മൗനം കുറ്റകരമാണ്, നമ്മൾ ഇനി മൗനികളാകില്ല,‘ ഇസ്ലാമോഫോബിയക്ക് എതിരായി അമേരിക്കയുടെ ആദ്യ ദേശീയ തലത്തിലുളള ചെറുത്തുനിൽപ്പ് നയം പ്രഖ്യാപിക്കുന്ന വൈസ് പ്രസിഡൻറ് കമല ഹാരിസിൻ്റെ വീഡിയോ ഷെയർ ചെയ്തു കൊണ്ട് നവംബർ രണ്ടിന് ജോ ബൈഡൻ എക്‌സിൽ കുറിച്ച വാക്കുകൾ ആണിത്.ഇസ്ലാമോഫോബിയ എന്ന ഇസ്ലാം വിരോധവും മുസ്ലിം വിദ്വേഷവും കേവലമൊരു തീവ്രവാദ ആക്രമണത്തിൽ പൊട്ടിമുളച്ച ഒന്നല്ല. അത് വെറുമൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉയർന്നു വന്നതുമല്ല
വിദ്വേഷ പ്രചരണത്തിൽ തങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇസ്ലാമോഫോബിയ വിരുദ്ധ നയപ്രഖ്യാപനത്തിൽ ബൈഡനും കമലാ ഹാരിസും കുറിക്കുകയുണ്ടായി.
ഇസ്ലാമോഫോബിയ ഒരു ആഗോള പ്രതിഭാസമാണ്. അതിൻ്റെ ഉത്ഭവ ഹേതുവായി രാഷ്ട്രമീമാംസ വിചക്ഷണർ സാധാരണ പറയാറുള്ളത് 9/11 എന്നറിയപ്പെടുന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തര സംഭവ വികാസങ്ങളുമാണ്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ ഒരു തീവ്രവാദ പ്രവർത്തനമായി കാണ്ടാൽ ഇസ്ലാമോഫോബിയ എന്ന മുസ്ലിം വിദ്വേഷ പൊതുബോധവും മനോനിലയും ആഗോള തലത്തിൽ സൃഷ്ടിക്കാൻ മാത്രം അത് പ്രാപ്തമാണ് എന്ന് പറയുന്നത് അതിശയോക്തിപരമാണ്. ആ നിലക്ക് ഇസ്ലാമോഫോബിയയുടെ ആഗോള പരിസരം വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ വെച്ചു കെട്ടുന്നതിൽ ചരിത്രപരമായ അപാകതകളുണ്ട്.
ഇസ്ലാമോഫോബിയ എന്ന ഇസ്ലാം വിരോധവും മുസ്ലിം വിദ്വേഷവും കേവലമൊരു തീവ്രവാദ ആക്രമണത്തിൽ പൊട്ടിമുളച്ച ഒന്നല്ല. അത് വെറുമൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉയർന്നു വന്നതുമല്ല. സാമുവൽ ഹണ്ടിംഗ്ടണിൻ്റെ വാക്കുകൾ കടമെടുത്താൽ ക്ലാഷ് ഓഫ് സിവിലൈസേഷൻ എന്ന സാംസ്കാരിക സംഘട്ടനം തന്നെയാണ് ഇസ്ലാമോഫോബിയ എന്ന വംശീയ വെറിയുടെ ഉള്ളടക്കമായി നിലനിൽക്കുന്നത്.
9/11 ന് ശേഷം പ്രത്യക്ഷരൂപം പൂണ്ട് ആഗോള തലത്തിൽ കളിയാടാൻ തുടങ്ങിയ ഈ വംശവെറി അത്രകാലം സമൂഹ മനസ്സിൻ്റെ ഉപബോധ തലങ്ങളിൽ ആണ്ടുറങ്ങുകയായിരുന്നു. ഒരു തീവ്രവാദ ആക്രമണം അതിനെ വിളിച്ചുണർത്തി എന്നു മാത്രം.
ഇസ്ലാമോഫോബിക് വംശീയ വെറിയുടെ ചരിത്രം കണ്ടെത്താൻ 11-13 നൂറ്റാണ്ടുകളിൽ നീണ്ടുനിന്ന കുരിശുയുദ്ധം വരെ സഞ്ചരിക്കേണ്ടിവരും. മധ്യകാലത്ത് ലോകത്തെ രണ്ട് പ്രബല പ്രത്യയശാസ്ത്ര ശക്തികളായിരുന്നു ഇസ്ലാമും ക്രിസ്ത്യാനിറ്റിയും.
ഇസ്ലാം കിഴക്കിൽ രാഷ്ട്രീയപരമായും വൈജ്ഞാനികമായും സമ്പദ്ശാസ്ത്രപരമായും വലിയൊരു ശക്തിയായി വളർന്നു കൊണ്ടിരുന്നപ്പോൾ, പടിഞ്ഞാറ് ഇസ്ലാമിനേക്കാൾ ആറു നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യാനിറ്റി അതിൻ്റെ അപചയ ദശയിലായിരുന്നു. റോമൻ സാമ്രാജ്യത്തിൻ്റെ പതനവും തുടർന്നുള്ള പൗരോഹിത്യ ആധിപത്യവും ക്രൈസ്തവ സമൂഹത്തെ ഡാർക്ക് ഏജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്ദതയുടെ യുഗത്തിലേക്ക് തള്ളിവിട്ടിരുന്നു.
കിഴക്ക് ഇസ്ലാം ഗോൾഡൻ ഏജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്ബാസിയ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇസ്ലാമിക രാഷ്ട്രീയത്തിൻ്റെ വളർച്ചയെ ഭീഷണിയോടെയാണ് പടിഞ്ഞാറ് വാഴുന്ന ക്രൈസ്തവ പൗരോഹിത്യ സമൂഹം കണ്ടിരുന്നത്. അങ്ങനെ തുടങ്ങിയ അസ്വാരസ്യത്തിൽ നിന്നാണ് കുരിശു യുദ്ധങ്ങൾ പിറക്കുന്നത്.
പടിഞ്ഞാറൻ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇസ്ലാം തങ്ങളുടെ മതപരമായ അസ്തിത്വത്തിൻ്റെ ഘാതകർ കൂടിയായിരുന്നു. ദൈവ പുത്രനായി തങ്ങൾ വിശ്വസിക്കുന്ന ജീസസിനെ വെറുമൊരു പ്രവാചകനായി അവരോധിച്ച് മുഹമ്മദ് ദൈവത്തിൻ്റെ അവസാന പ്രവാചകനും മുഹമ്മദ് കൊണ്ടു വന്ന വിശ്വാസം ക്രസ്ത്യാനിറ്റിയെ മറികടക്കുന്ന ദൈവത്തിൻ്റെ ഒരേയൊരു മതവിശ്വാസമായും സ്ഥാപിക്കപ്പെടുമ്പോൾ തങ്ങളുടെ എല്ലാ അധികാര ഘടനയും നശിപ്പിക്കപ്പെട്ടേക്കുമെന്ന ഭയത്തിൽ നിന്നാണ് ക്രൈസ്തവ പുരോഹിതർ വിശുദ്ധ ഭൂമി പിടിച്ചെടുക്കാനെന്ന പേരിൽ ഇസ്ലാമിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്. ഒരേ സമയം കുരിശുയുദ്ധം മതപരമാണ്, രാഷ്ട്രീയപരമാണ്, സാംസ്കാരികവുമാണ്.
കുരിശു യുദ്ധങ്ങൾക്ക് ശേഷം ഒരു അധികാര ശക്തി എന്ന നിലയിൽ കിഴക്ക് ഇസ്ലാമിക ഭരണം അപചയ ദശയിലൂടെയാണ് കടന്നുപോയത്. മംഗോളിയൻ തേരോട്ടം അബ്ബാസിയ ഖിലാഫത്തിനെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. എന്നാൽ പടിഞ്ഞാറ് ക്രൈസ്തവ ഭരണം ശക്തിപ്രാപിച്ചിരുന്നെങ്കിലും പള്ളിയും പൗരോഹിത്യവും ജനപ്രീതി നഷ്ടപ്പെട്ടു വരികയായിരുന്നു.
കാരണം കുരുശു യുദ്ധങ്ങൾ കിഴക്ക് നിന്ന് പടിഞ്ഞാറിലേക്ക് ഒരു വൈജ്ഞാനിക ഒഴുക്കിന് കാരണമായി മാറിയിരുന്നു. പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി ചരിത്രകാരൻ ലിൻ വൈറ്റ് ജൂനിയർ തൻ്റെ മിഡിവെൽ ടെക്നോളജി ആൻഡ് സോഷ്യൽ ചേഞ്ച് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് പോലെ യുറോപ്യൻ നാടുകളിൽ കൃഷി, സാങ്കേതിക വിദ്യ, വാസ്തുവിദ്യ, സൈനിക സങ്കേതങ്ങൾ, തുടങ്ങിയ മേഖലകളിൽ വലിയൊരു വൈജ്ഞാനിക മുന്നേറ്റം ഉണ്ടാക്കാൻ കുരിശു യുദ്ധങ്ങൾ യൂറോപ്പിനെ സഹായിച്ചിരുന്നു. ഇത്തരം വൈജ്ഞാനിക കൈമാറ്റത്തിൻ്റെ അനന്തര ഫലമായിരുന്നു ഇറ്റലിയിൽ തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങൾ.
യൂറോപ്പ് വൈജ്ഞാനികമായി മുന്നേറി പൗരോഹിത്യത്തെ കൈവിടുമ്പോൾ കിഴക്ക് ഇസ്ലാമിൽ വൈജ്ജാനിക രംഗം അപചയപ്പെടുകയും മത പൗരോഹിത്യം ശക്തി പ്രാപിക്കുകയും ചെയ്തു. ഇസ്ലാമിനെ ഭയന്ന് കുരിശുയുദ്ധം നടത്തിയ യൂറോപ്പ് ഇസ്ലാമിക സമൂഹത്തേക്കാൾ എത്രയോ മുന്നിലേക്ക് കുതിക്കുന്ന പ്രവണതയാണ് പിന്നീട് ആധുനിക ലോകം കണ്ടത്. കൊളോണിയലിസത്തിലൂടെ ലോക സമ്പത്ത് മൊത്തം യുറോപ്പിൻ്റെ കീഴിലായപ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് സാംസ്കാരിക അസ്തിത്വത്തിനു ഭീഷണിയായിരുന്ന ഇസ്ലാം യൂറോപ്പിന് ഒരു വെല്ലുവിളി പോലുമായിരുന്നില്ല.
പക്ഷേ 1970 കൾക്ക് ശേഷം ലോകത്ത് വീണ്ടും പുതിയ വികാസങ്ങൾ ഉണ്ടായി. പശ്ചിമേഷ്യ ഇന്ധനഖനികളുടെ കേന്ദ്രമാണെന്ന് ലോകം തിരിച്ചറിഞ്ഞു. അപചയപ്പെട്ടു പോയെന്ന് കരുതിയ ഇസ്ലാമിക ശക്തികൾ തിരിച്ചു വരുമെന്ന ഭയം പടിഞ്ഞാറിനെ വീണ്ടും അലട്ടാൻ തുടങ്ങി. മധ്യപൗരസ്ത്യദേശം അമേരിക്കയുടെ കണ്ണിലെ കരടായി തീർന്നു.
സോവിയറ്റ് കമ്യൂണിസ്റ്റ് ശക്തികൾക്കു പുറമേ ഇസ്ലാം എന്ന ശക്തി ഉയിർത്തെഴുന്നേറ്റു വരുന്നത് പടിഞ്ഞാറ് ഭീഷണിയായി കണ്ടു. സോവിയറ്റിനെതിരെ പടപൊരുതാൻ ഇസ്ലാമിനെ തന്നെ ഉപയോഗിച്ച് തീവ്രവാദികളെ സൃഷ്ടിക്കാനുളള അമേരിക്കൻ തന്ത്രം അഫ്ഗാനിൽ വിജയിച്ചു.
പിന്നീട്, ഗൾഫ് യുദ്ധങ്ങളുണ്ടായി, സദ്ദാം ഹുസൈനും ബിൻ ലാദനുമുണ്ടായി, ജനാധിപത്യത്തിനെന്ന പേരിൽ അമേരിക്കയുടെ അധിനിവേഷങ്ങൾ പശ്ചിമേഷ്യയിൽ തുടർന്നു. പൊടുന്നനെ 9/11 ന് വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികളാൽ ആക്രമിക്കപ്പെടുന്നു. കുരിശു യുദ്ധാനന്തരം മടക്കി വെക്കേണ്ടി വന്ന ഇസ്ലാം – മുസ്ലിം ഭയം വീണ്ടും പടിഞ്ഞാറൻ നാടുകളിൽ പത്തിവിടർത്തിത്തുടങ്ങി. ഇതാണ് ഇസ്ലാമോഫോബിയയുടെ ദീർഘമായ ചരിത്ര പശ്ചാത്തലം.
ആന്റി സെമിറ്റിസം എന്ന ജൂതവിരോധം പോലെ മതപ്രോക്തവും സാംസ്കാരികനിഷ്ടവുമായ വെറുപ്പും വിരോധവുമാണ് ഇസ്ലാമോഫോബിയയുടെ ഉള്ളടക്കവും. ഇസ്ലാമിൽ പൗരോഹിത്യ ആധിപത്യം ശക്തിപ്പെടുകയും തീവ്രചിന്താഗതികൾ സലഫിസമെന്ന പേരിൽ തലപൊക്കുകയും ചെയ്തപ്പോൾ അത് ഇസ്ലാമോഫോബിയയുടെ നറേറ്റീവുകൾക്ക് കൂടുതൽ വളമാവുകയും ചെയ്തു.
ഇന്ത്യയിൽ ഇസ്ലാമോഫോബിയ ബ്രാഹ്മണിക്കൽ താൽപര്യവുമായി കൂടിച്ചേർന്നാണ് പ്രവർത്തിക്കുന്നത്. മധ്യകാല ഇന്ത്യയിലെ മുസ്ലിം ഭരണം ബ്രാഹ്മണിക്കൽ അധികാരങ്ങളെ രാഷ്ട്രീയമായും സാംസ്കാരികമായും ദുർബലപ്പെടുത്തിയിരുന്നു. സ്വാഭാവികമായും മുസ്ലിം വിരോധം സവർണ്ണ ധാരകളിൽ സജീവമായിരുന്നു.
പിന്നീട് ബ്രിട്ടീഷ് വരവിനു ശേഷം യുറോപ്പിൽ കാലങ്ങളായി തുടർന്നിരുന്ന മുസ്ലിം വിരോധം ഓറിയന്റലിസ്റ്റുകളും ഇന്തോളജിസ്റ്റുകളുമായ ചരിത്രകാരന്മാരിലൂടെയും ക്രൈസ്തവ മിഷനറിമാരിലൂടെയും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളിൽ ഇറക്കുമതി ചെയ്യപ്പെടുകയുണ്ടായി.
ഇസ്ലാമിലെ യാഥാസ്ഥിതിക മതപണ്ഡിതരുടെ ആധിപത്യവും തീവ്രചിന്താഗതിക്കാരുടെ സാന്നിദ്ധ്യവും കൂടിയായപ്പോൾ ഹിന്ദുത്വവാദികളായ ബ്രാഹ്മണിക്കൽ മേധാവികൾക്ക് സാധാരണക്കാരായ ഹിന്ദുക്കൾക്കിടയിൽ വിദ്വേഷം വിതക്കുന്നതിന് വലിയ പ്രയാസമുണ്ടായില്ല.
ഇസ്ലാമോഫോബിയയുടെ ആഗോള പരിസരം രൂപപ്പെട്ട ചരിത്രവും ഇന്ത്യയിൽ സവിശേഷമായി രൂപപ്പെട്ട സാഹചര്യങ്ങളുമാണ് ഇത്രയും വിവരിച്ചത്. ഇനി നമ്മുടെ കേരളീയ പശ്ചാതലത്തിലേക്കു വന്നാൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമായ സവിശേഷതകളൊന്നും കേരളത്തിനില്ല. ബ്രാഹ്മണിക്കൽ സവർണ്ണ മേധാവികൾക്കിടയിൽ കാലങ്ങളായി മുസ്ലിം വിരോധം ഉറങ്ങിക്കിടക്കുന്നുണ്ട്.
സവർണ്ണ ക്രൈസ്തവർക്കിടയിലും മുസ്ലിം ഒരു ശത്രു സമുദായമോ അടുപ്പിക്കാൻ പറ്റാത്തവരോ ആണ്. പക്ഷേ കേരളത്തിൽ പ്രത്യക്ഷരൂപത്തിൽ ഇസ്ലാമോഫോബിയ വെളിപ്പെടാതിരുന്നത് ഇവിടുത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കൊണ്ടു മാത്രമായിരുന്നു.
ഒന്ന്, ഈയടുത്ത കാലം വരെ മുസ്ലിം സമുദായം സാമ്പത്തികമായി ഒരു പിന്നാക്ക സമുദായമായിരുന്നു. രണ്ട് , സവർണ്ണ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ കേന്ദീകരിച്ചിരുന്ന കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മുന്നണിയോടൊപ്പമായിരുന്നു മുസ്ലിം സാമുദായിക പാർട്ടിയായ മുസ്ലിംലീഗ്.
സമകാലിക കേരളം
കേരളത്തിൽ ഇസ്ലാമോഫോബിയ വലിയ തോതിൽ വർധിക്കുന്നു എന്ന ചർച്ചകൾ കളമശ്ശേരി യഹോവ സാക്ഷി സമ്മേളനത്തിലെ ബോംബ് സ്ഫോടനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും മുഴങ്ങിക്കേട്ട കേരളത്തിൽ ഇസ്ലാമോഫോബിയ ഇല്ലെന്നു വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ആദ്യം പറഞ്ഞതുപോലെ ഇസ്ലാമോഫോബിയ കേരളത്തിൽ നേരത്തേയുണ്ട്, പക്ഷേ പ്രത്യക്ഷരൂപം പൂണ്ടിരുന്നില്ല എന്നേയുള്ളൂ.
എന്നാൽ ഇന്ന് ക്രൈസ്തവ മതനേതൃത്വം തന്നെ ഇസ്ലാമോഫോബിയയുടെ വാഹകരായി മാറുന്നതാണ് കാണുന്നത്. അതിന് കാരണം മുകളിൽ പറഞ്ഞ രണ്ട് സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നതാണ്. ഒന്ന്, സാമ്പത്തികമായി പിന്നാക്കമായിരുന്ന മുസ്ലിം സമുദായം ഇന്ന് സാമ്പത്തിക പ്രബലശക്തിയായി മാറുകയും വിദ്യാഭ്യാസം, ബിസിനസ് എന്നീ രംഗങ്ങളിൽ ചെറുതല്ലാത്ത മുന്നേറ്റം നടത്തുകയും ചെയ്യുന്നുണ്ട്.
രണ്ട്, ഹിന്ദു ക്രിസ്ത്യൻ സവർണ്ണ സാമുദായിക പ്രതിനിധികൾ നേതൃത്വം കയ്യാളുന്ന കോൺഗ്രസ് പാർട്ടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ദുർബലപ്പെടുകയും സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തുടർച്ച നേടുകയും ചെയ്യുന്നു. മാത്രമല്ല, മുസ്ലീങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ സ്വീകാര്യത അധികാര ഇടനാഴികളിൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ ഇസ്ലാമോഫോബിയക്ക് പ്രത്യക്ഷഭാവം നൽകിയ പ്രധാന രണ്ട് സാമൂഹിക സാഹചര്യങ്ങളാണെങ്കിലും, ആഗോള തലത്തിൽ ഇസ്ലാമോഫോബിയയെ പുനർജീവിപ്പിച്ച ചില കാരണങ്ങളെല്ലാം തന്നെ കേരളത്തിൽ ഇസ്ലാമോഫോബിയയുടെ വളർച്ചക്കും തുണയായിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇസ്ലാമിക തീവ്രവാദ വാർത്തകൾ മലയാളികൾക്കിടയിലെ പ്രധാന സംവാദ വിഷയങ്ങളാണ്. സ്വാഭാവികമായും ഇസ്ലാം വിരുദ്ധ പൊതുബോധങ്ങൾ ഇത്തരം ചർച്ചാ പരിസരങ്ങളെ ചുറ്റിപ്പറ്റി രൂപപ്പെട്ടു വന്നു.
കേരളത്തിൽ തീവ്രഇസ്ലാമിക പ്രസ്ഥാനങ്ങൾ ചില മുസ്ലിം കോണുകളിൽ പ്രബലമാവുകയും കൈവെട്ട് പോലുളള ഹിംസകളിൽ ഏർപ്പെടുകയും ചെയ്തപ്പോൾ സമുദായങ്ങൾക്കിടയിലുളള വിഭാഗീയത ശക്തിപ്പെടാൻ അത് കാരണമായിട്ടുണ്ട്. മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിഭാഗീയത ഉണ്ടാക്കും വിധം ചില ഇസ്ലാമിക മതപ്രഭാഷകർ നടത്തുന്ന പ്രസംഗങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുകയും മുസ്ലിംകൾ പ്രതി തെറ്റായ ധാരണകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഗൾഫ് പണത്തിൻ്റെ പിൻബലത്തിൽ മുസ്ലിംകൾക്കിടയിൽ ഉയർന്നു പൊങ്ങുന്ന സ്ഥാപന സമുച്ചയങ്ങളും സ്കൂളുകളും ഇസ്‌ലാമിക സവിശേഷതകളിൽ മാത്രം കേന്ദ്രികരിക്കുകയും മുസ്ലിംകൾ മാത്രം ഒത്തുകൂടുന്ന ഇടങ്ങളായി മാറുകയും ചെയ്യുമ്പോൾ മറ്റു സമുദായങ്ങളുമായുള്ള സഹവർത്തിത്തവും കൊടുക്കൽ വാങ്ങലുകൾ കുറയുകയും അത് പരോക്ഷമായി സാമുദായിക അകൽച്ച സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനേകം ഘടകങ്ങൾ കേരളത്തിൻ്റെ സവിശേഷ സാമൂഹിക പശ്ചാത്തലത്തിൽ ഇസ്ലാമോഫോബിയക്ക് വളമായിത്തീരുന്നുണ്ട്.
ഇസ്ലാമോഫോബിയ എന്ന ആഗോള രോഗാതുരതയെ നിർമ്മാർജനം ചെയ്യേണ്ടത് ഒരു പരിഷ്കൃത സമൂഹമെന്ന നിലക്ക് ഇന്ന് അന്താരാഷ്ട്ര സമൂഹത്തിൻ്റെ കർത്തവ്യമാണ്. ‘മൗനം കുറ്റകരമാണ്, നമ്മൾ ഇനി മൗനികളാകില്ല,‘ എന്ന മുദ്രാവാക്യം ഇനിയും ഉയരട്ടെ.
FAQs
എന്താണ് സെപ്റ്റംബർ 11 ഭീകരാക്രമണം?
അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന് നടത്തിയ ചാവേർ ആക്രമണമാണ് സെപ്റ്റംബർ 11 ഭീകരാക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം (വേൾഡ് ട്രേഡ് സെന്റർ),വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിൻ്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.
എന്താണ് ഇസ്ലാമോഫോബിയ?
ഇസ്ലാമിനോടോ മുസ്ലിങ്ങളോടോ കാണിക്കുന്ന മുൻവിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ് ഇസ്ലാമോഫോബിയ. 1980 കളുടെ ഒടുവിലാണ് ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് ഇത് ഒരു പൊതുപ്രയോഗമായി മാറിയത്.
എന്താണ് കുരിശുയുദ്ധങ്ങൾ?
ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി മധ്യകാലഘട്ടത്തിൽ നടന്നുവന്ന യുദ്ധങ്ങളെ പൊതുവെ കുരിശുയുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഇതിൽ പ്രസിദ്ധമായതാണ് 1095 മുതൽ 1291 വരെ നീണ്ടുനിന്ന ജറൂസലേം തിരിച്ചുപിടിക്കാനായുള്ള കുരിശുയുദ്ധപരമ്പര. ആൽബിജെൻഷ്യൻ കുരിശുയുദ്ധം, അരഗോണീസ് കുരിശുയുദ്ധം, വടക്കൻ കുരിശുയുദ്ധങ്ങൾ എന്നിങ്ങനെയുള്ള യുദ്ധങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. മുസ്ലിം സാമ്രാജ്യങ്ങൾക്കെതിരിലോ അവിശ്വാസികളായ ജനതകൾക്കെതിരിയോ ആയിരുന്നു ഇവയിൽ മിക്ക യുദ്ധങ്ങളും.
ആരാണ് മുഹമ്മദ് നബി?
ഇസ്‌ലാം മത വിശ്വാസത്തിലെ അന്ത്യ പ്രവാചകനാണ് മുഹമ്മദ് അഥവാ മുഹമ്മദ് നബി. ഏഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണ കൂടം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. ആദം നബി, ഇബ്രാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് മുസ്‌ലിങ്ങൾ വിശ്വസിക്കുന്നു.
Quotes
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക – മുഹമ്മദ് നബി