മൂന്നാം ക്ലാസ്സ് മുതൽ വായിക്കാൻ തുടങ്ങി. ചേട്ടനൊപ്പം വായനശാലയിലേക്ക് പോകുന്നത് പതിവായി അങ്ങനെ യശോദയുടെ പുസ്തകങ്ങളോടുള്ള ആദ്യ ചങ്ങാത്തം അവിടെ ആരംഭിച്ചു. പിന്നീട് ഗ്രന്ഥശാലയുടെ ആശയം അച്ഛനോട് പങ്കുവച്ചപ്പോൾ അച്ഛൻ പറഞ്ഞത് നിന്റെ ഗ്രന്ഥശാലയ്ക്ക് എന്റെ വക നൂറുപുസ്തകം വാങ്ങിത്തരുമെന്നായിരുന്നു. അവിടുന്ന് ഇതുവരെ യശോദയുടെ പുസ്തക സമ്പത്ത് യശോദയെയും വായനയെയും ഇഷ്ടപ്പെടുന്നവരുടെ പിന്തുണയാണ്.
ഇന്ന് യശോദയുടെ ഗ്രന്ഥശാലയിലെ ആയിരക്കണക്കിന് പുസ്തകങ്ങളിൽ ഒന്ന് മാത്രമാണ് വിലകൊടുത്ത് വാങ്ങിയത്. ബാക്കിയെല്ലാം പ്രിയപ്പെട്ടവർ സ്നേഹത്തോടെ സമ്മാനിച്ചതാണ്. വിദേശത്ത് നിന്നുപോലും ഇവിടേക്ക് പുസ്തകങ്ങൾ എത്തുന്നുണ്ട്. എംഎൽഎ യും വാർഡ് കൗൺസിലറുമുൾപ്പെടെ പല പ്രമുഖ വ്യക്തികളും ഇന്ന് ഈ വായനശാലയിൽ അംഗങ്ങളാണ്.
മകളുടെ ആശയത്തെ പൂർണ്ണമായി പിന്തുണച്ച ഒരു അച്ഛന്റെ വിജയം കൂടിയാണിത്. യശോദയുടെ പിതാവും ചിത്രകാരനുമായ ദിനേശ് ഷേണായ് മുഖപുസ്തകത്തിൽ മകളുടെ ആഗ്രഹം പങ്കുവച്ചതിന് പിന്നാലെ നിരവധി പുസ്തകങ്ങളാണ് യശോദയെ തേടിയെത്തിയത്. മകളുടെ ഗ്രന്ഥശാലയിലേക്ക് നൽകുന്ന ഓരോ പുസ്തകവും ഒരു മുതൽക്കൂട്ടും അഭിമാനവുമാണെന്നാണ് യശോദയുടെ അച്ഛന്റെ കാഴ്ചപ്പാട്.
” ഡിജിറ്റൽ വായനയും പുസ്തക വായനയും രണ്ടും വായനതന്നെയാണ് പക്ഷേ അതിൽ അമ്മയുടെ അമ്മിഞ്ഞപ്പാലും കവറുപാലും പോലെ വ്യത്യാസമുണ്ട് ” ഡിജിറ്റൽ വായനയെക്കുറിച്ച് യശോദയുടെ കാഴ്ചപ്പാട് ഇങ്ങനെയാണ്. കഷ്ടപ്പെട്ടല്ല ഇഷ്ടപ്പെട്ടാണ് വായിക്കേണ്ടതെന്നും യശോദ പുതുതലമുറയോട് പുസ്തകങ്ങളെ ചേർത്തുപിടിച്ചു പറയുന്നു.