Sun. Apr 28th, 2024
bbc documentary

 കേസെടുക്കുന്നത് അവരോടുള്ള വിരോധം മൂലമോ അവർ കുറ്റവാളികളായതു കൊണ്ടോ അല്ല, മറിച്ച് നിയമവ്യവഹാരവുമായി മല്ലിട്ട് അവരുടെ കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അത് മറ്റ് വിദ്യാർത്ഥികൾക്ക് പാഠമാകാനും ഇനിയൊരു വിദ്യാർത്ഥിയും അനീതിക്കും ജനാധിപത്യ വിരുദ്ധതക്കുമെതിരെ ശബ്ദിക്കാതിരിക്കാനുളള മുന്നറിയിപ്പെന്നോണവുമാണ്

ലേഖനം എഴുതി തുടങ്ങുമ്പോൾ രാജ്യം എഴുപത്തേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയായിരുന്നു. ഒരു രാജ്യമെന്ന നിലക്ക് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ രാഷ്ട്രീയ മോചനം നേടിയ ദിനം. ഡൽഹിയിലെ ചെങ്കോട്ടയിൽ കയറി രാജ്യം ലോകത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനെ പറ്റി പ്രജാപതി കാഹളം മുഴക്കുന്നുണ്ട്. ഹരിയാനയിലെയും മണിപ്പൂരിലെയും മുറിവുകൾ ഉണങ്ങിയിട്ടില്ല. ഡൽഹി തെരുവുകളിലെ ഡിവൈഡറുകളിൽ തലചായ്ച്ച് ഉറങ്ങുന്ന പാവങ്ങൾ ഉണരുന്നതേയുള്ളൂ.

ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്ര പഠനത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയ മിസ്ഹബ് ബിൻ ഹംസ അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് നാട്ടിൽ പോയതാണ്. ഡൽഹിയിലെ പഠനം പൂർത്തിയായെങ്കിലും ഓഗസ്റ്റ് മാസം 25 ന് അദ്ദേഹത്തിന് ഡൽഹിയിൽ എത്തിച്ചേരൽ നിർബന്ധമാണ്. ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ മിസ്ഹബിനെതിരെ വിചാരണ നടക്കുന്നുണ്ട്. മിസ്ഹബ് മാത്രമല്ല പ്രതിപ്പട്ടികയിൽ മറ്റ് അഞ്ച് വിദ്യാർത്ഥികൾ കൂടിയുണ്ട്.

notice-from-maurice-nagar
കോടതിയിൽ ഹാജരാകാൻ മൗറിസ് നഗർ പോലീസ് സ്റ്റേഷനിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിച്ച സമൻസ്

രവീന്ദർ സിംഗ്, ദിനേശ് കുമാർ, അൻഷുൽ യാദവ്, അഷുതോഷ്, മലയാളിയായ സ്നേഹ സാറ ഷാജിഎന്നിവരാണ് മറ്റ് അഞ്ചുപേർ. കേന്ദ്ര സർക്കാറിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രതിഷേധിച്ചതാണ് ഇവർ ചെയ്ത തെറ്റ്. എഴുപത്തേഴാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ കോടതി വിധിയും കാത്തിരിക്കേണ്ടി വരുന്ന വിരോധാഭാസത്തിൻ്റെ സാക്ഷികളാണ് ഈ ആറു പേരും.

2023 ജനുവരിയിലാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി 2002 ലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ചും കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കുള്ള പങ്കിനെ പറ്റിയും രണ്ട് സീരീസുകളായുള്ള ഡോക്യുമെന്ററികൾ റിലീസ് ചെയ്തത്. ഉടനെ തന്നെ ഈ ഡോക്യമെന്ററികൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രമന്ത്രാലയം വിജ്ഞാപനമിറക്കി. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിമർശനാത്മകമായ അഭിപ്രായങ്ങളെയും ആശയങ്ങളെയും ആവിഷകാര പ്രകടനങ്ങളെയും നിരോധിക്കുന്നത് ജനാധിപത്യത്തിൻ്റെ മരണമണിയായേ കാണാനാവൂ.

Narendra Modi is the leader of the world’s largest democracy, a man who has been elected twice as India’s prime minister and is widely seen as the most powerful politician of his generation. Seen by the west as an important bulwark against Chinese domination of Asia, he has been courted as a key ally by both the US and the UK.
ഇന്ത്യ: ദ മോദി ക്വസ്റ്റിൻ (ബിബിസി ഡോക്യുമെന്ററി) പ്രദർശനം Screen-grab, Copyrights: Al Jazeera

ജനാധിപത്യത്തിൻ്റെ ചിറകുകൾ വെട്ടിമാറ്റുന്ന പ്രവണതകൾ ഉണ്ടായാൽ ഉത്തരവാദിത്ത ബോധമുള്ള പൗരന്മാർ പ്രതിഷേധിക്കും. ഒരു രാജ്യത്തെ വിദ്യാർത്ഥികളാണ് ആ രാജ്യത്തെ പുരോഗമന ആശയങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും വക്താക്കളായി ആദ്യം മുന്നോട്ടു വരുന്നത്. ആധുനിക ലോകത്തിൻ്റെ ചരിത്രത്തിൽ ഇതുവരെയും അങ്ങനെ തന്നെയായിരുന്നു. ഫ്രാൻസിലും ചൈനയിലും അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയിലും മുല്ലപ്പൂ വിപ്ലവകാലത്തെ പശ്ചിമേഷ്യയിലുമെല്ലാം അങ്ങനെ തന്നെയായിരുന്നു.

ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നിരോധിച്ചു കൊണ്ട് സർക്കാർ ആജ്ഞ പുറപ്പെടുവിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികളും ജനാധിപത്യ ലിബറൽ ആശയ വക്താക്കളും വിമർശനവുമായി രംഗത്തെത്തുകയുണ്ടായി. ഡോക്യുമെന്ററി രാജ്യത്തെ അപമാനിക്കുന്ന തരത്തിലാണ് എന്നായിരുന്നു സർക്കാർ ഭാഷ്യം.

2002 ലെ ഗുജറാത്ത് മുഖ്യമന്ത്രിയെ വിമർശിച്ചാൽ അതെങ്ങനെയാണ് രാജ്യത്തിന് അപമാനമാകുന്നത്? അന്ന് കലാപത്തിന് പിന്തുണ നൽകിയ മുഖ്യമന്ത്രി ഇന്ന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിരിക്കുന്നു എന്ന വസ്തുതയാണ് യാഥാർത്ഥത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപമാനം. നരേന്ദ്ര മോദിയെ വിമർശിച്ചാൽ അത് രാജ്യത്തോടുള്ള വിമർശനമായി കാണുന്നവർ രാജ്യത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. അത് ഏകാധിപത്യത്തിൻ്റെ ഭാഷയാണ്. ആ ഭാഷയും ഭാഷ്യവുമാണ് ജനാധിപത്യ ഇന്ത്യയ്ക്ക് ഏറ്റവും അപമാനം വരുത്തുന്നത്.

Vehicles on fire in Ahmedabad, India, on Feb. 28, 2002, the day 69 Muslims, mostly women and children, died in a compound set ablaze by thousands of Hindu men armed with stones, iron rods and bombs.Credit...Manish Swarup/Associated Press
ഗുജറാത്ത് കലാപത്തിൽ അഹമ്മദാബാദിൽ വാഹനം അഗ്നിക്ക് ഇരയാക്കുന്നു Screen-grab, Copyrights:                      Manish Swarup/Associated Press

സത്യം വിളിച്ച് പറഞ്ഞ ഒരു ഡോക്യുമെന്ററിക്ക് നേരെ സർക്കാർ നിലപാട് എടുത്തപ്പോൾ ഇന്ത്യയിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയയിലും ജെഎൻയുവിലും ഡൽഹി യൂണിവേഴ്സിറ്റിയിലും വിദ്യാർത്ഥികൾ ഒരു ഡോക്യുമെന്ററിയെ ഭയക്കുന്ന സർക്കാറിനെതിരെ പ്രതിഷേധിച്ചു. സി.എ.എ വിരുദ്ധ സമരത്തിന് ശേഷം രാജ്യം പടരുന്ന മറ്റൊരു പ്രതിഷേധ സമരമായി ഇത് മാറുമോ എന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, ഉടനെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

കേന്ദ്രത്തിൻ്റെ കയ്യിൽ മൂക്കുകയറുള്ള കേന്ദ്ര സർവകലാശാലകൾ ക്യാമ്പസ് കോമ്പൗണ്ടിനകത്ത് ഡോക്യുമെന്ററി പ്രദർശനം നടത്തുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. പുരോഗമന ആശയങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേദിയാകേണ്ട സർവകലാശാലകൾ ഭരണകൂടത്തിൻ്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ ടൂളുകളായി മാറുന്നത് ഒരു പക്ഷേ അടിയന്തരാവസ്ഥക്കാലത്തു പോലും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സംഭവ വികാസമാണ്.

അടിയന്തരാവസ്ഥക്കാലത്ത് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സീതാറാം യെച്ചൂരി വിദ്യാർത്ഥികൾക്കൊപ്പം നടന്നു നീങ്ങി ഇന്ദിരാ ഗാന്ധിയുടെ വസതിക്കുമുന്നിൽ പ്രതിഷേധിക്കുന്നതിൻ്റെ ചിത്രം ഇന്നും ലഭ്യമാണ്. അന്നത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണ് ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ.

ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡോക്യുമെന്ററി പ്രദർശനവും അറസ്റ്റും

ഇന്ത്യയിലെ വിരലിലെണ്ണാവുന്ന മികച്ച സർവകലാശാലകളുടെ കൂട്ടത്തിൽ ആദ്യ അക്കങ്ങളിൽ സ്ഥാനം പിടിക്കുന്ന സർവകലാശാലയാണ് ഡൽഹി യൂണിവേഴ്സിറ്റി. ലോകതലത്തിൽത്തന്നെ പ്രശസ്തരായ ധിഷണാശാലികളായ അക്കാദമിക്കുകൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൊമിലാ ഥാപ്പർ, അമർത്യ സെൻ, ബിപൻ ചന്ദ്ര, ആശിശ് നന്ദി, ഐജാസ് അഹ്മദ്, ശാഹിദ് അമീൻ തുടങ്ങിയവർ അതിൽ ചുരുക്കം ചിലരാണ്.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡൽഹി യൂണിവേഴ്സിറ്റിയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം മധ്യ- ഉപരിമധ്യ വർഗത്തിന് മാത്രം കൂടുതൽ ആശ്രയിക്കാവുന്ന സിസ്റ്റമാണ് ഡൽഹി യൂണിവേഴ്സിറ്റിയുടെത്. അതിനാൽ തന്നെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഉള്ളതു പോലെ ഇടത്-കീഴാള വിദ്യാർത്ഥി രാഷ്ട്രീയത്തിനു അത്ര വേരോട്ടമില്ല. ഇതാണ് ഹിന്ദുത്വ ഭരണകൂടം തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനുള്ള പരീക്ഷണശാലമായി ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കാനുള്ള ഒരു കാരണം.

കേന്ദ്ര സർക്കാർ ബിബിസി ഡോക്യുമെന്ററി പ്രദർശനം നിരോധിച്ചതിനെ തുടർന്ന് 2023 ജനുവരി 27 ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ക്യാമ്പസ് പരിസരത്ത് ബിബിസി ഡോക്യുമന്ററി സ്ക്രീനിംഗ് നടത്താൻ തീരുമാനിക്കുന്നു. ഉടനെ, ക്യാമ്പസിനകത്ത് അനുവാദമില്ലാതെ പ്രദർശനം നടത്തിയാൽ നടപടി നേരിടേണ്ടിവരുമെന്ന സർക്കുലർ യുണിവേഴ്സിറ്റി പുറത്തുവിടുന്നു.

വിദ്യാർത്ഥികൾ യുണിവേഴ്സിറ്റി നിർദേശം പാലിച്ച് യൂണിവേഴ്സിറ്റിയുടെ ആർട്സ് ഫാക്കൽറ്റിക്കു പുറത്ത് പ്രദർശനം നടത്താൻ ഒരുമിച്ച് കൂടി. പോലീസുകാരുടെ വൻപട ആദ്യമേ ക്യാമ്പസ് പരിസരത്ത് സജ്ജീകരിച്ചിരുന്നു. വിദ്യാർത്ഥികൾ ക്യാമ്പസിന്  പുറത്ത് പ്രദർശനം തുടരുമെന്നായപ്പോൾ പോലീസ് ഒരു കാരണവുമില്ലാതെ CrPC 144 പ്രഖ്യാപിക്കുന്നു.

Police personnel detain students for planning to screen the BBC documentary film ‘India The Modi Question’ at Delhi University Arts Faculty in New Delhi on January 27, 2023. Photo Credit PTI
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്ന പോലീസ് Screen-grab, Copyrights: PTI

CrPC 144 ൻ്റെ ബലത്തിൽ ക്യാമ്പസ് പരിസരത്ത് ഒരുമിച്ച് കൂടിയ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്യുന്നു. ഈ ഭരണകൂടവേട്ടക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും തടിച്ചു കൂടി. ധാരാളം വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെടുന്നു. ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ഡൽഹി യൂണിവേഴ്സിറ്റി പ്രോക്ടറിൻ്റെ കത്ത് വരുന്നു. നിർദ്ദിഷ്ട ദിവസം വിശദീകരണം നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് കത്തിൽ പറയുന്നു.

ലേഖകൻ ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾക്ക് പ്രോക്ടറിനു മുന്നിൽ ഹാജരായി ചെയ്യാത്ത കുറ്റത്തിന് ക്ഷമാപണ ലേഖനം സമർപ്പിക്കേണ്ടി വന്നു (ബിജെപി നേതാവും മുൻ ഡൽഹി മേയറുമായ രജിനി അബ്ബിയാണ് പ്രോക്ടർ). പക്ഷേ ഇതുകൊണ്ടൊന്നും യുണിവേഴ്സിറ്റി അധികൃതർ അടങ്ങിയില്ല. പഠിക്കാൻ വന്നാൽ പഠിച്ചു പോകണം, ഭരണകൂടത്തിനെതിരെയോ യുണിവേഴ്സിറ്റി നയങ്ങൾക്കെതിരെയോ ശബ്ദമുയർത്താൻ നിൽക്കരുത്, അത് അച്ചടക്ക ലംഘനമാണ് എന്ന ഭാഷ്യത്തോടെ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായ രണ്ട് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഡി-ബാർ പ്രഖ്യപിച്ചു.

NSUI നേതാവ് ലോകേഷ് ചഗും ഇടതു വിദ്യാർത്ഥി സംഘടനയായ BsCEM (Bhagat Singh Chhatra Ekta Manch) വക്താവ് രവീന്ദർ സിംഗുമാണ് ഡി-ബാർ നേരിട്ട രണ്ടു വിദ്യാർത്ഥികൾ. രവീന്ദർ സിംഗ് ഉൾപ്പടെ സ്നേഹ സാറ ഷാജി, ദിനേശ് കുമാർ, അൻഷുൽ യാദവ്, അഷുതോഷ്, മിസഹബ് ബിൻ ഹംസ എന്നീ ആറുപേർക്കെതിരെ FIR ഫയൽ ചെയ്യുകയും ചെയ്തു.

ഡി-ബാർ ചോദ്യം ചെയ്ത് ലോകേഷ് സമർപ്പിച്ച ഹരജയിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ജഡ്ജ് ബെഞ്ച് ഡി -ബാർ റദ്ദാക്കുകയുണ്ടായി. എന്നാൽ ആ വിധിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് ഡൽഹി യൂണിവേഴ്സിറ്റി. പ്രതിഷേധ സ്വരങ്ങളെയും വിയോജിപ്പുകളുടെ ജനാധിപത്യ അന്തരീക്ഷത്തെയും ഭരണകൂട ടൂളുകൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിയാണ് യൂണിവേഴ്സിറ്റി പരീക്ഷിക്കുന്നത്.

ഏഴെട്ടു പേർക്കെതിരെ കേസെടുക്കുന്നത് അവരോടുള്ള വിരോധം മൂലമോ അവർ കുറ്റവാളികളായതു കൊണ്ടോ അല്ല, മറിച്ച് നിയമവ്യവഹാരവുമായി മല്ലിട്ട് അവരുടെ കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അത് മറ്റ് വിദ്യാർത്ഥികൾക്ക് പാഠമാകാനും ഇനിയൊരു വിദ്യാർത്ഥിയും അനീതിക്കും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ ശബ്ദിക്കാതിരിക്കാനുളള മുന്നറിയിപ്പെന്നോണവുമാണ്.

വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്ഐആർ

FIR നേരിടുന്നവരിൽ ആറ് വിദ്യാർത്ഥികൾ കഴിഞ്ഞ ഏപ്രിൽ മാസം ഡൽഹി ടിസ് ഹസാരി കോടതിയിൽ വിചാരണയ്ക്ക് ഹാജരായതായിരുന്നു. അടുത്ത ഹിയറിംഗ് ഈ ആഗസ്റ്റ് 25 നാണ്. സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ കയറി രാജ്യം കുതിക്കുന്നു എന്ന് കാഹളം മുഴക്കുന്ന പ്രജാപതിയോട് പറയാനുള്ളത് ഈ രാജ്യത്തിൻ്റെ  ജനാധിപത്യ അന്തസ്സും പൗരൻ്റെ സ്വാതന്ത്ര്യ അവകാശവും താങ്കളുടെ ഭരണനയങ്ങൾക്കിടയിൽ നിലം പതിച്ചു കൊണ്ടേയിരിക്കുകയാണ്. താങ്കൾക്ക് ഇതു കണ്ട് നാണിക്കേണ്ടി വരില്ല. കാരണം ജനാധിപത്യ മൂല്യങ്ങൾക്ക് അയിത്തം കല്പിക്കുന്ന പ്രത്യയശാസ്ത്രത്തിലാണ് താങ്കൾ വിശ്വസിക്കുന്നത്.

FAQS

എന്താണ് ഇന്ത്യ: ദ മോദി ക്വസ്റ്റിൻ?

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റിൻ. ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കലാപം നടന്നത്. ഗുജറാത്ത് കലാപത്തെയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വഹിച്ച പങ്കിനെയും കേന്ദ്രീകരിച്ചാണ് ബിബിസിയുടെ രണ്ട് ഭാഗങ്ങളായുള്ള ഡോക്യുമെന്ററി.

ആരാണ് റൊമില ഥാപ്പർ?

ഇന്ത്യയിലെ ഒരു ചരിത്രകാരിയാണ്‌ റൊമില ഥാപ്പർ. ഭാരതചരിത്രമാണ് ഇവർ പ്രത്യേക പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചാബ് സർ‌വകലാശാലയിൽ നിന്ന് ബിരുദമെടുത്ത ഥാപ്പർ, 1958 ൽ ലണ്ടൻ സർ‌വകലാശാലയുടെ സ്കൂൾ ഓഫ് ഓറിയന്റെ ആൻഡ് ആഫ്രിക്കൻ സ്റ്റ്ഡീസിൽ നിന്ന് ഡോക്ടറേറ്റും നേടി. പിന്നീട് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രാചീന ഭാരതചരിത്ര വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

എവിടെയാണ് ചെങ്കോട്ട ?

പതിനേഴാം നൂറ്റാണ്ടിൽ ഡൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ പണികഴിപ്പിച്ച കോട്ടയാണ്  ചെങ്കോട്ട. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയും ഇടംപിടിച്ചിട്ടുണ്ട്.

എവിടെയാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല?

ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ. 1920 ലാണ്‌ ജാമിഅ മില്ലിയ സ്ഥാപിതമായത്. മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്ലിം  നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവകലാശാലയായി മാറുകയായിരുന്നു

Quotes

കേൾക്കരുത് എന്ന് ആളുകൾ ആഗ്രഹിക്കുന്നത് അവരെ അറിയിക്കുന്നതിനുള്ള അവകാശമാണ് സ്വാതന്ത്ര്യം – ജോർജ് ഓർവെൽ

By ലത്തീഫ് അബ്ബാസ്

മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അനുകാലിക വിഷയങ്ങളിൽ എഴുതുന്നു. ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, വളർച്ച തുടങ്ങിയ വ്യവഹാരങ്ങൾ ഇഷ്ടം. എല്ലാത്തിനുമുപരി ലോകത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവികളിൽ ഒരുവൻ