മനുഷ്യർക്കിടയിൽ വിവേചനം കാണിക്കുന്ന ഒരു മതവും മതമല്ല , ഞാൻ ഭരണഘടനയാണ് പിന്തുടരുന്നത്, എന്‍റെ മതം ഭരണഘടനയാണ്
-പ്രിയങ്ക് ഖാർഗെ
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മത്തെ ചൊല്ലിയുള്ള പരാമര്‍ശം രാജ്യവ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.
ഇതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കി ഉത്തരേന്ത്യയിലെ സനാതനികളും കേസ് രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പോലീസും രംഗത്തുണ്ട്. കൂടാതെ ഉദയനിധിയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് ഗവര്‍ണ്ണര്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയിലും ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ മറുതലയ്ക്കല്‍ ഈ അവസരത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്.
സനാതന ധര്‍മ്മത്തെ ചൊല്ലിയുള്ള ഈ വഴക്ക് ഒട്ടേറെ ചോദ്യങ്ങളാണ് പുറന്തള്ളുന്നത്. ഈ വഴക്ക് ഒരിക്കലും പുതിയതല്ല. വലിയൊരു ചരിത്രത്തിന്‍റെ ഭാണ്ഡം തന്നെ ഇതിന്‍റെ പിന്നിലുണ്ട്.
ദിനമലരിലെ വാര്‍ത്ത
ഇപ്പോള്‍ നിലവിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ തുടക്കം തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള തീവ്രവലതുപക്ഷ ചായ്വുള്ള പത്രമായ ദിനമലരില്‍ വരുന്ന ഒരു വാര്‍ത്തയിലൂടെയാണ്.
ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തമിഴ്നാട്ടില്‍ നിരവധി പദ്ധതികള്‍ പുതുതായി നടപ്പിലാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കാനുള്ള പദ്ധതി. ഈ പദ്ധതിയെ പരിഹസിച്ചുകൊണ്ടാണ് ദിനമലരില്‍ വാര്‍ത്ത വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിനെ തുടര്‍ന്ന് സ്കൂളുകളിലെ ശൗചാലയങ്ങള്‍ നിറഞ്ഞൊഴുകുന്നു എന്ന തരത്തില്‍ തികച്ചും അസംബന്ധമായിരുന്നു ആ വാര്‍ത്തയുടെ ഉള്ളടക്കം.
വാര്‍ത്ത പുറത്തുവന്നതോടെ വലിയ നിലയ്ക്കുള്ള പ്രതിഷേധങ്ങളാണ് അതിനെതിരെ ഉയര്‍ന്നത്. അങ്ങനെ തുടങ്ങിയ വാഗ്വാദങ്ങളുടെ തുടര്‍ച്ചയാണ് എഴുത്തുകാരുടെ സമ്മേളനത്തിലെ ഉദയനിധിയുടെ പ്രസംഗവും. ദ്രാവിഡ ചിന്തകളില്‍ ഒരുക്കിയെടുത്ത സാമൂഹിക അടിത്തറയാണ് തമിഴ്നാടിനെ ഇന്നും തമിഴ്നാടായി തുടരാന്‍ സഹായിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിരുദ്ധമായി തീവ്രമായ പ്രാദേശിക വികാരം തമിഴ്നാട് ജനതയ്ക്കുണ്ട്. അതിന്‍റെ പ്രധാന ഉദാഹരണമാണ് മുന്‍പ് ത്രിഭാഷാ പാഠ്യപദ്ധതിയ്ക്ക് തമിഴ്നാട്ടില്‍ നിന്ന് നേരിട്ട എതിര്‍പ്പ്.
‘ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്’ എന്ന വാക്യത്തില്‍ തന്നെയുണ്ട് അവര്‍ക്ക് തമിഴിനോടുള്ള അടുപ്പം എത്രത്തോളമെന്ന്. ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ കാലത്തും ഇന്ത്യയില്‍ പൊതുവായി നിലനിന്നിരുന്ന ദേശീയതാ സങ്കല്‍പ്പത്തില്‍ നിന്ന് ഭിന്നമായ രീതിയായിരുന്നു തമിഴ്നാടിന് ഉണ്ടായിരുന്നത്.
പെരിയോരിനെ പോലെയുള്ള വലിയ ചിന്താശേഷിയുള്ള നേതാക്കളുടെ നാട്ടില്‍ അതുകൊണ്ടൊക്കെ തന്നെയാണ് ബിജെപിയ്ക്ക് ഒരു വിലാസമുണ്ടാക്കാന്‍ സാധിക്കാത്തതും. മുന്‍പ് പെരിയോറും അംബേദ്കറും സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഉദയനിധിയും പറഞ്ഞിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ മാത്രം ഇതൊരു ചര്‍ച്ചാ വിഷയമാകുന്നതിനു പിന്നില്‍ നമ്മുടെ സമൂഹം കഴിഞ്ഞ കാലയളവില്‍ എത്രമാത്രം ദുര്‍ബലമായി തീര്‍ന്നു എന്നതിന്‍റെ തെളിവ് കൂടിയാണ്.
അതിനാല്‍ എന്തുകൊണ്ടാണ് സനാതന വിഷയം ഒരു പ്രശ്നമാകുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
സനാതന ധര്‍മ്മത്തിന്‍റെ ഉള്ളറ
ശാശ്വതമായതോ അല്ലെങ്കില്‍ പൂര്‍ണ്ണമായതോ ആയ കര്‍ത്തവ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമെന്നോ വര്‍ഗമോ ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമായ മതപരമായ ആചാരങ്ങളെന്നോ സനാതന ധര്‍മ്മത്തെ വിശേഷിപ്പിക്കാം എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറഞ്ഞിരിക്കുന്നത്.
അല്പംകൂടി ആഴത്തില്‍ ഇതിനെ സമീപിച്ചാല്‍ മനുസ്മൃതി പ്രകാരം ധർമത്തിന്‍റെ ലക്ഷണം വേദം, സ്മൃതി, സദാചാരം, ആത്മ തുഷ്ടി എന്നിവ നാലുമാണെന്ന് മനസ്സിലാക്കാം.ഈ ലക്ഷണമനുസരിച്ച് സദാചാരമെന്നത് ബ്രഹ്മാവർത്ത ദേശത്തിലുള്ള ചതുർവർണങ്ങളുടെയും അന്തരാള ജാതികളുടെയും പാരമ്പര്യ ക്രമമനുസരിച്ചുള്ള ആചാരത്തെയാണ് മനുസ്മൃതി സദാചാരം എന്ന് നിർവചിക്കുന്നത്. ചുരുക്കത്തിൽ ചാതുർവർണ്യ ജാതിവ്യവസ്ഥ തന്നെയാണ് മനുധർമ്മം എന്ന് വ്യക്തം
അർഥശാസ്ത്രത്തിൽ ധർമ്മം എന്നത് നാലു വർണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധർമ സ്ഥാപനം ചെയ്യുന്നതിന് ഉപകരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. സ്വധർമം എന്നത് വർണധർമമാണെന്ന് മനു സ്പഷ്ടമാക്കുന്നുമുണ്ട്. അതായത് മനുസ്മൃതി അനുസരിച്ച് ബ്രാഹ്മണന്‍റെ സ്വധർമം അധ്യയനം, അധ്യാപനം, യജനം, യാജനം എന്നിവയാണെങ്കിൽ ശൂദ്രന്റേത് ദ്വിജാതി ശുശ്രൂഷയാണ്. ശൂദ്രന് സ്വന്തമായി ധനം സ്വരൂപിക്കാൻ പോലും അവകാശമില്ല. ചണ്ഡാളരെ സഞ്ചരിക്കുന്ന ശ്മശാനമായിട്ടാണ് ധർമശാസ്ത്ര കർത്താക്കൾ ഗണിക്കുന്നത്.
ഇങ്ങനെ ശ്രേണീകൃതമായി സമൂഹത്തെ അസമത്വാധിഷ്ഠിതമായി വിഭജിക്കുന്ന വ്യവസ്ഥാക്രമത്തെയാണ് മനുസ്മൃതിയും അർഥശാസ്ത്രവും ധർമം എന്ന് വിളിക്കുന്നത്. ഈ ധർമം തെറ്റിയാൽ ലോകത്ത് വർണസങ്കരം സംജാതമാവുമെന്നാണ് അർഥശാസ്ത്രകാരൻ ഭയപ്പെടുന്നത്. വർണക്രമം ഉപേക്ഷിച്ചുള്ള വിവാഹത്തിലൂടെയും പരസ്പര ബന്ധത്തിലൂടെയും വർണസങ്കരം സംഭവിക്കുമെന്ന് മനു സിദ്ധാന്തിക്കുന്നു.
എവിടെയാണോ വർണശുദ്ധി നശിക്കുന്ന വർണ സങ്കരമുള്ള രാജ്യം, ആ രാജ്യം രാജ്യനിവാസികളോടൊപ്പം നശിക്കുമെന്നും മനു പറയുന്നു. വർണക്രമം ലംഘിച്ചുള്ള വിവാഹം നിമിത്തം കുലം നശിക്കുമെന്നാണ് ഗീതയിൽ അർജുനനും ആകുലപ്പെടുന്നത്. ഇങ്ങനെ നോക്കിയാൽ ക്രൂരമായ ജാതിഹിംസയുടെ വ്യവസ്ഥാക്രമത്തെയും ലോകവീക്ഷണത്തെയുമാണ് ധർമശാസ്ത്ര കർത്താക്കളും ഇതിഹാസ പുരാണപാഠങ്ങളും ധർമം എന്ന് നിർവചിക്കുന്നതും വ്യാഖ്യാനിക്കുന്നതും.
ധർമം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, വർണാശ്രമ ധർമത്തെയാണെന്ന് 1950 ജനുവരിയിൽ സഹോദരൻ അയ്യപ്പൻ ശിവഗിരിയിൽ നടന്ന പ്രഭാഷണത്തിൽ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇന്ത്യയിൽ ഏഴെട്ടു കോടി ജനങ്ങളെ അധഃകൃതരാക്കിയത് ഈ വർണാശ്രമ ധർമമെന്ന നിഷ്ഠുര ധർമമാണെന്നും 1934 ൽ കേരളത്തിലെത്തിയ ഗാന്ധിക്ക് സമർപ്പിച്ച മംഗള പത്രത്തിലും സഹോദരൻ ഇത് സ്പഷ്ടമാക്കി. സനാതന ധർമം എന്ന് വ്യവഹരിക്കുന്ന ധർമവ്യവസ്ഥ തനി ജാതിഹിംസാ അസമത്വ വ്യവസ്ഥയാണെന്ന് വളരെ മുൻപേതന്നെ ഉദ്‌ഘോഷിച്ച സമുന്നതനായ ശ്രീനാരായണ ശിഷ്യനാണ് സഹോദരൻ അയ്യപ്പൻ.
‘ഏതൊരു യുക്തിചിന്തയെയും ധാർമികതയെയും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമൈറ്റ് വച്ച് തകർക്കണം’ എന്ന് ജാതി ഉന്മൂലനത്തിൽ ഡോ. അംബേദ്കർ എഴുതിയതിന് കാരണം ജാതി ഹിംസാ ശ്രേണീവ്യവസ്ഥയുടെ പരിപാലനത്തിന്‍റെ പ്രമാണങ്ങൾ വേദങ്ങളും ധർമശാസ്ത്രങ്ങളും ആയതിനാല്‍ തന്നെയാണ്.
‘രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് ശംബൂകന്‍റെ ഗതിയാകുമായിരുന്നു’ എന്ന് ഖണ്ഡിതമായി പ്രഖ്യാപിച്ച നാരായണ ഗുരു, ജാതി തന്നെയാണ് സനാതന ധർമം എന്ന് തിരിച്ചറിഞ്ഞിരുന്നു.
ഇന്ത്യ കണ്ട കൊടിയ ഹിംസാവ്യവസ്ഥയായ ഈ സനാതന പാരമ്പര്യ വ്യവസ്ഥക്കെതിരായാണ് നാരായണ ഗുരുവും പെരിയാറും ഡോ. ബി.ആർ അംബേദ്ക്കറും സഹോദരൻ അയ്യപ്പനും നിലകൊണ്ടത്.
സനാതനത്തിന്‍റെ അധികാരബലം
സനാതന വ്യവസ്ഥയിലെ ശ്രേണീകൃതമായ ഈ അധികാര വിഭജനത്തിന്‍റെ സമീപകാല തെളിവുകളിലൊന്നാണ് 1980 ല്‍ പുറത്തുവന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും കണക്കെടുപ്പ് നടത്തുന്നതിനുമായി 1979 ജനുവരി ഒന്നിന് രൂപവത്കരിച്ച ഔദ്യോഗിക പഠന സംഘമായിരുന്നു മണ്ഡൽ കമ്മീഷൻ. മുൻ ബിഹാർ മുഖ്യമന്ത്രി ബിന്ദേശ്വരി പ്രസാദ് മണ്ഡലായിരുന്നു അധ്യക്ഷൻ. 1980 ഡിസംബർ 31ന് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
പഠനമനുസരിച്ച് രാജ്യ ജനസംഖ്യയിൽ 52 ശതമാനത്തോളം പിന്നാക്കക്കാരുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
രാജ്യത്തെ ബ്രാഹ്മണ ജനസംഖ്യ 3.5 ശതമാനം മാത്രമാണെങ്കിലും രാഷ്ട്രീയാധികാരത്തില്‍ 41 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത് ഈ വിഭാഗമാണ്. ഇവരുടെ ഉദ്യോഗ പങ്കാളിത്തം 61 ശതമാനവും വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം – 50 ശതമാനവുമാണ്. വ്യവസായ നടത്തിപ്പുകാരിൽ 10 ശതമാനവും ഭൂവുടമകളിൽ അഞ്ചു ശതമാനവും ഇവരാണ്. കൂടാതെ രാജ്യത്തെ പൗരോഹിത്യ വേലയുടെ ഏതാണ്ട് മുഴുവന്‍ ശതമാനവും ബ്രാഹ്മണരുടെ നിയന്ത്രണത്തിലാണ്.
രാജ്യത്തെ ക്ഷത്രിയ ജനസംഖ്യ ആകെ ജനസംഖ്യയുടെ 5.5 ശതമാനമാണ്. രാഷ്ട്രീയാധികാരത്തിന്റെ 15 ശതമാനം കൈയ്യാളുന്ന ഇവർക്ക് വിദ്യാഭ്യാസ രംഗത്ത് 16 ശതമാനവും ഉദ്യോഗ മേഖലയിൽ12 ശതമാനവും വ്യവസായ നടത്തിപ്പിൽ 27 ശതമാനവും പ്രാതിനിധ്യമുണ്ട്. രാജ്യത്തെ 80 ശതമാനം ഭൂമിയും ക്ഷത്രിയരുടെ കൈപ്പിടിയിലാണ്.
റിപ്പോര്‍ട്ട് പ്രകാരം വൈശ്യ ജനസംഖ്യ ആറു ശതമാനമാണ്. രാഷ്ട്രീയാധികാരത്തിന്റെ 10.5 ശതമാനവും ഇവരുടെ പക്കലാണ്. വിദ്യാഭ്യാസത്തിൽ 12 ശതമാനവും ഉദ്യോഗമേഖലയിൽ 13 ശതമാനവുമാണ് പങ്കാളിത്തം. വ്യവസായ നടത്തിപ്പിന്റെ 60 ശതമാനവും ഭൂമിഉടമാവകാശത്തിന്റെ ഒമ്പതു ശതമാനവും വൈശ്യരുടേതാണ്.
ഇന്ത്യൻ ജനസംഖ്യയുടെ 52 ശതമാനവും ശൂദ്ര/ഒ.ബി.സി സമൂഹമാണ്. ഇവരുടെ രാഷ്ട്രീയാധികാരമാകട്ടെ വെറും എട്ടു ശതമാനവും. വിദ്യാഭ്യാസ മേഖലയിൽ12 ശതമാനം, ഉദ്യോഗ രംഗത്ത് ഏഴു ശതമാനം വ്യവസായ നടത്തിപ്പിൽ 0.8 ശതമാനം എന്നിങ്ങനെ തികച്ചും ശുഷ്കമായ പങ്കാളിത്തം. ഭൂമി ഉടമസ്ഥത വെറും നാലു ശതമാനം മാത്രം.
അതുപോലെ ജനസംഖ്യയുടെ 10.5 ശതമാനമാണ് മതന്യൂനപക്ഷങ്ങൾ ഇന്ത്യയിലുള്ളത്. മൂന്നു ശതമാനമാണ് ഇവർക്കുള്ള രാഷ്ട്രീയാധികാരം. വിദ്യാഭ്യാസ രംഗത്ത് 1.5 ശതമാനവും ഉദ്യോഗ രംഗത്ത് 1.0 ശതമാനവും വ്യവസായ മേഖലയിൽ നാമമാത്രമായ 0.2 ശതമാനവും ഭൂമി ഉടമസ്ഥതയിൽ 0.1 ശതമാനവുമാണ് മതന്യൂനപകഷങ്ങളുടെ രാജ്യത്തെ സാന്നിധ്യം.
പട്ടികജാതിക്കാർ ഇന്ത്യൻ ജനസംഖ്യയുടെ 15 ശതമാനമാണ്. ഇവരുടെ രാഷ്ട്രീയാധികാരം 15 ശതമാനം. വിദ്യാഭ്യാസ രംഗത്ത് ഒരു ശതമാനം, ഉദ്യോഗ മേഖലയിൽ 0.2 ശതമാനം, വ്യവസായ രംഗത്ത് 0.1 ശതമാനം എന്നിങ്ങനെ തീർത്തും നേർത്ത സാന്നിധ്യം മാത്രം.
പട്ടികവർഗക്കാർ ജനസംഖ്യയുടെ 7.5 ശതമാനമാണ്. അവരുടെ രാഷ്ട്രീയാധികാരവും 7.5 ശതമാനം. വിദ്യാഭ്യാസ രംഗത്ത് രണ്ടു ശതമാനവും ഉദ്യോഗമേഖലയിൽ ഒരു ശതമാനവും അവരുടെ പ്രാതിനിധ്യം. വ്യവസായ രംഗത്ത് 0.1 ശതമാനം മാത്രം. പട്ടിക ജാതി-വർഗങ്ങളുടെ ഭൂഉടമാവകാശം പൂജ്യമാണ്.
രാജ്യ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മനുവാദികൾക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന സൗഭാഗ്യങ്ങൾ ഏതാണ്ട് ഈ മട്ടിലാണ്. രാഷ്ട്രീയാധികാരം – 66.5 ശതമാനം, വിദ്യാഭ്യാസം – 78 ശതമാനം, ഉദ്യോഗ പ്രാതിനിധ്യം 85 ശതമാനം, വ്യവസായ നടത്തിപ്പ് 97 ശതമാനം, ഭൂമി ഉടമാവകാശം 94 ശതമാനം, പൗരോഹിത്യം -100 ശതമാനം.
കാലങ്ങളായി രാജ്യത്ത് അടിച്ചമർത്തപ്പെട്ട് ജീവിക്കുന്ന 85 ശതമാനം വരുന്ന പട്ടികജാതി-വർഗ, പിന്നാക്ക ന്യൂനപക്ഷങ്ങളുടെ കണക്ക് നോക്കിയാല്‍; രാഷ്ട്രീയാധികാരം – 33.5 ശതമാനം, വിദ്യാഭ്യാസം- 22 ശതമാനം, ഉദ്യോഗം-15 ശതമാനം, വ്യവസായം-മൂന്നു ശതമാനം, ഭൂഉടമസ്ഥത ആറു ശതമാനം.
കാലമിത്ര മുന്നോട്ട് സഞ്ചരിച്ചിട്ടും ഈ കണക്കുകള്‍ക്ക് കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരം ഒബി സി വിഭാഗത്തിന് 27 ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കാനേ ഇക്കാലത്തിനിടയിൽ നടപടി സ്വീകരിച്ചുള്ളൂ. ഭൂപരിഷ്ക്കരണം, രാഷ്ട്രീയാധികാരം, വ്യവസായം തുടങ്ങിയ തലക്കെട്ടുകളിൽ ബി പി മണ്ഡൽ സമർപ്പിച്ച നിര്‍ദ്ദേശങ്ങൾ 43 വർഷത്തിനിപ്പുറവും ഫയലില്‍ പൊടിപിടിച്ച് ഉറങ്ങുകയാണ്.
അതിനിടയിലാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാർ എന്ന പേരിൽ സവർണ ജാതികൾക്ക് 10 ശതമാനം സംവരണം ദാനമായി നൽകിയത്. ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയായ ഇ ഡബ്ല്യു എസ് സംവരണം എന്ന സവർണ സംവരണത്തിനുപിന്നിൽ പ്രവർത്തിച്ചതും അവശേഷിക്കുന്ന അധികാരങ്ങളും സൗഭാഗ്യങ്ങളും കൂടി കവർന്നെടുക്കുക, പിന്നാക്ക ബഹുജന സമൂഹത്തെ ഇനിയും കാൽച്ചുവട്ടിൽ നിർത്തുക എന്ന സനാതന ധർമ സംസ്ഥാപന അജണ്ട തന്നെയാണ്.
ഇന്ത്യാ മുന്നണിയിലെ ദ്രാവിഡം
വരും വര്‍ഷത്തെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വലിയൊരു പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു വിവാദമുണ്ടാകുന്നത്. മുന്നണിയില്‍ നിന്നുതന്നെ മമത ബാനര്‍ജി, കെ സി വേണുഗോപാല്‍ തുടങ്ങി പല പ്രമുഖ നേതാക്കളും ഉദയനിധിയുടെ നിലാപടിനെ വിമര്‍ശിച്ചിരുന്നു. മറ്റു ചിലര്‍ ആശയപരമായി അനുകൂലിക്കുമ്പോഴും, പറഞ്ഞത് അനവസരത്തിലായിപ്പോയി എന്നും ചിന്തിക്കുന്നുണ്ട്. എങ്കിലും തന്‍റെ നിലപാടില്‍ നിന്നും പിന്തിരിയാന്‍ ഉദയനിധി ഇതുവരെയും തയ്യാറായിട്ടില്ല. പല നിലയ്ക്കുള്ള ഈ ആശയധാരകളെ ഒരുമിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
ശക്തമായ ദ്രാവിഡ ചിന്തകളില്‍ കെട്ടി ഉയര്‍ത്തിയ രാഷ്ട്രീയ അടിത്തറയാണ് തമിഴ്നാടിനുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളെ ഏറ്റുപിടിക്കുന്നതുകൊണ്ട് തമിഴ്നാട്ടില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിക്കില്ല എന്നത് വ്യക്തമാണ്.
സനാതനവും ദ്രാവിഡവും
ഒരു നിലയ്ക്ക് സനാതന ധര്‍മ്മത്തെ വ്യാഖ്യാനിക്കാനാവില്ല എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ കേവലം മൂല്യങ്ങളുടെ ഒരു കൂട്ടമെന്ന അര്‍ത്ഥത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നവര്‍ സ്വമേധയാ അതിലെ ശ്രേണീകൃതമായ അസമത്വത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. ചാതുര്‍വര്‍ണ്യത്തെ അതേപടി നിലനിര്‍ത്തുകയും അഹിംസയാണ് സനാതന ധര്‍മ്മമെന്ന് ഇക്കൂട്ടര്‍ പറയുകയും ചെയ്യുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലല്ലാതെ സനാതന ധര്‍മ്മത്തിന് നിലനില്‍പ്പില്ല എന്നത് പകലുപോലെ വ്യക്തമാണ്.
അവലംബം
- https://thewire.in/caste/what-is-sanatana-dharma
- http://www.ncbc.nic.in/Writereaddata/Mandal%20Commission%20Report%20of%20the%201st%20Part%20English635228715105764974.pdf
- https://thewire.in/religion/saakhi-the-santana-dharma-on-caste-dissent-and-democracy
FAQs
ആരാണ് പെരിയോര്‍ ?
സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17-ന് ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ / പെരിയോര്‍ “ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപീകരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. പേരിയോരിന്‍റെ ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു.
ചാതുർവർണ്യം എന്നാലെന്ത് ?
മനുസ്മൃതി അനുശാസിക്കുന്ന പ്രകാരം സമൂഹത്തെ നാല് വർണ്ണങ്ങളായി തരംതിരിക്കുന്ന സമ്പ്രദായമാണ് ചാതുർവർണ്യം. ഭാരതീയ ധർമ്മ ശാസ്ത്രങ്ങൾ (ഹിന്ദു മതം) ഗുണം, കർമ്മം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ് ചാതുർവർണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല് വിഭാഗങ്ങൾ.
എന്താണ് ശംബുകന്‍റെ കഥ ?
രാമായണത്തിലെ ഒരുകഥാപാത്രമാണ് ശംബുകൻ. ശ്രീരാമന്‍റെ സിംഹാസനാരോഹണത്തിനു ശേഷം ഒരു നാൾ ഒരു ബ്രാഹ്മണൻ തന്‍റെ കുഞ്ഞിന്‍റെ ജഡവുമായി രാമന്‍റെ അടുത്തെത്തുന്നു. ഇതിന്‍റെ കാരണം തേടിപ്പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സനുഷ്ട്ടിക്കുന്നതാണ് തന്‍റെ യശസ്സ് കെടാൻ കാരണമെന്ന് മനസ്സിലാക്കി ശംബുകന്‍റെ തല വെട്ടിമാറ്റുന്നതാണ് കഥ.
എന്താണ് അര്‍ഥശാസ്ത്രം ?
ചന്ദ്രഗുപ്തമൗര്യന്‍റെ പ്രധാന സചിവൻ എന്നു പ്രസിദ്ധനും, പില്‍ക്കാലത്തു ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിൽ സുവിദിതനും, പ്രായോഗിക രാജ്യതന്ത്രപടുവുമായ കൗടില്യൻ രാഷ്ട്രമീമാംസ, ഭരണനീതി എന്നീ വിഷയങ്ങളെ ആധാരമാക്കി രചിച്ച പ്രാമാണിക ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം.
Quotes
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതമാണ് എനിക്കിഷ്ടം
-ബി ആര്‍ അംബേദ്‌കര്‍