ഹ രിയാന സര്‍ക്കാര്‍ 2015 ൽ പാസാക്കിയ ഗോവംശ് സംരക്ഷണ്‍ ആന്റ് ഗോസംവര്‍ധന്‍ ആക്ടിന്റെ 16, 17 വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേവത് സ്വദേശികളായ ഗ്രാമീണര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചു. പശുസംരക്ഷണത്തിന്റെ പേരില്‍ അതിക്രൂരമായ ആള്‍ക്കൂട്ടകൊലപാതകങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.1880 കളിലും 1890 കളിലുമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി കലാപങ്ങള്‍ ആവര്‍ത്തിച്ച് നടന്നിരുന്നു
മിക്ക സംസ്ഥാനങ്ങളും പാസാക്കിയ പശുസംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഗോരക്ഷകര്‍ അതിക്രമങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ മാംസക്കച്ചവടക്കാരായ നിരവധിയാളുകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നതിനെ തുടര്‍ന്ന് ഹരിയാനയിലെ പശുസംരക്ഷണ നിയമത്തിനെതിരെയാണ് മേവത് ഗ്രാമീണരുടെ ഹര്‍ജി.
കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളെ തിരയാനും പിടിച്ചെടുക്കാനും പോലീസിനും സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും അനുമതി നല്‍കുന്നതാണ് 2015 ല്‍ ഹരിയാന സര്‍ക്കാര്‍ പാസാക്കിയ നിയമം. ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം പശു സംരക്ഷകരാല്‍ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.
ഹരിയാനയിലെയും രാജസ്ഥാനിലെയും മേവാത്ത് മേഖലയില്‍ പശു സംരക്ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടെന്നും ഇത് തുടരാനാവില്ലെന്നും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പശു സംരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന സാധാരണ പൗരന്മാർക്ക് എങ്ങനെയാണ് പോലീസിന്റെ അധികാരം ലഭിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചോദിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേസ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികള്‍ക്ക് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. 1995 മുതല്‍ രാജസ്ഥാനിലുള്ള ബോവിന്‍ ആനിമല്‍ നിയമത്തിനൊപ്പം 2015 ലെ നിയമം കൂടി പാസാക്കിയപ്പോള്‍ മേവത് മേഖലയെ മുഴുവന്‍ ദുര്‍ബലമാക്കിയെന്നും മുസ്ലീങ്ങളെ ആക്രമിക്കാനുള്ള അനിയന്ത്രിതമായ അധികാരം ഗോസംരക്ഷക ഗ്രൂപ്പുകള്‍ക്കും ആളുകള്‍ക്കും ലഭിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യന്‍ ചരിത്രത്തില്‍ ഗോവധമെന്നത് വധശിക്ഷയ്ക്ക് അര്‍ഹമായിട്ടുള്ള കുറ്റമായിരുന്നു. സിന്ധ്യ, ഗ്വാളിയാര്‍, സിഖ് രാജവംശത്തിന്റെ ഭരണകാലഘട്ടത്തിലുടനീളം ഗോവധത്തിലുള്‍പ്പെട്ടിരുന്നവര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നു. 1714 ല്‍ ഗുജറാത്തില്‍ നടന്ന ‘വിശുദ്ധ കലാപം’ ( Holi Riot) എന്നത് ഗോവധത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രശസ്ത ബ്രീട്ടീഷ് ജേണലിസ്റ്റ് മാർക് ഡോയല്‍ പറയുന്നതനുസരിച്ച് സിഖ് മതത്തിലെ പരിഷ്‌കരണവാദി ഗ്രൂപ്പായ കുക്കാസാണ് ആദ്യമായി ഇന്ത്യയില്‍ പശുസംരക്ഷണ സൊസൈറ്റികള്‍ ആരംഭിച്ചത്.
അമൃത്സറിലും ലുധിയാനയിലും പശുക്കളെ കശാപ്പുചെയ്തിരുന്ന മുസ്ലീംങ്ങളെ 1871 ല്‍ സിഖുകാര്‍ കൊന്നൊടുക്കി. അതിനുശേഷം ഗോസംരക്ഷണത്തെ സംസ്ഥാനത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടി. ചരിത്രകാരായ ബാര്‍ബറ മെറ്റ്കാല്‍ഫും തോമസ് മെറ്റ്കാല്‍ഫും പറയുന്നതനുസരിച്ച്, 1860-കളില്‍ സിഖുകാര്‍ പശുക്കളുടെ ക്ഷേമത്തിനായി പ്രക്ഷോഭം നടത്തിയിരുന്നു. ഈ പ്രക്ഷോഭങ്ങളും ഇവരുടെ ആശയങ്ങളും ഹിന്ദു നവീകരണ പ്രസ്ഥാനങ്ങളിലേക്ക് കണ്ണിച്ചേര്‍ക്കപ്പെട്ടു.
1880 കളിലും 1890 കളിലുമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി കലാപങ്ങള്‍ ആവര്‍ത്തിച്ച് നടന്നിരുന്നു. പശുക്കളെ കശാപ്പു ചെയ്യുന്നതിനെതിരെ 1893 ല്‍ പഞ്ചാബില്‍ നടന്ന കലാപത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. മുസ്ലീം ജനവിഭാഗത്തിന്റെ ആഘോഷമായ ബക്രീദിന്റെ അന്നാണ് കലാപം ആരംഭിച്ചത്. 1894 ലും ഈ കലാപം ആവര്‍ത്തിച്ചു.
1857 ലെ കലാപത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കലാപമായിരുന്നു ഇത്. പശുക്കളെ കശാപ്പു ചെയ്യുന്നതിനെതിരെ 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലാഹോര്‍, ഡല്‍ഹി, ബീഹാര്‍ തുടങ്ങിയിടങ്ങളിലും കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വന്‍ വര്‍ഗീയ കലാപങ്ങള്‍ക്കും മതപരമായ തര്‍ക്കങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുമൊക്കെ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ഭാഗമായിരുന്നു.
ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും തുടര്‍ന്നിരുന്നു. 1909 ലെ കൊല്‍ക്കത്ത കലാപം, 1912 ലെ ഫൈസാബാദ് കലാപം, 1911 ലെ മുസാഫര്‍പൂര്‍ കലാപം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് മുസ്ലീംങ്ങള്‍ പശുക്കളെ കശാപ്പു ചെയ്യുന്നു എന്നാരോപിച്ചാണ് ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ പ്രധാനമായും നടന്നിട്ടുള്ളത്.
1947 ല്‍ ഇന്ത്യാവിഭജനത്തിന് ശേഷം ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നിരന്തര കലാപങ്ങളും അക്രമങ്ങളും സംഭവിച്ചിരുന്നു. 1948 നും 1951 നുമിടയിലായി അസംഗഢ്, അകോല, പില്‍ഭിറ്റ്, കട്‌നി, നാഗ്പൂര്‍, കൊല്‍ക്കത്ത, അലിഗഡ്, ധുബ്രി, ഡല്‍ഹി എന്നിവടങ്ങളില്‍ ഗോവധത്തെ തുടർന്നുള്ള കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ നഗര-ഗ്രാമ പ്രദേശങ്ങളിലായി 1950 കളിലും 60 കളിലുമായി പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് കലാപങ്ങള്‍ നടന്നുകൊണ്ടേയിരുന്നു.
ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഗോവധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങളും തുടര്‍ക്കഥയായതിനെ തുടര്‍ന്ന് 1966 ല്‍ രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലെ 100 അംഗങ്ങള്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചു. ഗോവധം നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ഡല്‍ഹിയിലെത്തിയ ഹിന്ദു സന്യാസിമാര്‍ ഗോരക്ഷാ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന കൂറ്റന്‍ ജാഥയ്ക്ക് നേരെ ബഹളമുണ്ടായതിനെ തുടര്‍ന്ന് ഇത് കലാപമായി മാറുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഗോവധം ആരോപിച്ച് 2002-ല്‍ ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ അഞ്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളാണ് ഈ സംഭവത്തിന് നേതൃത്വം നല്‍കിയത്. പശു സംരക്ഷണത്തിനായി അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് വിശ്വഹിന്ദുപരിഷത്തും ഗോരക്ഷാ സമിതിയും നടത്തുന്നതെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് പറയുന്നു. പശുക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മിക്ക സംസ്ഥാനങ്ങളും ഗോസംരക്ഷണ നിയമം പാസാക്കുകയുണ്ടായി. 2005ല്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലൂടെ ഈ സംസ്ഥാനങ്ങളുടെ ഗോവധ നിരോധനം ശരിവെയ്ക്കുകയും ചെയ്തു.
ഇത്തരത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമങ്ങളെ മറയാക്കിയാണ് ഹിന്ദുത്വസംഘടനകളും ബിജെപി പ്രവര്‍ത്തകരും ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലീം-ദളിത് വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം തീവ്ര ഹിന്ദുസംഘടനകള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്.
ഗോവധം ആരോപിച്ച് 2015 ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന 52 വയസ്സുകാരനെ തല്ലിക്കൊന്നത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം നടത്തിയിരുന്നതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായിരുന്നു മുഹമ്മദ് അഖ്ലക്ക്.
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു പതിനഞ്ചോളം വരുന്ന സംഘം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കൊലക്കേസിലെ മുഖ്യപ്രതി വിശാല്‍ സിങ്ങിനെയടക്കം 16 പ്രതികളെ ഒരു പൊതുപരിപാടിയുടെ മുന്‍നിരയിലിരുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിച്ചതും ബിജെപി സര്‍ക്കാരിന്റെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു.
2017 ഏപ്രില്‍ ഒന്നിന് ജയ്പൂരിലെ കാലിച്ചന്തയില്‍ നിന്നും പശുക്കളെ വാങ്ങി മടങ്ങവെ പെഹ്‌ലു ഖാനെന്ന 53 വയസ്സുകാരനെ അല്‍വാറില്‍വെച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ സംഭവമുണ്ടായി. പശുക്കളെ കശാപ്പിന് കൊണ്ടുപോകുന്നുവെന്നാരാപിച്ചായിരുന്നു പെഹ്‌ലു ഖാനെയും മക്കളെയും ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവം നടന്ന്, രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഖാന്‍ മരിച്ചു.
ഇതോടൊപ്പം പെഹ്ലു ഖാനെ മര്‍ദ്ദിച്ച് അവശനാക്കുന്ന ദൃശ്യങ്ങളും അക്രമികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരെ ഗോ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തുവെങ്കിലും പാല്‍ ശേഖരണത്തിനായിട്ടായിരുന്നു പശുക്കളെ വാങ്ങിയതെന്ന് തെളിഞ്ഞു. പിന്നീട് ആഗസ്റ്റ് 14 ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ ആറ് പ്രതികളെയും പോലീസ് വിട്ടയച്ചു.
2023 ഫെബ്രുവരി 17 ന് ഹരിയാനയിലെ ഭിവാനിയില്‍ പശുക്കളെ കടത്തിക്കൊണ്ട് പോയെന്നാരോപിച്ച് യുവാക്കളെ കത്തിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ നാസില്‍, ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകർ ഇവരെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരെയും ബൊലേറൊ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ മോനു മനേസര്‍, ലോകേഷ് സിന്‍ഹിയ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് പണ്ഡിറ്റ് എന്നിവരായിരുന്നു ആരോപണവിധേയര്‍. പ്രതികളിലൊരാളായ റിങ്കുസെയ്‌നി കസ്റ്റഡിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മര്‍ദ്ദനമേറ്റ് അവശരായ നാസിലിനേയും ജുനൈദിനേയും പശുക്കളെ കടത്തിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നതായി റിങ്കു സൈനി പറഞ്ഞു.
അവശ നിലയിലായിരുന്ന ഇരുവരെയും കണ്ട് പരിഭ്രാന്തരായ ഹരിയാന പോലീസ് എല്ലാവരെയും തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു. ഗുരുതര പരുക്കുകള്‍ കാരണം അധികം താമസിയാതെ തന്നെ നാസിലും ജുനൈദും മരിച്ചു. ഇതോടെ ഇവരുടെ മൃതദേഹം ബൊലേറോ എസ്‌യുവിയിലാക്കി സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റര്‍ മാറി ഭിവാനി എന്ന സ്ഥലത്തെത്തിച്ച് കത്തിക്കുകയായിരുന്നു. വന്‍ പ്രതിഷേധത്തിനാണ് സംഭവം സാക്ഷ്യം വഹിച്ചത്. രണ്ട് യുവാക്കളുടെ മരണത്തിന് പോലീസുകാരുടെ അനാസ്ഥയും കാരണമായി മാറുകയായിരുന്നു.
ബിഹാറില്‍ നിന്നാണ് ഏറ്റവും ഒടുവിലായി ഗോസംരക്ഷണവുമായി ബന്ധപ്പെട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 10 നാണ് ഹസന്‍പുര സ്വദേശിയായ നസീബ് ഖുറേശിയെ ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയാക്കിയത്. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നസീബിനെ തടഞ്ഞുനിര്‍ത്തി ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗോ സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ വരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി പല തവണ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇത്തരത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രത്യേക നിയമം നിര്‍മ്മിക്കാനും കോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവയെല്ലാം വെറും നിര്‍ദേശങ്ങളായി മാത്രം തുടരുകയാണ്. നിയമം കൈയ്യിലെടുക്കുന്ന ആള്‍ക്കൂട്ടത്തെ ശിക്ഷിക്കാതെ അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് മോദി സര്‍ക്കാര്‍. പശുക്കളെ മുന്‍നിര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ് ഹിന്ദുത്വശക്തികള്‍ നടത്തുന്നത്.