Sun. Dec 22nd, 2024

പന്ത്രണ്ട് സെക്യൂരിറ്റി ലെയറുകൾ കടന്നുവേണം ഒരാൾക്ക് പാർലമെൻ്റിൻ്റെ വിസിറ്റേഴ്സ് ഗാലറിയിലെത്താൻ. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആറ് ഗാലറികളാണുള്ളത്. എംപിമാർ ഇരിക്കുന്നതിൻ്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഗാലറി എംപിമാരുടെ ചേമ്പറിൽ നിന്നും 10 -15 അടി ഉയരത്തിലാണ്. ആർക്കും നിസ്സാരമായി ചാടിയിറങ്ങാൻ കഴിയുന്ന ഉയരം

2001 ഡിസംബർ 13ന് വാജ്പേയി സർക്കാരിൻ്റെ കാലത്ത് പാർലമെൻ്റ് മന്ദിരത്തിനു നേരെ ആക്രമണം നടന്നതിൻ്റെ വാർഷിക ദിനത്തിലാണ് മോദി സർക്കാരിൻ്റെ പുതിയ പാർലമെൻ്റിൽ രണ്ട് യുവാക്കളുടെ അതിക്രമം അരങ്ങേറുന്നത്. ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടുകയും എംപിമാരുടെ ഇരിപ്പിടത്തിനുമുന്നിലുള്ള മേശക്ക് മുകളിൽ കയറി നിന്ന് മുദ്രാവാക്യം വിളിക്കുകയും ശേഷം ഷൂസിനുള്ളിലുണ്ടായിരുന്ന ഗ്യാസ് കാനിസ്റ്റർ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു.

സംഭവത്തിൽ ആകെ ആറ് പ്രതികളാണുള്ളത്. അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സാഗർ ശർമ, മനോരഞ്ജൻ, നീലം ദേവി, അമോൽ എന്നീ നാലുപോരെയാണ് പ്രധാന ആസൂത്രകരായി പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. 

ലോക്സഭയിൽ സ്മോക്ക് കാനിസ്റ്ററിൻ്റെ പുക നിറയുന്നു Screen-grab, Copyrights: The Hindu

പ്രതികൾ തമ്മിൽ നാല് വർഷത്തെ പരിചയമുണ്ടെന്നും പാർലമെൻ്റിൽ നടന്ന പ്രതിഷേധം ഒന്നര വർഷം നീണ്ട പദ്ധതിയുടെ ഭാഗമാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെ പല ഭാഗത്തുള്ള ഇവർ ‘ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ്’ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് പരിചയപ്പെട്ടത്. കേന്ദ്ര സർക്കാരിൻ്റെ നിലപാടുകൾക്കെതിരെയുള്ള അമർഷമാണ് തങ്ങളെ ഇത്തരെമൊരു പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അറസ്റ്റിലായ പ്രതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

“കേന്ദ്ര സർക്കാർ ഞങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഒരു സംഘടനയിലും ഉൾപ്പെട്ടവരല്ല, വിദ്യാർത്ഥികളും തൊഴിൽരഹിതരുമാണ്. ഇവിടെ ഏകാധിപത്യം ഞങ്ങൾ അനുവദിക്കില്ല.”പോലീസ് പിടിച്ചുകൊണ്ട് പോകുന്നതിനിടയിൽ പ്രതികളിലൊരാളായ നീലം വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഹരിയാനയിലെ ജിൻഡ് സ്വദേശിയായ നീലം അധ്യാപക ബിരുദം നേടിയിട്ടും തൊഴിൽരഹിതയാണ്. കർഷക സമരത്തിലും ഗുസ്തി താരങ്ങളുടെ സമരത്തിലും നീലം പങ്കെടുത്തിരുന്നു. 

പാർലമെൻ്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്ന നീലം Screen-grab, Copyrights: The Quint

തൊഴിലില്ലായ്മയാണ് പ്രതികളെ അലട്ടിയിരുന്ന പ്രധാന പ്രശ്നമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ അന്വഷണത്തിനുശേഷം മാത്രമേ പറയാനാവുകയുള്ളൂവെന്ന്  ഡൽഹി പോലീസ് അറിയിച്ചു. ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന മൈസൂർ സ്വദേശിയായ മനോരഞ്ജനും ലക്‌നൗവില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാഗറും പാർലമെൻ്റിനുള്ളിൽ അതിക്രമം നടത്തുമ്പോൾ നീലവും അമോലും  പാർലമെൻ്റിന് പുറത്ത് മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു.

സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന അമോലിന് അഗ്നിവീറിൽ അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞിരുന്നു. ആഗ്രഹിച്ച തൊഴിൽ ലഭിക്കാത്തതിനാൽ ഇവർ നിരാശയിലായിരുന്നുവെന്നും അവർ ചെയ്ത തെറ്റ് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതെല്ലെന്നും പ്രതികളുടെ മാതാപിതാക്കൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു പേനയോ വെള്ളക്കുപ്പിയോ പോലും കൊണ്ട്പോകാൻ കഴിയാത്ത പാർലമെൻ്റ് മന്ദിരത്തിനുള്ളിലേക്ക് സ്മോക്ക് കാനിസ്റ്ററുമായെത്തി അതിക്രമം നടത്തിയതെങ്ങനെയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂൾ 386ൽ പാർലമെൻ്റ് സന്ദർശകർക്കുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് കൃത്യമായി പറയുന്നുണ്ട്.

എംപിമാരുടെ ശുപാർശയിലാണ് സന്ദർശകർക്ക് പാർലമെൻ്റിനുള്ളിലേക്ക് സന്ദർശനം അനുവദിക്കുന്നത്. വ്യക്തിപരമായി അറിയുന്ന ആളിനുവേണ്ടി മാത്രമേ ഒരു പാർലമെൻ്റ് അംഗത്തിന് പാസിന് അപേക്ഷിക്കാൻ കഴിയുകയുള്ളു. അപേക്ഷാഫോമിൽ സന്ദർശകരുടെ പേര് വിവരങ്ങൾക്കൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പും തലേദിവസം തന്നെ സമർപ്പിക്കണം. ഇതെല്ലാം ഒത്തുനോക്കി സിറ്റിങ്ങ് എംപി തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പാസ് അനുവദിക്കുകയുള്ളു. ബുധനാഴ്ച നടന്ന പാർലമെൻ്റ് അതിക്രമത്തിൽ കസ്റ്റഡിയിലെടുത്തവർക്ക് പാസ് നൽകിയത് കുടക് മണ്ഡലം ബിജെപി എംപി പ്രതാപ് സിംഹയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതാപ് സിംഹ ഒപ്പിട്ട് നൽകിയ പാസ് പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. തുടർന്ന്  പ്രതാപ് സിംഹ ലോക്സഭ സ്പീക്കർ ഓം ബിർലയെ കാണുകയും പാസ് നൽകാനുണ്ടായ സാഹചര്യം വിശദീകരിക്കുകയും ചെയ്തുവെന്നും  റിപ്പോർട്ടുണ്ട്. പ്രതികളിലൊരാളായ സാഗർ ശർമയുടെ പിതാവ് തൻ്റെ മണ്ഡലത്തിലുള്ളയാളാണെന്നും പാർലമെൻ്റ് സന്ദർശനത്തിനായി തൻ്റെ ഓഫീസുമായും പേർസണൽ അസിസ്റ്റൻ്റുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നുമാണ്പ്രതാപ് സിംഹ ഓം ബിർലയെ അറിയിച്ചത്. 

ഡിസംബർ 13നോ അതിനുമുൻപോ പാർലമെൻ്റിൽ അതിക്രമം നടത്തുമെന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂവിൻ്റെ ഭീഷണിയെത്തുടർന്ന് പാർലമെൻ്റിൻ്റെ സുരക്ഷാസംവിധാനം ബലപ്പെടുത്തിയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം 250ൽ നിന്നും 300 ആക്കി ഉയർത്തിയിരുന്നു.  എന്നിട്ടും പാർലമെൻ്റിനുള്ളിലെ അതിക്രമെത്തെ തടയാനായില്ല.

പാർലമെൻ്റിന് മുന്നിൽ പോലീസ് സുരക്ഷയൊരുക്കുന്നു Screen-grab, Copyrights: Social news

പന്ത്രണ്ട് സെക്യൂരിറ്റി ലെയറുകൾ കടന്നുവേണം ഒരാൾക്ക് പാർലമെൻ്റിൻ്റെ വിസിറ്റേഴ്സ് ഗാലറിയിലെത്താൻ. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആറ് ഗാലറികളാണുള്ളത്. എംപിമാർ ഇരിക്കുന്നതിൻ്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഗാലറി എംപിമാരുടെ ചേമ്പറിൽ നിന്നും 10 -15 അടി ഉയരത്തിലാണ്. ആർക്കും നിസ്സാരമായി ചാടിയിറങ്ങാൻ കഴിയുന്ന ഉയരം.

വിസിറ്റേഴ്സ് ഗാലറി കടക്കണമെങ്കിലും നിരവധി സുരക്ഷാസംവിധാനങ്ങളിലൂടെ കടന്ന് പോകണം.  പ്രധാന കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനോദ്ദേശം ചോദിച്ചറിയുകയും ഐഡി പരിശോധിക്കുകയും ചെയ്യും. പിന്നീട് അവിടെയുള്ള ഉദ്യോഗസ്ഥൻ്റെ അകമ്പടിയോടെയാണ് ലോബിയുടെ പ്രവേശന കവാടത്തിലേക്ക് അയക്കുക. അവിടെവെച്ച് കൈവശമുള്ള മൊബൈൽ ഫോൺ, പഴ്സ്, സ്മാർട്ട് വാച്ച് തുടങ്ങിയവ വാങ്ങിവെക്കുകയും സന്ദർശകരുടെ വിശദാംശങ്ങൾ ഒരു രജിസ്റ്ററിൽ പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

പിന്നീട് വിശദമായ ദേഹപരിശോധനയ്ക്ക് ശേഷം മാത്രമാണ് ലോബിയിലേക്ക് കടക്കാൻ അനുവദിക്കുക.  ലോബിയില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ മറ്റൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വീണ്ടും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഗസ്റ്റ് പാസ് അനുവദിച്ച എംപിയുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.ലോബിയില്‍ മറ്റ് സന്ദര്‍ശകര്‍ക്കൊപ്പമിരുത്തി പാർലമെൻ്റിൽ പെരുമാറേണ്ട രീതികളെ കുറിച്ച് വിവരിക്കും. ഏതെങ്കിലും രീതിയിൽ സഭ തടസ്സപ്പെടുത്താൻ നോക്കിയാൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്യും. 50 അടി അകലെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് എപ്പോഴും ഉണ്ടായിരിക്കും.

പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വീണ്ടും കര്‍ശനമായ പരിശോധന നേരിടേണ്ടി വരും. എംപിമാർക്ക് മാത്രമാണ് സഭയ്ക്കുള്ളിലേക്ക് മൊബൈൽ ഫോണും മറ്റും കൊണ്ടുപോകാൻ സാധിക്കുന്നത്. ലോബിയുടെ പുറത്തെത്തുന്നതുവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇത്രയും സുരക്ഷാവലയമുള്ള പാർലമെൻ്റ് മന്ദിരത്തിൽ ഇത്തരമൊരു അതിക്രമം നടന്നുവെന്നത് സുരക്ഷാസംവിധാനത്തിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ച തന്നെയാണ്.

വിസിറ്റേഴ്സ് ഗാലറിയിലുള്ളവർ എഴുന്നേൽക്കാൻ ശ്രമിച്ചാൽ പോലും അവരെ തടയേണ്ടത് സുരക്ഷ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാൽ പാർലമെൻ്റ് അതിക്രമത്തിൽ അവരെ തടയാനും സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. സാധാരണ ഗതിയിൽ 300 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന സ്ഥാനത്ത് ബുധനാഴ്ച 176 പേരാണ് ഉണ്ടായിരുന്നത്. ഷൂസിനുള്ളിലൊളിപ്പിച്ചാണ് സ്മോക്ക് കാനിസ്റ്റർ പാർലമെൻ്റിനുള്ളിനെത്തിച്ചത്. സാധാരണ ചെരുപ്പുകൾ പരിശോധിക്കാറില്ല. പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതിനാൽ സ്മോക്ക് കാനിസ്റ്ററുകളെ മെഷീനിൽ കണ്ടെത്താനും സാധിച്ചിരുന്നില്ല എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

പാർലമെൻ്റ് മന്ദിരത്തിരത്തിലുണ്ടായ സുരക്ഷാവീഴ്ചയെ തുടർന്ന് എട്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതിക്രമം നടത്തിയവർ പാർലമെൻ്റിൻ്റെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയിട്ടും ഉദ്യോഗസ്ഥര്‍ക്ക്  ഇവരെ  തടയാന്‍ കഴിഞ്ഞില്ല. അത് എന്തുകൊണ്ടായിരിക്കാം?  മൂന്നു ലെവലുകളായി നടത്തുന്ന സുരക്ഷ പരിശോധനയെ മറികടന്നുകൊണ്ട് സ്‌മോക്ക് കാനിസ്റ്റര്‍ കയ്യില്‍ കരുതി ഇവര്‍ക്ക് പാര്‍ലമെൻ്റിൻ്റെ അകത്തേയ്ക്ക്  പ്രവേശിക്കാന്‍  കഴിഞ്ഞുവെന്നതും വിശ്വസനീയമല്ല. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് പാര്‍ലമെൻ്റ് അതിക്രമം ബാക്കിയാക്കുന്നത്.

FAQs

എന്താണ് ശൂന്യവേള?

സർക്കാരിൻ്റെ ഭാഗത്തുനിന്നും അടിയന്തിര ശ്രദ്ധ ആവശ്യമായ വിഷയങ്ങൾ പാർലമെൻ്റ് അംഗങ്ങൾക്ക് ലോക്സഭയിൽ ഉന്നയിക്കാൻ ലഭിക്കുന്ന സമയമാണ് ശൂന്യവേള.

എന്താണ് പാർലമെൻ്റ്?

ഇന്ത്യയുടെ കേന്ദ്രനിയമനിർമ്മാണസഭയാണ് പാർലമെൻ്റ്. ഇന്ത്യൻ പാർലമെൻ്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79ാം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി, രാജ്യസഭ,ലോക്സഭ എന്നിവ അടങ്ങുന്നതാണ് പാർലമെൻ്റ്.

Quotes

ഉപയോഗപ്രദമായ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിക്കുന്നത് ഉപയോഗശൂന്യരായ ജനങ്ങളെ സൃഷ്ടിക്കുന്നു- കാൾ മാക്സ്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.