Wed. Dec 18th, 2024
Wagner Mutiny

 പുടിന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ വാഗ്നര്‍ സംഘങ്ങൾ  പുടിനെതിരെ നേര്‍ക്കുനേര്‍ വരുമോ ? അതോ തിരിഞ്ഞോടുമോ ? അതോ പഴയ സൗഹൃദം അതുപോലെ തുടരുമോ ?

മി ഖായേല്‍ ഗോര്‍ബച്ചേവിനെതിരായി 1991 ല്‍ നടന്ന ഓഗസ്റ്റ് അട്ടിമറി പോലെ, ഉക്രെയിന്‍ യുദ്ധത്തിനിടയില്‍  യെവ്ഗെനി പ്രിഗോസ്സിന്‍റെ നേതൃത്വത്തില്‍  വാഗ്നര്‍ സംഘം നടത്തിയ അട്ടിമറി ശ്രമവും പരാജയപ്പെടുകയാണ്. പുടിന്‍റെ വിശ്വസ്തന്‍ പുടിനു നേരെ തന്നെ കൊലവിളി മുഴക്കിയിരിക്കുന്നു.  ഇനി റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്‍റെ ഗതിയെങ്ങോട്ട് ?

മൂന്ന് ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന പട്ടാള അട്ടിമറിയാണ് 91ല്‍ ഗോര്‍ബച്ചേവിനെതിരെ നടന്നത്. അതിനുളളില്‍ കലാപത്തെ സോവിയറ്റ് യുണിയന്‍ പരാജയപ്പെടുത്തി. പക്ഷേ ഭരണകൂടത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായി. അതേ വര്‍ഷം ഡിസംബറോടെ സോവിയറ്റ് യുണിയന്‍ തന്നെ ഇല്ലാതായി. ഈ ചരിത്രത്തെ ഇപ്പോഴത്തെ വാഗ്നര്‍ കലാപവുമായാണ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്.

റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ വാഗ്നര്‍ സംഘത്തിന് വളരെയേറെ പ്രാധന്യമുണ്ട്. റഷ്യന്‍ സൈന്യം കനത്ത തിരിച്ചടികള്‍ നേരിട്ട യുദ്ധ മുഖങ്ങളില്‍ പ്രിഗോസ്സിന്‍റെ സംഘങ്ങള്‍ നിയോഗിക്കപ്പെട്ടു. കൊടിയ ക്രൂരതയും ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാനുള്ള സൈന്യത്തിന്‍റെ സന്നദ്ധതയും കാരണം എതിരാളികളില്‍ വാഗ്നര്‍ വലിയ ഭീതി പരത്തി. സ്ലെഡ്ജ് ഹാമറുകള്‍ ഉപയോഗിച്ച് എതിരാളികളെ കൊല്ലുന്ന വാഗ്നര്‍ ഗ്രൂപ്പിനെ യുക്രൈന്‍ ഭയന്നു. ഉക്രെയിൻ സൈന്യം കെര്‍സണും ഖാര്‍ക്കീവും തിരിച്ചുപിടിച്ച സമയത്ത് തുടര്‍ച്ചയായ യുദ്ധം കാരണം റഷ്യന്‍ സൈന്യം ക്ഷിണിച്ചിരുന്നു. അവര്‍ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കി റഷ്യ പകരം അവിടെ വിന്യസിച്ചത്  വാഗ്നര്‍ കുലിപ്പടയാളികളെയായിരുന്നു. ശൈത്യ കാലത്ത് വാഗ്നര്‍ പടയാളികളെ മുന്‍ നിരയില്‍ നിര്‍ത്തി പിന്‍വാങ്ങിയ റഷ്യന്‍ സൈന്യം കൂടുതല്‍ ആയുധങ്ങളുമായി തിരികെ എത്തി ആക്രമണം ശക്തമാക്കി. ബെഖ്മുത്ത് റഷ്യന്‍ വിജയത്തിന് പിന്നില്‍ വാഗ്നര്‍ ഗ്രൂപ്പിന് വലിയ പങ്കുണ്ട്. അതിശക്തമായ പോരാട്ടമാണ് വ്യാവസായിക നഗരമായ ബെഖ്മുത്തിൽ നടന്നത്.

വാഗ്നര്‍ സംഘത്തിന്‍റെ തിരിച്ചടിയെ അത്ര അപ്രതീക്ഷിതമായി കാണാന്‍ കഴിയില്ല. പ്രിഗോസ്സിന്‍റെ കൂലിപ്പടയാളികളെ സൈന്യത്തോട് ഒപ്പം ചേര്‍ക്കാന്‍ ക്രെംലിന്‍ നടത്തിയ നീക്കത്തിനുള്ള മറുപടിയാണ് പ്രഗോഷിന്റെ അട്ടിമറി  നീക്കമെന്ന് പറയപ്പെടുന്നുണ്ട്. യുക്രൈന്‍ യുദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവരും കരാറില്‍ ഒപ്പിടണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ആവശ്യപ്പെട്ടിരുന്നു. ഇതിന് അവസാന തീയതിയായി നല്‍കിയ സമയം ജൂലൈ ഒന്നായിരുന്നു. പ്രതിരോധ മന്ത്രിയുടെ ഈ നടപടി പ്രഗോഷിനെ പ്രകോപിതനാക്കിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ ആക്രമണങ്ങളിലൂടെ റഷ്യക്ക് യുക്രൈന്‍ അതിര്‍ത്തികളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. പ്രത്യാക്രമണം നടത്താന്‍ യുക്രൈന്‍ പാടുപെട്ടു. പക്ഷേ ഇപ്പോള്‍ റഷ്യ ചേരിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഉക്രെയിന്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ്.

പ്രശ്‌നങ്ങള്‍ അവസാനിച്ചാലും മോസ്‌കോ ലക്ഷ്യമിട്ട് മാര്‍ച്ച് ചെയ്ത വാഗ്നനറിനെ ഇനി റഷ്യ എത്രത്തോളം വിശ്വാസത്തിലെടുക്കും എന്ന സംശയം അവശേഷിക്കുകയാണ്

അനൗദ്യോഗിക കൂലിപ്പട്ടാളങ്ങൾ

ശീതയുദ്ധങ്ങളുടെ കാലങ്ങള്‍ക്കുശേഷമാണ് സ്വകാര്യ സുരക്ഷാ കമ്പനികളും (private security companies) സ്വകാര്യ സൈനിക കമ്പനികളും (private military companies) ലോകത്തില്‍ ഉയര്‍ന്നു വരുന്നത്. രാജ്യങ്ങളിലെ ഔദ്യോഗിക സൈന്യങ്ങളേക്കാള്‍ മികവുറ്റ ഇത്തരം സ്വകാര്യ സൈന്യ സംഘങ്ങള്‍ വളരെ ചിലവ് കുറഞ്ഞതും സ്വന്ത ഉത്തരവാദിത്തത്തില്‍ പ്രവര്‍ത്തിക്കുന്നതുമായതിനാല്‍ പല രാജ്യങ്ങളും ഇവരുടെ സഹായങ്ങള്‍ തേടിയിരുന്നു. 21 ആം നൂറ്റാണ്ടിലെ പ്രധാന യുദ്ധങ്ങളായ അഫ്ഘാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളിലെ ഇവരുടെ പ്രകടനവും ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തി നല്‍കി. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയിലുണ്ടായ സാമ്പത്തിക പിരിമുറുക്കവും ആഭ്യന്തര പ്രശ്നങ്ങളും രാജ്യത്തെ സൈന്യങ്ങളുടെ സ്വകാര്യവത്കരണം വളരെ വൈകിയാണ് സാധ്യമായത്. സ്വകാര്യ സുരക്ഷ സേവനം നല്‍കുന്ന ആയിരക്കണക്കിന് കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ പ്രധാനമായും വിഐപി എസ്കോര്‍ട്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഗാര്‍ഡിംഗ് തുടങ്ങിയ തൊഴിലുകളാണ് പ്രധാനമായും ചെയ്തിരുന്നത്. ഈ അടുത്തകാലം വരെയും റഷ്യന്‍ ഫെഡറേഷന്‍റെ പ്രദേശത്ത് സ്വകാര്യ സൈനിക സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. 1990കളില്‍ പാശ്ചാത്യ സ്വകാര്യ സൈനിക സംഘങ്ങളോട് സാമ്യമുള്ള ചില സംഘങ്ങള്‍ റഷ്യയിലുണ്ടായിരുന്നുവെങ്കിലും 2010 നു ശേഷമുണ്ടായ സിറിയ, ഉക്രെയിന്‍ യുദ്ധങ്ങളിലെ പങ്കാളിത്തത്തിന്‍റെ ഫലമായാണ് ഈ സംഘങ്ങള്‍ ലോകശ്രദ്ധ നേടുന്നത്.

പ്രോക്സി സൈന്യങ്ങളെ പ്രവര്‍ത്തിപ്പിച്ചതിന്‍റെ നീണ്ട ചരിത്രമാണ് സോവിയറ്റ്‌ യൂണിയന് സ്വന്തമായുള്ളത്. 1937 ലെ ചൈന – ജപ്പാന്‍ യുദ്ധ സമയത്ത് സോവിയറ്റ്‌ വളണ്ടിയര്‍ ഗ്രൂപ്പ് എന്ന പേരില്‍ ചൈനയിലേക്ക് വിന്യസിക്കപ്പെട്ട എയർഫോഴ്സ്മെന്‍റ്  ഡിറ്റാച്ച്മെന്‍റെന്നത് സോവിയറ്റ് യൂണിയന്‍റെ തന്നെ ഒരു പ്രോക്സി സൈന്യമായിരുന്നു. വാസ്തവത്തിൽ, അവർ സോവിയറ്റ് വ്യോമസേനയിൽ പെട്ടവരായിരുന്നു. അതേസമയം മോസ്കോ ഈ സൈന്യവുമായുള്ള എല്ലാ ബന്ധവും നിഷേധിക്കുകയും ചെയ്തിരുന്നു.

wagner group
വാഗ്നര്‍ സംഘം Screen-grab, Copyrights: RNZ

ശീതയുദ്ധ കാലഘട്ടത്തിൽ, സോവിയറ്റ് യൂണിയൻ ആയിരക്കണക്കിന് സൈനിക വിദഗ്ധരെ യുദ്ധങ്ങള്‍ക്കായി ലോകത്തിന്‍റെ പല കോണുകളിലേക്കായി അയച്ചിരുന്നു, ഇതില്‍ മിഡിൽ ഈസ്റ്റ് പ്രദേശങ്ങളായിരുന്നു പ്രധാനം. സിറിയ, ഈജിപ്ത്, ലിബിയ, തുടങ്ങി നിരവധി രാജ്യങ്ങളിലെ സായുധ സേനയെ നവീകരിക്കുന്നതിൽ സോവിയറ്റ് യൂണിയന്‍ ഉപദേഷ്ടാക്കൾ വഹിച്ച പങ്ക് വലുതാണ്‌. 1990 കളിൽ, റഷ്യൻ വളണ്ടിയറുകള്‍ മോൾഡോവയിലെയും ജോർജിയയിലെയും വിഘടനവാദ സംഘട്ടനങ്ങളിൽ പങ്കെടുത്തിരുന്നു, അതേസമയം റഷ്യൻ ഭരണകൂടം ഈ സംഘട്ടനങ്ങളിലെ പങ്കാളിത്തത്തെ ഔദ്യോഗികമായി നിഷേധിക്കുകയും ആഭ്യന്തരയുദ്ധങ്ങൾ എന്ന ഗണത്തില്‍ പെടുത്തുകയും ചെയ്തു.

സ്വാധീനം ചെലുത്തുന്ന സ്വകാര്യ സൈന്യ സംഘങ്ങള്‍

സ്വകാര്യ സൈന്യ സംഘങ്ങളെക്കുറിച്ച് സ്വന്തമായൊരു കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ ക്രെംലിന് സാധിച്ചിട്ടുണ്ട്.സാധാരണ സൈന്യത്തെക്കാള്‍ ചിലവു കുറഞ്ഞതും മികവുറ്റതുമായ സ്വകാര്യ സൈന്യ സംഘങ്ങളെ രാഷ്ട്രീയ – സൈനിക ഉപകരണങ്ങള്‍ എന്ന നിലയ്ക്കാണ് റഷ്യ ഉപയോഗിച്ച് പോന്നത്. 2009 ഓടെ മെയിൻ ഇന്‍റലിജൻസ് ഡയറക്ടറേറ്റിന്‍റെ (ജിആർയു) നിരവധി പ്രത്യേക സൈനിക യൂണിറ്റുകള്‍ ചീഫ് ഓഫ് സ്റ്റാഫ് നിക്കോളായ് മകരോവിന് കീഴിലേക്ക് വന്നു. നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും, ഈ യൂണിറ്റുകൾ ഭാവിയിൽ സ്ഥാപിക്കപ്പെടാൻ പോകുന്ന സ്വകാര്യ സൈനിക കമ്പനികളുടെ പ്രധാന സ്രോതസ്സായി ഉദ്ദേശിച്ചായിരിക്കാം ഈ നടപടികള്‍ സ്വീകരിക്കപ്പെട്ടത്. ഒരു വർഷത്തിനുശേഷം, സ്വകാര്യ സൈനിക കമ്പനികളെ വിദേശത്ത് പ്രത്യേക ദൗത്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മകരോവ് പരസ്യമായി സംസാരിച്ചു. 2012 ഏപ്രിലിൽ, റഷ്യൻ അസ്സംബ്ലിയില്‍ (ഡ്യൂമ) സ്വകാര്യ സൈനിക കമ്പനികളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ആശയത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിന്‍ വളരെ അനുകൂലമായി മറുപടി നൽകുകയും പിഎംസികൾക്ക് വിദേശത്ത് സ്വാധീനം ചെലുത്താൻ കഴിയുമെന്നും രാജ്യത്തിന്‍റെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ ദേശീയ താൽപ്പര്യങ്ങൾ സാക്ഷാത്കരിക്കാൻ അവ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു.

സ്വകാര്യ സൈന്യ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതിലുള്ള മറ്റൊരു ഗുണം, റഷ്യയിലെ പൊതുജനങ്ങളിൽ നിന്ന് യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാന്‍ റഷ്യൻ ഭരണകൂടത്തെ ഇത് സഹായിക്കുന്നു എന്നതാണ്. ഈ സംഘങ്ങള്‍ ഔപചാരികമായി സ്വകാര്യ കമ്പനികളായതിനാൽ, എത്ര സൈനികർ മരിച്ചു അല്ലെങ്കിൽ പരിക്കേറ്റു എന്നതിന്‍റെ ഔദ്യോഗിക കണക്കുകള്‍ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ (MoD) റിപ്പോർട്ടുകളിൽ പരിഗണിക്കേണ്ടി വരുന്നില്ല. പിഎംസി കരാറുകാരെ രാജ്യ സൈനികരായി കണക്കാക്കാത്തതിനാൽ, സംഘർഷങ്ങളിൽ അവരുടെ പങ്കാളിത്തം നിഷേധിക്കാനും ഇതേ യുക്തി റഷ്യ ഉപയോഗിക്കുന്നു. വളരെ ദുര്‍ഘടം പിടിച്ച ദൗത്യങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ തന്നെ യുദ്ധങ്ങളില്‍ പിഎംസികള്‍ നേരിടുന്ന നഷ്ടം സാധരണയിലും കൂടുതലാണ്.

wagner group
വാഗ്നര്‍ സംഘം Screen-grab, Copyrights: Times of India

നിയമ പാശ്ചാത്തലങ്ങള്‍

റഷ്യന്‍ ഭരണഘടന പ്രകാരം രാജ്യത്തിന്‍റെ സുരക്ഷയും പ്രതിരോധവുമെല്ലാം ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. തത്ഫലമായി സ്വകാര്യ സൈനിക സംഘങ്ങളെ ഇതിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി മാറുന്നു. ഈ നിയമത്തെ ഭേദഗതി ചെയ്യാന്‍ പലരും ശ്രമിച്ചുവെങ്കിലും അത് സാധ്യമായിരുന്നില്ല. പക്ഷെ വ്യക്തികള്‍ക്ക് ഇത്തരം കൂലിപ്പടയായി പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലെങ്കിലും റഷ്യന്‍ ക്രിമിനല്‍ കോഡ് അനുസരിച്ച് സര്‍ക്കാര്‍ സംരംഭങ്ങളുടെ സുരക്ഷാ  പ്രവര്‍ത്തനത്തിനായി സ്വകാര്യ സേനകളെ ഉപയോഗിക്കാനുള്ള നിയമ പഴുത് റഷ്യയിലുണ്ട്. ഈ നിയമത്തിന്‍റെ ചുവടു പിടിച്ചാണ് ഒട്ടേറെ റഷ്യന്‍ പൗരന്മാർ ഇങ്ങനെയുള്ള സ്വകാര്യ സൈനിക കമ്പനികളില്‍ ജോലി ചെയ്യുന്നത്. അതുപോലെ വിദേശ രജിസ്ട്രേഷനുള്ള പിഎംസികളെ റഷ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നു എന്നതാണ്. അമേരിക്കന്‍ ജേര്‍ണലിസ്റ്റായ കാന്‍ഡസ് റോന്‍ഡോ പറയുന്നതനുസരിച്ച് നിയമപരമായ അതാര്യത സ്വകാര്യ സൈനിക സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളില്‍ മൊത്തത്തില്‍ അവ്യക്തത വര്‍ദ്ധിപ്പിക്കുന്നു. ഭരണകൂടത്തിന് അത്തരക്കാരെ ഉപയോഗിക്കുന്നതില്‍ വലിയ സ്വാതന്ത്ര്യവും ലഭിക്കുന്നു. ഈ അവസ്ഥ തന്നെയാണ് സ്വകാര്യ സൈനിക സ്ഥാപനങ്ങളെ നിയമവിധേയമാക്കുന്നതിന് സാര്‍ക്കാരിനുള്ള പ്രേരണയും.

നിയമപരമായി അനുകൂലമായ ഈ സാഹചാര്യം റഷ്യന്‍ പൗരന്മാരെ സ്വകാര്യ സൈനിക കമ്പനികളിലേക്ക് ആകര്‍ഷിക്കാന്‍ ഒരു കാരണമായി മാറുന്നുണ്ട്. അതേസമയം ഔപചാരികമായി നിലനില്‍ക്കുന്ന നിരോധനം ഇത്തരം സ്ഥാപനങ്ങള്‍ക്കുമേലുള്ള സര്‍ക്കാറിന്‍റെ അധികാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ സര്‍ക്കാറിന് ഇവരെ വിദഗ്ധമായി ഉപയോഗിക്കാനും സാധിക്കുന്നു.

പോളിഷ് സാമൂഹിക പ്രവര്‍ത്തകയും രാഷ്ട്രീയകാര്യ വിദഗ്ധയുമായ അന്ന മരിയ ഡൈനർ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്വകാര്യ സൈനിക സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിക്കൊണ്ട് ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ പ്രധാനികളാണ് റഷ്യയിലെ വാഗ്നര്‍ സംഘം, സിറിയയിലെ ഇഎന്‍ഒടി കോര്‍പ്പറേഷന്‍, ഇറാഖ്- അഫ്ഘാനിസ്ഥാന്‍- ശ്രീലങ്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫെറാക്സ്‌ സംഘം, ആന്‍റി ടെറർ-ഓറൽ സംഘങ്ങള്‍ തുടങ്ങിയവ

wagner group
വാഗ്നര്‍ സംഘം Screen-grab, Copyrights: Outlook

സ്ലാവോണിക് കോര്‍പ്സ് മുതല്‍ വാഗ്നര്‍ സംഘം വരെ

സ്വകാര്യ സൈനിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരോക്ഷമായി കൈവരുന്ന നിയമപരമായ അനുകൂല്യം മുതലെടുത്താണ് റഷ്യയിലെ പി എസ് സിയിലെ മൊറാന്‍ ഗ്രൂപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 2013 ല്‍ ഹോങ്ങ് കോങ്ങ്   സ്ലാവോണിക് കോര്‍പ്സ് എന്ന പേരിലൊരു സ്വകാര്യ സൈന്യ സംഘം സ്ഥാപിക്കുന്നത്. 2020 ൽ പ്രസിദ്ധീകരിച്ച ഒരു നോർവീജിയൻ പഠനമനുസരിച്ച്, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിന് സിറിയൻ സർക്കാർ സേനയെ സഹായിക്കാൻ മൊറാൻ സെക്യൂരിറ്റി ഗ്രൂപ്പുമായി കരാർ നൽകിയത് യഥാർത്ഥത്തിൽ സിറിയൻ സർക്കാരാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും സിറിയയിൽ പ്രവർത്തിച്ചുവെങ്കിലും മൊറാൻ ഗ്രൂപ്പ്‌ കാര്യമായി ഈ യുദ്ധത്തില്‍ ഇടപെട്ടിരുന്നില്ല. അതിനെ തുടര്‍ന്ന് ഒരു പുതിയ സ്ഥാപനം സ്ഥാപിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇതാണ് സ്ലാവോണിക് കോർപ്സ് ആയി രൂപപ്പെട്ടത്.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്ന് എണ്ണ കേന്ദ്രങ്ങൾ തിരിച്ചുപിടിക്കുന്നതിന് സിറിയൻ സേനയെ സഹായിക്കുന്നതിനായി 2013-ൽ സ്ലാവോണിക് കോർപ്സിന്‍റെ പ്രവർത്തകർ സിറിയയില്‍ വിന്യസിക്കപ്പെട്ടു. എന്നിരുന്നാലും, നിരവധി ഏകോപന പ്രശ്നങ്ങളും ലോജിസ്റ്റിക് പ്രശ്നങ്ങളും സ്ലാവോണിക് കോർപ്സിന് ഈ പോരാട്ടത്തില്‍ നേരിടേണ്ടി വന്നു. ലോജിസ്റ്റിക്‌സിനായി സ്ലാവോണിക് കോർപ്‌സ് സിറിയൻ സർക്കാരിനെ ആശ്രയിച്ചിരുന്നു, എന്നാൽ വാഗ്ദാനം ചെയ്യപ്പെട്ട ആധുനിക ആയുധങ്ങൾക്ക് പകരം, കാലഹരണപ്പെട്ട ആയുധങ്ങളായിരുന്നു ലഭിച്ചത്. പോരാതെ വേണ്ടത്ര ആയുധങ്ങള്‍ ലഭിച്ചതുമില്ല. അങ്ങനെ സിറിയയിലെ സ്ലാവോണിക് കോർപ്സിന്‍റെ ആദ്യ യുദ്ധ ദൗത്യം ദേർ അൽ-സൗറിന് സമീപം വലിയ തോൽവിയോടെ അവസാനിച്ചു. രക്ഷപ്പെട്ടവരെ റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുകയും കമ്പനി പിരിച്ചുവിടുകയും ചെയ്തു.

സ്ലാവോണിക് കോർപ്സ് ഇല്ലാതായതിന് തൊട്ടുപിന്നാലെ സ്വകാര്യ സൈനിക കമ്പനിയായ വാഗ്നർ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു. റഷ്യൻ ധനികനായ യെവ്ഗെനി പ്രിഗോസ്സിനുമായി ബന്ധമുള്ള വാഗ്നർ ഗ്രൂപ്പിന് റഷ്യൻ ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ ഏറെ മുന്‍പ് തന്നെ റഷ്യയില്‍ പടര്‍ന്നിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന് ലോകത്തെവിടെയും രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഇതിന്‍റെ പേരില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും റഷ്യന്‍ ഭരണകൂടം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ ഇതേ സമയങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിന് വേണ്ട സഹായങ്ങളെല്ലാം ഭരണകൂടം നല്‍കിയിരുന്നതായി പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു.

wagner group
വാഗ്നര്‍ സംഘം Screen-grab, Copyrights: Sabado

വാഗ്നർ ഗ്രൂപ്പിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത് ദിമിത്രി ഉത്കിനാണ്. പരിചയസമ്പന്നനായ ഉത്കിൻ രണ്ട് ചെചെൻ യുദ്ധങ്ങളില്‍ പങ്കെടുക്കുകയും 2013 വരെ ജിആർയുവിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്പെറ്റ്നാസ് യൂണിറ്റിന് കമാൻഡറായി ഇദ്ദേഹം ലെഫ്റ്റനന്‍റ് കേണൽ പദവിയിലെത്തുകയും ചെയ്തു. 2013-ൽ സേവനം ഉപേക്ഷിച്ച ഉത്കിന്‍ പിന്നീട് മൊറാൻ സെക്യൂരിറ്റി ഗ്രൂപ്പിൽ ചേരുകയും സ്ലാവോണിക് കോർപ്സിനോടൊപ്പം സിറിയയിലെ ഓപ്പറേഷനിൽ പങ്കെടുക്കകയും ചെയ്തു. 2014-ൽ അദ്ദേഹം മൊറാൻ ഗ്രൂപ്പ്‌ വിട്ട ഉത്കിന്‍ ആ വര്‍ഷം തന്നെ വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ചു. പാട്ടാള ജീവിതത്തിലെ തന്‍റെ പഴയ വിളിപ്പേരായ (Call Sign) “വാഗ്നർ” എന്ന പേര് തന്നെ ഉത്കിന്‍ കമ്പനിക്ക് നൽകുകയായിരുന്നു. ഹിറ്റ്‌ലറിന്‍റെ ഇഷ്ട സംഗീതജ്ഞനായ റിച്ചാര്‍ഡ് വാഗ്നറുടെ പേരാണ് പേരിന്‍റെ ഉത്ഭവത്തിനെന്ന അനുമാനവുമുണ്ട്. പക്ഷെ ഉത്കിൻ വാഗ്നർ ഗ്രൂപ്പിന്‍റെ സ്ഥാപകനായിരുന്നോ മാറ്റാരുടെയെങ്കിലും ബിനാമിയായിരുന്നോ എന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

2014-ൽ ഉക്രെയ്‌നില്‍ റഷ്യൻ സൈനികകാലയളവിൽ, ജിആർയു കേണൽ ഒലെഗ് ഇവാനിക്കോവിനും മേജർ ജനറൽ യെവ്ഗെനി നിക്കിഫോറോവിനും പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്കിനും വാഗ്നര്‍ ഗ്രൂപ്പും പങ്കെടുത്തിരുന്നു. 2014 മുതൽ 2015 വരെയുള്ള  റിപ്പോർട്ട് ചെയ്യുന്ന ഉത്കിന്‍റെ മൂന്ന് ഫോൺ സംഭാഷണങ്ങൾ ഉക്രേനിയൻ സിഗ്നൽ ഇന്‍റലിജൻസ് ശേഖരിച്ചിരുന്നു. ഈ സംഭാഷണങ്ങളിലൂടെ ഉത്കിനും സംഘവും ജിആര്‍യുവിനും നും റഷ്യൻ സൈനിക കമാൻഡിനും കീഴിലായിരുന്നു വ്യക്തമാകുന്നതാണ്. റഷ്യൻ ഭരണകൂടവുമായുള്ള ഉത്കിന്‍റെ അടുത്ത ബന്ധത്തിന്‍റെ മറ്റൊരു സൂചനയായിരുന്നു, 2016 ഡിസംബർ 9 ന് നടന്ന ഒരു ക്രെംലിൻ റിസപ്ഷനിൽ വച്ച് ഉക്രെയ്നിലെ അദ്ദേഹത്തിന്‍റെ സേവനങ്ങൾക്കായി ഓർഡർ ഫോർ കറേജ് സ്വീകരിക്കുമ്പോള്‍ എടുത്ത ഫോട്ടോ.

റഷ്യയിലെ ക്രാസ്നോദർ ജില്ലയിലെ മോൾകിനോ എന്ന പട്ടണത്തിലാണ് വാഗ്നർ ഗ്രൂപ്പിന്‍റെ പ്രധാന സങ്കേതം. റഷ്യയുടെ ജിആര്‍യുവിന്‍റെ 10-ആം ബ്രിഗേഡും വാഗ്നർ ഗ്രൂപ്പും സംയുക്തമായാണ് ഈ പട്ടണത്തിലെ സൈനിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങൾ വാഗ്നർ സംഘങ്ങള്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയ നിരവധി തെളിവുകളുണ്ട്. പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ സഹായിക്കാൻ വെനസ്വേലയിലേക്ക് വാഗ്നർ സംഘത്തെ വിന്യസിച്ചപ്പോൾ, റഷ്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ഇല്യുഷിൻ Il-62M, അന്റോനോവ് An-124 എന്നീ വാഹനങ്ങളിലാണ് എത്തിയത്. ലിബിയയിൽ, റഷ്യൻ മിലിട്ടറി ഇല്യൂഷിൻ Il-76 കാർഗോ എയർക്രാഫ്റ്റുകൾ വാഗ്നർ സംഘങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാഗ്നർ ഉദ്യോഗസ്ഥർ പതിവായി സിറിയയിലേക്കും പുറത്തേക്കും സൈനിക ഗതാഗത വിമാനങ്ങളിലാണ് സഞ്ചരിക്കുന്നത് എന്ന ആരോപണങ്ങളും നിലവിലുണ്ട്.

wagner group
വാഗ്നര്‍ സംഘം Screen-grab, Copyrights: the guardian nigeria

ഗതാഗത സഹായങ്ങളോടൊപ്പം തന്നെ വാഗ്നര്‍ സംഘങ്ങള്‍ക്ക് റഷ്യന്‍ സൈനിക ആശുപത്രികളില്‍ വൈദ്യസഹായവും നല്‍കിയതായി പറയപ്പെടുന്നുണ്ട്. 2018 ഫെബ്രുവരിയിൽ ഡീർ എസ്-സോറിലെ (Deir ez-Zor) തോൽവിക്ക് ശേഷം, പരിക്കേറ്റവരെയും രക്ഷപ്പെട്ടവരെയും റഷ്യൻ സൈനിക മെഡിക്കൽ വിമാനം റോസ്തോവിലെയും മോസ്കോയിലെയും സൈനിക ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഈ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത് വാഗ്നർ സംഘത്തിന് റഷ്യൻ സൈനിക ഘടകങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും സാധാരണ ഒരു സ്വകാര്യ കമ്പനിക്കും ലഭിക്കാൻ സാധ്യതയില്ലാത്ത പ്രത്യേക സൈനിക ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നുമാണ്.

ഉക്രേനിയൻ സുരക്ഷാ സേവനത്തിന്‍റെ  (എസ്ബിയു) റിപ്പോർട്ടുകൾ പരിസ്ശോധിച്ച ശേഷമുള്ള ബെല്ലിംഗ്കാറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, വാഗ്നർ പ്രവർത്തകർ മോസ്കോയിലെ സെൻട്രൽ മൈഗ്രേഷൻ ഓഫീസ് യൂണിറ്റ് 770-001 ന് കീഴിലുള്ള ഒരു പ്രത്യേക പാസ്പോർട്ട് ഡെസ്ക് നൽകുന്ന പാസ്പോർട്ടുകൾ പലപ്പോഴും ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നുണ്ട്. റഷ്യയുടെ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള ആളുകൾക്ക് മാത്രമായി ഈ യൂണിറ്റ് പാസ്‌പോർട്ടുകൾ നൽകുന്നുള്ളൂ. സെർജി സ്‌ക്രിപ്പാലിനെ വധിക്കാൻ ശ്രമിച്ച രണ്ട് കുറ്റവാളികള്‍ക്കുള്ള വ്യാജ പാസ്‌പോർട്ടുകൾ നൽകിയത് ഇതേ യൂണിറ്റ് 770-001 ആയിരുന്നു. കൂടാതെ, വാഗ്നര്‍ സംഘങ്ങളുടെ ഡോക്യുമെന്‍റ് ചെയ്ത പാസ്‌പോർട്ടുകൾ ക്രമമായ നമ്പറുകളോടെയാണ് നൽകിയത്, ഇത് വാഗ്നറില്‍ പ്രവര്‍ത്തിക്കുന്ന വലിയ സംഘത്തിന് നൽകിയിട്ടുണ്ടെന്ന സൂചനയെ ശക്തിപ്പെടുത്തുന്നു.

ബെലാറസിലെ 2020 ലെ പ്രസിഡമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ആഴ്‌ചകളില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 29 ന്, വാഗ്നർ ഗ്രൂപ്പിൽപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 33 റഷ്യൻ പൗരന്മാരെ ബെലാറസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അറസ്റ്റിലായ വാഗ്നർ പ്രവർത്തകരുടെ കഥ ഉപയോഗിക്കുകയും തിരഞ്ഞെടുപ്പിൽ ഇടപെടാൻ പദ്ധതിയിട്ടുവെന്നാരോപിച്ച്, വാഗ്നർ ഗ്രൂപ്പ് ബെലാറസിനെ ഒരു ട്രാൻസിറ്റ് രാജ്യമായി പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് സ്വതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി. ജൂലൈ 31 ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ വിഷയം ചർച്ച ചെയ്യാൻ റഷ്യൻ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. അതിനുശേഷം, ലുകാഷെങ്കോയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ പുടിൻ കുറഞ്ഞത് രണ്ടുതവണയെങ്കിലും വിഷയം ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട റഷ്യൻ വാഗ്നർ പ്രവർത്തകരെ ബെലാറസ്സ് തിരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ യാതൊരു കുറ്റവും ചുമത്താതെ വിട്ടയയ്ക്കുകയും ചെയ്തു.

Yevgeny Prigozhin
യെവ്ഗെനി പ്രിഗോസ്സിന്‍ വാഗ്നര്‍ സംഘം Screen-grab, Copyrights: NCB News

പുടിനെതിരെ വാഗ്നറിന്‍റെ ചെക്ക്‌

വാഗ്നര്‍ സംഘത്തിന്‍റെ പ്രചാരം വർധിക്കുന്നതനുസരിച്ച്, അതിന്‍റെ നിഴൽ സ്ഥാപകനായ യെവ്ഗെനി പ്രിഗോസ്സിന്‍റെ നായക പരിവേഷവും വർദ്ധിച്ചിരുന്നു. ക്രെംലിൻ കരാറുകളുള്ള കോണ്‍കോര്‍ഡ് എന്ന കാറ്ററിംഗ് കമ്പനിയുടെ ഉടമയാണ് പ്രിഗോസ്സിന്‍. “പുടിന്‍സ് ഷെഫ്” എന്ന വിളിപ്പേരുള്ള ഇദ്ദേഹം, കഴിഞ്ഞ വർഷം വാഗ്നറിന്‍റെ പ്രധാന സ്ഥാപകനാണെന്ന് സമ്മതിക്കുന്നതിന് മുന്‍പ് വരെ അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ആരോപണങ്ങളെയും നിഷേധിച്ചിരുന്നു.

ഉക്രെയിന്‍ യുദ്ധത്തില്‍ റഷ്യയുടെ വജ്രായുധമായ വാഗ്നര്‍ സംഘങ്ങള്‍ അപ്രതീക്ഷിതമായാണ് റഷ്യയെ തിരിഞ്ഞു കൊത്തിയത്. പക്ഷെ അട്ടിമറി ഉദ്ദേശിച്ചല്ല മോസ്കോയിലേക്ക് സൈന്യം പ്രവേശിച്ചതെന്ന് പ്രിഗോസ്സിന്‍ പിന്നീട് അറിയിക്കുകയുണ്ടായി. എങ്കിലും ആ സാധ്യതയെ തള്ളിക്കളയാനും ആരും ശ്രമിക്കുന്നില്ല. അപ്രതീക്ഷിതമായ റഷ്യയുടെ തിരിച്ചടി ഉക്രെയിനിന് നേരിയ ആശ്വാസവും നല്‍കുന്നുണ്ട്.

റഷ്യൻ ഭരണകൂടത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ വാഗ്നര്‍ സംഘ തലവൻ യെവ്ഗെനി പ്രിഗോസ്സിന്‍റെ പിന്മാറ്റത്തിന് പിന്നിൽ റഷ്യൻ ഇന്‍റലിജൻസ് സർവീസിന്‍റെ ഭീഷണിയെന്ന് അഭ്യൂഹമുണ്ട്. പിന്മാറിയില്ലെങ്കിൽ അത് പ്രിഗോഷിന്‍റെയും വാഗ്നര്‍ ഗ്രൂപ്പിലെ മറ്റ് ഉന്നത അംഗങ്ങളുടെയും കുടുംബങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രീട്ടീഷ് ഇന്‍റലിജൻസ് ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 25,​000ത്തോളം വരുന്ന വാഗ്നർ അംഗങ്ങളാണ് തനിക്കൊപ്പമുള്ളതെന്നായിരുന്നു പ്രിഗോസ്സിന്‍റെ അവകാശവാദമെങ്കിലും ഇത് വെറും 8,​000 മാത്രമായിരുന്നെന്നും മോസ്കോയിലേക്ക് നീങ്ങിയാൽ പരാജയം ഉറപ്പായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ മുതലാണ് വാഗ്നര്‍ പടയാളികൾ യുക്രെയിനിലെ പോരാട്ടം അവസാനിപ്പിച്ച് റഷ്യയിലേക്ക് മടങ്ങിയെത്തി കലാപനീക്കം തുടങ്ങിയത്.

vladimir putin
വ്ലാദിമിര്‍ പുടിന്‍ Screen-grab, Copyrights: CNBC

റോസ്തോവ് ഓൺ ഡോൺ,​ വൊറോനെഷ്  എന്നീ നഗരങ്ങൾ പിടിച്ചെടുത്ത് മോസ്കോയെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും റഷ്യൻ മണ്ണിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പിന്മാറുകയാണെന്ന് രാത്രിയോടെ പ്രിഗോഷിൻ പ്രഖ്യാപിക്കുകയായിരുന്നു. ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മദ്ധ്യസ്ഥ ചർച്ചയിലൂടെയായിരുന്നു പ്രിഗോസ്സിന്‍റെ മനംമാറ്റം. പ്രിഗോസ്സിനും വാഗ്നർ അംഗങ്ങൾക്കുമെതിരെ ക്രിമിനൽ കേസെടുക്കില്ലെന്ന റഷ്യയുടെ ഉറപ്പിൻമേലായിരുന്നു ഒത്തുതീർപ്പ്. പ്രിഗോസ്സിൻ റഷ്യ വിട്ട് ബെലാറൂസിലേക്ക് പോകണമെന്നും ധാരണയായി.

സംഭവങ്ങള്‍ കെട്ടടങ്ങിയെങ്കിലും പുടിന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികാരം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പുടിന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ വാഗ്നര്‍ സംഘങ്ങൾ  പുടിനെതിരെ നേര്‍ക്കുനേര്‍ വരുമോ ? അതോ തിരിഞ്ഞോടുമോ ? അതോ പഴയ സൗഹൃദം അതുപോലെ തുടരുമോ ? എന്ന് വരും ദിവസങ്ങളില്‍ കാണാം

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി