിഷേധം പല ക്യാമ്പസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പല വിദ്യാർത്ഥി സംഘടനകളും ഗവർണർക്കെതിരെയും ഗവർണറുടെ സംഘപരിവാർ താൽപ്പര്യങ്ങൾക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഗവർണറുടെ നിലപാടുകൾക്കെതിരെ വിദ്യാർത്ഥി രാഷ്ട്രീയം ചോദ്യമുന്നയിക്കുന്നത് തീർത്തും തെറ്റാണെന്ന് പറയാനാകില്ല. 

FAQs

എന്താണ് ആർട്ടിക്കിൾ 370?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370 ൻ്റെ  കരട് തയ്യാറാക്കിയത്. സംസ്ഥാനത്തിൻ്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

എന്താണ് കർണാടക ഹിജാബ് വിവാദം?

2022 ജനുവരിയിൽ കർണാടകയിലെ ജൂനിയർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് പ്രശ്നം വിവാദമാവുകയും യുണിഫോം നയങ്ങൾ നിലനിൽക്കുന്നിടത്ത് യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും ഹിജാബ് ധരിക്കുന്നതിന് ഒരു ഇളവും നൽകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കർണ്ണാടക സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

Quotes

നിങ്ങൾക്ക് ആവശ്യമുള്ളത് പറയുക, പക്ഷേ അത് അക്രമത്തിലൂടെ ആകരുത്-ജെറാർഡ് വേ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.