Fri. Apr 19th, 2024

ജസ്റ്റിസ് ഫോര്‍ നഹേല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ രാജ്യത്തിന്റെ പലയിടത്തുമായി ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോള്‍ കലാപമായി മാറിയിരിക്കുന്നത്

ഫ്രാന്‍സില്‍ പാരീസിനടുത്തുള്ള നാന്റെറില്‍ വെച്ച് അള്‍ജീരിയന്‍ വംശജനായ പതിനേഴുകാരന്‍ നഹേല്‍ മര്‍സ്സൂഖിനെ ജൂണ്‍ 27 ന് പോലീസ് വെടിവെച്ചു കൊല്ലുന്നു. ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നഹേലിനുനേരെ വെടിയുതിര്‍ത്തത്. പക്ഷേ അതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ സമീപകാലം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ കലാപമാണ് നടക്കുന്നത്. ഒടുവിലെത്തുന്ന വാര്‍ത്തകളനുസരിച്ച് കലാപകാരികള്‍ സൗത്ത് പാരീസ് ടൗണ്‍ മേയര്‍ വിന്‍സന്റ് ജീന്‍ബ്രൂണിന്റെ വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും തീയിടുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേയറുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കലാപം വര്‍ദ്ധിതവീര്യത്തോടെ തുടരുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നാന്റെറില്‍ ടേക്ക്എവെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പതിനേഴുകാരനായ നഹേല്‍. നാന്റെറിലെ റഗ്ബ്ബി ക്ലബ്ബിലെ കളിക്കാരനായിരുന്ന നഹേല്‍ പ്രദേശവാസികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. ഭാവിയില്‍ ഇലക്ട്രീഷ്യനാകാന്‍ ആഗ്രഹിച്ചിരുന്ന നഹേല്‍ സര്‍സ്നെസ്സിലെ കോളേജില്‍ അഡ്മിഷനും നേടി. പഠനത്തോടൊപ്പം തന്നെ ജോലിയും കൊണ്ടുപോയിരുന്ന നഹേലായിരുന്നു അമ്മ മൗനിയയുടെ ആശ്രയവും ഏക പ്രതീക്ഷയുമെല്ലാം.

നഹേലിനു നേരെ പോലീസ് വെടിയുതിർക്കുന്നു Screen-grab, Copyrights: USA NEWS

പതിവുപോലെ ജോലിക്ക് പോകുന്ന വഴിയില്‍വെച്ചാണ് ഈ സംഭവം നടക്കുന്നത്. നഹേലിനൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. നാന്റെര്‍ നഗരത്തിനടത്തുള്ള ട്രാഫിക് സിഗ്‌നലില്‍വെച്ച് രാവിലെ പ്രാദേശിക സമയം ഒമ്പത് മണിക്ക് ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് രണ്ട് പോലീസുകാര്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന നഹേലിന്റെ വളരെ അടുത്തെത്തി നെഞ്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ജീവരക്ഷയ്ക്കായി ഇറങ്ങിയോടുകയും മറ്റെയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയും ചെയ്തു.

സംഭവത്തിന്റെ പ്രധാന കാരണമായി വെടിയുതിര്‍ത്ത പോലീസുകാര്‍ ഉന്നയിക്കുന്ന വാദം ഇങ്ങനെയാണ്. തങ്ങള്‍ക്കുനേരെ നഹേല്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും പോലീസുകാരുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുകയായിരുന്നു.

സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മെഴ്സിഡസ് ബെന്‍സിനടുത്തെത്തി പോലീസുകാര്‍ സംസാരിക്കുന്നതും ഡ്രൈവര്‍ സീറ്റിലിരുന്ന നഹേലിനു നേരെ വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ നഹേലിന് നീതികിട്ടണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കാലാപമായി മാറുകയായിരുന്നു. ഫ്രാന്‍സില്‍ കാറോടിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. നഹേലിനു നേരെ ഉയര്‍ന്ന മറ്റൊരു ആരോപണം, സംഭവം നടക്കുന്ന സമയം നഹേലിന് 17 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ്.

തന്റെ മകന് നീതി കിട്ടുന്നതുവരെ പ്രതിഷേധിക്കുമെന്ന് നഹേലിന്റെ അമ്മ മൗനിയ പറഞ്ഞു. ”എന്റെ ഏകമകനും ബെസ്റ്റ് ഫ്രണ്ടുമായിരുന്നു അവന്‍. അവനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞങ്ങള്‍ പാവങ്ങളും അറബ് വംശജരുമായതുകൊണ്ടാണ് പോലീസ് അവനെ വെടിവെച്ചു കൊന്നത്” മൗനിയ മാധ്യമങ്ങളോടായി പറഞ്ഞതിങ്ങനെയാണ്. നഹേലിന്റെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായതോടെ നഹേലിനെ വെടിവെച്ചുകൊന്ന 38കാരനായ പോലീസുകാരനെ അറസ്റ്റ് ചെയ്യുകയും മനപൂര്‍വ്വമുള്ള നരഹത്യാക്കുറ്റത്തിന് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

തോക്കോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കേണ്ട യാതൊരു സാഹചര്യം സംഭവസ്ഥലത്തുണ്ടായിരുന്നില്ലയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതിഷേധം കലാപത്തില്‍ കലാശിച്ചതോടെ പ്രതിയായ ട്രാഫിക് പോലീസുകാരന്‍ നഹേലിന്റെ കുടുബത്തോട് മാപ്പു പറയുകയും ചെയ്തു . കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ പോലീസുകരനെ പുറത്താക്കുമെന്ന് ആഭ്യമന്തര മന്ത്രിയും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന്   പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രതികരിച്ചു .

ഫ്രാൻസിലെ പ്രതിഷേധം Screen-grab, Copyrights: The New York Times

‘ജസ്റ്റിസ് ഫോര്‍ നഹേല്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ രാജ്യത്തിന്റെ പലയിടത്തുമായി ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോള്‍ കലാപമായി മാറിയിരിക്കുന്നത്. കലാപത്തെ തുടര്‍ന്ന് രണ്ടായിരത്തോളം പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 17 വയസ് പ്രായമുള്ളവരാണ് കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗം  പേരുമെന്ന് അഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനില്‍ വ്യക്തമാക്കി.

ക്രമസമാധാനം നിലനിര്‍ത്താനായി പാരീസ്, ലിയോണ്‍, മാര്‍സെ എന്നീ പ്രധാന നഗരങ്ങളില്‍ 45,000 പോലീസുകാരെയാണ് നിലവില്‍ വിന്യസിച്ചിട്ടുള്ളത്. നഹേലിന്റെ നീതി ആവശ്യപ്പെട്ട് എത്തിയ പ്രതിഷേധക്കാര്‍ പ്രാദേശിക ഓഫീസുകള്‍, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയവയെല്ലാം അഗ്‌നിക്കിരയാക്കുകയായിരുന്നു. കലാപകാരികള്‍ പോലീസിനു നേരെ ബോംബെറിയുന്ന സാഹചര്യം വരെയുണ്ടായി. നാന്റെയില്‍ നിന്ന് ആരഭിച്ച പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യത്തിന്റെ നാനഭാഗത്തും പടര്‍ന്നു കൊണ്ടിരിക്കുന്നത്.

കലാപത്തിനിടെ 45 പോലീസുകാര്‍ക്ക് പരിക്കേറ്റതായും 577 വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായും 74 കെട്ടിടങ്ങള്‍ക്ക് തീയിട്ടതായും പൊതുസ്ഥലങ്ങളിലും തെരുവുകളിലുമായി 871 തീപ്പിടിത്തങ്ങള്‍ നടന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇതു മാത്രമല്ല, 10 ഷോപ്പിങ് മാളുകള്‍, 200 സൂപ്പര്‍മാര്‍ക്കറ്റുകള്‍, 250 പുകയില കടകള്‍, 250 ബാങ്ക് ഔട്ട്ലെറ്റുകള്‍എന്നിവ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കി. കടകളില്‍ നിന്നെല്ലാം പ്രതിഷേധക്കാര്‍ ആയുധങ്ങളും തോക്കുകളും മോഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒരാഴ്ച പിന്നിട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരാത്തതിനെ തുടര്‍ന്ന് ബസ്, ട്രാം തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. പാരീസിലെ വിവിധ മേഖലകളില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്.

കലാപം Screen-grab, Copyrights: dtnext

പോലീസ് നടപടിക്കെതിരെ തെരുവിലിറങ്ങിയ കലാപകാരികളോട് ശാന്തരാകാനും അക്രമവും തീവവെയ്പ്പും ഒന്നിനും പകരമാകില്ലെന്ന് പറഞ്ഞ് നഹേലിന്റെ മുത്തശ്ശി രംഗത്തെത്തുകയും ചെയ്തു. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു കാരണമായി നഹേലിന്റെ മരണത്തെ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാല്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാണ് മുത്തശ്ശി നാദിയ ആഹ്വാനം ചെയ്തിരിക്കുന്നത്.

‘ഈ ചെയ്യുന്നതൊന്നും നഹേലിന് വേണ്ടിയല്ല. നിങ്ങള്‍ സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ വരുത്തരുത്, ബസുകള്‍ തകര്‍ക്കരുത്. കൂടുതല്‍ നഷ്ടങ്ങള്‍ രാജ്യത്തുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കാവശ്യം. സംഘര്‍ഷത്തിനോ പ്രതിഷേധത്തിനോ ഞങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. നഹേലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഒരു സമാധാന മാര്‍ച്ചിന് മാത്രമാണ് ഞങ്ങള്‍ ആഹ്വാനം ചെയ്തത്. മകന് നീതി വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ദയവായി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന്’ മുത്തശ്ശി മാധ്യമങ്ങളോടായി പറഞ്ഞു. നിയമം ലംഘിച്ചാല്‍ വെടിവെച്ചു കൊലപ്പെടുത്താമെന്നുള്ള നിയമം മാറേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

പോലീസിന്റെ നടപടിയെ അപലപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന വേട്ടയാടലാണ് ഈ സംഭവമെന്ന ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. കൂടാതെ ദരിദ്രരായ ജനങ്ങളെ മോശമായ തരത്തിലാണ് പരിഗണിക്കുന്നതെന്ന വിമര്‍ശനങ്ങളും ശക്തമാകുന്നുണ്ട്. നഹേലിന്റെ മരണം രാജ്യത്തെ പോലീസ് സംവിധാനങ്ങള്‍ക്കു നേരെയും നിയമസംവിധാനങ്ങള്‍ക്കു നേരെയും വിരല്‍ ചൂണ്ടുന്നുണ്ട്. നിലവിലെ നിയമങ്ങളെല്ലാം പോലീസുകാരെ സംരക്ഷിക്കുന്നതാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 2017-ല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന നിയമമാണ് പോലീസുകാരുടെ ഇത്തരത്തിലുള്ള നടപടികള്‍ക്ക് വഴിയൊരുക്കുന്നത്.

ട്രാഫിക് നിയമം ലംഘിക്കുന്ന പ്രത്യേക സംഭവങ്ങളില്‍ നിയമലംഘകരെ വെടിവെക്കാമെന്നതാണ് ആ നിയമം. ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പോലീസ് നല്‍കുന്ന സ്റ്റോപ്പ് സിഗ്നല്‍ നിര്‍ദേശം അയാള്‍ അവഗണിക്കുകയോ ഉദ്യോഗസ്ഥന്റെയോ മറ്റ് ആളുകളുടേയോ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടസാധ്യത ഉയര്‍ത്തി വാഹനമോടിക്കുകയോ ചെയ്യുന്ന സാഹചര്യമാണെങ്കില്‍ പോലീസുകാര്‍ക്ക് തോക്ക് ഉപയോഗിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്.

2016-ല്‍ പാരീസിന് പുറത്തുള്ള ഒരു ഹൗസിംഗ് എസ്റ്റേറ്റില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പട്രോളിംഗ് കാറിന് നേരെ ഒരു കൂട്ടം യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് യൂണിയനുകളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് പൊലീസുകാര്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ 2017 മാര്‍ച്ചില്‍ നിയമം പാസാക്കിയത്. എന്നാലിവിടെ നഹേലിന്റെ സംഭവത്തില്‍ ഇത്തരത്തില്‍ യാതൊരുവിധ നിയമലംഘനവും നടക്കാതെയാണ് പോലീസ് നിറയൊഴിച്ചത്. പോലീസുകാര്‍ക്ക് തോക്കുകള്‍ ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ വിപുലമാക്കിയ ഈ നിയമത്തിനെതിരെ വ്യാപക എതിര്‍പ്പാണ് നിലനില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലും ട്രാഫിക് പോലീസിന്റെ വെടിയേറ്റ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 2022 ല്‍ മാത്രം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 39 മരണങ്ങളാണ് നടന്നത്. അതില്‍ 13 പേര്‍ കൊല്ലപ്പെട്ടത് നിയമലംഘനങ്ങളൊന്നും നടത്താതെയായിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും അറബ് വംശജരോ ആഫ്രിക്കന്‍ വംശജരോ ആണെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്. ഫ്രഞ്ച് പൗരത്വമുള്ളവരാണെങ്കിലും രാജ്യത്ത് അള്‍ജീരിയന്‍, ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഫ്രാന്‍സിന്റെ വിദ്വേഷ മാനോഭാവമാണ് നഹേലിന്റെ കൊലപാതകത്തിലൂടെ തുറന്നു കാട്ടുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

ബലി പെരുന്നാളിന്റെ തലേദിവസം നഹേല്‍ മര്‍സ്സൂഖിനു നേരെയുണ്ടായ ഈ അതിക്രമം ഫ്രാന്‍സില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വലിയ വംശീയ വിരോധങ്ങളുടെ ചരിത്രത്തെക്കൂടിയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ട്രാഫിക്ക് നിയമവുമായി ബന്ധപ്പെട്ട തെറ്റുകള്‍ നഹേലിന്റെ ഭാഗത്തുണ്ടെങ്കിലും അതൊന്നും ഒരു ജീവാനെടുക്കാന്‍ മാത്രം പോന്ന കാര്യമല്ല. വെടിയേല്‍ക്കുമ്പോള്‍ നഹേലിനും പോലീസുകാരുടെ തോക്കിനും ഇടയിലുണ്ടായ ദൂരം ഒരു മീറ്ററില്‍ താഴെയായിരുന്നു. അത്രയും ദാരുണമായി ആ ജീവനെടുക്കാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതിനു പിന്നില്‍ മതത്തിന്റെയും നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ കാലാകലാങ്ങളായി മനുഷ്യന്‍ സൃഷ്ടിച്ചെടുക്കുന്ന വേര്‍തിരിവുകളുടെ ഉള്‍വിളികള്‍ തന്നെയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം