Sat. Jan 18th, 2025

രാജ്യത്തെ സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ബ്രാഹ്മണരിൽ ഏറ്റവും കൂടിയ തോതിലും. പിന്നോക്ക സമുദായ വിഭാഗങ്ങൾക്കും ദളിതർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും ഏറ്റവും കുറവുമാണ്

സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. ലോകത്തെല്ലായിടത്തും മനുഷ്യർ അതിനുവേണ്ടി പല രീതിയിൽ പരസ്പരം മത്സരിക്കുന്നു. മനുഷ്യ സമൂഹത്തിൻ്റെ അടിസ്ഥാന സ്വഭാവമാണ് ഇത്. സ്നേഹത്തിനും, പങ്കാളിക്കും, തൊഴിലിനും, വിദ്യാഭ്യാസത്തിനും, സ്ഥാനമാനങ്ങൾക്കും, സമ്പത്തിനും, ഭൂമിക്കും അങ്ങനെ അനേകം ഘടകങ്ങൾക്ക് വേണ്ടിയാണ് മനുഷ്യർ പരസ്പരം മത്സരിക്കുക. വിഭവങ്ങൾ എന്നാണ് സാമൂഹ്യ ശാസ്‌ത്രപരമായി നമ്മൾ ഈ ഘടകങ്ങളെ വിശേഷിപ്പിക്കുന്നത്.
ഈ മത്സരത്തിൽ ചിലർ വിജയിക്കുകയും ചിലർ പരാജയപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ വിജയിച്ച മത്സരങ്ങളെ ഓർത്ത് നാമെല്ലാവരും സ്വയം അഭിമാനിക്കുന്നു. പൊതുവിൽ ഈ മത്സരങ്ങൾ എല്ലാം സ്വതന്ത്രമാണ് എന്നതാണ് സങ്കൽപം. കഴിവുള്ളവന് പരിശ്രമം കൊണ്ട് ഈ മത്സരങ്ങളിൽ വിജയം നേടാവുന്നതുമാണ് എന്ന് എല്ലാവരും വിശ്വസിക്കുന്നു.

ലോകത്തെല്ലായിടത്തും മനുഷ്യർ മത്സരിക്കുന്നുണ്ട്. ഈ മത്സരങ്ങൾ സ്വാതന്ത്രമാണോ?. മത്സരത്തിൻ്റെ സ്വഭാവം നിർണയിക്കുന്നതിൽ മറ്റേതെങ്കിലും ഘടകങ്ങൾക്ക് പങ്കുണ്ടോ? പുതിയൊരു വിഭവത്തിന് വേണ്ടി മത്സരിക്കുന്നതിന് മുൻപ് എത്രമാത്രം വിഭവങ്ങൾ മത്സരിക്കുന്നയാൾക്ക് ലഭ്യമായിട്ടുണ്ട് എന്നത് പ്രധാനമാണ്. അതായത് വിഭവങ്ങൾക്ക് വേണ്ടി മറ്റുള്ളവരുമായി മത്സരിക്കുന്ന ഒരാൾക്ക് മത്സരത്തിന് മുൻപേ ഇതേ വിഭവങ്ങൾ എത്രമാത്രം ലഭ്യമായുണ്ട് എന്നുള്ളത് മത്സരത്തെ സ്വാധീനിക്കും.

വിഭവങ്ങളുടെ ലഭ്യത വിജയ സാധ്യത വർധിപ്പിക്കുന്നു. സമ്പത്തിന് വേണ്ടി മത്സരിക്കാൻ ശ്രമിക്കുന്നയാൾക്ക് എത്രമാത്രം പണം ലഭ്യമായുണ്ട് എന്നതിനനുസരിച്ച് അയാളുടെ വിജയസാധ്യത വർധിക്കുന്നു. സമാനമായി പണം, മറ്റുസമ്പത്തുകൾ, ഭൂമി, സമ്പത്തുള്ള പങ്കാളികൾ ഇവയുടെ ലഭ്യത എന്നിവ മത്സരത്തിൽ ഒരാളുടെ വിജയ സാധ്യത വർദ്ധിപ്പിക്കുന്നു.

പൊതുവിൽ ഈ മത്സരങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പരിഗണനയിൽ പഠിക്കപ്പെടേണ്ടതായ ഒരു ഘടകം കൂടി മറഞ്ഞിരിക്കുന്നുണ്ട്. അത് പരിശോധിക്കണമെങ്കിൽ വിഭവങ്ങൾ എത്ര തരമുണ്ടെന്ന് മനസിലാക്കേണ്ടി വരും. വിഭവങ്ങൾ പല തരത്തിലുള്ളവയുണ്ട്.

പണം പോലെയോ സമ്പത്തുപോലെയോ ഭൂമി പോലെയോ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസിലാക്കാൻ കഴിയുന്നവ അല്ലെങ്കിൽ അളന്നെടുക്കാൻ കഴിയുന്നവ. എന്നാൽ അത്തരത്തിൽ മാത്രമാണോ വിഭവങ്ങൾ നിലനിൽക്കുന്നത്? അല്ല. ചില വിഭവങ്ങൾ നമുക്ക് അളന്നെടുക്കാൻ കഴിയില്ല. സ്നേഹം, സൗഹൃദങ്ങൾ, അധികാരം ഇവയെല്ലാം അളന്നെടുക്കാൻ കഴിയുമോ? തീർച്ചയായും അളന്നെടുക്കാൻ കഴിയാത്ത രീതിയിലുള്ള ഉത്തരം വിഭവങ്ങളും സമൂഹത്തിൽ ലഭ്യമായുണ്ട്.

അളന്നെടുക്കാൻ കഴിയാത്ത ഇത്തരം വിഭവങ്ങൾ കൂടി മത്സരങ്ങളിൽ പലരുടെയും വിജയ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പണവും ഭൂമിയും പോലെ അളക്കാൻ കഴിയുന്നവയെ മെറ്റീരിയൽ റിസോഴ്സുകൾ എന്നും അതിന് കഴിയാത്ത വിഭവങ്ങളെ നോൺ മെറ്റീരിയൽ റിസോഴ്സുകൾ എന്നും വിളിക്കും.

പൊതുവിൽ പരസ്പരമുള്ള മത്സരങ്ങളിൽ പണവും, ഭൂമിയും പോലെയുള്ള വിഭവങ്ങൾ ലഭ്യമായവർക്ക് വിജയസാധ്യതയുണ്ടെന്ന്  എല്ലാവർക്കും അറിയാമെങ്കിലും നോൺ മെറ്റീരിയൽ റിസോഴ്‌സിൻ്റെ ലഭ്യത കൂടി അതിനെ നിർണയിക്കും എന്ന് മനസിലാക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് കാരണം അത്തരം വിഭവങ്ങളെ അളന്നെടുക്കാനോ നേരിട്ട് കണ്ട് മനസ്സിലാക്കാനോ കഴിയാത്തതാണ്.

അത്തരം വിഭവങ്ങളിൽ ചിലത് എല്ലാവർക്കും ഒരുപോലെ സ്വായത്തമാക്കാൻ സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെ നോൺ മെറ്റീരിയൽ റിസോഴ്സുകളെ സംബന്ധിച്ച് എല്ലാവർക്കും ഒരുപോലെ മനസിലാക്കാൻ സാധിക്കുകയുമില്ല. ഇത്തരം വിഭവങ്ങൾ എന്താണെന്ന് മനസിലാക്കണമെങ്കിൽ അതിനൊരു മാതൃക രീതിശാസ്ത്രം സ്വീകരിക്കേണ്ടതായി വരും.

അതിന് ഏറ്റവും എളുപ്പം ഇന്ത്യൻ സാമൂഹിക ഘടനയിലെ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തെക്കുറിച്ചും പ്രധാനപ്പെട്ട മെറ്റീരിയൽ റിസോഴ്സ് ആയ സമ്പത്തിൻ്റെ വിതരണത്തെക്കുറിച്ചു മനസിലാക്കലുമാണ്. അതിനായി ഇന്ത്യയെക്കുറിച്ചുള്ള ചില പഠനങ്ങളിലെ ചില വിവരങ്ങൾ ഉപയോഗിക്കേണ്ടതായി വരും.

ഇന്ത്യയിലെ മെറ്റീരിയൽ റിസോഴ്സുകളുടെ വിതരണം

പാരീസ് സ്കൂൾ ഓഫ് എക്കണോമിക്സിൽ  ഗവേഷകനായിരുന്ന നിതിൻ കുമാരി ഭാരതിയുടെ 2018ലെ പഠനം അനുസരിച്ചു ഇന്ത്യയിൽ സമ്പത്ത് പല വിധം മനുഷ്യരിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക മാതൃകയിലാണ്. ശ്രദ്ധിക്കേണ്ട ഘടകം ആകെ ജനസംഖ്യയിൽ ഉന്നത ജാതി ശ്രേണിയില്പെട്ട ബ്രാഹ്മണർ 4-5%വും, രജപുത്രർ 4-5%വും ബനിയ 2% ബാക്കിയുള്ള മുന്നോക്ക ജാതികൾ 9%വുമാണ് ജനസംഖ്യയിൽ ഉള്ളത് എന്നതാണ്.

ഈ വിഭാഗങ്ങളെ ധനികരുടെ പല തട്ടുകളാക്കി മാറ്റിയാൽ ബ്രാഹ്മണരിൽ 49.91%  ആളുകളും അതിധനികരും, 21.7% ധനികരും,13.86% ഇടത്തരം ധനികരും 4.62% മാത്രം ദരിദ്രരുമാണ്എന്നതാണ്. അതെ മാതൃകയിൽ രജപുത്രരെ ധനികരുടെ തട്ടുകളാക്കിയാൽ 31.15% ഏറ്റവും ധനികരും, 25.89% ധനികരും,21.9% ഇടത്തരം ധനികരും 7.27% മാത്രം ദരിദ്രരുമാണ്.

സമാനമായി ബനിയ ജാതിയിൽ 43.66% ഏറ്റവും ധനികരും, 22.17% ധനികരും,16.52% ഇടത്തരം ധനികരും 5.8% മാത്രം ദരിദ്രരുമാണ്. രാജ്യത്തിൻ്റെ ആകെമൊത്തം ജനസംഖ്യയിൽ 8 മുതൽ 9% വരെ വരുന്ന പട്ടിക വർഗവിഭാഗങ്ങൾക്ക് രാജ്യത്തെ സമ്പത്തിൻ്റെ 5 മുതൽ 7% വരെ  മാത്രമാണ് ലഭ്യമായിട്ടുള്ളു. സമാനമായി ജനസംഖ്യയിൽ 18-19%ഉള്ള പട്ടിക ജാതി വിഭാഗങ്ങളിൾക്ക് 7-8% സമ്പത്തും , 43.57% വരുന്ന ഒബിസി വിഭാഗത്തിനു 32% സമ്പത്തും വിതരണം ലഭ്യമായിരിക്കുന്നു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ദേശീയ തലത്തിൽ പല സാമൂഹിക വിഭാഗങ്ങളിലെ 2004-05 ലെ ശരാശരി ആളോഹരി ചെലവ് കണക്കാക്കുകയാണെങ്കിൽ, സവർണ വിഭാഗങ്ങളുടേത് 1023 രൂപയും ഒബിസി വിഭാഗങ്ങളുടേത് 646 രൂപയും മുസ്ലിങ്ങളുടേത് 635 രൂപയും ദളിത്- ആദിവാസി വിഭാഗങ്ങളുടേത് 520 രൂപയുമാണ്. ആദിവാസികൾ മുതൽ ഒബിസി വിഭാഗങ്ങൾ വരെയുള്ളവരേക്കാൾ നേരെ ഇരട്ടിയാണ് സവർണരുടെ ആളോഹരി ചെലവ്.

നഗരപ്രദേശങ്ങളിൽ സവർണരുടെ ഈ ചെലവ് 1469 രൂപയോളം വരും. ദളിത്- ആദിവാസി- മുസ്ലിം സമൂഹത്തിന്  ഇതു കേവലം 800 രൂപ മാത്രമാണ്. ഇതാണ് ഈ രാജ്യത്തെ മത്സരത്തിൻ്റെ കണക്ക്. അതായത് അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ട ഇന്ത്യൻ നഗരപ്രദേശങ്ങളിൽ ദളിത്- ആദിവാസി- മുസ്ലിം വിഭാഗങ്ങളേക്കാൾ 80% ത്തിലധികം ആളോഹരി ചെലവാണ് സവർണ വിഭാഗങ്ങൾക്കുള്ളത്.

നാഷനൽ സാമ്പിൾ സർവേയുടെ 2005 ലെ ഒരു വർഷത്തെ റഫറൻസ് പിരിയഡിലെ കണക്ക് ഉപയോഗിച്ച നാഷണൽ പ്ലാനിങ് കമ്മീഷൻ്റെ രീതിശാസ്ത്ര പഠനം വ്യക്തമാക്കുന്നത് ഇതേ മാതൃകയിലെ വിവരങ്ങളാണ്. അത് പ്രകാരം ഹെഡ് കൗണ്ട് റേഷ്യോ (Head Count Ratio) എന്നതു ദാരിദ്ര്യത്തിൻ്റെ കൃത്യമായ സൂചികയാണ്.

ഇതനുസരിച്ചു് 22.7% ത്തോളം ഇന്ത്യക്കാർ ദരിദ്രരാണ്. വിവിധ സാമൂഹിക വിഭാഗങ്ങളായി തിരിച്ച് ദരിദ്രരുടെ കണക്കെടുക്കുമ്പോൾ ആകെ ദരിദ്രരിൽ 35%വും ദളിത് ആദിവാസി വിഭാഗങ്ങളാണെന്നു കാണാം. രണ്ടാമതായി മുസ്ലിം വിഭാഗങ്ങളാണ്; 31%ത്തോളം വരും. ഒബിസി വിഭാഗത്തിൻ്റെ ദാരിദ്ര്യം 21% ആണ്. ദരിദ്രരുടെ ഈ കണക്കിൽ സവർണർ 8.7% മാത്രമേ വരുന്നുള്ളൂ.

ഇനി രാജ്യത്തെ ദരിദ്രരുടെ കണക്കെടുത്താൽ പട്ടികജാതി വിഭാഗങ്ങളിൽ 51%വും പട്ടിക വർഗവിഭാഗങ്ങളിൽ 28.47% ഒബിസി വിഭാഗങ്ങളിൽ 18.87%വും ദരിദ്രരാണെന്നതാണ് വസ്തുത. രാജ്യത്തെ സമ്പത്തു വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ഈ ശ്രേണികനുസൃതമായിട്ടാണ്. അതായതു ബ്രാഹ്മണരിൽ ഏറ്റവും കൂടിയ തോതിലും, ക്ഷത്രിയരിൽ ബ്രാഹ്മണരെക്കാൾ കുറവും, ബനിയ വിഭാഗത്തിൽ ക്ഷത്രിയരെക്കാൾ കുറവും സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അവസാനം പിന്നോക്ക സമുദായ വിഭാഗങ്ങൾക്കും ദളിതർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും രാജ്യത്തെ സമ്പത്തു വിതരണത്തിൽ ഏറ്റവും കുറവ് പങ്കാണ് ലഭ്യമായിരിക്കുന്നത്.

ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിൽ ശ്രീഹരി പാലിയത്ത് എഴുതിയ ലേഖനം അനുസരിച്ച് രാജ്യത്തെ 60% സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് 10% വരുന്ന ഹിന്ദു സവർണ കുടുംബങ്ങളിലാണ്.

ഇന്ത്യക്കകത്ത് സമ്പത്തിന് വേണ്ടിയുള്ള പരസ്പര മത്സരത്തിൽ സാമൂഹികമായ വിജയത്തിൻ്റെ സാധ്യതക്ക് ഒരു മാതൃക ഉണ്ടെന്ന് മനസിലായല്ലോ. സമ്പത്തുവിതരണം ചെയ്യപ്പെട്ടിരിക്കുന്നത് മാത്രമല്ല ഏതുമേഖലയിൽ പരിശോധിച്ചാലും അതിലെല്ലാം ഈ മാതൃക വ്യക്തമായിരിക്കും.

രാജ്യത്തെ സമ്പത്തും തൊഴിലവസരങ്ങളും വ്യവസായങ്ങളും, ദേശരാഷ്ട്ര സംവിധാനങ്ങളിലെ പ്രാതിനിധ്യവും അടക്കം വിഭവങ്ങളെല്ലാം മുൻപ് സൂചിപ്പിച്ചതുപോലെ ഒരു പ്രത്യേക ശ്രേണിക്കനുസൃതമായി വിതരണം ചെയ്യപ്പെട്ടിരിക്കുകയാണ്. വിഭവങ്ങളുടെ പങ്കിൽ ഏകദേശം 30% ൽ താഴെ മാത്രമാണ് രാജ്യത്തെ ആകെ ജനസംഖ്യയിൽ നാലിൽ മൂന്ന് ഭാഗത്തിനടുത്തു വരുന്ന ആദിവാസി ദളിത് പിന്നോക്ക സാമൂഹിക സമുദായങ്ങൾക്കിടയിലും മറ്റു മത ന്യൂനപക്ഷങ്ങൾ എന്നിവരിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.

അതിൻ്റെ മറ്റൊരു തെളിവ് കേരളത്തിൽ നിന്ന് പറയുകയാണെങ്കിൽ, ഭൂമിയുടെ കണക്കുകളുടെ ഉദാഹരണം എടുക്കാം. 2005ൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ കേരളത്തിൽ ആകെയുള്ള ദളിതുകളിൽ 80% ആളുകൾ ജീവിക്കുന്നത് ഇരുപത്താറായിരത്തിന് മുകളിൽ വരുന്ന 4 സെന്റ്  കോളനികളിൽ ആണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അവരുടെ സാമൂഹിക വികസനസൂചികകൾ മുഖ്യധാരാ വികസനത്തിന് വളരെ പുറകിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

എങ്ങനെയാണ് സവർണ്ണ വിഭാഗങ്ങൾക്ക് എല്ലാ മത്സരങ്ങളിലും വിഭവങ്ങളുടെ ഇത്ര മികച്ച പങ്ക് ലഭ്യമാകുന്നത്? കേവലം മെറ്റീരിയൽ റിസോഴ്സുകൾ ലഭ്യമാകുന്നതുകൊണ്ട് മത്സരങ്ങളിൽ അവർക്ക് കൂടുതൽ വിജയ സാധ്യത ഉണ്ടാകുന്നതാണോ? അങ്ങനെ ആണെങ്കിൽ ഇത്തരം വിഭവങ്ങൾ ലഭ്യമായ എല്ലാവരെയും പൊതു സമൂഹം മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാറുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. സമ്പത്തും അധികാരവും ഉണ്ടായാൽ പോലും ഇന്ത്യക്കകത്ത് എല്ലാവരുടെയും മത്സരങ്ങളെ സമൂഹം അംഗീകരിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്.

അതിന് കേരളത്തിലെ ചില സവിശേഷ സംഭവങ്ങൾ വിശദീകരിക്കേണ്ടി വരും. പ്രമുഖ നേതാവും മന്ത്രിയുമായ പിണറായി വിജയന് ജാതി അധിക്ഷേപമേറ്റ സംഭവം അതിൽ പ്രധാനമാണ്. 2023 കാലഘട്ടത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ രണ്ടു തവണ പൊതു സമൂഹത്തിനു മുൻപിൽ ജാതീയ അധിക്ഷേപത്തിന് വിധേയനായി.

ശബരിമല യുവതി പ്രവേശന വിരുദ്ധ മുന്നേറ്റ കാലഘട്ടത്തിലായിരുന്നു അത് സംഭവിച്ചത്. മണിയമ്മ എന്ന സ്ത്രീയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചത്. ജന്മ ഭൂമി എന്ന ഒരു പ്രമുഖ പത്രവും ഒരു ജാതീയ അധിക്ഷേപ കാർട്ടൂൺ പിണറായി വിജയനെതിരെ പ്രസിദ്ധീകരിക്കുകയുണ്ടായി.

Pinarayi Vijayan faces casteist attack from BJP
ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച പിണറായി വിജയനെതിരെയുള്ള കാർട്ടൂൺ

തെങ്ങു കയറേണ്ടവനെ പിടിച്ചു തലയിൽ കയറ്റുമ്പോൾ ആലോചിക്കണം എന്നതായിരുന്നു ആ കാർട്ടൂണിൻ്റെ തലക്കെട്ട്. അധികാരവും സമ്പത്തും ഉള്ള പദവിയിൽ എത്തിയാൽ പോലും എല്ലാവരുടെയും മത്സരങ്ങളെ സമൂഹം അംഗീകരിക്കില്ല എന്നതിൻ്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയെ 18 വർഷക്കാലം സെക്രട്ടറിയായി നിയന്ത്രിക്കുകയും മുഖ്യമന്ത്രിയുമായ വ്യക്തിക്കാണ് ഈ അധിക്ഷേപം  നേരിടേണ്ടി വന്നത്.

ഇന്ത്യൻ സമൂഹത്തിൻ്റെ അടിസ്ഥാന സ്വഭാവമാണ് ഇത്.  എല്ലാവരുടെയും സാമൂഹികമായ മത്സരങ്ങളെ സമൂഹം തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. രാജ്യത്തിൻ്റെ സാംസ്‌കാരിക ബിംബങ്ങളായ ഇതിഹാസ പുരാണ പാഠപാരമ്പര്യങ്ങളിലെല്ലാം ശ്രേണീകൃതമായ ഈ പുറത്താക്കലിൻ്റെ മാതൃകകൾ കണ്ടെത്താൻ സാധിക്കും എന്ന് ഗവേഷകനായ ഡോ. ടി എസ് ശ്യാംകുമാർ വ്യക്തമാക്കുന്നു.

ഇത്തരം തടസ്സങ്ങളെ അതിജീവിച്ചുകൊണ്ട്  ജനസംഖ്യയുടെ വളരെ ചെറിയ ഒരുപങ്കുള്ള ഒരു ജനവിഭാഗത്തിന് മാത്രം വിഭവങ്ങളുടെ സിംഹഭാഗവും മത്സരിച്ചു നേടാൻ കഴിയുന്നുണ്ടെങ്കിൽ, ആ വിഭാഗങ്ങൾ ഏർപ്പെടുന്ന മത്സരത്തിന് ഒരു സവിശേഷതയുണ്ട് എന്ന് മനസിലാക്കേണ്ടി വരും. സമ്പത്തിനും വിഭവങ്ങൾക്കും വേണ്ടിയുള്ള മത്സരത്തിൽ മറ്റു ജനവിഭാഗങ്ങൾക്ക് ലഭ്യമല്ലാത്ത ഒരു വിഭവം ഈ വിഭാഗങ്ങൾക്ക് ലഭ്യമാകുന്നുണ്ട് എന്നാണ് അതിനർത്ഥം.

എന്നാൽ അത് പ്രത്യക്ഷത്തിൽ പൊതുജനങ്ങൾക്ക് മനസിലാക്കാനും കഴിയുന്നില്ല. ഈ ലക്ഷണങ്ങളിലൂടെ എത്തിച്ചേരാവുന്ന ഒരു നിഗമനം, എല്ലാ മത്സരങ്ങളിലും അളന്നെടുക്കാൻ കഴിയാത്ത ഒരു ഒരു നോൺ മെറ്റീരിയൽ റിസോഴ്സ് സവർണ വിഭാഗങ്ങൾക്ക് മാത്രം ലഭ്യമാകുന്നുണ്ടെന്നാണ്. അതുകൊണ്ടാണ് ഏർപ്പെടുന്ന മത്സരങ്ങളിൽ ബഹുഭൂരിപക്ഷവും അവരുടെ വിജയ ശതമാനം വർധിക്കുന്നത്. അതെന്താണെന്ന് കണ്ടെത്തണമെങ്കിൽ നോൺ മെറ്റീരിയൽ ആയ വിഭവങ്ങൾ എന്തൊക്കെയാണെന്നും അത് ഇന്ത്യൻ സമൂഹത്തിൽ എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നും പരിശോധിക്കേണ്ടി വരും.

നോൺ മെറ്റീരിയൽ റിസോഴ്സുകൾ

പ്രത്യക്ഷത്തിൽ കാഴ്ചയിലൂടെയോ സ്പർശനത്തിലൂടെയോ മറ്റു പഞ്ചേന്ദ്രിയ സംവേദനങ്ങളിലൂടെയോ മനസിലാക്കാൻ കഴിയാത്ത വസ്തുതകളെ ആണ് നോൺ മെറ്റീരിയൽ എന്ന് വിപുലമായ അർത്ഥത്തിൽ ഉദ്ദേശിക്കുന്നത്. അത്തരം വിഭവങ്ങൾ എന്നാൽ അധികാരം പോലെയോ സ്ഥാനമാനങ്ങൾ പോലെയോ വിദ്യാഭ്യാസ യോഗ്യത പോലെയോ ഉള്ള ഗുണപരമായ വസ്തുതകൾ ആണ്, അവയെ അളെന്നെടുക്കാനാകില്ല.

എന്നാൽ ഇത്തരം ഘടകങ്ങൾ പലപ്പോഴും പരസ്പരം സവിശേഷ സ്വഭാവങ്ങൾ ഉള്ളവയാണ്. വിദ്യാഭ്യാസ യോഗ്യതകളും അത് ലഭിച്ച ആളുകളുടെ എണ്ണവും അളന്നെടുക്കാമെങ്കിലും അധികാര സ്ഥാനത്തിനെ അളന്നെടുക്കാൻ കഴിയില്ല, എന്നാൽ അധികാര സ്ഥാനങ്ങൾ ലഭ്യമായ ആളുകളുടെ എണ്ണത്തെ അളന്നെടുക്കാവുന്നതാണ്. ഈ നിലയിൽ വ്യത്യസ്ത വിഭാഗങ്ങൾ കൈവശം വച്ചിരിക്കുന്ന വിഭവങ്ങൾ കണക്കാക്കാൻ കഴിയുന്നതാണ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ നഗരങ്ങളിലെ മുസ്ലിം വിഭാഗത്തിൻ്റെ വിദ്യാഭ്യാസ സൂചിക ദേശീയ വിദ്യാഭ്യാസ സൂചികയെക്കാൾ 11% കുറവാണ്. സവർണ വിഭാഗങ്ങളു വിദ്യാഭ്യാസ സൂചിക ദേശീയ വിദ്യാഭ്യാസ സൂചികയേക്കാൾ 15% വർധിച്ചതാണ്. ദളിത്/ആദിവാസി പുരുഷന്മാരുടെ വിദ്യാഭ്യാസ സൂചിക 64% മാണ്; മുസ്ലിങ്ങളുടേത് 68%വും.

എന്നാൽ സവർണ വിഭാഗങ്ങളിലെ പുരുഷന്മാരുടെ സൂചിക 81% ലാണ് എത്തി നി ൽക്കുന്നത്. വിദ്യാഭ്യാസ യോഗ്യതയുടെ വയസനുസരിച്ചുള്ള കണക്കുകളിലും ഈ മാതൃക കാണാനാകും. പുതു തലമുറയിലെ കുട്ടികളിൽ, അതായത് 13 വയസുവരെയുള്ള സവർണ വിഭാഗങ്ങളിലെ കുട്ടികളിൽ 90.2% ത്തിനും വിദ്യാഭ്യാസം ലഭിക്കുമ്പോൾ ദളിത്- ആദിവാസി വിഭാഗങ്ങളിൽ 74.7% ത്തിനും മുസ്ലിങ്ങളിൽ 74.6% ത്തിനുമാണ് അതുലഭിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ചു രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ തൊഴിലെടുക്കുന്നവരുടെ കണക്കും മുൻപ് സൂചിപ്പിച്ച ശ്രേണീകൃതമായ മാതൃകയിലുള്ളതാണ്. 129 യൂണിവേഴ്സിറ്റികളിലും 84 കോളേജുകളിലുമായി 1.37 ലക്ഷം തൊഴിലാളികളെ പരിശോധിച്ചപ്പോൾ 42% അധ്യാപകരും 58% അനധ്യാപകരും ഉണ്ടെന്ന് കമ്മീഷന് ബോധ്യപ്പെട്ടു. ഈ രണ്ടു വിഭാഗങ്ങളിലും സവർണ വിഭാഗങ്ങൾക്ക് 50% ത്തിലധികം അധിക പ്രാതിനിധ്യമുണ്ട്.

അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ വളരെ കൂടുതലാണത്. 6% ജനസംഖ്യയുള്ള മറ്റു ന്യൂനപക്ഷങ്ങൾക്ക് ഈ മേഖലയിലും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. മുസ്ലിങ്ങളുടെ പ്രാതിനിധ്യം, 3.7% അധ്യാപകരും 5.4% അനധ്യാപകരും ആണ്. ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് 7.4% അധ്യാപക പ്രാതിനിധ്യവും 16.4% അനധ്യാപക പ്രാതിനിധ്യവുമുണ്ട്. ദളിത്- ആദിവാസി- മുസ്ലിം വിഭാഗങ്ങളാണ് പ്രാതിനിധ്യത്തിൽ തഴയപ്പെട്ടവർ.

ഉദ്യോഗസ്ഥ മേഖലയിലെ പ്രധിനിധ്യത്തിൻ്റെ കണക്കുകളെടുക്കുകയാണെങ്കിൽ 2013 ലെ സിവിൽ സർവീസിലുള്ള നിലവാരം അനുസരിച്ച്  ആകെ നിയമനം ലഭിച്ച 1122 പേരിൽ 517 ആളുകൾ സവർണ വിഭാഗത്തിൽ നിന്നുള്ളവർ ആണ്. അതായതു 50 ശതമാനത്തിനോടടുത്ത്.

ഇനി പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള 187 പേര് അതായതു 16 ശതമാനം. പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 92 ആളുകൾ, അതായതു 8 ശതമാനം ആളുകൾ. മുൻപ് സൂചിപ്പിച്ച ശ്രേണി ഈ ഉദാഹരണത്തിലും വ്യക്തമാണ്. ഇതാണ് ഈ രാജ്യത്തിൻ്റെ സാമൂഹിക ഘടന. നീതി ന്യായവ്യവസ്ഥയിലെ പ്രാതിനിധ്യത്തിൻ്റെ പങ്കിനെക്കുറിച്ചു സൂചിപ്പികുകയാണെങ്കിൽ, 1950 മുതൽ 2000 ൽ വരെ 45% ബ്രാഹ്മണരാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിട്ടുള്ളത്. ഇത് പ്രതിനിധ്യത്തിൻ്റെ മറ്റൊരു ഉദാഹരണമാണ്.

ഇനി മറ്റൊരു ഉദാഹരണത്തിന് സ്പോർട്സ് മേഖല തന്നെ പരിശോധിക്കാവുന്നതാണ്? ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്ര ബ്രാഹ്മണരുണ്ടായിട്ടുണ്ട്? എത്ര സവർണരുണ്ടായിട്ടുണ്ട് എന്ന പട്ടിക പരിശോധിച്ച് നോക്കു. 48 ബ്രാഹ്മണരാണ് ആകെ ഇന്ത്യൻ ടീമിൽ ഉണ്ടായത്. എന്താ ദളിതുകളും ആദിവാസികളും മുസ്ലിങ്ങളുമൊന്നും കായികാസ്വാദനകലകളുമായി ബന്ധമില്ലാത്തവരാണോ?

എന്തായാലും സവർണ സമുദായങ്ങളിൽ നിന്നുള്ളതിനേക്കാൾ കായികാസ്വാദന രീതികൾ ജീവിത ശൈലിയുടെ ഭാഗമായിരുന്നവരാണ് ദളിതുകളും ആദിവാസികളും, എന്നിട്ടുമെന്തേ ഒരു ക്രിക്കറ്റർ ഈ സമൂഹങ്ങളിൽ നിന്നും ഉണ്ടാകാതെ പോയി? ഒരൊറ്റ ഐ എം വിജയനിലോ, ബൈച്ചുങ് ബൂട്ടിയയിലോ ഫുട്ബോൾ ടീമിലെ പ്രാതിനിധ്യം ഒതുങ്ങിപ്പോയി?

ഇനി കേരളത്തിലെ സംസ്ഥാന സർക്കാരിൻ്റെ ക്യാബിനറ്റ് സ്ഥാനങ്ങളുടെ പങ്കിൽ മൂന്നിൽ ഒരു ഭാഗം നായർ വിഭാഗങ്ങളാണ് കൈവശം വച്ചിരിക്കുന്നത്. 21 അംഗ ക്യാബിനറ്റിൽ ഏഴു മന്ത്രിമാരും നായർ സമുദായത്തിൽ നിന്നുള്ളവരാണ്. കേരളത്തിലെ നായർ വിഭാഗത്തിനെ അകെ ജനസംഖ്യ 12.5 ശതമാനമാണ്. 23%  ജനസംഖ്യയുള്ള ഈഴവ സമുദായത്തിന് മുൻ മന്ത്രിസഭയിൽ ഇതിനേക്കാൾ അധികം ക്യാബിനറ് പദവികൾ ഉണ്ടായിരുന്നു.

ബോർദ്യുവിയൻ സങ്കൽപത്തിൻ്റെ പരിമിതി

മെറ്റീരിയൽ റിസോഴ്സുകൾ മാത്രമല്ല നോൺ മെറ്റീരിയൽ റിസോഴ്സുകൾ ആയിട്ടുള്ള അധികാരസ്ഥാനങ്ങളും വിദ്യാഭ്യാസവും നേടിയെടുക്കുന്ന മത്സരത്തിലും ശ്രേണീകൃതമായ ഈ മാതൃക ഇന്ത്യൻ സമൂഹത്തിൽ എല്ലായിടത്തും തുടരുന്നുണ്ട്. ഇവ തീർച്ചയായും സവർണ വിഭാഗങ്ങളെ മത്സരങ്ങളിൽ വിജയിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ തന്നെയാണ് എന്നതിൽ സംശയമില്ല. മിക്കവാറും ലോകത്തൊട്ടാകെ ഈ മാതൃകയിൽ വിദ്യാഭ്യാസവും അധികാരസ്ഥാനങ്ങളും ലഭ്യമാകുന്നത് സാമൂഹികമായ മത്സരങ്ങളിൽ വിജയിക്കാൻ പല ജനങ്ങളെ സഹായിക്കുന്നുണ്ട്.

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ ആയിട്ടുള്ള പിയറി ബോർദ്യു മൂലധന രൂപങ്ങൾ എന്ന സങ്കല്പമാണ് ഇതിനെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്നത്. വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിൽ പലതരം മൂലധനങ്ങൾ ഉണ്ടെന്നും ഇവയെല്ലാം എങ്ങനെ വിജയം നേടാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

Pierre Bourdieu French sociologist
പിയറി ബോർദ്യു screengrab, copyright: U. Porto Press

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ സാമ്പത്തികമായ മൂലധനത്തെ മാത്രം കേന്ദ്രീകരിച്ച് ഈ മത്സരങ്ങളയും വിജയങ്ങളെയും മനസിലാക്കാൻ സാധിക്കുകയില്ല. ഉപരിവർഗങ്ങളും അധികാര വർഗവുമായിട്ടുള്ള മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങളും, ഉയർന്ന വിദ്യാഭ്യാസവും ജീവിത നിലവാരവും ലഭ്യമാകുന്നവർക്ക് സാമൂഹിക മത്സരങ്ങളിൽ വിജയങ്ങൾ നേടിയെടുക്കാൻ സാധ്യത കൂടുതൽ ഉണ്ടാകും എന്ന് ബോർദ്യു വിശദീകരിക്കുന്നു.

സാമ്പത്തികമായ മൂലധനങ്ങളിൽ നിന്നും വ്യത്യസ്തമായ മൂലധനങ്ങൾ ആയിട്ടാണ് ബോർദ്യു ഇതിനെ സങ്കൽപ്പിക്കുന്നത്. മുൻപ് സൂചിപ്പിച്ച നോൺ മെറ്റീരിയൽ ആയിട്ടുള്ള വിഭവങ്ങൾ എന്ന് ലേഖകൻ സൂചിപ്പിച്ചത് ഇതുമായി സമാനതകളുള്ള സങ്കല്പങ്ങളാണ്. മൂലധനങ്ങൾ രണ്ട് തരത്തിൽ ബോർദ്യു വിശദീകരിക്കുന്നു സാമൂഹിക മൂലധനവും സാംസ്‌കാരിക മൂലധനവും. സാമൂഹിക മൂലധനങ്ങൾ എന്നാൽ അധികാരമുള്ളവരും ഉപരിവർഗങ്ങളുമായിട്ടുള്ള സാമൂഹിക ബന്ധങ്ങളെയും അത്തരം വിഭാഗങ്ങളിലുള്ള അംഗത്വവുമാണ് ഉദ്ദേശിക്കുന്നത്.

സാംസ്‌കാരിക മൂലധനം എന്നത് വ്യക്തിക്ക് ലഭ്യമായ ഉയർന്ന വിദ്യാഭ്യാസത്തിനും ഭാഷകൾക്കും ജീവിതരീതികൾക്കും സമാനമാണ്. ബോർദ്യുവിൻ്റെ അഭിപ്രായത്തിൽ സാമ്പത്തിക മൂലധനവും സാമൂഹിക മൂലധനവും സാംസ്‌കാരിക മൂലധനവും പലയാവൃത്തി ഇരട്ടിപ്പിക്കാനും പരസപരം പരിവർത്തനം ചെയ്യാൻ കഴിയുന്നതും വിഭവസമാഹരണത്തിന് സഹായിക്കുന്നതുമാണ്.

ബോർദ്യു സൂചിപ്പിക്കുന്നതനുസരിച്ച് മറ്റ്  സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കകത്ത് സവർണ വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന മൂലധനം ഇതിൽ സാമൂഹിക മൂലധനത്തിൻ്റെ  മാതൃകയിൽ ഉള്ള ഒന്നാണ്. എന്നാൽ അത് ബോർദ്യു സൂചിപ്പിക്കുന്നതിനേക്കാൾ കുറച്ചുകൂടി സങ്കീർണവുമാണ്.

അദ്ദേഹം സൂചിപ്പിക്കുന്നത് ഒരു കൂട്ടായ്മയിലോ വർഗത്തിലോ ഗോത്രത്തിലോ ഉൾപെടുന്നതുകൊണ്ട് ഒരു വ്യക്തിക്ക് ആ വ്യവസ്ഥയിലെ മുഴുവൻ ആളുകളെയും സ്വാധീനിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു അധികാരം ഉണ്ടാകും എന്നാണ്. അതിന് പരസപരം സമയവും അധ്വാനവും ചിലവഴിച്ചുകൊണ്ട് ഉപഹാരകൈമാറ്റവും ചടങ്ങുകളും നടത്തേണ്ടതാണ്.

എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹിക മൂലധനത്തിൻ്റെ സവിശേഷത ഇത്തരം സൂക്ഷമമായി സാമൂഹിക ഇടപെടലുകൾ ഇല്ലെങ്കിലും ഈ മൂലധനം ലഭ്യമാകും എന്നതാണ്. സമയവും അധ്വാനവും ചിലവഴിച്ചുകൊണ്ടുള്ള ഇത്തരം സൂക്ഷമമായി കൈമാറ്റങ്ങളുടെയും പരസ്പര അംഗീകാരങ്ങളുടെയും ഇടപെടലുകൾ ഇല്ലാതെ തന്നെ ഇവിടെ ബഹുമാനം ലഭ്യമാകും എന്നതാണ്. ഈ ബഹുമാനം ഇന്ത്യയിൽ ഒരു പ്രത്യേക സാമൂഹിക മൂലധനമാണ്.

അത് ലഭ്യമാകുന്നത് ഒരു പ്രത്യേക ജാതിയിലെ ജനനത്തിലൂടെ മാത്രമാണ്. അതുകൊണ്ട് തന്നെ ഈ പ്രേത്യേക ജാതിയിൽ ജനിക്കുന്നവർക്ക് മാത്രമേ ഈ വിഭവങ്ങളെ ബോർദ്യു വ്യക്തമാക്കുന്നതുപോലെ മറ്റു വിഭവങ്ങളുമായി പരിവർത്തനം ചെയ്യാനും ഇരട്ടിപ്പിക്കാനും സാധിക്കുകയുള്ളു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സവർണ ജാതിയിൽ ജനിച്ച ഒരാൾക്ക് സാമ്പത്തികവും സാംസ്കാരികവുമായ മൂലധനങ്ങൾ സാമൂഹിക മൂലധനമായോ മറ്റ്  മൂലധന രൂപങ്ങളുമായോ പരിവർത്തനം ചെയ്യാൻ സാധിക്കും അല്ലാത്തവർക്ക് അതിന് കഴിയില്ല.

അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ കുറ്റവാളികളായ സവർണർക്ക് ലഭിക്കുന്ന പരിഗണകളാണ്. ഏറ്റവും നീചമായ അതിക്രമങ്ങളും തട്ടിപ്പുകളും ചെയ്തവർക്ക് പോലും സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് മെച്ചപ്പെട്ട പരിഗണനകൾ ലഭിക്കുന്നു. 2023 നവംബർ മാസത്തിൽ കൊല്ലത്തെ ഓയൂരിൽ നിന്നും പെൺകുട്ടിയെ തട്ടികൊണ്ടുപോയ കുറ്റവാളികളായ കുടുംബത്തെക്കുറിച്ച് പോലീസ് വകുപ്പിൽ നിന്നും ലഭിച്ച പ്രശംസ നിറഞ്ഞ പ്രസ്താവനകൾ അതിൻ്റെ ഉദാഹരണമാണ്.

പ്രതികളായ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ കുറ്റം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അനുപമ അസ്സലായിട്ട് ഇംഗ്ലീഷ് പറയുമെന്നും, അഞ്ചു ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനമുള്ള യൂട്യൂബ് ചാനൽ അവർക്ക് സ്വന്തമായി ഉണ്ടെന്നും പ്രശംസപൂർവം പോലീസ് വിശദീകരിച്ചിരുന്നു.

oyoor kidnaping & Sharon murder case
ഓയൂരിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയ കേസിലും, ഷാരോൺ വധക്കേസിലും പ്രതികളെ കുറിച്ചുള്ള പോലീസിൻ്റെ അഭിപ്രായം Screen-grab, Copyrights: Mediaone TV & Asianet News

2022ൽ ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്‌മയെക്കുറിച്ചും പോലീസും നാട്ടുകാരും സമാനമായി അഭിപ്രായപ്പെട്ടിരുന്നു. ഗ്രീഷ്മ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും മിടുക്കി ആണെന്നും എല്ലാവരോടും മര്യാദയോടും അച്ചടക്കത്തോടെയും പെരുമാറിയിരുന്ന സ്മാർട്ട് ആയ കുട്ടി ആണെന്നുമാണ് പോലീസ്സ് വിശദീകരിച്ചത്.

ഒട്ടേറെ കേസുകളിൽ പ്രതികളായ സരിത നായർരശ്മി നായർ എന്നിങ്ങനെ അനേകം വ്യക്തികൾക്കും ഇത്തരം മൂലധനം ലഭ്യമാകുന്നത് പരിശോധനയിൽ കാണാനാകും. ഇതാണ് സാമൂഹിക മൂലധനത്തിൻ്റെ ഇന്ത്യൻ സാമൂഹിക പരിസരത്തിലെ സവിശേഷത. എന്നാൽ അതിന് എതിർവശത്ത് സമ്പത്തും അധികാരവും ഉണ്ടായിട്ട് പോലും പിണറായി വിജയനെപോലെ ഒരാൾ സമൂഹത്തിൽ അപമാനിക്കപ്പെടുകയും ചെയ്യും. കീഴാളർക്ക് മറ്റു വിഭവങ്ങൾ പരസ്പരം പരിവർത്തനം ചെയ്യാനും ഇരട്ടിപ്പിക്കാനും സാധിക്കാതിരിക്കുകയും സവർണർക്ക് അതിന് കഴിയുകയും ചെയ്യും.

ബോർദ്യുവിന് ഇന്ത്യയുടെ ഈ സവിശേഷ സാഹചര്യം മനസിലാക്കാൻ കഴിയുമായിരുന്നില്ല. ഈ ബഹുമാനം ഇന്ത്യക്കകത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് മുൻപ് സൂചിപ്പിച്ച അതെ ശ്രേണീകൃതമായ മാതൃകയിലാണ്. ഒരു തരത്തിലുള്ള സമയമോ അധ്വാനമോ ചിലവഴിക്കാതെ ലഭ്യമാകുന്ന ഒരു പ്രത്യേക ജാതിയിലെ ജനനത്തിലൂടെ ലഭിക്കുന്ന ഈ ബഹുമാനത്തിൻ്റെ ഉദാഹരണം ഇന്ത്യയിലെ സമ്പത് വ്യവസ്ഥയിൽ നിന്നുതന്നെ എടുക്കാം.

ഭക്ഷണ വിഭവങ്ങളുടെ ഉല്പാദന രംഗത്തെ ഏറ്റവും മികച്ച ബ്രാൻഡുകളാണ് ബ്രാഹ്മിൺ ബ്രാൻഡുകൾ. ബ്രാഹ്മിൺ ഹോട്ടൽ, ബ്രാഹ്മിൺ സാംബാർ പൊടി, അച്ചാർ, അരിപൊടി തുടങ്ങി അനേകം ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ. എന്തുകൊണ്ടാണ് ബ്രാഹ്മിൺ ബ്രാൻഡ് ഉണ്ടാകുന്നതു പോലെ മറ്റൊരു സമുദായത്തിൻ്റെ പേരിലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ മാർക്കറ്റിൽ കാണാൻ കഴിയാത്തത്? എന്തുകൊണ്ടാണ് സവർണ സമുദായങ്ങൾ മാത്രം അവരുടെ പേരിനൊപ്പം ജാതി വാല് ചേർക്കുന്നത്? മറ്റു സമുദായങ്ങൾക്ക് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ല?

ബ്രാഹ്മണൻ എന്ന ഐഡന്റിറ്റിക്ക് നമ്മുടെ സമൂഹത്തിൽ ലഭ്യമാകുന്ന അധിക മൂല്യമാണ് ഇത്. എന്തുകൊണ്ട് ജാതി ശ്രേണിയിലുള്ള  മറ്റു കീഴാള ജാതിപ്പേരുകൾ ഇതുപോലെ ബ്രാൻഡ് ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഇത്തരമൊരു അധിക മൂല്യം ഈ ജാതിപ്പേരുകൾക്ക് ലഭ്യമാകുന്നു എന്നതിന് തെളിവ്.

അതായതു സവർണരുമായി ബന്ധപ്പെട്ട മുഴുവൻ ഘടകങ്ങൾക്കും സവിശേഷമായ അധിക മൂല്യം ലഭിക്കുന്നു. ഈ അധിക മൂല്യം സമൂഹത്തിൽ ചില വിഭാഗങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭ്യമാക്കുന്നത്. ഇത് സ്വീകാര്യത അധികാരമായും മറ്റു വിഭവങ്ങളായും മറ്റു മൂലധനങ്ങളായും പരിവർത്തനം ചെയ്യാനും ഇരട്ടിപ്പിക്കാനും കഴിയുന്നതാണ്. അത് മാത്രമല്ല ഇവക്കെല്ലാം വളരെക്കുറച്ചു സമയവും അധ്വാനവും ചിലവാക്കിയാലും മതിയാകും.

ഇന്ത്യക്കകത്ത് മെറ്റീരിയലും നോൺ മെറ്റീരിയലുമായ വിഭവങ്ങളുടെ പങ്കിൻ്റെ സിംഹഭാഗവും മത്സരങ്ങളിലൂടെ കരസ്ഥമാക്കാൻ സവർണ വിഭാഗങ്ങൾക്ക് കഴിയുന്നത് ഇതുകൊണ്ടാണ്. മുൻപ് സൂചിപ്പിച്ച കണക്കുകളെല്ലാം വ്യക്തമാക്കുന്നത് സവർണർക്ക് അതിന് കഴിഞ്ഞിട്ടുണ്ട് എന്നാണ്.

ഗ്ലോബലൈസേഷൻ്റെ ഫലമായി ഇന്ത്യയിൽ സമ്പത്തിൻ്റെ കേന്ദ്രീകരണവും സാമ്പത്തിക ക്രയ വിക്രയങ്ങളും അന്താരാഷ്ട്ര തലത്തിൽ വർധിച്ചിട്ടുണ്ട്. ഈ അടുത്ത പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യൻ വലിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്തിട്ടുണ്ട് എന്നാൽ ആ മാതൃകകക്കനുസരിച്ചു ഇൻഡ്യക്കത്തെ വികസന സൂചികകൾ മെച്ചപ്പെടാതിരിക്കുകയും താഴേക്ക് പോവുകയുമാണ് ചെയ്തത്.

ഇന്ത്യയിലെ സമ്പത്തിൻ്റെയും വിഭവങ്ങളുടെയും വിതരണത്തിൽ ഗൗരവതരമായ പ്രശനങ്ങൾ നിലനില്കുന്നുണ്ടെന്നും സവർണർക്ക് അതിൻ്റെ സിംഹഭാഗവും ലഭ്യമാകുന്നുണ്ടെന്നും കണക്കുകളിൽ നിന്നും ബോർദ്യുവിൻ്റെ മൂലധന രൂപങ്ങളെക്കുറിച്ചുള്ള കണ്ടെത്തലിൻ്റെ രീതി ശാസ്ത്രം പ്രയോഗിക്കുന്നതിലൂടെയും മനസിലാക്കാൻ സാധിക്കുന്നതാണ്. ഇതുകൊണ്ടെല്ലാം കഴിയുന്നതും വേഗം ഇതിനെ സംബന്ധിച്ച കണക്കുകൾ ഉല്പാദിപ്പിക്കേണ്ടത് ഒരു ജാതി സെൻസസിൻ്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു.

അവലംബം

FAQs

എന്താണ് നോൺ മെറ്റീരിയൽ റിസോഴ്സുകൾ?

പ്രത്യക്ഷത്തിൽ കാഴ്ചയിലൂടെയോ സ്പർശനത്തിലൂടെയോ മറ്റു പഞ്ചേന്ദ്രിയ സംവേദനങ്ങളിലൂടെയോ മനസിലാക്കാൻ കഴിയാത്ത വസ്തുതകളെ ആണ് നോൺ മെറ്റീരിയൽ എന്ന് വിപുലമായ അർത്ഥത്തിൽ ഉദ്ദേശിക്കുന്നത്. അത്തരം വിഭവങ്ങൾ എന്നാൽ അധികാരം പോലെയോ സ്ഥാനമാനങ്ങൾ പോലെയോ വിദ്യാഭ്യാസ യോഗ്യത പോലെയോ ഉള്ള ഗുണപരമായ വസ്തുതകൾ ആണ്, അവയെ അളെന്നെടുക്കാനാകില്ല.

ആരാണ് പിണറായി വിജയൻ?

കേരളത്തിൻ്റെ മുഖ്യമന്ത്രിയും സിപിഎം നേതാവുമാണ് പിണറായി വിജയൻ. നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെയും പൊതുഭരണവും ഉൾപ്പെടെ മൊത്തം ഇരുപത്തിയേഴ് വകുപ്പുകളുടെ അധിക ചുമതലഇദ്ദേഹത്തിനാണ് ഇദ്ദേഹത്തിനാണ്.

ആരാണ് ഐ എം വിജയൻ?

കേരളീയനായ ഒരു ഇന്ത്യൻ ഫുട്ബോൾ താരമാണ് ഐ എം വിജയൻ. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി.

ബൈച്ചുങ് ബൂട്ടിയ?

ബൈച്ചുങ് ബൂട്ടിയ മുൻ ഇന്ത്യൻ ഫുട്ബോളർ ആണ്. ഇന്ത്യൻ കായികരംഗത്തു് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ആഗസ്തിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.

Quotes

രാജ്യത്തെ സൃഷ്ടിക്കാനും പരിപാലിക്കാനും ഭീരുക്കൾക്കാവില്ല – എൽമർ ഡേവിസ്

By അരവിന്ദ് ഇന്‍റിജനസ്

ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി