Sat. May 4th, 2024

നിരവധി ഘടകങ്ങളാണ് അവരെ ഈ നാട്ടിൽ പിടിച്ചുനിർത്തുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കൂലി കേരളത്തിൽ നിന്ന് ലഭിക്കുന്നുവെന്നതാണ് അവരെ ആകർഷിക്കുന്ന മുഖ്യ ഘടകം. പത്ത് വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നവരാണ് കൂടുതൽ തൊഴിലാളികളും. പലരും കേരളത്തിലെത്തിയ ശേഷം തൊഴിൽ പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രതിദിനം 1200 മുതൽ 2000 രൂപ വരെ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നുണ്ട്

കേരളത്തിൽ എവിടെ നോക്കിയാലും ഇതരസംസ്ഥാന തൊഴിലാളികളെ കാണാം. കെട്ടിട നിർമ്മാണം, ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങി മാളുകളിൽ വരെ ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. രാജ്യത്തിൻ്റെ പല ഭാഗത്ത് നിന്നും ജോലിക്കായി കേരളത്തിലേക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഏകദേശം അഞ്ച് ലക്ഷത്തിന് മുകളിലുണ്ടെന്നാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ കണക്ക്. ഇവരിൽ കൂടുതലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. 

 

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ് പെരുമ്പാവൂർ. അതിരാവിലെ തന്നെ പെരുമ്പാവൂരിലെ ഗാന്ധി ബസാറിനുമുന്നിൽ ജോലിക്കായെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തിക്കും തിരക്കുമാണ്. പശ്ചിമ ബംഗാൾ, അസം, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും.

നിരവധി ഘടകങ്ങളാണ് അവരെ ഈ നാട്ടിൽ പിടിച്ചുനിർത്തുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കൂലി കേരളത്തിൽ നിന്ന് ലഭിക്കുന്നുവെന്നതാണ് അവരെ ആകർഷിക്കുന്ന മുഖ്യ ഘടകം. പത്ത് വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നവരാണ് കൂടുതൽ തൊഴിലാളികളും. പലരും കേരളത്തിലെത്തിയ ശേഷം തൊഴിൽ പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രതിദിനം 1200 മുതൽ 2000 രൂപ വരെ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നുണ്ട്.

കേരളത്തിലേതുപോലെയുള്ള ഭരണസംവിധാനമല്ല തങ്ങളുടെ ഗ്രാമങ്ങളിലുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. കേരളത്തിൽ അവർ ചെയ്യുന്ന ജോലിക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ ബംഗാളിലെയും  ഒറീസയിലെയുമൊക്കെ സ്ഥിതി അതല്ല. അവിടെ എല്ലാ ദിവസവും തൊഴിലില്ല. തൊഴിൽ ലഭിച്ചാൽ തന്നെ മതിയായ കൂലി ലഭിക്കുന്നില്ല. ഒരു കുടുംബത്തിലുള്ളവർക്ക് കഴിഞ്ഞുകൂടാൻ, ലഭിക്കുന്ന തുക തികയാതെ വന്നതോടെയാണ് പലരും കേരളത്തിലേക്ക് വന്നത്. 

‘എൻ്റെ ഗ്രാമത്തിൽ ധാരാളം കൃഷിയിടങ്ങളുണ്ടെങ്കിലും കർഷകർ അവിടെ ദരിദ്രരാണ്. മോഷ്ടിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ അന്യനാട്ടിൽ വന്ന് പണിയെടുക്കുന്നത്. കേരളത്തിലുള്ളവർ വിദ്യാഭ്യാസമുള്ളവരാണ്. 2007നാണ് ഞാൻ കേരളത്തിലേക്ക് വന്നത്. ഇനിയുള്ള കാലവും കേരളത്തിൽ തന്നെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’, ബംഗാൾ സ്വദേശിയായ സൻയൂൽ ആലം പറയുന്നു. 

ഇതരസംസ്ഥാന തൊഴിലാളികളുടെ നിരവധി കുട്ടികൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുന്നതുകൊണ്ട് തന്നെ അവർ വളരെ സന്തുഷ്ടരാണ്. മികച്ച സാമൂഹികാന്തരീക്ഷവും ഉയർന്ന വേതനവുമാണ് കേരളത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പറുദീസയാക്കി മാറ്റുന്നത്. തൊഴിൽ ചെയ്യുന്നതിനും ജീവിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം അവർ കേരളത്തെ തിരഞ്ഞെടുക്കുന്നതും അതുകൊണ്ട് തന്നെയാണ്. 

FAQs

ആരാണ് ഇതരസംസ്ഥാന തൊഴിലാളികൾ?

സ്വന്തം രാജ്യത്തിനകത്തോ പുറത്തോ ജോലിക്കായി കുടിയേറിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ.

എന്താണ് കേരള സംസ്ഥാന ആസൂത്രണ ബോർഡ്?

കേരളത്തിലെ വികസന പദ്ധതികളുടെ ആസൂത്രണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് സംസ്ഥാന ആസൂത്രണ ബോർഡ്. ബോർഡിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും സമഗ്രമായ സാമ്പത്തികാവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വരുന്നു.

Quotes

ഒരു രാജ്യത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ മഹത്വത്തിനെ നിർവചിക്കുന്നത് – ജോർജ് റാമോസ്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.