ദളിത് -ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തികളിലാരെങ്കിലും വാക്കുകൊണ്ടുപോലും ദ്രോഹിക്കപ്പെട്ടാൽ കാലതാമസം വരുത്താതെ നടപടിവേണമെന്ന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2022 ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയെണ്ണം 50900 ആണ്. ഇത് മുന്‍ വര്‍ഷത്തെ കണക്കുകളെക്കാള്‍ 1.24% കൂടുതലാണ്.രാജ്യത്ത് പട്ടികവര്‍ഗ്ഗ ജനതയ്ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഏതാണ്ട് 30% നടക്കുന്നത് മധ്യപ്രദേശിലാണ്. അത്രയും ഭീകരമാണ് മധ്യപ്രദേശിലെ ജാതിവെറിയുടെ കഥ.
രാജ്യത്തെ പട്ടികവര്‍ഗ്ഗങ്ങളുടെ സ്ഥിതി ഇപ്പോള്‍ കുറേക്കൂടി മോശമാണ്. ഇതേ വര്‍ഷം തന്നെ പട്ടികവര്‍ഗ്ഗ ജനത നേരിട്ടത് 8802 ആക്രമണങ്ങളാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 6.4% അധികമാണ്. ഈ നിരയിലെ ഏറ്റവും ഹീനമായ അതിക്രമമാണ് മധ്യപ്രദേശിലുണ്ടായത്. ചെയ്ത ജോലിക്ക് കൂലി ചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് പ്രതികരിച്ച ബിജെപി നേതാവ് കൂടിയായ പ്രവേശ് ശുക്ലയുടെ പ്രവര്‍ത്തി അവര്‍ത്തിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇന്ത്യയിലെ സവര്‍ണ്ണ ജനതയ്ക്കുള്ളില്‍ കാലാകാലങ്ങളായി വളര്‍ന്നു കൊണ്ടിരിക്കുന്ന ജാതി വിദ്വേഷമെന്ന സാമൂഹിക അര്‍ബുദത്തിന്റെ അവസ്ഥകളെയാണ്.
ബിജെപി എംഎൽഎ ആയ കേദാർനാഥ് ശുക്ലയുടെ വലംകൈയായ പ്രതി പ്രവേശ് ശുക്ലയെ സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തെങ്കിലും അതിനെ ബിജെപി സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമായിട്ടാണ് പൊതുവെ വായിക്കപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യംചെയ്യൽ കടുത്തതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ അനധികൃത നിർമിതിയാണെന്ന് ആരോപിച്ച് പ്രതിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി, ഇയാൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി കേസെടുക്കുകയും ചെയ്തു. കേദാർനാഥ് ശുക്ല എംഎൽഎ പ്രതി തന്റെ സഹായിയാണെന്ന് കാര്യം ഇതുവരെയും അംഗീകരിച്ചിട്ടില്ല.
മധ്യപ്രദേശിലെ ജാതി വിദ്വേഷത്തിന്റെ തീരാ കഥകള്‍
നാഷ്ണൽ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് പട്ടികവർഗ ജനതക്കുനേരെ ഏറ്റവുമധികം അതിക്രമങ്ങൾ നടമാടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. രാജ്യത്ത് പട്ടികവര്‍ഗ്ഗ ജനതയ്ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഏതാണ്ട് 30% നടക്കുന്നത് മധ്യപ്രദേശിലാണ്. അത്രയും ഭീകരമാണ് മധ്യപ്രദേശിലെ ജാതിവെറിയുടെ കഥ. ഇപ്പോള്‍ വിവാദമാകുന്ന ഈ സംഭവം പോലും പുറത്തറിയുന്നത് മാസങ്ങള്‍ക്കു ശേഷമാണ്. ഇങ്ങനെ എത്രയെത്ര ജാതി വിദ്വേഷത്തിന്റെ കഥകള്‍ ഇന്ത്യയിലുടനീളം കുഴിച്ചുമൂടപ്പെടുന്നുണ്ടാകും.
സ്കൂളിലെ കുടിവെള്ളപ്പാത്രത്തിൽനിന്ന് കുടിച്ചതിന് ഒരു ദളിത് ബാലനെ അധ്യാപകൻ തല്ലിക്കൊന്നിട്ട് വളരെ കുറച്ച് കാലമാകുന്നതേയുള്ളൂ. ദളിത് വിഭാഗത്തിൽ നിന്നുള്ള നവവരൻ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതും ഡോ. അംബേദ്കറെ വാഴ്ത്തുന്ന ഗാനം മൊബൈൽ ഫോണിലെ റിങ് ടോണാക്കുന്നതും മേൽജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നതുമെല്ലാം ഇന്ത്യയിലെ ജാതിക്കോമരങ്ങളെ ഏറെ അസ്വസ്ഥരാക്കിയ സംഭവങ്ങളാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നിട്ടും ഇത്തരം സംഭവങ്ങളില്‍ മേല്ജാതിവിഭാഗങ്ങളുടെ പ്രതികരണങ്ങള്‍ വളരെ ഹീനമായതായിരുന്നു.
കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ മധ്യപ്രദേശിലെ ചപ്പ്ര മേഖലയില്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ദളിതരും മേല്‍ജാതി വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 ദളിതരെയാണ് മര്‍ദ്ദിച്ച് അവശരാക്കിയത്. അതുപോലെ സ്കൂളുകളില്‍ ഉയര്‍ന്ന ജാതിയിലുള്ള അധ്യാപകരില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനം നേരിട്ട് നിരവധി ദളിത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ സംഭവങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ പണ്ടു ദളിതര്‍ക്ക് തറയില്‍ ഉമിനീര് വീഴാതിരിക്കാന്‍ കഴുത്തിനുചുറ്റി പാത്രം ധരിക്കേണ്ടി വന്നതും കാലടയാളം മണ്ണില്‍ പതിയാതിരിക്കാന്‍ അരയ്ക്ക് പിന്നില്‍ ചൂല് തൂക്കി നടക്കേണ്ടി വന്നതുമായ ഇന്ത്യയിലെ മുന്‍കാല ദളിത തലമുറയുടെ ജീവിതാവസ്ഥയില്‍ നിന്ന് വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്ന ബോധ്യമാണ്.
കീഴാളര്‍ക്ക് നേരെയുള്ള ആയിരക്കണക്കിന് അതിക്രമങ്ങള്‍ ഇന്ത്യയിലുടനീളം വര്‍ഷാവര്‍ഷം നടക്കുന്നുണ്ടെങ്കിലും അതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് പൊതുജനങ്ങളിലേക്ക് എത്തുന്നത്. നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന ജാതി വിദ്വേഷ പീഡനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സെന്‍സേഷനില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങള്‍ക്ക് പിന്നാലെ പോകാന്‍ മുന്‍നിര മാധ്യമങ്ങളടക്കം ആരും തന്നെ മെനക്കെടുന്നില്ല.
മറ്റൊരു പ്രധാന കാര്യം ഇന്ത്യയിലെ ഭൂരിഭാഗം മാധ്യമങ്ങളും തീവ്ര വലതുപക്ഷങ്ങളുടെ പിടിയിലായിക്കഴിഞ്ഞു എന്നതാണ്. ആദിവാസികൾക്കും ദളിതർക്കും മുസ്ലീങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ രാജ്യത്തിന്റെ ‘പൊതുമനഃസാക്ഷി’ക്ക് കാര്യമായ വേദനയൊന്നും തോന്നാറില്ല എന്ന തോന്നലും അവരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. ജാതിഭീകരതക്ക് വിരുദ്ധമായി നിലപാടെടുക്കുന്നവർക്കെതിരെ ഭരണകൂടം കരുതിവെച്ചിരിക്കുന്ന കനത്തശിക്ഷകളും മാധ്യമങ്ങളെയും പൊതുപ്രവർത്തകരെയും പിന്തിരിപ്പിക്കാനും ഭയപ്പെടുത്താനും പോന്നതാണ്.
കേരളത്തിൽ തന്നെ അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നത് മലയാളിക്ക് മറക്കാനാവാത്ത സംഭവമാണ്. വിശപ്പകറ്റാൻ കടയിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി മധുവിനെ തല്ലിക്കൊന്നത്.
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തി “വിചാരണ’ നടത്തിയ സംഭവവും അടുത്തകാലത്ത് വിവാദമായിരുന്നു. “വിചാരണ’യെത്തുടർന്ന് ഇയാളെ പരിസരത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ജാതീയമായ അസഹിഷ്ണുത മൂലം മുൻവിധിയോടെ വിശ്വനാഥനെ കുറ്റക്കാരനായി കണ്ടു എന്ന ആരോപണം അക്കാലത്ത് ഉയർന്നിരുന്നു.
മധ്യപ്രദേശിലെ ശിവപുരിയിൽ നർവാർ മേഖലയിലെ വർഖാദിയില് ലൈംഗികാതിക്രമത്തിന്റെ പേരിൽ രണ്ട് യുവാക്കളെ അക്രമാസക്തമായി മർദിക്കുകയും മലം വിഴുങ്ങാൻ നിർബന്ധിക്കുകയും തുടർന്ന് അപമാനകരമായി നഗരത്തിലൂടെ പരേഡ് നടത്തുകയും ചെയ്ത സംഭവം കഴിഞ്ഞ ജൂൺ 30ന് അരങ്ങേറിയിരുന്നു. രാജ്യത്തെ ജാതി വ്യവസ്ഥയുടെ താഴേത്തട്ടിലുള്ള രണ്ട് യുവാക്കൾ – ഒരാൾ ജാദവ് സമുദായത്തിൽ നിന്നുള്ള ഒരു ദളിതനും , മറ്റൊരാൾ കേവാട്ട് സമുദായത്തിൽ നിന്നുള്ളരൊളുമായിരുന്നു.
ഇന്ത്യയുടെ ഉള്ളിടങ്ങളില്‍ നിന്നും ഇപ്പോഴും പറിച്ചു മാറ്റാനാവാത്ത വളരെ ആഴത്തില്‍ ഉറഞ്ഞുപോയ ജാതിവെറിയുടെ അവശേഷിപ്പുകളാണ് ഇവ ഓരോന്നും.
കീഴാളനുമേല്‍ മൂത്രമൊഴിക്കുന്ന മേലാളന്
പ്രവേശ് ശുക്ല, ജാതി കൊടുത്ത സാമാന്യബോധത്തിലാണ് മറ്റൊരു മനുഷ്യന്റെ തലയില്‍ മൂത്രമൊഴിക്കുന്നത്. അതും ഒരു ആദിവാസിയുടെ ശരീരത്തിലേക്ക്. വെറുപ്പ് ഒരു കുറ്റമല്ലെന്ന് വരുത്തിത്തീർക്കുന്ന മനോനില ജാതിയുടേതാണ്. തന്നോട് ചെയ്യാവുന്നതില്‍ ഏറ്റവും ഹീനമായൊരു കൃത്യം ചെയ്ത പ്രതിയോടായി ഇരയായ ആദിവാസി യുവാവ് പറഞ്ഞത് ചെയ്തതിലെ തെറ്റ് ഏറ്റു പറഞ്ഞ അയാളെ വെറുതെ വിടണമെന്നാണ്. കീഴാളന്റെ ഈ ക്ഷമ പോലുമുണ്ടാകുന്നത് സാമൂഹികമായി അവനെ അടിമയാക്കി നിലനിര്‍ത്തുന്ന ഇവിടുത്തെ ജാതി വ്യവസ്ഥയും അതിലൂടെ കീഴാളനിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിധേയത്വത്തിലൂടെയുമാണ്.
ഈ വര്‍ഷാവസാനത്തോടെ മധ്യപ്രദേശില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്, ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് സംഭവത്തിനു രാഷ്ട്രീയ നിറം കൈവരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ പോന്നതാണ്.
വിവാദമായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആദിവാസി യുവാവിനെ കണ്ട് അദ്ദേഹത്തിന്റെ കാല് കഴുകുകയും മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ചൗഹാന്റെ നടപടി വെറും നാടകമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ആദിവാസി യുവാവിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് അനുവദിക്കുകയും ചെയ്തു. അതേസമയം പ്രതിയുടെ വീട് പൊളിക്കുന്നതിനെതിരെ ബ്രാഹ്മണ സംഘടനകള്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതാണെന്നും അതിന്റെ ഭാഗമായി കുടംബത്തെ ശിക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു സംഘടനകളുടെ വാദം.