Sat. Nov 23rd, 2024

ഹോസ്റ്റല്‍ കെട്ടിടത്തിനകത്ത് ശുചിമുറികളില്ല. ആകെയുള്ളത് ആറ് ശുചിമുറികള്‍. ഇതില്‍ മൂന്നെണ്ണം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലും ബാക്കിയുള്ളത് കെട്ടിടത്തിന് പുറത്തുമാണ്. ഇതില്‍ തന്നെ പലതും ഉപയോഗ്യയോഗ്യമല്ല.

‘ഞങ്ങള്‍ക്ക് വേണ്ടത് കെട്ടുറപ്പുള്ള ഒരു കെട്ടിടമാണ്. വാസയോഗ്യമായ താമസസ്ഥലമാണ്’ ചാലക്കുടി ഗവ. ഗേള്‍സ് സ്‌കൂള്‍ വളപ്പിലുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളുടേയും ജീവനക്കാരുടേയും ഏറ്റവും വലിയ സ്വപ്നമാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എന്‍ഞ്ചിനീയറിങ്ങ് വിഭാഗം ഉപയോഗ്യയോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഈ കെട്ടിടത്തില്‍ ഒന്ന് മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളിലുള്ള നാല്‍പ്പതോളം കുട്ടികളാണ് താമസിക്കുന്നത്. തങ്ങള്‍ക്ക് മീതെയുള്ള മേല്‍ക്കൂര ഏതുനിമിഷം വേണമെങ്കിലും തകര്‍ന്നു വീണേക്കാം എന്ന ഭീതിയോടെയാണ് ഓരോ കുട്ടിയും ഇവിടെ അന്തിയുറങ്ങുന്നത്.

നടക്കണം കാലിടറാതെ

ഹോസ്റ്റല്‍ കെട്ടിടത്തിനകത്ത് ശുചിമുറികളില്ല. ആകെയുള്ളത് ആറ് ശുചിമുറികള്‍. ഇതില്‍ മൂന്നെണ്ണം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലും ബാക്കിയുള്ളത് കെട്ടിടത്തിന് പുറത്തുമാണ്. ഇതില്‍ തന്നെ പലതും ഉപയോഗ്യയോഗ്യമല്ല.

ശുചിമുറികളുടെ എണ്ണം പരിമിതമായതിനാല്‍ സ്‌കൂളില്‍ പോകുന്ന സമയം പലപ്പോഴും തിരക്കനുഭവപ്പെടുന്നത് അസൗകര്യമുണ്ടാക്കാറുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.കോണിപ്പടികള്‍ കയറി വേണം കുട്ടികള്‍ക്ക് ശുചിമുറികളിലെത്താന്‍. ‘പടികള്‍ കയറുമ്പോള്‍ പലപ്പോഴും വീഴുമോയെന്ന ഭയമുണ്ട്. രാത്രിയായാല്‍ ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലെന്നും സഹപാഠികളെ ഒപ്പം കൂട്ടിയാണ് പോകുന്നതെന്നും കുട്ടികള്‍ പറയുന്നു.

പരിസരം കാടുപിടിച്ചു കിടക്കുന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ഇഴജന്തുക്കള്‍ ഉണ്ടാകുമോ എന്ന ഭയവും കുട്ടികള്‍ക്കുണ്ട്. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ അകത്ത് ശുചിമുറികള്‍ നിര്‍മിക്കാനോ മറ്റ് അറ്റകുറ്റ പണികള്‍ക്കോ സാധിക്കില്ല.

chalakkudy tribal hostel
ചാലക്കുടി ട്രൈബൽ ഹോസ്റ്റലിന് പുറത്തെ ശുചിമുറികള്‍ Screen-grab, Copyrights: woke malayalam

 

വലയ്ക്കുന്ന മഴക്കാലം

മഴക്കാലമായാല്‍ ദുരിതത്തിന്റെ തോത് കുറച്ച് കൂടുതലാണ്. കെട്ടിടത്തിന്റെ പല ഭാഗത്തും ചോര്‍ച്ചയുണ്ട്. ടാര്‍പ്പായ വലിച്ചു കെട്ടിയാണ് അടുക്കള ഭാഗത്തെ ചോര്‍ച്ചയ്ക്ക് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

മഴ കുറച്ച് ശക്തിയായി പെയ്താല്‍ വരാന്തയില്‍ വെള്ളം കയറും. അതിനാല്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് അന്തേവാസികള്‍ പറയുന്നു. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ കൊതുകുകളും പെരുകുന്നു. കുട്ടികളില്‍ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമോയെന്ന ആശങ്കയും ഇവര്‍ തള്ളികളയുന്നില്ല.

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായാണ് നിലവിലെ ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പിന്നീട് 1998ല്‍ നായരങ്ങാടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അവിടേക്ക് മാറ്റിയ ശേഷമാണ് കെട്ടിടം പട്ടിക വര്‍ഗ വികസന വകുപ്പ് ഏറ്റെടുക്കുന്നത്. നിലവിലെ കെട്ടിടം നന്നാക്കിയെടുക്കാനായാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലേക്കും അവിടെ നിന്ന് ഡയറക്ടറേറ്റിലേക്കും അപേക്ഷ നല്‍കിയിരുന്നു.

സ്‌കൂള്‍ പരിസരത്തിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മിക്കണമെങ്കിലോ പുതുക്കി പണിയണമെങ്കിലോ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാല്‍ പുതിയ കെട്ടിടം നിര്‍മിക്കാം അല്ലെങ്കില്‍ വാടക കെട്ടിടത്തിലേക്ക് മാറാമെന്നാണ് ഉപദേശക സമിതി യോഗം ചേര്‍ന്നെടുത്ത തീരുമാനം. 40 സെന്റ് സ്ഥലമെങ്കിലും സൗജന്യമായി ലഭിച്ചാല്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പട്ടിക വര്‍ഗ വകുപ്പ് തയ്യാറാണ്. എന്നാല്‍ ഇതുവരെയും സ്ഥലം ലഭ്യമായിട്ടില്ല.

പുതിയ കെട്ടിടത്തിനായുള്ള കാത്തിരിപ്പ്

പുതിയ കെട്ടിടം പണികഴിപ്പിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ഹോസ്റ്റലിലെ കുട്ടികളെ അടിയന്തരമായി വാടക കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് നിലവിലെ തീരുമാനം. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഇതുവരെ വാടക കെട്ടിടം ലഭിച്ചില്ല.

40 കുട്ടികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കാന്‍ കഴിയുന്ന 3500 മുതല്‍ 5000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള കെട്ടിടമാണ് ആവശ്യമുള്ളത്. ഗവ. ഗേള്‍സ് സ്‌കൂള്‍ വളപ്പില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി സര്‍വ ശിക്ഷാ അഭിയാന്‍ കോടികള്‍ മുടക്കി കെജിവിബി ഹോസ്റ്റല്‍ നിര്‍മിച്ചിട്ടുണ്ട്.

KGBV girls hostel chalakkudy
ചാലക്കുടി ഗവ.ഗേള്‍സ് സ്കൂള്‍ വളപ്പിലെ കെജിബിവി ഹോസ്റ്റൽ Screen-grab, Copyrights: woke malayalam

കൂടുതല്‍ കുട്ടികളെ ഇവിടെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ട്രൈബല്‍ ഹോസ്റ്റലിലെ ഉയര്‍ന്ന ക്ലാസ്സിലുള്ള കുറച്ച് കുട്ടികളെ ഈ വര്‍ഷം ഇവിടേക്ക് മാറ്റിയിരുന്നു. മറ്റ് കുട്ടികളോട് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പലരും മാറാന്‍ തയ്യാറായില്ലയെന്നും പുതിയ കെട്ടിടത്തിനായി കാത്തിരിക്കുകയാണെന്നും ഹോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.