കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ ഭീതിയില്‍ കഴിയുകയാണ് മത്സ്യത്തൊഴിലാളികളായ പ്രദേശവാസികള്‍. മുണ്ടയ്ക്കല്‍ പുതുവല്‍ പുരയിടം, ഉദയമാര്‍ത്താണ്ഡപുരം തിരുവാതിരനഗര്‍ തുടങ്ങിയ ഭാഗത്താണ് കടല്‍ രൂക്ഷമായി കരയിലേയ്ക്ക് അടിക്കുന്നത്. .
പുനര്‍ഗേഹം പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പുനരധിവാസം പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. പുനര്‍ഗേഹം പദ്ധതിയില്‍ 10 ലക്ഷം രൂപയാണ് ഇവര്‍ക്ക് ഭൂമി വാങ്ങാനും വീട് നിര്‍മിക്കാനുമായി ലഭിക്കുക. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് കുറഞ്ഞ സമയത്തില്‍ സ്ഥലവും വീടും ഒരുക്കാന്‍ സാധിക്കുന്നില്ല. ഈ തുക ഒന്നിന്നും തികയില്ലാ എന്നാണ് ഇവര്‍ പറയുന്നത്. സ്ഥലം വാങ്ങിയതിനു ശേഷം വീട് പണിയാനുള്ള പണം അനുവദിച്ചു കിട്ടാന്‍ മാസങ്ങളായി കാത്തിരിക്കുന്നവരും ഉണ്ട്. അശാസ്ത്രീയമായി മീറ്ററുകള്‍ അകലത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ചതാണ് കടല്‍ക്ഷോപത്തിന് കരണം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.