Fri. May 10th, 2024
manipur riot

കുക്കി പ്രദേശങ്ങളില്‍ പോപ്പി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കുക്കികള്‍ ആ തോട്ടങ്ങളില്‍ കൂലിയ്ക്ക് ജോലി ചെയ്യുന്നവരാണ്. അതിൻ്റെ ലാഭം മൊത്തം മയ്‌തേയികള്‍ക്കും മറ്റു സമ്പന്ന വിഭാഗങ്ങള്‍ക്കുമാണ്

മൊത്ബുങ്ങും ലയ്മക്കോമും കടന്ന് കുറച്ചു ദൂരം മുന്നോട്ട് പോയാല്‍ കാങ്‌പോക്പി നഗരത്തില്‍ എത്താം. മയ്‌തേയി തെരുവുകളില്‍ നിന്നും വ്യത്യസ്തമായി കാങ്‌പോക്പിയില്‍ വണ്ടി തടയാനും പരിശോധനകള്‍ നടത്താനും സ്ത്രീകള്‍ ഇല്ല. കുക്കി പ്രതിരോധ സേനയുടെ ചെക്ക്‌പോസ്റ്റ് കഴിഞ്ഞാല്‍പ്പിന്നെ വളരെ സ്വതന്ത്രമായി യാത്ര ചെയ്യാം. കുക്കി പ്രദേശങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യമാണ് ഇവരുടെ വസ്ത്രധാരണം.

മയ്‌തേയി സ്ത്രീകള്‍ പൊതുവെ അവരുടെ പരമ്പരാഗത വസ്ത്രമാണ് ധരിക്കുക. കല്യാണം കഴിഞ്ഞ സ്ത്രീകള്‍ പ്രത്യേകിച്ചും. എന്നാല്‍ കുക്കി സ്ത്രീകള്‍ ആവട്ടെ എല്ലാതരത്തിലുള്ള വസ്ത്രങ്ങളും ധരിക്കും. നമ്മുടെ നാട്ടിലെ പോലെ നൈറ്റി കള്‍ച്ചര്‍ ഇവിടെയില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ആണ് ഇവര്‍ കൂടുതലും ധരിക്കുന്നത്. മയ്‌തേയി, കുക്കി പുരുഷന്മാരുടെ പൊതുവായുള്ള വേഷം ടീ ഷര്‍ട്ടും, ഷോര്‍ട്‌സുമാണ്.

വസ്ത്രധാരണത്തില്‍ മാത്രമല്ല ഭക്ഷണത്തിലും ആചാരാനുഷ്ഠാനങ്ങളിലും എല്ലാം ഇത്തരത്തിലുള്ള വൈവിദ്ധ്യം പ്രകടമായിത്തന്നെ കാണാം. കാടുമായി ബന്ധപ്പെട്ട്  ജീവിക്കുന്ന കുക്കികളെ ഭക്ഷണകാര്യത്തില്‍ മയ്‌തേയികള്‍ വംശീയമായി അധിക്ഷേപിക്കുന്നത് പലതവണ നേരിട്ട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കാട്ടില്‍ മൃഗങ്ങളും മറ്റുജീവികളും ഇല്ലാത്തത് കുക്കികള്‍ തിന്നുന്നത് കൊണ്ടാണെന്നാണ് മയ്‌തേയികള്‍ പറയുന്നത്. 

kangpokpi entrance
കാങ്‌പോക്പി ജില്ലയിലേയ്ക്കുള്ള പ്രവേശന കവാടം Copyright@Woke Malayalam

ഒരു കിലോമീറ്റര്‍ മാത്രം വിസ്തൃതിയൊള്ളു കാങ്‌പോക്പി നഗരത്തിന്. നഗരത്തിൻ്റെ  ഒരറ്റത്താണ് എസ്പി ഒഫീസുള്ളത്. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ മനോജ് പ്രഭാകറാണ് കാങ്‌പോക്പിയിലെ എസ്പി. മണിപ്പൂരിന് പുറത്തു നിന്നുള്ള എസ്പി ആയതു കൊണ്ടുതന്നെ കലാപത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു വേർഷൻ അദ്ദേഹത്തില്‍ നിന്നും ലഭിച്ചു.

കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ബിഷ്ണുപൂരിൻ്റെ ചുമതലയിലായിരുന്ന അദ്ദേഹത്തെ പിന്നീട് കാങ്‌പോക്പിയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണുണ്ടായത്. കലാപവാര്‍ത്ത അറിഞ്ഞ ഉടനെ കാങ്‌പോക്പിയില്‍ ഉണ്ടായിരുന്ന മയ്‌തേയി ആയിരുന്ന എസ്പി ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപം രൂക്ഷമാവാന്‍ കാരണം ആരൊക്കെയോ പടച്ചുവിട്ടിരുന്ന അഭ്യൂഹങ്ങള്‍ ആയിരുന്നെന്നും വ്യാജ സന്ദേശങ്ങള്‍ ഓരോ ദിക്കിലും വ്യാപിച്ചത് കലാപത്തിൻ്റെ ആഴം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട്ടില്‍ ജനിച്ച്, അവിടത്തെ നിയമസംവിധാനത്തെയും പോലീസിനെയും കണ്ടുവന്ന ഒരാള്‍ ഇവിടേയ്ക്ക് ജോലിക്ക് വരുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതൊരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. രണ്ട് സംസ്‌കാരങ്ങളാണ്. ഞാന്‍ ഇപ്പോള്‍ ഞായറാഴ്ചകളില്‍ പോലും ഓഫീസിലാണ്. കുക്കികള്‍ക്കിടയിലും മയ്‌തേയികള്‍ക്കിടയും ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഈ തര്‍ക്കങ്ങള്‍ മുതലെടുത്തവര്‍ ആണ് ഇന്ന് കലാപം സൃഷ്ടിച്ചത്.

ആര്‍എസ്എസിൻ്റെ സ്വഭാവമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. മയ്‌തേയി മതക്കാര്‍ വൈഷ്ണവരാണ്. 1700കളിലാണ് ഇവിടേക്ക് ഹിന്ദു മതം വരുന്നത്. അതിന് മുമ്പ് വരെ അവര്‍ സനാമാഹിയാണ് പിന്തുടര്‍ന്നിരുന്നത്. സനാമാഹി അവരുടെ പുരാതന മതമാണ്. തെയ്യം പോലുള്ള സാംസ്‌കാരിക കലാരൂപവുമായി സാമ്യമുള്ളതാണ് അവരുടെ ആചാരങ്ങള്‍.

ഇപ്പോഴുള്ളവര്‍ സനാമാഹിയില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ചവരാണ്. ഇവര്‍ ആരാംബായി തെംഗോൽ  പോലുള്ള സാംസ്‌കാരിക സംഘടനകള്‍ രൂപീകരിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ സ്വാധീനം കാരണം അവര്‍ വിദ്വേഷം പടര്‍ത്താന്‍ തുടങ്ങി. അതാണ് ഇപ്പോള്‍ കലാപത്തില്‍ അവസാനിച്ചിരിക്കുന്നത്.

മെയ് 3ന് കലാപം തുടങ്ങുമ്പോള്‍ ഞാന്‍ ബിഷ്ണുപൂരിലുണ്ട്. ഏകദേശം മൂന്നര, നാലുമണി ആയിക്കാണും. എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയില്ല. ഒരു ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായപ്പോള്‍ മറ്റ് ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാവാന്‍ തുടങ്ങി. മയ്‌തേയികള്‍ പ്രകോപിപ്പിച്ചുവെന്നാണ് കുക്കികള്‍ പറയുന്നത്.

മയ്‌തേയികള്‍ക്ക് സംവരണം നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒരു സോളിഡാരിറ്റി മാര്‍ച്ച് നടത്തിയിരുന്നു. അതില്‍ നാഗകളും കുക്കികളും ഉള്‍പ്പെട്ടിരുന്നു. പക്ഷേ കുക്കികളുടെ വാഹനം മാത്രമാണ് തടഞ്ഞത്.

ക്വാക്തയില്‍ കുക്കികളുടെ കാര്‍ കത്തിച്ചു. ക്വാക്തയ്ക്കും തൊര്‍ബുങിനുമിടയില്‍ ആംഗ്ലോ കുക്കി യുദ്ധ സ്മാരകമുണ്ട്. അതിനു തീയിട്ടു. ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലാണ് ഇത് സംഭവിച്ചത്. പക്ഷേ ആരാണ് ചെയ്തതെന്ന് അറിയില്ല. അതാണ് പ്രശ്‌നമുണ്ടാകാന്‍ കാരണമായത്.

ഒരു ഭാഗത്ത് കുക്കികളും ഒരു ഭാഗത്ത് മയ്‌തേയികളും ആയതിനാല്‍ രണ്ട് പേരെയും ഞങ്ങള്‍ക്ക് നിയന്ത്രിക്കേണ്ടി വന്നു. ബിഷ്ണുപൂര്‍ പോലീസും ചുരാചന്ദ്പൂര്‍ പോലീസും ഒരു വശത്തും മയ്‌തേയി ആള്‍ക്കൂട്ടം മറുവശത്തും ഉണ്ടായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ഗ്രാമങ്ങളിലേക്ക് കടന്ന് വീടുകള്‍ കത്തിക്കാന്‍ തുടങ്ങി. 3 മണിക്കൂറിനുള്ളില്‍   30 മുതല്‍ 40 വീടുകള്‍ വരെ കത്തിച്ചു. അത് ശരിക്കും ഒരു യുദ്ധ ഭൂമിയായി മാറുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാം കത്തിനശിച്ചു. ശരിക്കും അത് വേദനാജനകമായ ഒരു കാഴ്ചയായിരുന്നു. ആദ്യം മയ്‌തേയികളുടെ വീടുകളാണ് കത്തിച്ചത്. പിന്നീട് ഇംഫാലിൽ താമസിച്ചിരുന്ന കുക്കികളുടെ വീടുകള്‍ കത്തിക്കാന്‍ തുടങ്ങി.

അതോടൊപ്പം, കുക്കി തീവ്രവാദികള്‍ കുന്നുകളില്‍ നിന്ന് ആളുകളെ കത്തിക്കാനും വെടിവെയ്ക്കാനും ഇറങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പരക്കാന്‍ തുടങ്ങി. കൂടാതെ മയ്‌തേയി സാധാരണക്കാര്‍ ആയുധങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാ പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും കൊള്ളയടിക്കപ്പെട്ടു. ആയുധവും വെടിക്കോപ്പും ലഭിച്ചയുടന്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കുക്കികളും ആയുധങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്. എന്നാല്‍ താരതമ്യേന എണ്ണം കുറവാണ്. കാങ്പോക്പിയില്‍ 150-ലധികം ആയുധങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ച്  തുടങ്ങിയിട്ടുണ്ട്. ഇംഫാല്‍ താഴ്വരയില്‍ കൊള്ളയടിച്ച 3500 ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. പോലീസ് ക്യാമ്പിലെ കൊള്ളയ്ക്ക് എൻ്റെ ഭാര്യ ദൃക്‌സാക്ഷിയാണ്.

kangpokpi town
കാങ്‌പോക്പി ടൗൺ Copyright@Woke Malayalam

മെയ് ഏഴിനാണ് ഞാന്‍ ഇവിടെ നിയമിതനാകുന്നത്. അതുവരെ ഇവിടുത്തെ എസ്പി മയ്‌തേയി ആയിരുന്നു. അദ്ദേഹം മെയ് മൂന്നിന് തന്നെ ഓടി രക്ഷപ്പെട്ടു. ഇവിടുത്തെ ആളുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.  വളരെ തന്ത്രപൂര്‍വമാണ് അവരെ നിയന്ത്രിച്ചത്. ഞാന്‍ മയ്തിയേയോ കുക്കിയേയോ കാണുന്നില്ലെന്നും ഇത് എൻ്റെ  ജില്ലയാണെന്നും അവരോട് പറഞ്ഞു. എൻ്റെ അധികാരപരിധിയില്‍ ഒരു ആക്രമണവും ഞാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. അവര്‍ക്കത് വിശ്വാസമായിരുന്നു.

ക്യാമ്പുകളിലും ഗ്രാമങ്ങളിലും സാധ്യമായ എല്ലായിടത്തും ഞങ്ങള്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഞാനും വ്യക്തിപരമായി ഓപ്പറേഷനുകള്‍ക്കായി പോയി. അതിനാല്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്.

ആക്രമിക്കാന്‍ ആളുകള്‍ വരുന്നു എന്ന റൂമര്‍ പ്രചരിക്കുമ്പോള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങും. വെടിയൊച്ച കേട്ടാല്‍ ഇപ്പുറത്ത് നിന്ന് ആരെങ്കിലും വെടിയുതിര്‍ക്കും. അവര്‍ മറ്റൊരു റൗണ്ട് വെടിയുതിര്‍ക്കുമ്പോള്‍ ഇവിടുന്ന്  രണ്ട് റൗണ്ട് വെടിവെയ്ക്കും. വൈകുന്നേരം എട്ട് മണിക്ക് ശേഷം അവര്‍ മദ്യപിച്ചിട്ടുണ്ടാകും. മദ്യ ലഹരിയിലും അവര്‍ പ്രകോപിപ്പിക്കാന്‍ ഒന്നോ രണ്ടോ റൗണ്ട് വെടിവെച്ച് ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്യും.

ജൂണ്‍ രണ്ടിന് എൻ്റെ ഭാര്യയെ വിമാനത്താവളത്തില്‍ കൊണ്ടു വിട്ടുമടങ്ങുമ്പോള്‍ മയ്‌തേയി ജനക്കൂട്ടം ആയുധവുമായി എൻ്റെ വാഹനത്തെ വളഞ്ഞു. സുരക്ഷാ സൈനികരോടോപ്പമാണ് ഞാന്‍ പോയത്. അതിനുശേഷം ഇംഫാലിലേയ്ക്ക് പോകാന്‍ എനിക്ക് ഭയമാണ്. സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം ആയിരുന്നു വന്നത്. വെടിവെക്കാന്‍ പരിശീലനം കിട്ടിയ ആളാണ് ഞാന്‍. എനിക്ക് വേണമെങ്കില്‍ വെടിവെച്ച് എല്ലാ ജനക്കൂട്ടത്തെയും ഓടിക്കാമായിരുന്നു. പക്ഷേ ഞാന്‍ വെടിയുതിര്‍ത്താല്‍ നിരപരാധികളായ സാധാരണക്കാര്‍ മരിക്കും. ഐജിയുടെ വാഹനം വരെ അവര്‍ കത്തിച്ചു.

ചുരാചന്ദ്പൂര്‍ മെഡിക്കല്‍ കോളേജിലെ മയ്‌തേയി പെണ്‍കുട്ടികളെ കുക്കികള്‍ ബലാത്സംഗം ചെയ്യുന്നുവെന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വെറും അഭ്യൂഹങ്ങള്‍ അല്ലായിരുന്നു. സാമൂഹിക ഘടനയില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ നിര്‍മിച്ചെടുത്ത ഒരുതരം സോഷ്യല്‍ എഞ്ചിനീയറിംഗ് ആയിരുന്നു. അതിന് ശേഷം കുക്കി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.

മണിപ്പൂരില്‍ മൊത്തം ഒമ്പത് ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എൻ്റെ  കണക്കുകൂട്ടല്‍ പ്രകാരം ഏകദേശം 25 ഓളം ബലാത്സംഗങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാവരും കുക്കി സ്ത്രീകള്‍ ആണ്. മയ്‌തേയികള്‍ പൊതുവേ സംസ്‌ക്കരമുള്ളവര്‍ ആയിരുന്നു. ഇപ്പോഴെന്താ ഇങ്ങനെ സംഭവിച്ചത് എന്ന് എനിക്കറിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ സ്ത്രീകള്‍ കൂടുതല്‍ ബഹുമാനിക്കപ്പെടാറുണ്ട്. നിങ്ങള്‍ക്ക് രാത്രിയില്‍ സ്വതന്ത്രമായി ഭയമില്ലാതെ യാത്ര ചെയ്യാം.

താഴ്‌വരയേയും കുന്നുകളെയും വേര്‍തിരിക്കുന്നത് ഒരൊറ്റ റോഡാണ്. കുന്നിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമങ്ങള്‍ എല്ലാം കത്തിനശിച്ചു. കേന്ദ്ര സേനയെ വിന്യസിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വെടിവെപ്പ് എപ്പോള്‍ നടക്കുന്നോ അപ്പോഴൊക്കെ അത് നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. കാങ്‌പോക്പി ജില്ലയില്‍ സംഘര്‍ഷം ബാധിച്ചിട്ടില്ല. കാങ്‌പോക്പിയുടെ പ്രാന്തപ്രദേശങ്ങളില്‍ എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്.

Kuki village
കുക്കി ഗ്രാമം Copyright@Woke Malayalam

ഏകദേശം 13000 പേര്‍ ഇവിടെ നിന്നും കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ ഇവിടെ കൃഷിയില്ല. പക്ഷേ ഞങ്ങള്‍ അവരെ കൃഷിയിലേക്ക് മടക്കിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം സമയമെടുക്കും. പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത്. എല്ലാവരും പരിഭ്രാന്തരാണ്.

നിരവധി വീടുകള്‍ കത്തിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചു. മണിപ്പൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാങ്‌പോക്പിയിലെ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ഡോക്യുമെന്റുകള്‍  എല്ലാം കത്തിച്ചു. ഇംഫാലില്‍ ക്വാര്‍ട്ടേഴ്‌സുകളും വസതികളും ഉള്ള നിരവധി കുക്കി പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ട്. അവര്‍ ജനിച്ചതും വളര്‍ന്നതും ഇംഫാലിലാണ്. ഇപ്പോള്‍ എല്ലാവരും രണ്ടും മൂന്നും കുടുംബത്തോടൊപ്പം ഒരു ക്വാര്‍ട്ടേഴ്‌സിലാണ് കഴിയുന്നത്.

ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍. ഏറ്റവും വലിയ പ്രശ്‌നം തങ്ങള്‍ക്ക് പ്രാതിനിത്യം ലഭിക്കുന്നില്ലെന്നും ഇവിടെ വികസനമില്ലെന്നും മലയോര ജനത അവകാശപ്പെടുന്നതാണ്. ഇവിടെ നല്ല കോളേജുകളില്ല. പക്ഷേ ഇംഫാലില്‍ രണ്ട് സര്‍വ്വകലാശാലകളുണ്ട്. എന്‍ഐടി, ഐഐടി കൂടാതെ ധനമഞ്ജരി കോളേജ്, മണിപ്പൂര്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവയുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ഇംഫാലിനെയാണ് ആശ്രയിക്കുന്നത്. കാങ്‌പോക്പിയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രമാണ് ഇംഫാലിലേക്കുള്ള ദൂരം

ഇവിടെ മയ്‌തേയികളെ കുക്കികള്‍ കൊലപ്പെടുത്തിയിട്ടില്ല. ഏകദേശം 2300 മയ്‌തേയികള്‍ ഇവിടെ നിന്നും കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്. കാങ്‌പോക്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പത് മരണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ അഞ്ച് പേര്‍ കുക്കികളും നാലു പേര്‍ മയ്‌തേയികളുമാണ്. നിരപരാധികളായ അഞ്ചു കുക്കി സാധാരണക്കാരെ അവര്‍ കൊന്നു.

കുക്കി ഗ്രാമങ്ങളെ ആക്രമിക്കുന്നതിനായി അവര്‍ ആയുധങ്ങളുമായാണ് എത്തിയത്. അതുകൊണ്ട് സുരക്ഷാ സേനയ്ക്ക് മയ്‌തേയികള്‍ക്കെതിരെ തിരിച്ചടിക്കേണ്ടി വന്നു. നാലു മയ്‌തേയികള്‍ അങ്ങനെയാണ് കൊല്ലപ്പെടുന്നത്. ഒരു സേനാംഗവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയില്‍ മയ്‌തേയികളുടെ വീടുകളേക്കാളും കുക്കികളുടെ വീടുകളാണ് കത്തിച്ചത്. കുറച്ച് സ്ഥലങ്ങളില്‍ മയ്‌തേയികളുടെ വീടുകള്‍ കത്തിച്ചെങ്കില്‍ പോലും ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

മണിപ്പൂരിലെ ചെറുപ്പക്കാര്‍ ലഹരികള്‍ക്ക് അടിമകളാണ്. നെറ്റ്ഫ്ലിക്സിൽ സീരിസ് ചെയ്യാനുള്ള അത്രയും ലഹരിക്കഥകള്‍ ഇവിടെയുണ്ട്. നാസി പട്ടാളക്കാര്‍ യുദ്ധത്തിനിടെ ഉപയോഗിച്ചിരുന്ന മയക്കുമരുന്നിൻ്റെ അതെ പ്രത്യേകതകള്‍ ഉള്ള മയക്കുമരുന്നുകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ദാബ എന്ന് പേരുള്ള ഈ ഡ്രഗ് കഫീൻ്റെ  മിശ്രിതം കലര്‍ന്നതാണ്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചാല്‍ പോലും ഇവര്‍ക്ക് ഏല്‍ക്കില്ല. എസ് പി മനോജ് പറഞ്ഞു.

കുക്കികള്‍ മയക്കുമരുന്ന് തീവ്രവാദികള്‍ ആണെന്ന് മയ്‌തേയികള്‍ ആരോപിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എസ്പിയുടെ മറുപടി ഇങ്ങനെയായിരുന്നു. കുക്കി പ്രദേശങ്ങളില്‍ പോപ്പി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കുക്കികള്‍ ആ തോട്ടങ്ങളില്‍ കൂലിയ്ക്ക് ജോലി ചെയ്യുന്നവരാണ്. അതിൻ്റെ ലാഭം മൊത്തം മയ്‌തേയികള്‍ക്കും മറ്റു സമ്പന്ന വിഭാഗങ്ങള്‍ക്കുമാണ്. 15000, 25000 രൂപ വരെയാണ് തൊഴിലാളികള്‍ക്ക് കിട്ടുക.

എന്നാല്‍ ലക്ഷങ്ങളാണ് ഇടനിലക്കാരും യഥാര്‍ത്ഥ ഉടമസ്ഥരും കുക്കികളെ കൊണ്ട് പണി എടുപ്പിച്ച് സമ്പാദിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കുമുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നത് മണിപ്പൂരില്‍ നിന്നാണ്. പോപ്പിഒപ്പിയം-കറുപ്പ്-ബ്രൗണ്‍ഷുഗര്‍-ഹെറോയില്‍ എന്നീ ഉല്‍പ്പനങ്ങള്‍ ആയാണ് മാര്‍ക്കറ്റില്‍ എത്തുക.

പോപ്പിയില്‍ നിന്നും ബാക്കിയുള്ള മയക്കുമരുന്നുകള്‍ പ്രാദേശികമായിതന്നെ നിര്‍മ്മിക്കുന്നതാണ്. എംഡിഎംഎയുടെ ഉപയോഗം വ്യാപകമാണ്. 60 രൂപ കൊടുത്താല്‍ 10 ഗ്രാം എംഡിഎംഎ ഇവിടെ ലഭിക്കും. കഞ്ചാവ് കൃഷി ഉള്ളത് കൊണ്ടുതന്നെ അതിൻ്റെ ഉപയോഗവും വ്യാപകമായിത്തന്നെ ഉണ്ട്. യഥാര്‍ത്ഥത്തില്‍ മണിപ്പൂര്‍ ലഹരിയുടെ ഒരു ഹബ്ബാണ്.

എന്തുകൊണ്ടാണ് കുക്കികള്‍ പോപ്പി കര്‍ഷകരായി മാറിയത് എന്ന എൻ്റെ ചോദ്യത്തിന് അവര്‍ക്ക് വേറെ തൊഴില്‍ ഇല്ലാത്തത് കൊണ്ടാണെന്നായിരുന്നു എസ്പിയുടെ മറുപടി. എല്ലാ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് താഴ്‌വരയിലാണ്. അതുകൊണ്ട് മലമേഖലകളില്‍ ജോലി സാധ്യതയും വളരെ കുറവാണ്.

കുക്കി ജനസംഖ്യയില്‍ ഭൂരിഭാഗവും പരമ്പരാഗത കര്‍ഷകരാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ കുക്കികള്‍ പോപ്പി കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ സാഹചര്യത്തെ വരേണ്യവര്‍ഗം മുതലെടുക്കുന്നു. എന്നിട്ട് കുക്കികള്‍ പോപ്പി കര്‍ഷകര്‍ ആണെന്ന് പറയുന്നു. ഇതാണ് ഇവിടുത്തെ അവസ്ഥ. എസ്പി പറഞ്ഞു.

മണിപ്പൂരിലെ മലയോര മേഖലയെ പോപ്പി കൃഷിയില്‍ നിന്നും മുക്തമാക്കും എന്നായിരുന്നു മുഖ്യമന്ത്രി ബിരേന്‍ സിംഗിൻ്റെ പ്രഖ്യാപനം. അതിനു വേണ്ടിയുള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ചുരാചന്ദ്പൂരിലെ വനമേഖലകളില്‍ നിന്നും കുക്കി-സോമി വിഭാഗക്കാരെ കുടിയിറക്കാന്‍ തുടങ്ങിയത്.  പോപ്പി കൃഷിക്കെതിരായ നടപടികള്‍ എന്ന നിലയില്‍ കുക്കി സമുദായത്തെ അടിച്ചമര്‍ത്തിയിരുന്നു ഭരണകൂടത്തിൻ്റെ  ശ്രമം.

യഥാര്‍ത്ഥത്തില്‍ മലയോര മേഖലയില്‍ പോപ്പി കൃഷിയുടെ ഗുണഭോക്താക്കള്‍ മയ്‌തേയികളിലെ വരേണ്യര്‍ അടക്കമുള്ള സമ്പന്ന വിഭാഗങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഉള്‍പ്പെട്ട ഒരു വിഭാഗമാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം മണിപ്പൂരില്‍ നടന്ന അറസ്റ്റുകളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. 

സംസ്ഥാനത്തെ മയക്കുമരുന്ന് വിരുദ്ധ സേനയായ നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് അഫയേഴ്‌സ് ഓഫ് ബോര്‍ഡര്‍ (എന്‍എബി) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്ത 2518 പേരില്‍ 381 പേര്‍ മയ്‌തേയികളും 1,083 മുസ്ലിങ്ങളും  873 കുക്കി-ചിന്‍ വിഭാഗക്കാരും 181 മറ്റുള്ള വിഭാഗക്കാരുമാണ്. ഈ കണക്കുകളില്‍ തന്നെ വ്യക്തമാണ് ആരാണ് പോപ്പിയില്‍ നിന്നും നേട്ടം കൊയ്യുന്നതെന്ന്.

2022-ലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായത് 658 എണ്ണം. 2023 മെയ് പകുതി വരെ 80 പേരെ എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പോപ്പി കൃഷിയിലും മയക്കുമരുന്ന് വ്യാപാരത്തിലും ഏര്‍പ്പെട്ടതിന് ഏതെങ്കിലും മ്യാന്‍മാര്‍ പൗരനെ അറസ്റ്റ് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നില്ല.

എന്‍എബിയുടെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15,497 ഏക്കര്‍ ഭൂമിയില്‍ പോപ്പി കൃഷി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 13,122 ഏക്കര്‍ ഭൂമി കുക്കി നിയന്ത്രിത പ്രദേശങ്ങളിലും 2,340 ഏക്കര്‍ നാഗ നിയന്ത്രിത പ്രദേശങ്ങളിലും 35 ഏക്കര്‍ മറ്റ് പ്രദേശങ്ങളിലുമാണ്.

കൂടാതെ, കുക്കി നിയന്ത്രിത പ്രദേശങ്ങളിലെ പോപ്പി കൃഷി 2017-18 ലെ 2,001 ഏക്കറില്‍ നിന്ന് 2021-22 ല്‍ 2,600 ഏക്കറായി വര്‍ദ്ധിച്ചതായും കാണാം. എന്നാല്‍ 2022-23 ല്‍ 804 ഏക്കറായി കുറഞ്ഞുവെന്ന് എന്‍എബിയുടെ കണക്കുകള്‍ കാണിക്കുന്നു. നാഗകളുടെ കീഴിലുള്ള പോപ്പി കൃഷി പ്രദേശങ്ങള്‍ 305 ഏക്കറില്‍ നിന്ന് 350 ഏക്കറായി വര്‍ദ്ധിച്ചതായും കാണാം. സര്‍ക്കാരിൻ്റെ കണക്കുകളാണിത്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഭരണകൂടം കുക്കി-സോമി ജനത്തിനു നേരെ മാത്രം നടപടികളുമായി മുന്നോട്ടു പോകുന്നത്.

മയ്‌തേയികള്‍ കുക്കികൾക്കെതിരെ ആരോപിക്കുന്ന മ്യാൻമാര്‍ കുടിയേറ്റത്തിൻ്റെ വസ്തുതയെ കുറിച്ചും മനോജ് പ്രഭാകര്‍ പറയുകയുണ്ടായി. ഇംഫാലില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിങ്ങള്‍ കാണേണ്ടതാണ്. ബസാര്‍ ഇന്ത്യയ്ക്കടുത്ത് അനധികൃത കുടിയേറ്റം നടക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നു.

മണിപ്പൂരില്‍ കൃത്യമായ അഭയാര്‍ഥി നയം ഇല്ല. അതുകൊണ്ട് തന്നെ മ്യാൻമാറില്‍ നിന്നും കുക്കികള്‍ എത്തുന്നുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെപോലെ ഇവിടേക്കും അഭയാര്‍ത്ഥികള്‍ എത്തിയിരുന്നു. കണക്കുകള്‍ എത്രയെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഭൂമിയുടെ പേരില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഇങ്ങോട്ട് എത്തുന്നതില്‍ മയ്‌തേയികള്‍ എതിര്‍ത്തിരുന്നു. അതെല്ലാം ഒരു പരിധിവരെ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ സ്വാധീനിച്ചിട്ടുണ്ട്., അദ്ദേഹം പറഞ്ഞു. 

imphal manipur
ഇംഫാൽ  Copyright@Woke Malayalam

മണിപ്പൂരിലെ കുക്കി-സോമി ഗോത്രക്കാര്‍ മ്യാൻമാര്‍ കുടിയേറ്റക്കാര്‍ ആണെന്ന പ്രചരണം ബിരേന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയത്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിട്ടിരുന്ന മ്യാൻമാര്‍ കൊളോണിയല്‍ കാലത്താണ് വിഭജിക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ പരസ്പരം പങ്കുവെക്കലുകള്‍ നടത്തിയിരുന്നത് അതിര്‍ത്തി വന്നതോടെ നിലച്ചു.

ഏകദേശം 400 കിലോമീറ്ററാണ് മണിപ്പൂര്‍-മ്യാൻമാര്‍ അതിര്‍ത്തി. മ്യാന്‍മാറിനെ കൂടാതെ ബംഗ്ലാദേശും മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. വംശീയവും ഭാഷാപരവും സാംസ്‌കാരികവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജനതകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിര്‍ബന്ധിതമായി ഭിന്നിക്കപ്പെടുകയാണുണ്ടായത്. എന്നിരുന്നാലും ഈ മേഖലകളിലെ ആളുകള്‍ തമ്മില്‍ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മൊറേയില്‍ പ്രകടമായിതന്നെ മ്യാന്മര്‍ കുക്കികളുടെ സാന്നിധ്യവും ഉണ്ട്. 

2021ല്‍ മ്യാന്‍മാറില്‍ നടന്ന സൈനിക അട്ടിമറിയ്ക്കു ശേഷം ചിന്‍ (കുക്കി-സോമി  ഗോത്രങ്ങളോട് ഭാഷാപരമായും സാംസ്‌ക്കാരികപരമായും സാമ്യമുള്ള ഗോത്ര വിഭാഗം) സമൂഹത്തില്‍ നിന്നുള്ള കുടിയേറ്റം മണിപ്പൂരില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചിന്‍ ജനതയ്ക്ക് അഭയം കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

രാഷ്ട്രീയ അഭയാര്‍ത്ഥി പദവിയെ സംബന്ധിച്ച 1951-ലെ യുഎന്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല എന്നതും അഭയാര്‍ത്ഥികളുടെ അവകാശത്തെ സംബന്ധിച്ച് വ്യക്തമായ ആഭ്യന്തര നിയമനിര്‍മ്മാണം നടത്തിയിട്ടില്ല എന്നതുകൊണ്ടും അഭയാര്‍ത്ഥി പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍ ഇന്ത്യ താല്പര്യം കാണിക്കാറില്ല. ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട ചിന്‍ ജനതയോടൊപ്പം അവരോട് സാമ്യമുള്ള കുക്കി-സോമി ജനതയും ഈ രീതിയില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടു. തല്‍ഫലമായി കുക്കി-സോമി സമൂഹത്തെ മൊത്തത്തില്‍ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുകയാണുണ്ടായത്. 

മ്യാൻമാറുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ജില്ലകളിലെ അനധികൃത കുടിയേറ്റം തടയാന്‍ ബിരേന്‍ സര്‍ക്കാര്‍ ബയോമെട്രിക് നിരീക്ഷണം, വീടുകള്‍ കയറി ഇറങ്ങിയുള്ള ആധാര്‍ പരിശോധന തുടങ്ങിയവ നടപ്പാക്കിയിരുന്നു. അനധികൃത കുടിയേറ്റമെന്ന് അവകാശപ്പെടുമ്പോഴും കുടിയേറ്റക്കാരുടെ വ്യക്തമായ കണക്ക് സര്‍ക്കാരിൻ്റെ  കൈവശമില്ല.

2012 മുതല്‍ 2023 ഫെബ്രുവരി വരെ 393 മ്യാന്‍മാര്‍ പൗരന്മാര്‍ സംസ്ഥാനത്ത് തടങ്കലിലായതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചുരാചന്ദ്പൂര്‍, തെങ്‌നൗപാല്‍, ചന്ദേല്‍ ജില്ലകളില്‍ കുടിയേറ്റക്കാര്‍ക്കായി താല്‍ക്കാലിക ഷെല്‍ട്ടറുകളും തടങ്കല്‍ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ (UNHCR) തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കില്ലെന്നും മൂന്നാം രാജ്യങ്ങളില്‍ പുനരധിവാസം നേടുന്നവര്‍ക്ക് പോലും എക്സിറ്റ് പെര്‍മിറ്റ് നല്‍കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുമ്പോഴും അഭയാര്‍ത്ഥി/കുടിയേറ്റ പ്രവാഹത്തെ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

മണിപ്പൂരിലും അതുതന്നെയാണ് സംഭവിക്കുന്നത്. മണിപ്പൂരിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി തന്നെ വിവര ശേഖരണം നടത്തുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് കേന്ദ്രം മണിപ്പൂരില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കുക്കികളുടെ കുടിയേറ്റം വ്യാപകമാണെന്നും അത് തുടര്‍ന്നാല്‍ മയ്‌തേയികള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും ഭൂമി അന്യാധീനപ്പെട്ടുപോകുമെന്നുമുള്ള പ്രചാരങ്ങള്‍ സംസ്ഥാന ബിജെപി സര്‍ക്കാര്‍ വ്യാപകമായി നടത്തിയിരുന്നു. ഈ അഭ്യൂഹങ്ങള്‍ മയ്‌തേയി സാധാരണക്കാര്‍ക്കിടയില്‍ വംശീയമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് അതിനെ ഇപ്പോഴുള്ള കലാപത്തിലേയ്ക്ക് എത്തിക്കുകയുമാണുണ്ടായത്.

FAQs

എന്താണ് ആർഎസ്എസ്?

ഒരു വലതുപക്ഷ ഹിന്ദു ദേശീയവാദ, സംഘടനയാണ് ആർഎസ്എസ്. എന്നചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം. കേശവ ബലിറാം ഹെഡ്ഗേവാറാണ് ആർഎസ്എസ് സ്ഥാപകൻ. ഇന്ത്യയിൽ നടന്ന നിരവധി വർഗീയ കലാപങ്ങളിൽ ആർഎസ്എസിന് പങ്കുള്ളതായി ഈ കലാപങ്ങളുടെ അന്വേഷണത്തിന്‌ നിയമിക്കപ്പെട്ട കമ്മീഷണുകൾ തങ്ങളുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് യുഎൻ?

ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യുഎൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

എന്താണ് എംഡിഎംഎ ?

ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ.  ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.

എന്താണ് എൻഐടി ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാണ്. എൻഐടി കൗണ്സിലിൻ്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ  സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 31 എൻഐടികളാണ് നിലവിലുള്ളത്.

Quotes

കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ട് പോകും – മഹാത്മാ ഗാന്ധി

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.