Tue. Jan 28th, 2025
Mamannan

സിനിമയിൽ  കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെകൂടി ഇത്തരം സംഘടിത വിഭാഗങ്ങൾ മഹത്വവത്കരിക്കുന്നത് ഈ വിഷയങ്ങളിൽ ഭരണകൂടത്തിന്‍റെ ഇടപെടൽ അനിവാര്യമാക്കുന്നു

#spoilers

മാരി സെൽവരാജിന്‍റെ മൂന്നാമത് സിനിമ മാമന്നൻ 2023 ജൂണിൽ തന്നെ തിയേറ്ററിൽ റിലീസ് ആവുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒടിടി റിലീസായതോടുകൂടി സിനിമയെക്കുറിച്ച് വളരെ ന്യൂനപക്ഷമെങ്കിലും പുതിയ രീതിയിലുള്ള ചർച്ചകൾക്ക് തമിഴ്നാട്ടിലും അതിനെത്തുടർന്ന് കേരളത്തിലും തുടക്കം കുറിച്ചിരിക്കുകയാണ്.

പരിയേറും പെരുമാൾ, കര്‍ണന്‍ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ ഒരു സിനിമ കൂടി പുറത്തേക്ക് വരുന്നത്. മാമന്നൻ എന്ന ലോക്കൽ രാഷ്ട്രീയ നേതാവിന്‍റെ വളര്‍ച്ചയും അയാൾ സ്വന്തം പാർട്ടിയിലെ ചില നേതാക്കളിൽ നിന്നും നേരിടുന്ന പ്രശ്നങ്ങളും, ആ പ്രശ്നങ്ങളെ അതിജീവിക്കുന്നതും സംസ്ഥാന ഭരണസിരാകേന്ദ്രത്തിലേക്ക് സ്പീക്കർ ആയി വിജയിച്ച് എത്തുന്നതുമാണ് മാമന്നന്‍റെ കഥ.

മാമന്നൻ അനുഭവിക്കുന്നത് വ്യക്തിപരമായ പ്രശ്നമാണെങ്കിൽ കൂടി അത് ഒരു സമൂഹത്തിന്‍റെ ആകെമൊത്തം പ്രശ്നമായി അടയാളപ്പെടുത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. അയാൾ അനുഭവിക്കുന്ന പ്രശ്നത്തിന്‍റെ പല അളവിലുള്ള ആക്രമണങ്ങൾ മറ്റുപലർക്കും ഏല്കുന്നതായും കാണിച്ചു തരുന്നു. ഒരുപക്ഷേ നായകനും നായകന്‍റെ മകനും അയാളുടെ കളിക്കൂട്ടുകാരും പ്രതിനായകനും അയാളുടെ ഭാര്യയും വരെ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സിനിമ കാണിക്കുന്നുണ്ട്. ആ പ്രശ്നവുമായി ഇടപെടുമ്പോൾ ആരെല്ലാം ക്രൂരമായി ആക്രമിക്കപ്പെടുന്നു ആർക്കെല്ലാം ഗുണങ്ങൾ ലഭിക്കുന്നു എന്നാണ് സിനിമ ചർച്ച ചെയുന്നത്.  സിനിമയെക്കുറിച്ച് നിലവിൽ ഒരു ന്യൂനപക്ഷം ചർച്ച ചെയുന്നത് പുതിയ രീതിയിലാണ്.

ഈ സിനിമയിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേൽ എന്ന പ്രതിനായക കഥാപാത്രത്തെ മഹത്വവത്കരിച്ചുകൊണ്ടാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് ഇത് ആരംഭിച്ചതെങ്കിലും ഇപ്പോൾ മലയാളികളും വിവിധ സിനിമാചർച്ചകളിൽ ഈ രീതി തുടരുന്നുണ്ട്. കേരളത്തിൽ ഇതിന് സമാനമായ സംഭവങ്ങൾ മുൻപ് നടന്നിട്ടുണ്ട്. “കുമ്പളങ്ങി നൈറ്റ്‌സ്” എന്ന സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രത്തെ മഹത്വവത്കരിച്ചുകൊണ്ടാണ് മുന്‍പ് ഇത്  സംഭവിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

Fahad Faasil
ഫഹദ് ഫാസില്‍ Screen-grab, Copyrights: Studio Flicks

സിനിമകള്‍ അസ്വസ്ഥപ്പെടുത്തുന്നത് ആരെ ?

അധീശത്വ ജാതിവിഭാഗങ്ങളെയും അവരുടെ ആക്രമണങ്ങളെയും അത്തരം ജീവിത രീതികളെയും മഹത്വവത്കരിക്കുന്നത് പുതിയ കാലത്ത് സംഘടിതമായി നടത്തപ്പെടുന്നു. കേരളത്തിലടക്കം സംഘടിത സവർണ സമുദായങ്ങൾ സാമൂഹിക മാറ്റത്തെ തടുത്തു നിർത്തുവാൻ നാമജപയാത്രയും, വനാവകാശ നിയമത്തിനെതിരെ സമരവും നടത്തുന്നത് സ്വാഭാവികമായിരിക്കുകയാണ്.

നവോഥാന നേതാവായ അയ്യങ്കാളിയെ അധിക്ഷേപിക്കുന്നതിനടക്കം പുതിയ യുവാക്കളുടെ കൂട്ടായ്മകൾ ശക്തമാകുകയാണ്. ആദ്യകാലങ്ങളിൽ ഇതെല്ലാം മൂല്യബോധങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും സ്വാഭാവികമായ ജീവിതരീതി ആയിരുന്നെങ്കിൽ ഇക്കാലയളവിൽ അതിന് സംഘടിതമായ ഒരു സ്വഭാവം കൂടി ഉണ്ടാകുന്നത് ജനാധിപത്യ വിശ്വാസികൾ കൂടുതൽ ജാഗരൂകരാകേണ്ടതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ഭയപ്പെടുകയല്ല മറിച്ച് അതിനെക്കൂടി നേരിടാൻ കൂടുതൽ സജ്ജരാകുക എന്നുള്ളതാണ് പ്രതിവിധി. അധീശത്വ വിഭാഗങ്ങളുടെ സംഘാടനം പുതിയ ലോകത്തിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

സിനിമയിൽ  കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെകൂടി ഇത്തരം സംഘടിത വിഭാഗങ്ങൾ മഹത്വവത്കരിക്കുന്നത് ഈ വിഷയങ്ങളിൽ ഭരണകൂടത്തിന്‍റെ ഇടപെടൽ അനിവാര്യമാക്കുന്നു. സിനിമ ആരെയൊക്കെ അസ്വസ്ഥമാക്കുന്നു എന്നതാണ് ഏറ്റവും സവിശേഷമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം എന്ന് കരുതപ്പെടുന്നു. ഒറ്റവാക്കിൽ ജാതിവെറിയരായ ബ്രാഹ്മണ്യമാണ് ഇതിന് പിന്നിൽ എന്നൊക്കെ പറഞ്ഞ് ഊഹങ്ങളിൽ എത്താമെങ്കിലും തമിഴ്‌നാടിന്‍റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത്, അതിൽ കൂടുതൽ സൂക്ഷ്മ പരിശോധ നടത്തേണ്ടത് അനിവാര്യമാണ്.

തമിഴ്നാട്ടിൽ ഈ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് സവർണ, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട യുവാക്കളുടെ പ്രതികരണമാണ്. തമിഴ്‌നാട്ടിൽ ദലിതർക്കെതിരെ അതിക്രമങ്ങളിൽ പിന്നോക്ക സമുദായങ്ങളുടെ സാന്നിധ്യം ശക്തമാണ്. ഹിന്ദുയിസം എന്ന ഒരേ വ്യവസ്ഥയിൽ വിവേചനത്തിന് ഇരയാകുന്ന ഈ പിന്നോക്ക വിഭാഗങ്ങളെ ദലിതർക്കെതിരെയും അവരുടെ ആത്‌മസക്ഷാത്ക്കാരങ്ങൾക്കെതിരെയും സംഘടിക്കുവാൻ പ്രാപ്തരാക്കുന്നത് എന്താണ് ?

https://twitter.com/JamesKL95/status/1685236530884026369?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1685236530884026369%7Ctwgr%5Ec84f6f9a31c7b31d855a686257749bb188185e9f%7Ctwcon%5Es1_&ref_url=https%3A%2F%2Fadmin.mediaoneonline.com%2Fmain.jsp

അത് മനസ്സിലാക്കണമെങ്കിൽ നാളിതുവരെ ഉണ്ടായിട്ടുള്ള സിനിമകളിൽ നിന്ന് പാ രഞ്ജിത്തും, മാരി സെൽവരാജും അടക്കമുള്ളവർ സെല്ലുലോയ്ഡിൽ ഉണ്ടാക്കിയെടുത്ത കീഴാളരുടെ വസന്തത്തിന്‍റെ സ്വഭാവം മനസിലാക്കണം.

അവരുടെ സിനിമകൾ ഒരു പുതിയ പ്രപഞ്ചത്തെ മുന്നോട്ടുവെയ്ക്കുന്നുണ്ട് നാളിതുവരെ ഇന്ത്യൻ സിനിമകൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത രീതിയിൽ അത് കീഴാളരെ കോരിത്തരിപ്പിക്കുന്നത് അതുകൊണ്ടാണ്. ആ പ്രപഞ്ചത്തിന് ഒരു സവിശേഷ സ്വഭാവമുണ്ട് അതാണ് ചിലരെ അസ്വസ്ഥപ്പെടുത്തുന്നത്.

കീഴാളരുടെ പ്രപഞ്ചങ്ങൾ

എന്താണ് മാരി സെൽവരാജിന്‍റെയും പാ രഞ്ജിത്തിന്റേയും സിനിമകളുടെ സവിശേഷതകൾ ? എന്തുകൊണ്ടാണ് അത് കീഴാളരെ കോരിത്തരിപ്പിക്കുന്നത് ? എന്തുകൊണ്ടാണ് അത് ചിലരെ അസ്വസ്ഥപ്പെടുത്തുന്നത് ?

ആ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്നുകൊണ്ട് തീരുമാനങ്ങളെടുത്ത് നടപ്പാക്കാൻ കഴിയുന്ന കീഴാളരാണ് അവരുടെ നായകന്മാർ എന്നതാണ്. തമിഴ് സിനിമയെന്നല്ല ഇന്ത്യൻ സിനിമയിൽ ആകെമൊത്തം എടുത്താൽ പോലും കഥയുടെ നിർണായകമായ ഇടങ്ങളിലൊന്നും ഇതിന് സമാനമായി കീഴാളരായ കഥാപാത്രങ്ങളോ അവരുടെ തീരുമാനങ്ങളോ സംഭവിക്കാൻ ഇടയില്ല. ഇനി കീഴാള കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ തന്നെ അനിയന്ത്രിതമായ രീതിയിൽ അതിക്രൂരമായ അതിക്രമങ്ങൾക്ക് ഇരയാകുന്ന രീതിയിലും അപരിഷ്കൃതരായ രീതിയിലും അവരെ ചിത്രീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

തേവർ മകനിലെ വടിവേലുവിന്‍റെ ഇസക്കിക്ക് ഏൽക്കുന്ന ആക്രമണം ഈ ഘടനയ്ക്ക് ഉദാഹരണമാണ്. യഥാർത്ഥ സംഭവമാണെങ്കില്‍ കൂടിയും ജയ് ഭിം എന്ന തമിഴ് സിനിമയുടെ വിജയ രഹസ്യം തന്നെ അതായിരുന്നു. മലയാളത്തിൽ മൃഗയ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, വിധേയന്‍, ബാംബൂ ബോയസ് എന്നീ സിനിമകൾ എല്ലാം ഇതേ മാതൃക തുടർന്നവയാണ്. ഇതിലേറെ സിനിമകളുടെ ഉദാഹരണങ്ങൾ പറയാമെങ്കിലും ഇതാണ് പൊതുവിൽ ഇന്ത്യൻ സിനിമ സാഹിത്യത്തിന്‍റെ ഘടനാപരമായ സ്വഭാവമെന്ന് മനസിലാക്കാൻ ഇത്രയും മതിയാകും.

Vadivelu Udayanidhi Stalin
വടിവേലു , ഉദയനിധി സ്റ്റാലിന്‍ Screen-grab, Copyrights:

അംബേദ്കറൈറ്റ് സ്കൂൾ സിനിമയിൽ ഇടപെടുന്നത് അതിനെപൊളിച്ചുകൊണ്ടാണ്. അത് സിനിമയുടെ സാഹിത്യ ഘടനയുടെ സ്വഭാവത്തെയാണ് മാറ്റുന്നത്. സമൂഹത്തിന്‍റെ ഘടനയിൽ അത് പുതിയ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയും അതിനെ ജനാധിപത്യവത്കരിക്കുന്നതിൽ ഇടപെടുകയും ചെയുന്നു. യൂറോപ്പിലെ നവോത്ഥാനകാലത്തിലെ സാഹിത്യത്തിന്‍റെ സ്വഭാവത്തിനുണ്ടായ മാറ്റത്തിന് സമാനമാണിത്. കാല്പനികതയില്‍ നിന്നും മനുഷ്യന്‍റെ ഏറ്റവും അടുത്തുള്ള പ്രശ്നങ്ങളിലേക്കുള്ള വളരെ ചടുലമായ ഒരു മാറ്റമാണ് അംബേദ്കറൈറ്റ് സ്കൂൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ അതിന് യൂറോപ്പുമായിട്ടുമില്ല മറിച്ച് അതിനേക്കാൾ പഴയ ബുദ്ധിസ്റ്റ് ജീവിതരീതികളുമായിട്ടാണ് ബന്ധമെന്ന വസ്തുത മറക്കാൻ കഴിയുന്നതല്ല.

കീഴാള തീരുമാനങ്ങൾ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെങ്ങനെ ?

ഈ നവതരംഗ സിനിമകൾ സാഹിത്യത്തിന്‍റെ  ഘടനയുടെ സവിശേഷത തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്ന കീഴാളരാണെന്ന് വ്യക്തമാക്കിയല്ലോ, എന്നാൽ അവ എന്തുകൊണ്ടാണ് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ? പ്രത്യേകിച്ചും തമിഴ്‌നാട്ടിലെ പിന്നോക്ക സമുദായ വിഭാഗങ്ങളിലെ യുവാക്കൾക്ക്. അത് മനസ്സിലാകണമെങ്കിൽ സാഹിത്യരൂപങ്ങളുടെയും ഭാഷയുടെയും ഘടനാപരമായ സവിശേഷതകളെക്കുറിച്ച് ഉൾക്കൊള്ളേണ്ടതുണ്ട്. അവ വ്യക്തമാക്കുന്നതനുസരിച്ച് ഇപ്പോഴുള്ള ഈ മാറ്റം കീഴാള കഥാപാത്രങ്ങൾ തീരുമാനങ്ങൾ നടപ്പാക്കുന്നതുകൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല, മറിച്ച് അതിന് അനേകം ചെറു ഘടകങ്ങളുൾച്ചേർന്ന വലിയ ഒരു വ്യവസ്ഥയുണ്ട്.

കീഴാളരുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്ന ഘടകം മാത്രമായാൽ കഥയുടെ ഘടനയിൽ അതിനൊരു അർഥം ഉണ്ടാക്കുന്നില്ല. അതായത് മനുഷ്യർക്ക് മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് തീരുമാങ്ങളെടുത്ത് നടപ്പാക്കാൻ കഴിയുന്നത് പല രീതിയിലാണെന്ന് മാക്സ് വെബര്‍ എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍  സൂചിപ്പിക്കുന്നുണ്ട്.

Pa Ranjith ,Mariselvaraj
പാ രഞ്ജിത്ത് , മാരി സെല്‍വരാജ് Screen-grab, Copyrights: Cinema Pettai

ചില മനുഷ്യർക്ക് പാരമ്പര്യ മൂല്യങ്ങളുടെയും അതിനനുസരിച്ച തത്വബോധങ്ങളുടെയും സഹായത്തോടെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയും (ഇന്ത്യൻ വ്യവസ്ഥയിൽ ബ്രാഹ്മണർക്ക് എളുപ്പത്തിൽ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നത് ഇങ്ങനെയാണ്). രണ്ടാമത്തെ തരം മനുഷ്യർക്ക് അവരുടെ വ്യക്തിപരമായ ഗുണങ്ങള്‍കൊണ്ട് അനേകം ആളുകളെ സ്വാധീനിക്കാനും അതുവഴി തീരുമാനങ്ങൾ നടപ്പാക്കാനും കഴിയും (നവോഥാന നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കു അതിന് കഴിയും). മറ്റുചിലർക്ക് ആധുനികമായ ഭരണകൂട സംവിധാനങ്ങൾ വഴി തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയും.

അംബേദ്കറൈറ്റ് സ്കൂളിൽ നിന്നുള്ളവരുടെ സിനിമകൾ കോരിത്തരിപ്പുണ്ടാക്കുന്നത് തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ അവരുടെ നായകന്മാർക്ക് പാരമ്പര്യമായ മൂല്യങ്ങളുടെ പിൻബലം ലഭിക്കാത്തതുകൊണ്ടും പാരമ്പര്യ മൂല്യങ്ങൾ അവരുടെ തീരുമാനങ്ങൾ നടപ്പാക്കാൻ തടസം ഉണ്ടാക്കുന്നതുകൊണ്ടുമാണ്. ആ കഥാപാത്രങ്ങളെല്ലാം മിക്കവാറും അവരുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ് അവയെ എതിർക്കുന്നതും തീരുമാനങ്ങൾ നടപ്പാക്കുന്നതും.

ഒരളവുവരെ ഈ കഥാപാത്രങ്ങള്‍ ആധുനിക ഭരണകൂട സംവിധാനങ്ങൾ വഴിയും തീരുമാനങ്ങള്‍  നടപ്പാക്കുന്നുണ്ട്. ഇന്ത്യൻ മുഖ്യധാരാ സാഹിത്യത്തിന്‍റെ വ്യവസ്ഥയ്ക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒരു അർത്ഥമാണിത്. അവയെ സംബന്ധിച്ച് ഒരു നായകന് അർത്ഥമുണ്ടാകുന്നത് പാരമ്പര്യ മൂല്യങ്ങളുടെയും വ്യവസ്ഥയുടെയും പിൻബലത്തിൽ അയാൾക്ക് തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുമ്പോഴാണ്.

തന്‍റെ അച്ഛൻ കൊട്ടിഘോഷിച്ച സവർണ മാടമ്പി അല്ലെന്ന് മനസിലാക്കി പൊട്ടിക്കരയുന്ന ദേവാസുരം എന്ന സിനിമയിലെ മോഹൻലാലിന്‍റെ നായക കഥാപാത്രം ഇതിന് ഉദാഹരണമാണ്. അവസാനം പിതൃത്വം ഒരു സവര്‍ണനില്‍ തിരികെയെത്തിച്ചപ്പോഴാണ് ആ സിനിമയുടെ ഘടന ആസ്വാദകർക്ക് തിരികെ ലഭിച്ചത് എന്നത് ഇന്ത്യൻ സിനിമയുടെ കഥാവ്യവസ്ഥയിലെ ലക്ഷണമൊത്ത ഘടകമാണ്. അതിന് പൂർണമായ അർഥം നൽകണമെങ്കിൽ അയാളെ ചുറ്റിപറ്റി കഥയുടെ ഓരങ്ങളിൽ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത വളരെ ദുർബലരായ സ്ത്രീകളും കീഴാളരും ആവശ്യമാണ്. എങ്കിൽ മാത്രമേ ഇന്ത്യൻ സമൂഹത്തിൽ നായകൻ എന്ന അർഥം പൂർണമായി ഉൾകൊള്ളാൻ ജനങ്ങൾക്ക് കഴിയുകയുള്ളു.

ഒരിക്കലും സ്വയം ഒരു തീരുമാനങ്ങളും എടുക്കാൻ കഴിയാത്ത സ്ത്രീകളും കീഴാളരും അവരെ സംരക്ഷിച്ചുകൊണ്ട് പാരമ്പര്യമായ മൂല്യങ്ങളുടെ പിൻബലത്തിൽ തീരുമാനങ്ങൾ നടപ്പാക്കുന്ന നായകൻ അതിനെതിരെ പ്രവർത്തിക്കുന്ന പ്രതിനായകൻ ഇതാണ് ഘടനയുടെ ആപേക്ഷികമായ ബന്ധം. ഘടകങ്ങളിൽ ഒന്നുണ്ടെങ്കിൽ മാത്രമേ മറ്റൊന്നിന് അർത്ഥമുണ്ടാകുന്നുള്ളു. ഓരോ ഘടകവും മറ്റു ഘടകവുമായി ഇത്തരത്തിൽ ആപേക്ഷികമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വ്യവസ്ഥ മുഴുവനായി മാത്രമേ കഥയ്ക്ക് മൊത്തത്തില്‍ ഒരു അർത്ഥമുണ്ടാക്കുന്നത്.

വലിയ വ്യവസ്ഥയിലെ ഈ ഘടകങ്ങളെല്ലാം പരസ്പരം അപേക്ഷികമായിട്ടാണ് സിനിമയിൽ മൊത്തത്തിലൊരു അർത്ഥമുണ്ടാക്കുന്നത്. നായകൻ പാരമ്പര്യ മൂല്യങ്ങളുടെ പിൻബലമില്ലാത്ത ഒരാളാണെങ്കിൽ അങ്ങനെ ഒരു നായകനെ സങ്കൽപ്പിക്കാൻ ഇന്ത്യൻ സാഹിത്യ ആസ്വാദകർക്ക് കഴിയാറില്ല. കാരണം മുൻപ് സൂചിപ്പിച്ച ഘടകങ്ങളെല്ലാം കൂടിയാണ് നായകൻ എന്ന അർത്ഥം ഉല്പാദിപ്പിക്കപ്പെടുന്നത്. പാരമ്പര്യ മൂല്യങ്ങൾ അടയാളപ്പെടുത്താത്ത വെറുതെ ഒരു വ്യക്തിയാണെങ്കിൽ ആ ഘടനയിൽ അയാൾ നായകനായി നിലനിൽക്കാൻ അത്രയെളുപ്പം കഴിയില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് അത് സ്വാധീനിക്കുകയുമില്ല.

ഇതേ രീതിശാസ്ത്രം ഉപയോഗിച്ചാലാണ് ഈ സ്കൂളിൽ നിന്നുള്ളവരുടെ സിനിമകൾ എന്തുകൊണ്ടാണ് ചിലരെ അസ്വസ്ഥരാക്കുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നത്. ഇവരുടെ സിനിമകളിൽ നായകന് പാരമ്പര്യ മൂല്യങ്ങളുടെ പിന്‍ബലമില്ലെന്ന് മാത്രമല്ല പ്രതിനായകൻ ഈ പാരമ്പര്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ എല്ലാ കരുത്തും ഉപയോഗിച്ചിട്ട് കൂടി നായകന് അയാളുടെ എതിർപ്പുകളെ മറികടക്കാനാകുന്നുണ്ട്.

തീരുമാനങ്ങൾ നടപ്പാക്കാനുള്ള കഴിവ് പല മനുഷ്യർക്ക് പല രീതിയിൽ ലഭ്യമായ വിഭവങ്ങളെ കേന്ദ്രീകരിച്ചിരിച്ചാണിരിക്കുന്നത്. സിനിമയിൽ കീഴാളർക്ക് കേവലം അവരുടെ വ്യക്തിപരമായ കഴിവുകളും ആധുനിക ഭരണകൂടവും മാത്രമുള്ളപ്പോൾ, കീഴാളരല്ലാത്തവരെ തീരുമാങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നത് പാരമ്പര്യമായി ലഭിക്കുന്ന മൂല്യങ്ങളുടെയും അതിനനുസരിച്ച അധികാരങ്ങളുടെയും സ്വത്തുക്കളുടെയും സമൂഹത്തിന്‍റെ മുഖ്യധാരയുടെയും പിന്തുണയുമാണ്.

എന്നിട്ട് പോലും പ്രതിനായകന് വിജയിക്കാൻ സാധിക്കാതെ വരുകയും, നായകന് പ്രതിനായകന്‍റെയും മുഖ്യധാരാ സമൂഹത്തിന്‍റെയും എതിർപ്പുകളെയും മറികടക്കുന്നു എന്നിടത്താണ് മാരി സെൽവരാജിന്‍റെ മാമന്നൻ കീഴാളരല്ലാത്തവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നത്.

Mari Selvaraj Udayanidhi Stalin
മാരി സെല്‍വരാജ്, ഉദയനിധി സ്റ്റാലിന്‍ Screen-grab, Copyrights: Only Kollywood

തമിഴ്നാട്ടിൽ അത് സവിശേഷമായും ദലിതരെക്കാൾ ആപേക്ഷികമായി മെച്ചപ്പെട്ട പിന്നോക്ക ജാതിവിഭാഗങ്ങളിലുള്ളവരെ കൂടിയായിരിക്കും ബാധിക്കുക. ദലിതർക്കതിരെ നടത്തുന്ന ആക്രമണങ്ങളിൽ പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യം കൂടി ഉണ്ടായിരിക്കുക കൂടി ചെയുമ്പോൾ അത് കൂടുതൽ ശക്തമാകുകയും ചെയ്യും എന്ന് നമുക്ക് മനസിലാക്കാം.

പാ രഞ്ജിത്തിന്‍റെ “സാർപട്ട പരമ്പരൈ ” അവസാനിക്കുന്നത് പ്രതിനായകന്മാരിൽ ചിലരെങ്കിലും ഇത്തരം ഘടകങ്ങളെ തിരിച്ചറിഞ്ഞ്  മെച്ചപ്പെട്ട മനുഷ്യരായി മാറുമ്പോഴാണ്. മാരി സെൽവരാജ് ഇത്തരം ശുഭപ്രതീക്ഷകൾ വെക്കാത്തതും ആസ്വാദകരെ കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരിക്കാം.

സിനിമ വിമർശിക്കുന്ന മൂല്യസംഹിത

അംബേദ്കറൈറ്റും സിനിമ നിരൂപകനുമായ ശ്യാം പ്രസാദിന്‍റെ അഭിപ്രായത്തിൽ രത്‌നവേൽ എന്ന കഥാപാത്രത്തെ ആഘോഷിക്കുന്ന സാഹചര്യം വളരെ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാകുന്നതിന് രണ്ട് കാരണങ്ങൾ കൂടിയുണ്ട്. ഫഹദ് ഫാസിൽ എന്ന നടന് ഉണ്ടാക്കുന്ന സ്ക്രീൻ പ്രസൻസും ഉദയനിധി സ്റ്റാലിന് അതിനനുസരിച്ച് മെച്ചപ്പെടാൻ കഴിയാതിരുന്നതുകൊണ്ടും. കീഴാളരെ അധികാരത്തിൽ ഇടപെടുന്നവരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് വളരെ കുറച്ചുസമയത്തേക്ക് ചർച്ചകളെ ഇത്തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നത്. എന്നാൽ അത് എല്ലാകാലവും നിലനിൽക്കുന്ന ഒന്നല്ല എന്ന് ശ്യാം അഭിപ്രായപ്പെട്ടു.

രത്‌നവേലിന്‍റെ കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ താൻ ജാതിവാദി അല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുമ്പോഴും മാമന്നന്‍റെ ഓരോ വിജയങ്ങളും അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനെ തടയിടാൻ ഒരു സ്വതന്ത്ര വ്യക്തിയായിപോലും സ്വയം മനസിലാക്കാതെ മറ്റുള്ളവരുടെ കാൽകീഴിൽ വീണ് ചെറുതാകാനും അയാൾ മടിക്കുന്നില്ല എന്നതാണ് ആ കഥാപാത്രത്തിന്‍റെ സവിശേഷത.

രത്‌നവേലിനെ സംബന്ധിച്ച് മാമന്നനെ അയാളുടെ യോഗ്യതകൾക്കുപരി അയാളുടെ സ്വതന്ത്രമായ മത്സരത്തിൽ നിന്നും അയാളെ പുറത്താക്കുക എന്നതാണ് ലക്ഷ്യം.  തീർച്ചയായും അത് മറ്റൊരു മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു തത്വശാസ്ത്രത്തിൽ കേന്ദ്രീകൃതമായ പാരമ്പര്യ മൂല്യവ്യവസ്ഥയിൽ നിന്നും വരുന്ന ഒന്നാണ്. അതിന്‍റെ പേരാണ് ഹിന്ദുയിസം അഥവാ ബ്രാഹ്മണ്യവ്യവസ്ഥ.

അവലംബം

‘ഇവൻ എങ്ക ആള് ഡാ’; മാമന്നനിലെ രത്‌നവേലിനെ ഹീറോയാക്കി ജാതി വീഡിയോകൾ
https://tinyurl.com/3mhjej5m

ഫഹദ് ഫാസിലിനെ വില്ലനാക്കി, മാരി സെൽവരാജിന് തെറ്റുപറ്റിയെന്ന് ട്വിറ്റർ
https://tinyurl.com/ycxbac6t

Video glorifying the upper caste villain and adding mass BGM; Social media with criticism

https://tinyurl.com/5n85j8tj

Giddens Anthony. 2001. Sociology. 4th ed. Cambridge Oxford: Polity Press ; Blackwell.

Umman, K.Z. (2015). FERDINAND DE SAUSSURE: STRUCTURALISM AND HIS ROLE IN MODERN LINGUISTICS.

FAQs

ആരാണ് അംബേദ്കറൈറ്റുകള്‍  ?

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബസാഹിബ് അംബേദ്കറിന്‍റെ ആശയങ്ങളെ പിന്തുടരുന്ന ആളുകള്‍ക്കും സംഘങ്ങള്‍ക്കും പൊതുവില്‍  പറയുന്ന പേരാണ് അംബേദ്കറൈറ്റുകള്‍.

എന്താണ് കാല്പ്പനികത ?

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ യൂറോപ്പിൽ ഉത്ഭവിച്ച കലാപരവും സാഹിത്യപരവും സംഗീതപരവും ബൗദ്ധികവുമായ പ്രസ്ഥാനമാണ് കാല്പ്പനികത.

ആരാണ് മാക്സ് വെബര്‍ ?

ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനും ചരിത്രകാരനും നിയമജ്ഞനും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് മാക്സിമിലിയൻ കാൾ എമിൽ വെബർ അഥവ മാക്സ് വെബര്‍, ആധുനിക പാശ്ചാത്യ സമൂഹ്യ വികാസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തികന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

ആരാണ് അയ്യങ്കാളി ?

കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.

Quotes

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതമാണ് എനിക്കിഷ്ടം

– ബാബസാഹിബ് അംബേദ്കര്‍ 

By അരവിന്ദ് ഇന്‍റിജനസ്

ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി