Wed. Jan 22nd, 2025

അച്ഛന്റെ അവകാശമെന്ന് പറയാൻ ഞങ്ങൾക്ക് ഈ ഭൂമി മാത്രമാണുള്ളത്. ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ നോക്കുന്നവരും ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്ന കോടതിക്കും ആ അവകാശം ഞങ്ങൾക്ക് തരാൻ കഴിയുമോ

റണാകുളം, വാഴക്കുളം പഞ്ചായത്തിലെ പാരിയത്ത് കാവ് പട്ടിക ജാതി കോളനിയിൽ എട്ട് കുടുംബങ്ങൾ അനിശ്ചിതകാല സമരത്തിലാണ്, തങ്ങളുടെ മണ്ണിന് വേണ്ടിയുള്ള സമരത്തിൽ. മൂന്ന് തലമുറകളായി കൈവശം വെച്ചുവരുന്ന ഭൂമിയുടെ അവകാശത്തിനായി ഇവർ നിയമപോരാട്ടം നടത്താൻ തുടങ്ങിയിട്ട് 50 വർഷമായി.  നിയമപോരാട്ടത്തിനൊടുവിൽ ജനിച്ചുവളർന്ന മണ്ണിൽ നിന്നും ഒഴിഞ്ഞുപോകാൻ കോടതി വിധിച്ചു. 

1975 മുതൽ ആരംഭിച്ച പോരാട്ടമാണ് ഇപ്പോൾ ഇവരെ സമരം വരെ കൊണ്ടെത്തിച്ചത്. ഏകദേശം 50 വർഷത്തോളമായി സർക്കാർ പുറംപോക്ക് ഭൂമിയിൽ താമസിക്കുന്ന പുലയ സമുദായത്തിൽപ്പെട്ടവരാണ് ഇവിടെയുള്ളത്. വർഷങ്ങളായി താമസിച്ച് പോരുന്ന ഭൂമിയിൽ പട്ടയത്തിനപേക്ഷിച്ചപ്പോഴാണ് അയൽവാസിയായ സ്വകാര്യവ്യക്തി ഇത് തന്റെ സ്ഥലമാണെന്ന വാദമുന്നയിച്ച് രംഗത്തുവരുന്നത്. എന്നാൽ തങ്ങൾ ജനിച്ചുവളർന്ന ഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകില്ലെന്നും തങ്ങളുടെ മരണത്തിലൂടെയല്ലാതെ ഭൂമി കവരാൻ കഴിയില്ലെന്നുമാണ് കോളനി നിവാസികൾ പറയുന്നത്. 

മൂന്ന് തവണ സർക്കാർ പുറംപോക്ക് ഭൂമി അവിടെ താമസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന രീതിയിൽ അനുകൂല വിധി വന്നതിന് ശേഷമാണ് നിലവിലത്തെ വിധി പ്രസ്താവന. കേസ് നൽകിയ വ്യക്തി, കിഴക്കമ്പലം പഞ്ചായത്തിലെ സർവേ നമ്പർ ഉപയോഗിച്ച് വിൽപ്പത്ര പ്രകാരം തന്റെ സ്ഥലമാണെന്ന് തെളിയിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കിയാണ് വിധി അനുകൂലമാക്കി മാറ്റിയതെന്നാണ് ഇവർ ആരോപിക്കുന്നത്. 

തങ്ങളുടെ വിദ്യാഭ്യാസ കുറവിനെയും  അറിവില്ലായ്മയെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇവിടത്തെ ജനങ്ങൾ കൂലിപ്പണി ചെയ്തും കൃഷി ചെയ്തുമുണ്ടാക്കിയ വരുമാനം കൊണ്ട് പണിത വീടുകളാണ് അവിടെയുള്ളത്. അതെല്ലാം ഒറ്റ നിമിഷം കൊണ്ട് പൊളിച്ച് മാറ്റി ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞാൽ തങ്ങൾ എന്താണ് ചെയ്യുകയെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്. 

അച്ഛന്റെ അവകാശമെന്ന് പറയാൻ ഞങ്ങൾക്ക് ഈ ഭൂമി മാത്രമാണുള്ളത്. ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ നോക്കുന്നവരും ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്ന കോടതിക്കും ആ അവകാശം ഞങ്ങൾക്ക് തരാൻ കഴിയുമോയെന്ന് സമര സമിതി അംഗമായ മിനി ചോദിക്കുന്നു.

മിനി – സമര സമിതി അംഗം Copyright@Woke Malayalam

ഒരു കുടുംബത്തിൽ തന്നെ എട്ടും ഒൻപതും അംഗങ്ങളാണുള്ളത്. പ്രായമായവരും രോഗികളും കുട്ടികളുമടക്കം നിരവധി പേർ ഇവിടെ താമസിക്കുന്നുണ്ട്. ഇവർക്കുവേണ്ടി ഒരു പുനരധിവാസ സംവിധാനം പോലും ഒരുക്കാതെയാണ് കുടിയൊഴിപ്പിക്കാനായി അധികൃതർ എത്തിയത്. എന്നാൽ തങ്ങളെ തീയിട്ടു കൊന്നതിന് ശേഷം മാത്രമെ വീടുകൾ പൊളിക്കാനാകൂ എന്ന് പറഞ്ഞ് ആ നീക്കത്തിനെ കോളനി നിവാസികൾ പ്രതിരോധിച്ചു. അവരുടെ ചെറുത്തുനിൽപ്പിനെ തോൽപ്പിക്കാനാകാതെ അധികൃതർ തിരിച്ച് പോവുകയും കേസ് മാറ്റി വെയ്ക്കുകയും ചെയ്തു. 

കുടികിടപ്പവകാശത്തിന് വേണ്ടിയിട്ടുള്ള ഈ ജനതയുടെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല എന്ന യാഥാർത്ഥ്യത്തെ ഓർമിപ്പിക്കുന്നതാണ് പാരിയത്ത് കാവിലെ ഈ ഭൂസമരം. വർഷങ്ങളായി ദളിത് സമൂഹം കൈവശം വെച്ചുവരുന്ന ഭൂമിയിൽ അവർക്ക് സ്ഥിരാവകാശം നേടിക്കൊടുക്കാൻ ഭരണകൂടങ്ങൾക്ക് കഴിയണം.സുപ്രീം കോടതിയുടെ ഈ വിധി അന്തിമമാകരുതെന്നും ഞങ്ങളെ ഇവിടെ നിന്നും പറിച്ചുമാറ്റരുതെന്നുമാണ് ഇവിടത്തെ ജനങ്ങൾക്ക് പറയാനുള്ളത്. 

FAQs

ആരാണ് ദളിതർ?

പട്ടിക ജാതി അല്ലെങ്കിൽ അധഃസ്ഥിത വർഗ്ഗം എന്ന് അറിയപ്പെടുന്നു. ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.

എന്താണ് സുപ്രീം കോടതി?

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയും പരമോന്നത കോടതിയുമാണ് ഇന്ത്യയുടെ സുപ്രീം കോടതി.

Quotes

ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള മത സങ്കൽപ്പങ്ങളെ ഉന്മൂലനം ചെയ്യാതെ ജാതിയെ തകർക്കാൻ സാധ്യമല്ല- ഡോ. ബി ആർ അംബേദ്കർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.