ഗുജറാത്ത് കലാപവുമായി (2002) ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ഗുജറാത്ത് ഹൈക്കോടതിയെ തള്ളി ജൂലൈ രണ്ടിന് രാത്രി 9.15 ഓടെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി എത്രയും വേഗം കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കീഴടങ്ങാനായി 30 ദിവസത്തെ സാവകാശം നല്‍കണമെന്ന് ടീസ്റ്റ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നിര്‍സാര്‍ ദേശായി അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ടീസ്റ്റ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിനെ സമീപിക്കുന്നത്.2022 ജൂണ്‍ 25 നായിരുന്നു ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത്
ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ടീസ്റ്റ സെതല്‍വാദിന് ഹൈക്കോടതി കുറച്ച് സമയം നല്‍കണമായിരുന്നുവെന്ന് പറഞ്ഞെങ്കിലും
ജസ്റ്റിസ് പി കെ മിശ്ര ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കുന്നതിനോട് വിയോജിപ്പ് അറിയിക്കുകയായിരുന്നു.
എന്നാല്‍ രാത്രി 9.15 ഓടെ കേസ് പരിഗണിച്ച ജസ്റ്റിസ് ബി ആര്‍ ഗവായ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ഒരാഴ്ചത്തെ സാവാകാശം നല്‍കിയിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്നും കോടതി ചോദിച്ചു. ഈ രീതി മുന്‍പൊന്നും രാജ്യത്ത് കണ്ടിട്ടില്ലാത്തതാണെന്ന് പറഞ്ഞ കോടതി, ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കുന്നത് എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സ്വരം കടുപ്പിച്ച് സംസാരിക്കേണ്ട സാഹചര്യം വരെയുണ്ടായി.
കേസില്‍ 2022 ജൂണ്‍ 25 നായിരുന്നു ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത്. ടീസ്റ്റക്കൊപ്പം മലയാളിയും മുന്‍ ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് നടന്നത്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെട്ടവരുടെ കേസുകള്‍ ഏറ്റെടുത്തതോടെയാണ് ടീസ്റ്റ മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായി മാറിത്തുടങ്ങിയത്.
ടീസ്റ്റ സെതല്‍വാദിന്റെ നിരന്തരമായ പോരാട്ടത്തെ തുടര്‍ന്നാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ വരെ നിയോഗിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപ സമയത്ത് 18 ദിവസത്തോളം അവിടെയുണ്ടായിരുന്ന ടീസ്റ്റ, കലാപ ബാധിത പ്രദേശങ്ങള്‍ സഞ്ചരിച്ചും ഇരകളെ സന്ദര്‍ശിച്ചുമാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.
ശേഖരിച്ച തെളിവുകള്‍ ടീസ്റ്റ ദേശീയ മനുഷ്യാവകാശാ കമ്മീഷനും മാധ്യമങ്ങള്‍ക്കും കൈമാറുകയും ചെയ്തു. കലാപുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നുണ്ടായ ഭീഷണിപ്പെടുത്തലുകളും ഭയത്തെയും തുടര്‍ന്ന് സാക്ഷികള്‍ കൂറുമാറാന്‍ തുടങ്ങിയതോടെ, ഗുജറാത്ത് കലാപക്കേസുകള്‍ മറ്റൊരു സംസ്ഥാനത്തേക്ക് വിചാരണ മാറ്റണം എന്ന് ആവശ്യപ്പെട്ട് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ അനുകൂല ഉത്തരവിനെ തുടര്‍ന്ന് 4600 കേസുകളില്‍ 2100 എണ്ണം ഗുജറാത്തിന് പുറത്തേക്ക് വിചാരണയ്ക്കായി മാറ്റുകയുണ്ടായി.
എന്നാല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ടീസ്റ്റ സഹഹര്‍ജിക്കാരി ആയതോടെയാണ് മോദിയും കൂട്ടരും നിരന്തരമായി അവരെ വേട്ടയാടാന്‍ തുടങ്ങിയത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാകിയ ജാഫ്രിയുടെ ഹര്‍ജി. ഇഹ്‌സാന്‍ ജാഫ്രിയടക്കം 68 പേരെ കൊലപ്പെടുത്തിയ ഗുല്‍ബെര്‍ഗ് സൊസൈറ്റിയിലെ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു സാകിയ ജാഫ്രി.
സാകിയ നടത്തിയ നിയമപോരാട്ടത്തിന് ഒപ്പമുണ്ടായിരുന്നത് ടീസ്റ്റയും ആര്‍ ബി ശ്രീകുമാറുമായിരുന്നു. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് വാദിച്ച ടീസ്റ്റ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ടീസ്റ്റയുടെ ഈ ആവശ്യം ഹൈക്കോടതി തള്ളിയതോടെ അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് കോടതി 2008 മാര്‍ച്ചില്‍, നടന്ന കാലപത്തെക്കുറച്ച് സമഗ്രമായി അന്വേഷണം നടത്തുന്നതിനായി മുന്‍ സിബിഐ മേധാവിയായിരുന്ന ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
അന്വേഷണം നടത്തിയ ഈ സംഘം കലാപത്തില്‍ കേസ് എടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് കാട്ടി മോദിയുള്‍പ്പടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ഇതോടെ 2013 ല്‍ സംഭവത്തില്‍ നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് കാട്ടി വിചാരണ കോടതി വിധി പുറപ്പെടുവിച്ചു.വിചാരണ കോടതിയുടെ വിധിക്കെതിരെ സാകിയയും ടീസ്റ്റയും വീണ്ടും നിയമപോരാട്ടം നടത്തുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു സാകിയ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയിലും ഇരുവര്‍ക്കും തിരിച്ചടി നേരിട്ടു. 2022 ജൂണ്‍ 24 ന് സാകിയയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്ക് മെറിറ്റ് ഇല്ലെന്നും പ്രത്യേക അന്വേഷണ സംഘം 2012-ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹര്‍ജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നുവെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞത്.
കൂടാതെ മോദി സര്‍ക്കാരില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ മൊഴികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും അത്തരക്കാരെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഈ വിധി വന്ന പിറ്റേ ദിവസം 2022 ജൂണ്‍ 25 നായിരുന്നു ടീസ്റ്റയുടെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റ് നടന്നത്.
വ്യാജ തെളിവ് ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. അന്വേഷണ സംഘത്തിന് മുന്‍പായി സാക്ഷികളുടെ വ്യാജ മൊഴികളാണ് ടീസ്റ്റ സെതല്‍വാദ് സമര്‍പ്പിച്ചതെന്നായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്ന ടീസ്റ്റ പലതവണ ജാമ്യഹര്‍ജി നല്‍കിയെങ്കിലും അവ പരിഗണിക്കാതെ നീട്ടിവെയ്ക്കുകയായിരുന്നു.
ആദ്യം ടീസ്റ്റ സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജി ജൂലൈ 30 ന് അഹമ്മദാബാദ് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ആറ് ആഴ്ചത്തേക്ക് നീട്ടിവെച്ചു. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം ലഭിക്കുന്നതും ജയില്‍ മോചിതയാകുന്നതും. വീണ്ടും ഹര്‍ജി പരിഗണിക്കവെയാണ് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയോട് കീഴടങ്ങണമെന്നാവശ്യപ്പെട്ടത്.
ഇതുമാത്രമല്ല, മറ്റു ദ്രോഹനടപടികളും ടീസ്റ്റയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. ടീസ്റ്റയുടെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയ്‌ക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നിയമ സഹായങ്ങള്‍ നല്‍കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും നടത്തുന്ന സബ്‌രംഗ് എന്ന എന്‍ജിഒയുടെ രജിസ്ര്‌ടേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. എന്‍ജിഒയ്ക്ക് ലഭിച്ച പണം വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു നടപടി.
ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സബ്‌രംഗ് ട്രസ്റ്റ് വഴി ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ടീസ്റ്റ സജീവമായി ഇടപെട്ടിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും ടീസ്റ്റയെ ഉപദ്രവിച്ചിരുന്നു. എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സംഭാവന കൈപ്പറ്റുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞും ടീസ്റ്റയ്‌ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.
ഇതേ തുടര്‍ന്ന് 2015 ജൂലൈയില്‍ ടീസ്റ്റയുടെ മുംബൈയിലെ വീട്ടിലും സന്നദ്ധ സംഘടനയുടെ ഓഫിസിലും പരിശോധന നടത്തുകയും ചെയ്തു. സംരക്ഷണം തേടി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് 2015 സെപ്റ്റംബറില്‍ കോടതി നിര്‍ദേശിച്ചു.
ടീസ്റ്റയുടെ അറസ്റ്റിന് പിന്നാലെ മുത്തച്ഛന്‍ മോത്തിലാല്‍ സെതല്‍വാദിനെയും എതിരാളികള്‍ പ്രതിക്കൂട്ടിലാക്കിയിരുന്നു. രാജ്യത്തെ ആദ്യത്തെ അറ്റോര്‍ണി ജനറലായിരുന്നു മോത്തിലാല്‍ സെതല്‍വാദ് എന്ന എം സി സെതല്‍വാദ്. ഇന്ത്യയുടെ നിയമപരിഷ്‌കരണത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു കണ്ടെത്തിയത് അദ്ദേഹത്തെയായിരുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടത്തിയ ജനറല്‍ ഡയറിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചത് മോത്തിലാല്‍ സെതല്‍വാദാണെന്ന് പ്രചരിപ്പിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ടീസ്റ്റയെ ആക്രമിച്ചത്. ടീസ്റ്റയുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു 1957ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തെ പൊതു സമൂഹം ക്രൂശിച്ചത്. പിന്നീട് ചരിത്രരേഖകള്‍ സത്യങ്ങള്‍ തെളിയിക്കുകയായിരുന്നു.
കലാപബാധിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ടീസ്റ്റ ഈ ആക്രമണങ്ങളെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. ടീസ്റ്റയുടെ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു 2002 ലെ ഗുജറാത്ത് കലാപബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചത്. 2007 ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ടീസ്റ്റ സെതല്‍വാദിനെതിരെയാണ് പ്രതികാരനടപടിയെന്നോണം ഇവയെല്ലാം നടക്കുന്നത്. ഇപ്പോള്‍ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും
ടീസ്റ്റയ്ക്ക് ഇനിയും കോടതികള്‍ കയറി ഇറങ്ങേണ്ടി വരും.