Sun. Apr 28th, 2024

മയ്യിത്ത് തിരിച്ചറിയാന്‍ കൈത്തണ്ടയില്‍ പേരെഴുതിവയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ഫലസ്തീനില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ഇന്‍ക്യൂബേറ്ററുകളില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന മറ്റേതെങ്കിലും രാജ്യത്തെകുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടോ

ന്ത്യ ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. പുത്തനുടുപ്പും റോസാപ്പൂവുമേന്തി നമ്മുടെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുമ്പോള്‍ മൈലുകള്‍ക്ക് അപ്പുറം ഫലസ്തീനില്‍ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെടാനുള്ള തങ്ങളുടെ ഊഹവും കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ക്രൂര വംശഹത്യ തുടരുന്ന ഗാസയില്‍ ഓരോ പത്തു മിനിറ്റിലും ഓരോ കുട്ടി വീതമാണ് കൊല്ലപ്പെടുന്നത്. ഗാസയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ഇതിനര്‍ത്ഥം അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത രീതിയില്‍ ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യം വളര്‍ന്നിരിക്കുന്നു എന്നാണ്.

തെക്കൻ ഗാസ മുനമ്പിലെ റഫയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി Copyright@REUTER

മയ്യിത്ത് തിരിച്ചറിയാന്‍ കൈത്തണ്ടയില്‍ പേരെഴുതിവയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ഫലസ്തീനില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ഇന്‍ക്യൂബേറ്ററുകളില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന മറ്റേതെങ്കിലും രാജ്യത്തെകുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടോ. കൊല്ലപ്പെട്ട കൂട്ടുകാരന് കത്തെഴുതി കാത്തിരിക്കുന്ന കുഞ്ഞുങ്ങള്‍, സമനിലതെറ്റി തെരുവിലൂടെ ചോര ഒലിപ്പിച്ച് ഓടി നടക്കുന്ന കുഞ്ഞുങ്ങള്‍, ഒരു കയ്യില്‍ പാല്‍ കുപ്പിയും മറു കയ്യില്‍ കല്ലും ഏന്തിയ കുഞ്ഞുങ്ങള്‍…. മനുഷ്യത്വമില്ലായ്മയുടെ ഈ കാഴ്ചകള്‍ ഫലസ്തീനില്‍ നിന്നുള്ളതാണ്. യുദ്ധത്തില്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന 1949 ലെ ജനീവ ഉടമ്പടി പോലും പാലിക്കാതെയാണ് ഇസ്രായേല്‍ ഗാസയെ കുഞ്ഞുങ്ങളുടെ ശ്മശാനമാക്കിയിരിക്കുന്നത്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ശിഫയും അല്‍ ഹുദ്സും പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി പൂര്‍ണമായും നിലച്ച അല്‍ ശിഫയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 27 രോഗികളും ഇന്‍ക്യുബേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴ് നവജാതശിശുക്കളുമാണ് മരിച്ചത്. അല്‍ ഹുദ്‌സില്‍ 37 നവജാതശിശുക്കള്‍ക്ക് നിര്‍ജലീകരണമുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. വടക്കന്‍ ഗാസയിലെ 36 ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചു. വൈദ്യുതി ഇല്ലാത്തത് കാരണം ഇന്‍ക്യൂബേറ്റര്‍ മെഷീനുകളില്‍ നിന്നും കുഞ്ഞുങ്ങളെ സാധാരണ കിടക്കയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.

വൈദ്യുതി തടസ്സത്തെ തുടർന്ന് ഗാസയിലെ അൽ ഷിഫ ആശുപത്രിയില്‍ ഇന്‍ക്യുബേറ്ററുകളില്‍ നിന്നും കിടക്കയിലേയ്ക്ക് മാറ്റിയ നവജാത ശിശുക്കള്‍ Copyright@Reuters

യൂണിസെഫിന്റെ കണക്ക് പ്രകാരം ഇതുവരെ ഏഴ് ലക്ഷം കുട്ടികളാണ് ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത്. ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ ഗാസയിലെ കുട്ടികള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണെന്ന് യൂണിസെഫ് പറയുന്നു. 2008 മുതല്‍ ഇന്ന് വരെ അഞ്ചോളം യുദ്ധങ്ങളാണ് ഫലസ്തീനിലെ കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത്. 2008 ലെ യുദ്ധത്തില്‍ രണ്ടു വയസുള്ള കുട്ടി തന്റെ ആറാം വയസിലും എട്ടാം വയസിലും 15ാം വയസിലും 17ാം വയസിലും യുദ്ധത്തെ നേരിടേണ്ട നിസ്സഹായവസ്ഥയാണ് ഗാസയിലുള്ളത്.

ഖാൻ യൂനിസിലെ നാസർ ആശുപത്രിയില്‍ ബന്ധുവായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്ന യുവതി Copyright@Reuters

തങ്ങള്‍ ഏതു നിമിഷവും കൊല്ലപ്പെട്ടെക്കം എന്ന ഭയത്തിലാണ് ഗാസയിലെ കുഞ്ഞുങ്ങള്‍ ഓരോ സെക്കന്‍ഡും ജീവിക്കുന്നത്. വലുതായാല്‍ ആരാവാനാണ് ആഗ്രഹമെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരു കുഞ്ഞിന്റെ മറുപടി
‘ഞങ്ങള്‍ വലുതാവില്ലല്ലോ എന്നാണ്’. ഏത് നിമിഷവും ഞങ്ങള്‍ മരിക്കാം. ഞങ്ങള്‍ നടന്നു പോവുമ്പോള്‍ കൂട്ടത്തിലുള്ളവര്‍ അക്രമിക്കപ്പെടുന്നത് ഞങ്ങള്‍ കാണുന്നു. ഇങ്ങനെയാണ് ഫലസ്തീനിലെ ഞങ്ങളുടെ ജീവിതം. ശരിയാണ്.. സയണിസ്റ്റ് വംശഹത്യയില്‍ ഇങ്ങനെയാണ് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ ജീവിതം.

FAQs

എന്താണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം?

ഭൂപ്രദേശങ്ങൾ, അതിർത്തികൾ, പരമാധികാരം, സ്വയം നിർണ്ണയാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലികളും പലസ്തീനിയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷമാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം

എന്താണ് ഇൻക്യൂബേറ്റർ?

ഗർഭപാത്രത്തിലെ സാഹചര്യം പുനസൃഷ്ടിക്കുന്നതാണ് ഇൻക്യൂബേറ്റർ മെഷീനുകൾ ചെയ്യുന്നത്. ഇതിന് ഉയർന്ന തോതിൽ വൈദ്യുതി ആവശ്യമാണ്. 

യൂണിസെഫ്

രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ ‘1946 ഡിസംബർ 11-ന്‌ യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF).

Quotes

 നിരപരാധികളെ കൊന്നൊടുക്കിയതിന്റെ നാണക്കേട് മറയ്ക്കാൻ വലിപ്പമുള്ള ഒരു പതാകയും ഇല്ല – ഹോവാർഡ് സിൻ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.