ഞങ്ങള്‍ സ്ത്രീകള്‍ക്കൊരു ചരിത്രമുണ്ട്. പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ നയിച്ച ചരിത്രം. ഞങ്ങള്‍ വളരെ ശക്തരും ധീരരുമാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധം സ്ത്രീയും തോക്കും തമ്മിലാണ്. അതില്‍ തോക്ക് വിജയിക്കുമെന്നത് വ്യക്തമാണ്
കുക്കികളും മയ്തേയികളും പരസ്പരം വെടിയുതിര്‍ക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് സിഗ്മയ്. അതായത് അതിര്‍ത്തി ഗ്രാമം. സിഗ്മയിലേയ്ക്കാണ് ഇന്നത്തെ എൻ്റെ യാത്ര. കലാപം തുടങ്ങുന്നതിന് മുമ്പ് വരെ കുക്കികളും മയ്തേയികളും ഇടകലര്‍ന്ന് ജീവിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. മയ്തേയി ഭൂരിപക്ഷ പ്രദേശമായ സിഗ്മയില്‍ നാഗ ഗ്രാമങ്ങളും, നേപ്പാളി, നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമങ്ങളുമുണ്ട്.
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടെ മയ്തേയികളാണ് സിഗ്മയില്‍ താമസിക്കുന്നത്. പരമ്പരാഗതമായി മദ്യനിര്‍മാണമാണ് ഇവരുടെ തൊഴില്‍. മയ്തേയികള്‍ സാമൂഹികമായി ഏകരൂപമായ ഒരു സമൂഹമല്ല. വ്യത്യസ്ത മതങ്ങളിലും ജാതികളിലുമായി വിഭജിച്ചുനില്‍ക്കുന്ന സമൂഹമാണിവർ.
15-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് മയ്തേയികൾക്കിടയിലേയ്ക്ക് ഹിന്ദു മതത്തിൻ്റെ സ്വാധീനം ഉണ്ടാകുന്നത്. ബംഗാളിൽ നിന്നുള്ള വൈഷ്ണവ സന്യാസിമാരും അനുയായികളും മണിപ്പൂരിലെത്തി ക്ഷേത്രങ്ങൾ പണിയുകയും മണിപ്പൂരി സമൂഹവുമായി സമന്വയിക്കുകയും ചെയ്തതോടെ വൈഷ്ണവ മതം മണിപ്പൂരിൽ ഘട്ടംഘട്ടമായി വേരുറപ്പിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു.
18-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മയ്തേയ് രാജാവായ പംഹൈബ ഹിന്ദുമതത്തെ രാജ്യത്തിൻ്റെ ഔദ്യോഗിക മതമാക്കി. ഇത് വംശീയ ബഹുദൈവാരാധന നിലനിന്നിരുന്ന സനമാഹി മതത്തിനെ ക്രമാനുഗതമായ തകർച്ചയിലേക്ക് നയിച്ചു. ഹിന്ദു മതം വേരുറപ്പിക്കുന്നതിന് മുമ്പെ മയ്തേയികള്‍ വംശീയ മതമായ സനമാഹിസം പിന്തുടർന്നിരുന്നവരായിരുന്നു.
കാലക്രമേണ മയ്തേയികളുടെ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളും ഹിന്ദുമത പ്രകാരമായി രൂപാന്തരപ്പെട്ടു. മണിപ്പൂരി ദേവി പന്തോയിബി ദുർഗ്ഗയായി മാറി, പുരാതന ഉത്സവത്തിലെ നൃത്തരൂപമായ ലായ് ഹരോബയുടെ ഭാഗങ്ങള്‍ രാസലീലയിൽ ഉൾപ്പെടുത്തി.
ഹിന്ദുമതത്തോടൊപ്പം ജാതിയും കാലക്രമേണ മയ്തേയികള്‍ക്കിടയിലെത്തി. മയ്തേയ് സമുദായത്തെ വിശാലമായി മൂന്ന് ജാതികളായി തിരിക്കാം. ബമോണുകൾ അല്ലെങ്കിൽ ബ്രാഹ്മണർ, ക്ഷത്രിയർ, പട്ടികജാതിക്കാര്‍. ബമോണുകളില്‍ പലരും മണിപ്പൂരിൽ സ്ഥിരതാമസമാക്കുകയും പ്രാദേശിക സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്ത പുറത്തുനിന്നുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ബമോണുകൾ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്ന പുരോഹിതന്മാരും മയ്തേയി ഉത്സവങ്ങളിലും ആചാരപരമായ വിരുന്നുകളിലും ഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരും ആണ്.
ക്ഷത്രിയർ സിംഗ് എന്ന കുടുംബപ്പേര് സ്വീകരിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗും അദ്ദേഹത്തിൻ്റെ മുൻഗാമി കോൺഗ്രസ്സിലെ ഒക്രം ഇബോബി സിംഗും ക്ഷത്രിയരാണ്. മണിപ്പൂരിലെ പ്രഭുക്കന്മാരും, പഖംബയുടെ നേരിട്ടുള്ള പിൻഗാമികളാണെന്ന് അവകാശപ്പെടുന്നവരുമായ രാജ് കുമാറും രാജ് കുമാരിയും (RKs) മറ്റൊരു വിഭാഗമാണ്. ഇവര്‍ ക്ഷത്രിയരില്‍ ഉള്‍പ്പെടില്ല. പൂർവികരെ ആരാധിക്കുന്ന മതാനുഷ്ഠാനങ്ങൾ പിന്തുടർന്നവർ പട്ടികജാതിക്കാരായി. അവർ പ്രധാനമായും ഇംഫാൽ ഈസ്റ്റിലെ ആൻഡ്രോയിലും ഇംഫാൽ വെസ്റ്റിലെ സിഗ്മയിലും ഫയെങ്ങിലും താമസിക്കുന്നു.
മറ്റൊരു മയ്തേയി വിഭാഗങ്ങള്‍ ആണ് ലോയിസും ചക്പാസും. ഇവര്‍ ഹിന്ദു മതത്തിലോ സനമാഹിസത്തിലോ വിശ്വസിക്കുന്നവര്‍ ആണ്. സനമാഹി അനുയായികൾ പട്ടികജാതി വിഭാഗമാണെങ്കിലും സംസ്ഥാനത്തെ 3.8% പട്ടികജാതി ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുമതത്തെ പിന്തുടരുന്നവരാണ്. അതേസമയം, സനമാഹി അനുയായികള്‍ മയ്തേയികളുടെ യഥാര്‍ത്ഥ ചരിത്രവും ഭാഷയും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.
വൈഷ്ണവിസം മയ്തേയികളില്‍ വലിയ തോതില്‍ പിടിമുറുക്കിയതിനാല്‍ സനമാഹിസത്തെ തിരിച്ച് കൊണ്ടുവരാന്‍ സാധിച്ചില്ല. എന്നാല്‍ ‘മയ്തേയി മയക്’ എന്നറിയപ്പെടുന്ന ഭാഷയെ പുനസ്ഥാപിക്കാന്‍ സാധിച്ചു. ഇതിനിടെ ബംഗാളി ഭാഷ ഔദ്യോഗികമാക്കാന്‍ ചില മയ്തേയി വരേണ്യവര്‍ഗം ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1992 ല്‍ മണിപ്പൂരി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇംഫാലില്‍ നിന്നും ഹൈവേ ഒഴിവാക്കി മറ്റൊരു റോഡിലൂടെയാണ് സിഗ്മയിലേയ്ക്ക് എത്തിയത്. സിഗ്മയ് മയ്തേയികള്‍ പരമ്പരാഗതമായി മദ്യവില്പനക്കാര്‍ ആയതുകൊണ്ട് തന്നെ പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പായി മദ്യം വില്‍ക്കുന്ന ചെറിയ ചെറിയ കടകള്‍ കാണാം. ബിരേന്‍ സിംഗ് ഭരണത്തിലേറുന്നതിന് മുമ്പ് സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമായിരുന്നു മണിപ്പൂര്‍.
മദ്യപാനത്തിൻ്റെ സാമൂഹിക തിന്മകളെ ചെറുക്കാന്‍ മയ്‌ര പൈബിസ് സംഘടന വരെ രൂപീകരിച്ചിട്ടുണ്ട്. 1971-1972 കാലഘട്ടത്തിൽ രൂപീകരിച്ച സംഘടനയുടെ പേര് നുപി സമാജ് എന്നാണ്. ഇതിനിടെ നിരോധിത തീവ്ര മയ്തേയി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി മദ്യപാനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും 1991 ജനുവരി ഒന്ന് മുതല്‍ മണിപ്പൂരിൽ മദ്യവില്പനയും ഉപഭോഗവും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്ന് സര്‍ക്കാരും സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കി. എന്നിരുന്നാലും പ്രാദേശികമായി വികസിപ്പിക്കുന്ന ‘യു’ എന്ന മദ്യം നിര്‍മ്മിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. മണിപ്പൂരില്‍ തന്നെ കൃഷി ചെയ്യുന്ന അരി വാറ്റി എടുത്താണ് ഈ മദ്യം തയ്യാറാക്കുന്നത്. ഇത് തയാറാക്കുന്നവരാണ് സിഗ്മയില്‍ താമസിക്കുന്ന മയ്തേയികൾ. അതുകൊണ്ട് ‘സിഗ്മയ് യു’ എന്ന പേരിലും മദ്യം അറിയപ്പെടുന്നു.
മദ്യ നിരോധനം ഉണ്ടായിട്ടും മദ്യ ഉപഭോഗത്തിൻ്റെ കാര്യത്തില്‍ മണിപ്പൂര്‍ ഒരിക്കലും പിറകിലോട്ടു പോയിട്ടില്ല. ഇതിനിടെയാണ് ബിരേന്‍ സര്‍ക്കാര്‍ മദ്യനയത്തില്‍ ഭേദഗതി വരുത്തുന്നത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഭേദഗതി എന്നായിരുന്നു സര്‍ക്കാരിൻ്റെ ഭാഷ്യം. ഇതിനെതിരെ നൂപി സമാജ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
ജില്ലാ ആസ്ഥാനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ ഹോട്ടലുകളിലും മദ്യം ലഭ്യമാക്കി. നിലവില്‍ മണിപ്പൂരിലെ പുരുഷന്മാര്‍ക്കിടയില്‍ മദ്യപാനം വളരെ വ്യാപകമാണ്. രാത്രികളില്‍ മദ്യലഹരിയില്‍ കുക്കി ഗ്രാമങ്ങളിലേയ്ക്ക് മയ്തേയി പുരുഷന്മാര്‍ വെടിയുതിര്‍ക്കുകയും അത് വലിയൊരു സംഘര്‍ഷമായി മാറുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിലേതുപോലെ സര്‍ക്കാരിൻ്റെ ഔട്ട്‌ലറ്റുകളിലൂടെയല്ല സിഗ്മയില്‍ മദ്യം വില്‍ക്കുന്നത്. പകരം പ്രാദേശികരാണ് വില്പന നടത്തുന്നത്. പ്രാദേശിക മദ്യത്തെ കൂടാതേ വിദേശ മദ്യങ്ങളും ഇവിടെ കിട്ടും.
സിഗ്മയില്‍ എത്തിയതും സ്ത്രീകള്‍ കൂട്ടമായി വണ്ടി തടഞ്ഞു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക ആണെന്ന് പറഞ്ഞതും നിങ്ങള്‍ക്ക് എന്താണ് അറിയേണ്ടതെന്ന് അവര്‍ ചോദിച്ചു. കൂട്ടത്തില്‍ ലീഡര്‍ എന്ന് തോന്നിപ്പിക്കുന്ന സ്ത്രീയാണ് സംസാരിച്ചത്. പ്ലസ് ടു അധ്യാപികയായ ഇവര്‍ പേര് പറയാന്‍ തയ്യാറായില്ല. സ്ത്രീകള്‍ വണ്ടി തടയുന്നതും പ്രദേശത്തിൻ്റെ ചിത്രങ്ങളും എടുക്കരുതെന്ന് അവര്‍ നിർദ്ദേശം നല്‍കിയ ശേഷം പറഞ്ഞ് തുടങ്ങി.
‘ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിവരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ശരിക്കും ഞങ്ങൾ പൊതുജനങ്ങളാണ് ഇരകളാകുന്നത്. ചിലർ ഇതൊരു രാഷ്ട്രീയ യുദ്ധമാണെന്ന് പറയുന്നു. ഞങ്ങൾക്കറിയില്ല. കഴിഞ്ഞ രണ്ട് മാസമായി മയക്കുമരുന്ന് തീവ്രവാദികൾ ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും വെടിയൊച്ചകൾ കേട്ടാണ് ഞങ്ങൾ ഉറക്കമുണരുന്നത്.’
‘എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് കേന്ദ്രത്തിനോട് ഞങ്ങൾക്ക് അപേക്ഷിക്കാനുള്ളത്. പക്ഷേ ഇതുവരെയും അതിനുവേണ്ടിയിട്ടുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ എടുത്തിട്ടില്ല.’ മയക്കുമരുന്ന് തീവ്രവാദികൾ എന്ന് നിങ്ങള്‍ ആരെയാണ് വിശേഷിപ്പിച്ചത് എന്ന് ചോദിച്ചപ്പോള്‍, മലയുടെ മുകളില്‍ നിന്നും വെടിവെക്കുന്നവര്‍ എന്ന് അവര്‍ മറുപടി പറഞ്ഞു.’
‘മലഞ്ചെരുവിനോട് ചേർന്ന് താമസിക്കുന്ന ഞങ്ങള്‍ സംസ്ഥാനത്ത് ഭൂരിപക്ഷമാണ്. അവര്‍ ന്യൂനപക്ഷങ്ങളാണ് (കുക്കികൾ). ന്യൂനപക്ഷമെന്ന പേരില്‍ ഇരവാദം പറഞ്ഞ് അവര്‍ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ എല്ലാ കുറ്റങ്ങളും ഞങ്ങളുടെ മേല്‍ വന്നു വീഴുകയാണ്. ഞങ്ങള്‍ അവരെ ഉപദ്രവിക്കുന്നുവെ ന്നാണ് പറയുന്നത്. പക്ഷേ അവര്‍ ഞങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് തോക്കുകളില്ല. ഇവിടെ താമസിക്കുന്നവരെ നിങ്ങള്‍ നോക്കു, ഞങ്ങള്‍ക്ക് ആയുധങ്ങളില്ല. അവര്‍ക്ക് ആയുധങ്ങള്‍ മാത്രമേയുള്ളൂ.’
‘നോക്കു, ചുറ്റുമുള്ള മലകളെല്ലാം ഈ മയക്കുമരുന്ന് തീവ്രവാദികളാല്‍ നിറഞ്ഞിരിക്കുകയാണ്. അവര്‍ ഞങ്ങളുടെ ഗ്രാമങ്ങള്‍ ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കുന്നു, ഞങ്ങളെ തെരുവിലാക്കുന്നു. ഈ കുക്കി സേനകളുടെ, ഈ മയക്കുമരുന്ന് തീവ്രവാദികളുടെ കയ്യില്‍ ഒട്ടേറെ ആധുനിക വിദേശ ആയുധങ്ങളുണ്ട്. അത് ഞാന്‍ കണ്ടിട്ടുമുണ്ട്.’
‘കണ്ടു എന്ന് പറഞ്ഞാല്‍, പത്രങ്ങളില്‍ ഇതേക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ അവരുടെ കയ്യിലുള്ള തോക്കുകളുടെ ചിത്രങ്ങളും ഉണ്ടാകാറുണ്ട്. അത് കണ്ടാല്‍ തന്നെ അറിയാം വിദേശ നിര്‍മ്മിതമാണെന്ന്. ഞങ്ങള്‍ക്ക് ആയുധങ്ങളില്ല, ഈ അവസ്ഥയില്‍ ഈ സ്ത്രീകളൊക്കെ അവരുടെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കും. എത്ര കാലം അങ്ങനെ സംരക്ഷിക്കാന്‍ പറ്റും.’
‘ഞങ്ങള്‍ ആളുകളെ ഉപദ്രവിക്കുന്നില്ല. ഇതുവഴി കടന്നു പോകുന്ന ആളുകളെയും വണ്ടികളെയും പരിശോധിക്കുന്നത് പോലും ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ്. ഇതുവരെയും ആളുകള്‍ ഞങ്ങളോട് വളരെ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. തുടക്കത്തില്‍ ഞങ്ങള്‍ വെടിവെയ്പ്പുകളെയും ആക്രമണങ്ങളെയും ഭയപ്പെട്ടിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരത്തിലുള്ള ഭയങ്ങളില്ല.’
‘സ്ത്രീകള്‍ ഉള്‍പ്പെടെ ആക്രമണങ്ങളെ വെല്ലുവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ വെടിയുണ്ടകളെയും ബോംബുകളെയും ഭയപ്പെടുന്നില്ല. കലാപം കാരണം എല്ലാ ജോലികളും നിര്‍ത്തി. ഈ പ്രദേശത്തുള്ള എല്ലാവരും തന്നെ ദിവസവേതനത്തിനായി ജോലി ചെയ്യുന്നവരാണ്. പരസ്പരം സംരക്ഷിക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. റോഡുകളില്‍ ഞങ്ങൾ അല്പം കൂടി സുരക്ഷിതരാണ്. വീടിനുള്ളിലാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ അഗ്നിയ്ക്ക് ഇരയായേക്കാം.’
കുക്കികളുമായി വളരെ സൗഹാർദപരമായാണ് ജീവിച്ചിരുന്നെന്നും പരസ്പരം അവശ്യസാധനങ്ങള്‍ കൈമാറിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒരുമിച്ച് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ യാത്രകള്‍ ചെയ്തിരുന്നു. ഞങ്ങള്‍ക്ക് എളുപ്പത്തില്‍ കൂട്ടുകൂടാനായിരുന്നു. അവര്‍ വളരെ നല്ലവരായിരുന്നു. പക്ഷേ ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധ സമാനമായ (രാഷ്ട്രീയമോ/ വംശീയമോ എന്തുമാകട്ടെ) സാഹചര്യത്തോടെ ഞങ്ങള്‍ക്ക് ഇടയിലുള്ള എല്ലാ ബന്ധങ്ങളും പൂര്‍ണ്ണമായും ഇല്ലാതെയായി.’
‘ഞങ്ങള്‍ സ്ത്രീകള്‍ക്ക് വലിയൊരു ചരിത്രമുണ്ട്. ഒരുപാട് കഷ്ടപ്പാടുകളുടെ ചരിത്രം. പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ നയിച്ച ചരിത്രമുണ്ട്. ഞങ്ങള്‍ വളരെ ശക്തരും ധീരരുമാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധം സ്ത്രീയും തോക്കും തമ്മിലാണ്. അതില്‍ തോക്ക് വിജയിക്കുമെന്നത് വ്യക്തമാണ്. പണ്ട് കാലങ്ങളില്‍ ഞങ്ങള്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നത് ലാത്തിയും മറ്റ് സാധാരണ ആയുധങ്ങളും ഉപയോഗിച്ചാണ്. ഇന്ന് യുദ്ധം തോക്കും വികാരങ്ങളും വെച്ചാണ്. ഞങ്ങള്‍ സ്ത്രീകളാണ് ആ വികാരങ്ങള്‍. സാധ്യമായതെല്ലാം കൊണ്ട് സ്ത്രീകള്‍ യുദ്ധം ചെയ്യുകയാണ്. ജീവിതത്തോട് പോരാടാന്‍ ഞങ്ങളെ നിർബന്ധിതരാക്കുകയാണ്.’
‘ഞങ്ങളുടെ കുട്ടികളെ നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുന്നില്ല. ഞങ്ങളുടെ കുടുംബ ജീവിതത്തിനും സമയമില്ല. ഇത് വളരെ ബുദ്ധിമുട്ടാണ്, ഞങ്ങൾക്ക് ഇത് വിശദീകരിക്കാനും പ്രകടിപ്പിക്കാനും കഴിയില്ല. സമാധാനപരമായ ഒരു ജീവിതം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയാണ് ഞങ്ങൾ മുമ്പ് ജീവിച്ചിരുന്നത്. എന്നാൽ ഈ വംശീയ യുദ്ധം അല്ലെങ്കിൽ രാഷ്ട്രീയ യുദ്ധം ഞങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിച്ചു.’ അവര്‍ പറഞ്ഞു.
സംസാരത്തിനു ശേഷം സ്ത്രീകള്‍ വിശ്രമിക്കുന്ന ഒരു കെട്ടിടത്തിലേയ്ക്ക് എന്നെ കൊണ്ടുപോയി. കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ സാധാരണ കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിര്‍മ്മണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയില്‍ ഒരു സര്‍വയലന്‍സ് റൂം തന്നെ അവര്‍ സെറ്റ് ചെയ്തിരിക്കുകയാണ്.
സന്ദേശങ്ങള്‍ അറിയാന്‍ വാക്കി ടോക്കികള്‍, ടൗണിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ ഇവിടെയിരുന്ന് നീരിക്ഷിക്കുന്നു. സംശയാസ്പദമായി വാഹനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ ആര്‍ക്കൊക്കെയോ സന്ദേശം കൊടുക്കും. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കളെ കുറിച്ച് ആര്‍ക്കോ സന്ദേശം നല്കുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ട് അന്തംവിട്ടുനില്‍ക്കുന്ന എന്നോട് പറഞ്ഞത് ‘ഞങ്ങളുടെ അതിജീവനത്തിനു വേണ്ടിയാണ് ഇതൊക്കെ’ എന്നാണ്.
സിഗ്മയ് പട്ടണത്തിൻ്റെ ഒരു വശത്ത് സ്ത്രീകള്‍ കച്ചവടം നടത്തുന്നുണ്ട്. താമരയുടെ വിത്ത്, മത്സ്യം, ഉണക്കമീന്‍, താങ്‌ജിംഗ് (fox nut), തൊട്ടാവാടി, ഞവണിക്ക, ബീഫ്, ചിക്കന്‍ തുടങ്ങിയവയാണ് ചന്തയില്‍ പ്രധാനമായും ഉള്ളത്. ഒരു വലിയ ബക്കറ്റില്‍ ഇട്ടാണ് ബീഫ് വില്‍ക്കുന്നത്. കഷ്ണങ്ങള്‍ ആക്കാനുള്ള മരകുറ്റിയോ, വലിയ കത്തികളോ ഒന്നുമില്ല. കമ്പിയില്‍ കോര്‍ത്ത് വെച്ചിരിക്കുന്ന ബീഫ് ആവശ്യാനുസരണം എടുത്തുനല്‍കും. ബീഫ് വില്‍ക്കുന്നവര്‍ നാഗകള്‍ ആണ്. മയ്തേയികള്‍ പൊതുവേ ബീഫ് കഴിക്കാത്തവരാണ്.
ചന്തയുടെ ഇടതുവശത്തുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോയാല്‍ നേപ്പാളികളുടെ ഗ്രാമത്തില്‍ എത്താം. ഇംഫാല്‍ നഗരത്തില്‍ താരതമ്യേന നല്ല റോഡുകളുണ്ടെങ്കിലും ഗ്രാമീണ മേഖലകളിലേയ്ക്ക് പോകുന്തോറും റോഡുകള്‍ കല്ലും മണ്ണും നിറഞ്ഞ പാതകള്‍ ആണ്. മനോഹരമായ ചെറിയ വീടുകള്‍ ആണ് നേപ്പാളികളുടേത്. എല്ലാവരും പറമ്പില്‍ ‘ചോളം’ (Corn) നട്ടിട്ടുണ്ട്. മണിപ്പൂരിലുള്ളവർ പൊതുവെ ചോളം ഒരുപാട് കഴിക്കുന്നവരാണ്.
നേപ്പാളി ഗ്രാമമായ കംഗ്ലതോങ്ബിയിലേയ്ക്കാണ് പോകുന്നത്. മൺപാതയിലൂടെ മുന്നോട്ട് പോകുന്തോറും ദൂരെയായി കാണാവുന്ന മലകള്‍ അടുത്തടുത്തായിവരും. നല്ല ഭംഗിയുള്ള പ്രകൃതിദൃശ്യമാണത്. മലകളുടെ താഴ്വാരത്താണ് കംഗ്ലതോങ്ബി ഗ്രാമമുള്ളത്.
2011 ലെ സെന്‍സസ് പ്രകാരം 63, 756 നേപ്പാളികള്‍ മണിപ്പൂരിലുണ്ട്. മഹാരാജ ഗംഭീർ സിങ്ങിൻ്റെ കാലത്താണ് ഗൂർഖകള്‍ മണിപ്പൂരിലേയ്ക്ക് എത്തുന്നത്. ബര്‍മ്മീസ് അധിനിവേശം തടയാന്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണ് രാജാവ് ഗൂര്‍ഖ സൈനികരെ മണിപ്പൂരിലേയ്ക്ക് എത്തിക്കുന്നത്. ‘വിക്ടോറിയ പൾട്ടൻ’ എന്നാണ് ഗൂര്‍ഖകളുടെ സേന അറിയപ്പെട്ടിരുന്നത്.
പിന്നീട പാചകത്തൊഴിലാളികൾ, പാൽക്കാർ, വ്യാപാരികൾ, കർഷകർ എന്നിവരെകൂടി ബ്രിട്ടീഷുകാര്‍ നേപ്പാളില്‍ നിന്നും കൊണ്ടുവന്നു. നേപ്പാളികളുടെ ആയോധന നൈപുണ്യത്തിലും സത്യസന്ധതയിലും ബ്രിട്ടീഷുകാര്‍ ആകൃഷ്ടരായിരുന്നു. ഇതുവഴി ബ്രിട്ടീഷുകാരുടെ വിശ്വാസം സമ്പാദിക്കാന്‍ ഗൂർഖ സൈനികര്‍ക്കായി.
1880-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി എട്ടാം ഗൂർഖ റൈഫിൾസിന്റെ 23, 43, 44 ബറ്റാലിയനുകൾ മണിപ്പൂരിലേയ്ക്ക് മാറ്റിയപ്പോൾ ഗൂർഖ സൈനികരുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഗോലാഘട്ടിൽ നിന്ന് 400 ഗൂർഖ സൈനികരെയും സിൽച്ചറിൽ നിന്ന് 200 പേരെയും മണിപ്പൂരിലേക്ക് കൊണ്ടുവന്നതായി അസമിലെ ചീഫ് കമ്മീഷണറുടെ രേഖകൾ ചൂണ്ടിക്കാണിക്കുന്നു. 1891-ൽ അസമിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഗൂര്‍ഖകളെ മണിപ്പൂരിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. മഹാരാജ ചന്ദ്രകൃതിയുടെ ഭരണകാലത്തും (1850-1886) നിരവധി ഗൂർഖകൾ മണിപ്പൂരിൽ എത്തിയതായി രേഖകളുണ്ട്.
മണിപ്പൂരിലെ ഗൂർഖ/നേപ്പാളി സെറ്റിൽമെന്റ് 1885-ൽ ആരംഭിച്ചതാണെന്ന് പൊതുവേ അനുമാനിക്കപ്പെടുന്നത്. യൂറോപ്പില്‍ ഉണ്ടായിരുന്ന ദരംഗ് മിലിട്ടറി പോലീസ് മണിപ്പൂരിൽ നിലയുറപ്പിച്ചതോടെ, 1917-ൽ നാലാമത്തെ അസം റൈഫിൾസായി ഇതിനെ പരിവർത്തനം ചെയ്യപ്പെട്ടു, അതിൻ്റെ 80 ശതമാനം ഉദ്യോഗസ്ഥരും ഗൂർഖകളായിരുന്നു.
സജീവ സേവനത്തിനായി മണിപ്പൂരിലെത്തിയ മിക്കവാറും എല്ലാ ഗൂർഖകളും വിരമിച്ചതിന് ശേഷം മണിപ്പൂരില്‍ സ്ഥിരതാമസമാക്കി. 4-ആം അസം റൈഫിൾസിലെ ഉദ്യോഗസ്ഥർക്ക് ബ്രിട്ടീഷ് സർക്കാർ ആദ്യം താങ്‌മൈബന്ദിലും പിന്നീട് ഇറോയിസെംബ, ചിങ്ക്, ടാംഗ്രി, കാലാപഹാർ, തോർബംഗ്, മാരം, ഇംഫാൽ, ഇറാങ്, കംഗ്ലതോങ്ബി എന്നിവിടങ്ങളിൽ പ്രത്യേക കോളനികളും ഭൂമിയും അനുവദിച്ചു.
1941 നവംബറില്‍ മഹാരാജ ചുരാചന്ദിൻ്റെ മരണശേഷം, അദ്ദേഹത്തിന്റെ മൂത്ത മകൻ ബോധചന്ദ്ര മണിപ്പൂരിലെ രാജാവായി (1941-1955). ബോധചന്ദ്ര നേപ്പാളി രാജകുമാരിയായ ഈശ്വരി ദേവിയെ വിവാഹം കഴിച്ചു. ഈശ്വരി ദേവി, അന്നത്തെ യുണൈറ്റഡ് പ്രവിശ്യയിലെ രാംനഗറിലെ രാംരാജ രാജകുമാരൻ്റെ മൂത്ത മകളും നേപ്പാളിലെ രാജാവായ മഹാരാജ ധീരാജിൻ്റെ ബന്ധുവും ആയിരുന്നു.
നേപ്പാളി രാജകുമാരി മണിപ്പൂരില്‍ എത്തിയ സമയത്ത്, 60 നേപ്പാളി പരിചാരകർ രാജകുമാരിയുടെ പരിവാരങ്ങൾക്കൊപ്പം അനുഗമിച്ചിരുന്നു. മഹാരാജാവ് അവരെ കംഗ്ലതോങ്ബിയിൽ ഭൂമി നല്‍കി പാർപ്പിച്ചു. പിന്നീട് ഇവരുടെ തലമുറകള്‍ ഇവിടെ തന്നെ ജീവിക്കാന്‍ തുടങ്ങി. നിലവില്‍ മണിപ്പൂരിലെ നേപ്പാളികളില്‍ വലിയൊരു ശതമാനം പുരുഷന്മാരും അസം റൈഫിള്‍സ്, ബിഎസ്എഫ് പോലെയുള്ള വിവിധ കേന്ദ്ര സേനകളില്‍ ജോലി ചെയ്യുന്നവരാണ്. രാജകുമാരി കൊണ്ടുവന്ന പരിചാരകരുടെ ഇപ്പോഴത്തെ തലമുറയിലുള്ള നീലുവുമായാണ് സംസാരിച്ചത്.
മയ്തേയി-കുക്കി കലാപം തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ലെന്ന് നീലു പറഞ്ഞു. രണ്ട് സമൂഹത്തിൻ്റെയും ഇടയിൽ കിടക്കുന്നതുകൊണ്ട് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. ‘പുറത്ത് നിന്നുള്ളവരായതുകൊണ്ട് ഞങ്ങളോട് കുക്കികൾക്കും മയ്തേയികൾക്കും വലിയ താല്പര്യമില്ല. അവർക്ക് ഞങ്ങളെ താൽപല്പര്യമില്ലെങ്കിൽ പോലും അവർ ഇതുവരെയും ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. നേപ്പാളികളാണെന്ന് പറഞ്ഞ് ഞങ്ങളെ മാറ്റി നിർത്തിയിട്ടില്ല.’
‘ഞങ്ങളെ മുറിവേൽപ്പിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. മയ്തേയികള്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നുണ്ട്. എന്നാൽ ഇന്നുവരെ നേപ്പാളികളെ ഉപദ്രവിച്ചതായി ഞങ്ങൾ കേട്ടിട്ടില്ല. ഞങ്ങൾ ആരെയും ശല്യപ്പെടുത്താൻ പോകാറില്ല. ഞങ്ങളുടെ കാര്യം നോക്കി ഇരിക്കുകയാണ് ചെയ്യാറ്. അതുകൊണ്ട് തന്നെ നേപ്പാളികളെ ആരും ഒന്നും പറയാറില്ല.’
‘ഇവിടെ പണിയെടുക്കുക, ജീവിക്കുക അത് മാത്രമേ നമുക്ക് ചെയ്യാനാകൂ. ഇവിടെ ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. പുറത്തുള്ളവരെ മയ്‌തേയികള്‍ മത്സരിക്കാന്‍ അനുവദിക്കാറില്ല. ഞങ്ങള്‍ക്ക് സംവരണ ആനുകൂല്യങ്ങളും ഇല്ല. റായി, തമംഗ്, ഗുരും തുടങ്ങിയ മതക്കാർക്ക് സംവരണം ഉണ്ട്.’
‘ഞങ്ങൾ സ്വർണ്ണപ്പണിക്കാരാണ്. ഞങ്ങൾ ജനറൽ വിഭാഗമാണ്. എന്നിരുന്നാലും ഞങ്ങള്‍ക്ക് മണിപ്പൂര്‍ സ്വർഗമാണ്. പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളത്. ശരിക്കും പറഞ്ഞാല്‍ നേപ്പാളിനേക്കാളും ഞങ്ങള്‍ക്ക് താമസിക്കാൻ ഇഷ്ടം ഇവിടെയാണ്. ഒരു ദിവസം എന്തായാലും യുദ്ധമെല്ലാം അവസാനിച്ച് സമാധാനം വരിക തന്നെ ചെയ്യും.’
‘കുക്കികള്‍ക്ക് പ്രത്യേക അധികാരപരിധിയും മയ്‌തേയികള്‍ക്ക് സ്വതന്ത്ര മണിപ്പൂരും നാഗകള്‍ക്ക് നാഗാ സംസ്ഥാനവും വേണം എന്നാണ് പറയുന്നത്.’ അപ്പോള്‍ നിങ്ങള്‍ എവിടെ പോകും എന്ന് ചോദിച്ചപ്പോള്‍ നീലുവിൻ്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
‘അങ്ങനെ വന്നാൽ ഞങ്ങൾക്കിവിടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല. കുക്കികൾ അവരുടെ നാടായി മാറ്റണമെന്ന് പറയുന്നു. മയ്‌തേയികൾ അവർക്ക് വേണമെന്ന് പറയുന്നു. അങ്ങനെ വന്നാൽ ഞങ്ങൾ എങ്ങോട്ട് പോകും. ഞങ്ങള്‍ക്ക് പോകാൻ വേറെ ഇടമില്ല. നേപ്പാളില്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഒന്നും ഇല്ല. ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് മണിപ്പൂരില്‍ ആണ്. ഇതാണ് ഞങ്ങളുടെ നാട്.’
നീലുവുമായുള്ള സംസാരം വലിയൊരു ആശങ്കയാണ് എനിക്കുണ്ടാക്കിയത്. നീലു അടക്കമുള്ള നേപ്പാളികള്‍, ഇവിടെ ജനിച്ചു വളര്‍ന്ന അനേകം ഉത്തരേന്ത്യക്കാര്‍ ഇവരൊക്കെ എവിടേയ്ക്ക് പോകും. മണിപ്പൂര്‍ വളരെ സങ്കീര്‍ണമാണെന്ന് ഓരോ പരിചയപ്പെടലുകളിലൂടെയും ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മയ്‌തേയികള്‍ക്ക് മണിപ്പൂര്‍ സ്വന്തമായി വേണം, കുക്കികള്‍ക്ക് സ്വന്തമായി അധികാര പരിധി വേണം, നാഗകള്‍ക്കാവട്ടെ പ്രത്യേക സംസ്ഥാനവും വേണം. ഇതിനിടെ പല കാരണങ്ങള്‍ക്ക് കൊണ്ട് കുടിയേറേണ്ടി വന്നവര്‍ നിസ്സഹായരായിപ്പോകും. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഏതിലെങ്കിലും ഒരു സ്റ്റെപ്പ് എടുത്താൽത്തന്നെ അത് മണിപ്പൂരിനെ കൂടുതല്‍ മുറിപ്പെടുത്തുകയേ ഉള്ളൂ. പക്ഷേ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
നേപ്പാള്‍ ഗ്രാമത്തില്‍ നിന്നും ഇംഫാലിലേയ്ക്ക് തിരിച്ചു. വഴിക്കുവെച്ച് സിഗ്മയിലെ ഒരു ക്യാമ്പിൽ കയറി. ക്യാമ്പിൻ്റെ ചുമതലയുള്ള കൊയ്ജം ശരണ്‍ മയ്‌തേയിയുമായാണ് സംസാരിച്ചത്. ഇംഫാല്‍ ഈസ്റ്റിലെ ഇക്കോ വില്ലേജിലാണ് കൊയ്ജം താമസിച്ചിരുന്നത്.
‘ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. അന്ന് രാത്രി ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മീറ്റിംഗ്. അതിനുശേഷം ഞങ്ങൾ വീടുകളിൽ തിരിച്ചെത്തി വിശ്രമിക്കുകയായിരുന്നു.
‘ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും നൂറു മീറ്റർ അകലെയായി കുക്കികൾ താമസിക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്നും നിരവധിപേർ അവരെ ആക്രമിക്കൂ, വീടുകൾ കത്തിക്കൂ, എന്നെല്ലാം ആക്രോശിച്ചുകൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നു. രാത്രിയായതിനാൽ പലരുടെയും മുഖങ്ങൾ കാണാൻ സാധിച്ചില്ല. പെട്ടെന്നു തന്നെ ഞങ്ങൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വാഹനങ്ങളും ഞങ്ങളുടെ കടകളും എല്ലാം അവിടെ ഉപേക്ഷിച്ചാണ് ഞങ്ങൾ വന്നത്.’
‘ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ബാങ്കിലേക്ക് അധികം ദൂരമുണ്ടായിരുന്നതിനാൽ ഞങ്ങൾ എല്ലാവരും തന്നെ പണം വീടുകളിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. കുക്കികൾ ഞങ്ങളോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. 1941 മുതൽ ഞങ്ങൾ അവിടെ താമസിക്കുകയാണ്. വളരെ സ്നേഹത്തോടെയാണ് കുക്കികളും മയ്‌തേയികളും ഇത്രയും വർഷം അവിടെ കഴിഞ്ഞിരുന്നത്.’
‘ബർമ്മയിൽ നിന്നും എത്തിയ കുക്കികൾ ഇവിടെയുള്ള കെഎൻഎ, കെഎൻഒ, കെഎൽഎഫ് പോലുള്ള കുക്കി ഗ്രൂപ്പുകളുമായി ചേർന്ന് മയ്‌തേയികളെ ആക്രമിക്കുകയായിരുന്നു. അവർ എല്ലാവരും ചേർന്നാണ് ഞങ്ങൾക്കു നേരെ വെടിയുതിർത്തത്. അവിടെനിന്നും രക്ഷപ്പെട്ട് വന്നതിനുശേഷം എനിക്കെൻ്റെ ഗ്രാമം കാണാൻ കഴിഞ്ഞിട്ടില്ല.’
‘ഞങ്ങളോട് സര്‍ക്കാര്‍ ക്യാമ്പിൽ താമസിക്കാൻ പറഞ്ഞു. പക്ഷേ എത്ര നാൾ ഞങ്ങൾ ഇവിടെ കഴിയും. ക്യാമ്പിൽ ഒരു ഫാൻ പോലുമില്ല. ഇനി എത്ര നാൾ കൂടി ജീവിച്ചിരിക്കുമെന്ന് പോലും അറിയില്ല. ഞങ്ങളുടെ വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താകും. ഇതുവരെയും ഞങ്ങളുടെ സങ്കടങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ ചെവി തന്നിട്ടില്ല. അവർ മനപ്പൂർവ്വം കാതുകൾ മൂടിക്കെട്ടിയിരിക്കുകയാണ്.’
‘കുക്കി കലാപകാരികളും സര്‍ക്കാരും തമ്മിൽ എന്തോ ഒന്ന് നടക്കുന്നതായി ഞാൻ സംശയിക്കുന്നു. കുക്കികളും കേന്ദ്രസർക്കാരും തമ്മിലുള്ള അജണ്ട എന്താണെന്ന് ഞങ്ങൾക്കറിയണം. ഞങ്ങളുടെ സംരക്ഷണത്തിനായി അമ്പതിനായിരത്തിലധികം സൈനികരെ ഇവിടേക്ക് അയച്ചുവെന്ന് പറയുന്നു. എന്നാൽ അവരെല്ലാം എവിടെ. അവർ കുക്കികളെ മാത്രം സഹായിക്കുന്നു. അവരെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് സൈനികരെ സർക്കാർ നിയമിച്ചിട്ടുള്ളത്. എന്താണ് ഇതിൻ്റെയൊക്കെ അർത്ഥമെന്ന് ഞങ്ങൾക്കറിയണം.’ കൊയ്ജം ശരണ്‍ പറഞ്ഞു.
വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ ഇംഫാലില്‍ കര്‍ഫ്യൂ ആണ്. കര്‍ഫ്യൂ ആണെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാം. കൂടുതല്‍ ഇരുട്ടുന്നതിന് മുമ്പ് സിഗ്മയ് കടക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശം ആയതിനാല്‍ വൈകുന്നേരംതന്നെ മയ്തേയികളും കുക്കികളും പരസ്പരം വെടിയുതിര്‍ക്കാന്‍ തുടങ്ങും. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. ആ ഭയമുള്ളത് കൊണ്ടുതന്നെ നേരത്തെ പോകണം എന്ന് ഡ്രൈവര്‍ പറഞ്ഞുകൊണ്ടിരുന്നു.
ഏകദേശം അഞ്ചു മണിയോടെയാണ് സിഗ്മയിൽ നിന്നും തിരിച്ചത്. 45 മിനിറ്റോളം സഞ്ചരിച്ചാല്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തും. വഴിക്ക് വെച്ച് തന്നെ ഹോട്ടലില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ചോറും കറികളും ഹോട്ടലുകളില്‍ കിട്ടുമെങ്കിലും മണിപ്പൂരികളുടെ ഭക്ഷണത്തിലെ വൈവിധ്യം എനിക്കെന്തോ ഇഷ്ടമായില്ല. പെട്ടിക്കടകള്‍ പോലെ തോന്നിക്കുന്ന മിക്ക ഹോട്ടലുകളുടെ മുമ്പിലും റൈസ് ഹോട്ടല്‍ എന്ന് കൂടി എഴുതി വെച്ചിട്ടുണ്ടാവും. മണിപ്പൂരില്‍ ചോറ് പ്രധാന ഭക്ഷണം ആയതുകൊണ്ടാവാം അങ്ങനെ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടാവുക.
FAQs
ആരാണ് ഗൂർഖകൾ ?
നേപ്പാളിലും ഉത്തരേന്ത്യയിലും ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ഗൂർഖ. ധൈര്യശാലികളായ പോരാളികളായാണ് ഇവർ അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും പോരാളിയുമായിരുന്ന ഗുരു ഗോരഖ്നാഥിൽ നിന്നാണ് ഇവരുടെ പേരു വന്നതെന്നും. പടിഞ്ഞാറൻ നേപ്പാളിലെ ഗൂർഖ എന്ന ഗ്രാമത്തിൽ നിന്നാണ് ഇവരുടെ പേര് വന്നതെന്നും അഭിപ്രായമുണ്ട്. 1814-15 കാലത്തെ ഗൂർഖ യുദ്ധത്തിൽ തങ്ങളുടെ ശത്രുക്കളുടെ കഴിവിൽ ആകൃഷ്ടരായ ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തിൽ ഗൂർഖ റെജിമെന്റ് എന്ന ഒരു റെജിമെന്റ് രൂപവത്കരിച്ചു.
ആരാണ് ബോധചന്ദ്ര സിംഗ് ?
മണിപ്പൂരിലെ അവസാന രാജാവായിരുന്നു ബോധചന്ദ്ര സിംഗ്. 1941 മുതൽ 1949 വരെയായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലം.
എന്താണ് ലായ് ഹരോബ ?
മണിപ്പൂരിലെ മയ്‌തേയി വിഭാഗക്കാരുമായി ബന്ധപ്പെട്ട്, പ്രാചീന ദേവതകളെ പ്രീതിപ്പെടുത്താൻ വേണ്ടി ആഘോഷിക്കുന്ന ഒരു മണിപ്പൂരി ഉത്സവമാണ് ലായ് ഹരോബ. ഉമാങ് ലായി എന്ന വനദേവതയോടുള്ള ആദരസൂചകമായി ആഘോഷിക്കുന്ന ഈ ഉത്സവം പരമ്പരാഗത ദേവതമാരോടും പൂർവ്വികന്മാരോടുമുള്ള ആരാധനയെ പ്രതിനിധാനം ചെയ്യുന്നു.
എന്താണ് ബിഎസ്എഫ് ?
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സായുധ സുരക്ഷ വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്/ Border Security Force). കേന്ദ്ര സായുധ പോലീസ് സേനകളിലെ പ്രധാനപ്പെട്ടതും വലുതുമായ അതിർത്തി കാവൽസേനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ സേനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്.
Quotes
നിങ്ങൾ മനുഷ്യൻ ആയതുകൊണ്ട് മാത്രം വലിയവനാകുന്നില്ല, മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത് – മഹാത്‌മാഗാന്ധി