Mon. Mar 4th, 2024
tsunami flat issue

ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട്

സുനാമിഭീഷണിയും  കടലാക്രമണ ഭീതിയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന കൊല്ലം ഇരവിപുരം ഭാഗത്തെ വിവിധ  പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ച 208 കുടുംബങ്ങളാണ് ഇരവിപുരം സുനാമി ഫ്ലാറ്റുകളിൽ ജീവിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥ അവകാശം പോലും ഇല്ലാത്ത ഇവർ ഭൂരാഹിത്യത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ്.

കഴിഞ്ഞ 10 വർഷകാലമായി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഫ്ലാറ്റുകളിൽ വീർപ്പുമുട്ടിയാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. വെള്ളപൊക്കം, കുടിവെള്ള പ്രശ്നം, മാലിന്യ നിർമാർജനം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ഫ്ളാറ്റിലെ ജനങ്ങൾക്ക് പറയാനുള്ളത്. സർക്കാർ പുറമ്പോക്ക് ഭൂമികളിലും തീരദേശ മേഖലകളിലും താമസിച്ചിരുന്നവരെ അക്ഷരാർത്ഥത്തിൽ മറ്റൊരിടത്തേക്ക് പറിച്ചു നടുകയായിരുന്നു. എന്നാൽ ഇവിടെ സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ കഴിയുന്നില്ല എന്നാണ് പ്രദേശവാസികൾ ഒരേ സ്വരത്തിൽ പറയുന്നത്.

” ഇടവും വലവുമൊന്നുമില്ല ഇച്ചിരിച്ചെ സ്ഥലമാണുള്ളത് നാലു പേരുള്ളിടത്തുപോലും നേരെ ചൊവ്വേ  കിടക്കാനും ഇരിക്കാനും സ്ഥലമില്ല ” പത്ത് വർഷമായി ഇവിടെ കഴിയുന്ന ജെയിൻ പറയുന്ന വാക്കുകളാണിത്. ജെയ്‌നിന്റെ മാത്രം പ്രശ്നമല്ല ഇത്. ഫ്ലാറ്റിലുള്ള എല്ലാ കുടുംബങ്ങളും ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്.

പ്രായമായ രോഗബാധിതർ തുടങ്ങി കുട്ടികൾ വരെ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. കെട്ടിടങ്ങൾ എല്ലാം ജീർണിച്ച അവസ്ഥയിലാണ്. മുകളിൽ നിന്നും സിമെന്റും മറ്റും ഉറക്കത്തിൽ താഴെവീഴുന്നുവെന്നും മുകളിലെ നിലയിലെ വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം പൊട്ടി ബെഡ്റൂമിലേക്ക് ഒഴുകുന്നുവെന്നുമാണ് ഇവരുടെ പരാതി. അതുകൊണ്ടു തന്നെ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും ഇവിടെ സ്ഥിരം കാഴ്ചയാണ്. പലതവണ അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല എന്നും ഫ്ലാറ്റ് നിവാസികൾ പറയുന്നു.

10 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നുവെങ്കിലും ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ഇവർക്കില്ല. ക്രയവിക്രയം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ് സർക്കാർ നൽകിയ ഒരു കഷ്‌ണം പേപ്പർ മാത്രമാണ് ഇവരുടെ കയ്യിൽ ആകെയുള്ള രേഖ.

സ്വന്തമായി ഭൂമിപോലുമില്ലാത്ത ഇവർക്ക് നിരന്തരമായി ദുരിതങ്ങൾ അനുഭവിച്ചാലും ഇവിടം വിട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. പിഞ്ചു കുട്ടികൾ മുതൽ രോഗകിടക്കിയിലുള്ള മുതിർന്നവർ വരെ ഈ അവസ്ഥയിലാണ് ഇവിടെ കഴിയുന്നത്. പത്ത് വർഷത്തിന്ശേഷം സ്വന്തം പേരിൽ ഫ്ലാറ്റ് പതിച്ചു നൽകുമെന്ന് പറഞ്ഞിട്ട് ഇതുവരെയും നടപടിയായില്ലെന്നും  ഇവർ പറയുന്നു.

വർഷത്തിൽ മൂന്നും നാലും തവണയാണ് ഇവിടെ വെള്ളം കയറുന്നത്.  കെട്ടിടങ്ങൾ എല്ലാം ചോർന്നൊലിച്ചും ഓടയിൽ നിന്നുള്ള മലിനജലം വീടിനുള്ളിൽ കയറിയും വലിയ പ്രതിസന്ധികളാണ് ദിനം പ്രതി ഇവർ നേരിടുന്നത്. വെള്ളം കയറുമ്പോൾ ക്യാമ്പുകളിലേക്ക് മാറ്റുകയാണ് പതിവ്.

വർഷത്തിൽ പലതവണ ഇത് ആവർത്തിക്കപ്പെടുമ്പോൾ വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. മലിനജലം ഒഴുകുന്ന ഓടയിൽ മൂടിയില്ലാത്തത് വായുവിൽപോലും ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. കക്കൂസ്സ് മാലിന്യം പുറന്തള്ളപ്പെടുന്ന ഓടയിൽ നിന്നും പരിസര പ്രദേശത്തു നിന്നുമുള്ള അണുക്കൾ പകർച്ചവ്യാധികൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും വയറിളക്കമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകുന്നുണ്ടെന്നും പരാതിയുണ്ട്.

“ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട്”  ഫ്ളാറ്റ് നിവാസിയായ സെബാസ്റ്റിയൻ പറയുന്നു. ഫ്ലാറ്റിൽ ലഭിക്കുന്ന കുടിവെള്ളം പോലും മലിനമാണെന്നും നിരന്തരമായി ഉപയോഗിക്കുമ്പോൾ ആരോഗ്യ പ്രശ്നമുണ്ടാകുമെന്നും പരിശോധനയിൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു.

ഫ്ലാറ്റിലെ 208 കുടുംബങ്ങളിൽ 178 കുടുംബങ്ങളും പരമ്പരാഗത മത്സ്യതൊഴിലാളികളാണ്. തീരദേശ മേഖലയിൽ നിന്നൊക്കെ മാറ്റി പാർപ്പിച്ച ഇവരുടെ ഉപജീവന മാർഗ്ഗംപോലും വഴിമുട്ടിയ അവസ്ഥയിലാണ്. ഇവിടെ നിന്നും മത്സ്യ ബന്ധനത്തിന് പോകാൻ ആവശ്യമായ ഗതാഗത സൗകര്യമില്ലെന്നും അടിക്കടി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം കാരണം പണിക്കു പോകുന്നത് മുടങ്ങുന്നുവെന്നും ഫ്ലാറ്റിൽ താമസിക്കുന്ന മത്സ്യതൊഴിലാളികൾ പറയുന്നു.

അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാതെയാണ് ഇവിടെ വികസനം കൊണ്ടുവരുന്നതെന്നാണ് ഫ്ലാറ്റ് നിവാസികളുടെ ആക്ഷേപം. ലക്ഷങ്ങൾ മുടക്കി രണ്ട് പ്രാവശ്യമായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഹാൾ ആർക്കും ഇതുവരെയും ഉപകാരപ്പെട്ടിട്ടില്ല. ജലലഭ്യത പോലുമില്ലാത്ത കെട്ടിടം ഉപയോഗശൂന്യമാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഫ്ലാറ്റിലെ പ്രതിസന്ധികൾ ആരംഭിച്ചത് ഇന്നും ഇന്നലെയുമല്ല. ഉടമസ്ഥാവകാശത്തിൽ തുടങ്ങി കുടിവെള്ള പ്രശ്നം, മാലിന്യ നിർമാർജനം, സെപ്റ്റിക് ടാങ്ക് അങ്ങനെ നീളുന്നു ഇവിടുത്തുകാരുടെ ദുരിതങ്ങൾ. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പറിച്ചുനട്ട ഇവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും ഇതുവരെയും  തയ്യാറായിട്ടില്ല. പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടയിലെന്നാണ് ഫ്ലാറ്റ് നിവാസികൾ ഒന്നടങ്കം പറയുന്നത്. എത്രകാലം ഈ ദുരിതകടൽ നീന്തണമെന്ന ആശങ്കയിലാണ് ഇവർ.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.