Sat. Jan 18th, 2025

സർക്കാരിന് വോട്ട് മാത്രം മതിയോ. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ ഇവർ കണ്ണടയ്ക്കുന്നത്. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. ഇന്ന് വരെയും ഇവിടെ ഒരു തരത്തിലുള്ള പുരോഗമനവും ഉണ്ടായിട്ടില്ല. ആകെയുള്ള ആശ്വാസം കരണ്ടും വെള്ളവും ലഭിക്കും എന്നതാണ്. പക്ഷേ അതുകൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ലല്ലോ

റഞ്ഞ് പറഞ്ഞ് പഴകി പലരും മറന്ന് പോയ കഥ, അതാണ് കമ്മട്ടിപ്പാടത്തെ ജനങ്ങളുടേത്. നഗരവൽക്കരണം കൊച്ചിയെ കീഴടക്കിയപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹം. അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏകദേശം 60 വർഷത്തിലേറെയായി താമസിക്കുന്ന ഈ ജനതയ്ക്ക് ഇന്നും പറയാനുള്ളത് വഴിമുട്ടിപ്പോയ ജീവിതത്തിൻ്റേയും വെള്ളക്കെട്ടിൽ മുങ്ങി നരകിച്ച് പൊറുക്കുന്നതിൻ്റേയും കഥയാണ്.

1960 കൾക്ക് മുൻപ് പൊന്നുരുന്നി, ഗിരിനഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര, ഗാന്ധിനഗർ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന പൊക്കാളിപ്പാടങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമായിരുന്നു കമ്മട്ടിപ്പാടം. എഴുപതുകളുടെ തുടക്കത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് വന്നപ്പോൾ കമ്മട്ടിപ്പാടത്തിൻ്റെ വിസ്തീർണ്ണം ചുരുങ്ങി.

നഗരവികസനത്തിൻ്റെ ഒരു ഘട്ടത്തിൽ കമ്മട്ടിപ്പാടത്തിൻ്റെ എല്ലാ ഭാഗങ്ങളിലൂടെയും റെയിൽവേ ലൈൻ വന്നതോടെ കമ്മട്ടിപ്പാടം ഒരു ട്രയാംഗിളിനുള്ളിൽ അകപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും റെയിൽ മുറിച്ച് കടക്കാനാകാതെ നിസ്സഹായരാകേണ്ടി വന്നു. അങ്ങനെ  മൂന്നു ഭാഗങ്ങളും റെയിൽവേ ലൈനുകളാൽ ബന്ധിച്ച് ശ്വാസം മുട്ടിക്കുന്ന രീതിയിൽ ദുരിതം അനുഭവിച്ച് ജീവിക്കുന്നവരായി ഇവിടുത്തുകാർ മാറി. 

വടക്കുഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ കമ്മട്ടിപ്പാടത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയും തെക്കുഭാഗത്ത് നിന്നു വരുന്ന ട്രെയിനുകൾ പ്രദേശത്തിൻ്റെ കിഴക്ക് ഭാഗത്ത് കൂടിയും തിരുവനന്തപുരം, കോട്ടയം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ തെക്ക് ഭാഗത്തുകൂടിയും പോകുന്നു. 

ഗുഡ്സ് ട്രെയിനുകൾ വന്ന് നിർത്തിയിട്ടാൽ ഒരാവശ്യത്തിനും പുറത്തേക്ക് കടക്കാനാകില്ല. ഹൃദയാഘാതം വന്ന രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിച്ച സംഭവവുമുണ്ടായി.

ജനങ്ങൾക്ക് അപകടമുണ്ടാകുന്നതും റെയിൽ മുറിച്ചു കടക്കാനാകാതെ ബുദ്ധിമുട്ടിലാകുന്നതും കമ്മട്ടിപ്പാടത്തെ സ്ഥിരം കാഴ്ചയാണ്. യാത്രാ സൗകര്യം നൽകണമെന്നാവശ്യപ്പെട്ട് പല തവണ കത്തുകളയച്ചിട്ടും പരിഹാരമുണ്ടായില്ല. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമായതിനാൽ ഇവിടെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുകയില്ല എന്നാണ് കൊച്ചി കോർപ്പറേഷനിൽ നിന്നും ലഭിച്ച മറുപടി.

“സർക്കാരിന് വോട്ട് മാത്രം മതിയോ? എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ ഇവർ കണ്ണടയ്ക്കുന്നത്. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. ഇന്ന് വരെയും ഇവിടെ ഒരു തരത്തിലുള്ള പുരോഗമനവും ഉണ്ടായിട്ടില്ല. ആകെയുള്ള ആശ്വാസം കരണ്ടും വെള്ളവും ലഭിക്കും എന്നതാണ്. പക്ഷേ അതുകൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ലല്ലോ”, കമ്മട്ടിപ്പാടം നിവാസി ദീപ പറയുന്നു. 

മഴക്കാലം കമ്മട്ടിപ്പാടത്തിന് ശാപമാണ്. മഴ പെയ്തു തുടങ്ങിയാൽ കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളം കയറും. ഇവിടെ നിറയുന്ന വെള്ളം ഒഴുകി പോകുന്നതിനായി കൃത്യമായ ഡ്രെയിനേജ് സംവിധാനമില്ല.  വെള്ളക്കെട്ട് രൂക്ഷമായാൽ കൊതുകുശല്യവും വർദ്ധിക്കുന്നു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കമ്മട്ടിപ്പാടം.

മഴ പെയ്ത് നഗരത്തിനുള്ളിൽ വെള്ളം നിറയുമ്പോൾ അത് ഒഴുകിയെത്തുന്നതും ഇവിടേക്കാണ്. കമ്മട്ടിപ്പാടത്തിന് ചുറ്റും കൊച്ചി നഗരം വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ വികസനത്തിൻ്റെ യാതൊരുവിധ ഗുണങ്ങളും ലഭിക്കാതെ തൃകോണാകൃതിയിലുള്ള റെയിൽപാതകളുടെ നടുവിലായി ജീവിതം തുടരേണ്ട അവസ്ഥ വന്നു. 

46 കുടുംബങ്ങളാണ് ഇന്ന് കമ്മട്ടിപ്പാടത്ത് താമസിക്കുന്നത്. പലരും ഈ ദുരിതത്തിൽ നിന്ന് കരകയറാനാകില്ലെന്ന് മനസ്സിലാക്കിയതോടെ സ്ഥലം ഉപേക്ഷിച്ചു പോയി. നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി പല തവണ അധികാരികൾക്ക് നിവേദനമയച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പോകാൻ മറ്റൊരിടമില്ലാത്തതുകൊണ്ടും ജനിച്ചു വളർന്ന മണ്ണ് ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടും മാത്രമാണ് കമ്മട്ടിപ്പാടത്തെ ജനങ്ങൾ  ഇന്നും അവിടെ തുടരുന്നത്.

FAQs

എന്താണ് നഗരവൽക്കരണം?

വികസനത്തിൻ്റെ ഫലമായി ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ അനുപാതം കുറയുകയും നഗരപ്രദേശങ്ങളിൽ ജനസംഖ്യാ വർദ്ധനവുണ്ടാവുകയും ചെയ്യുന്നു. താമസിക്കുന്നതിനും ജോലിചെയ്യുന്നതിനുമായി കൂടുതൽ പേർ  നഗരങ്ങളിലേക്ക് പോകുന്നു. 

എന്താണ് ഗുഡ്സ് ട്രെയിനുകൾ?

ചരക്ക് കൊണ്ട് പോകുന്നതിനായി ഉപയോഗിക്കുന്ന ട്രെയിനുകളാണ് ഗുഡ്സ് ട്രെയിനുകൾ. കാർഗോ ട്രെയിൻ എന്നും ഇത് അറിയപ്പെടുന്നു.

Quotes

ഇന്ത്യയിലെ നഗരവൽക്കരണം വേഗത്തിൽ സംഭവിക്കുന്നതല്ല. പക്ഷേ അത് ഗ്രാമങ്ങളുടേയും ഗ്രാമവാസികളുടേയും മരണമാണ് –  മഹാത്മ ഗാന്ധി

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.