ഒരു കഥയിൽ തുടങ്ങാം. നാട്ടിൻ പുറത്തെ അയൽവാസികളാണ് രാഘവനും റഹ്മാനും. രണ്ടു പേർക്കും ഏകദേശം അറുപത്തഞ്ചോളം വയസ്സ് പ്രായമുണ്ട്. കയ്യിൽ സ്മാർട്ട് ഫോണില്ല. ലാൻഡ് ലൈൻ എന്ന് വിളിക്കുന്ന ടെലഫോൺ യുഗത്തിലായിരുന്നു ഇരുവരുടെയും യൗവനം. പിന്നീട് മൊബൈൽ ഫോൺ വ്യാപകമാതോടെ ഇരുവരും മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങി; നോക്കിയ കമ്പനിയുടെ കീ പാഡ് ഫോൺ.
രാഘവൻ ചായക്കട നടത്തുന്നു. റഹ്മാൻ ഓട്ടോ ഡ്രൈവറാണ്. അയൽവാസികളായതുകൊണ്ട് തന്നെ ഇരുവരും നല്ല ബന്ധമാണ്. ദിവസവും രണ്ടു നേരം, രാവിലെയും വൈകുന്നേരവും ഇരുവരും ചായക്കടയിൽ വെച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും.
രാഘവനും റഹ്മാനും മക്കളുണ്ട്. 25 – 30 പ്രായത്തിലുള്ള സുമേഷും സിനാനും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു. ഇൻ്റർനെറ്റ് യുഗത്തിൻ്റെ ഗുണഭോക്താക്കളാണ് രണ്ടുപേരും. ഫേസ്ബുക്കിലാണ് പ്രധാന വിഹാരം. രണ്ടു പേരും അയൽവാസികളാണെങ്കിലും ആഴ്ചയിലൊരിക്കൽ മാത്രമേ കഷ്ടിച്ച് കണ്ടുമുട്ടാറുള്ളൂ. ഫേസ്ബുക്കിൽ ഇരുവരും ദിവസവും പലവട്ടം കണ്ടുമുട്ടുന്നുണ്ടായേക്കാം. പക്ഷേ വ്യത്യസ്ത പേരുകളിലാണ്.
ഫേക്ക് അക്കൗണ്ട് എന്ന് സാങ്കേതികമായി പറയും. മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തങ്ങളുടെ മനസ്സിൻ്റെ ഉള്ളറകളിൽ ഉള്ളതെല്ലാം ഈ ഫേക്ക് അക്കൗണ്ട് വഴി ഇരുവരും പുറത്തേക്ക് ഒഴുക്കും. ഫേസ്ബുക്കിലേക്ക് മാത്രമായി തുറന്നു വെക്കുന്ന മനസ്സിൻ്റെ ഉള്ളറകളെ ഫേസ്ബുക്കിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പൂട്ടി വെക്കുകയും ചെയ്യും.
കഥ കഴിഞ്ഞില്ല
രാഘവനും റഹ്മാനും പേരക്കുട്ടികളുണ്ട്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറികളിലും പഠിക്കുന്നവർ. തത്കാലം ഇവർക്ക് പേര് കൊടുക്കണ്ട. പേരക്കുട്ടികൾ എന്ന് വിളിക്കാം. പേരക്കുട്ടികൾ നല്ല സുഹൃത്തുക്കളാണ്. സ്കൂളിലെ സൗഹൃദം കഴിഞ്ഞു വന്നാൽ വീട്ടിൽ മുറിക്കകത്തു കയറി അവർ ഓൺലൈനിൽ ഗെയിം തുടങ്ങും. പുതുതായി ഇറങ്ങുന്ന എല്ലാ ഓൺലൈൻ ഗെയിമുകളിലും ഇവർ അപ് – ടു – ഡെയ്റ്റ് ആയിരിക്കും.
ഇൻസ്റ്റഗ്രാം സ്റ്റോറികൾ വഴി ഗെയിമിൻ്റെ പല വഴികൾ ഇവർ മറ്റു കൂട്ടുകാരെ അറിയിക്കും. ഇൻസ്റ്റാഗ്രാം ആണ് ഇവരുടെ വിഹാരകേന്ദ്രം. അവിടെ ഇവർക്ക് ലൈഫ് എൻജോയ്മൻ്റിൻ്റെ പല വഴികൾ പറഞ്ഞു കൊടുക്കുന്ന ചേട്ടന്മാരുണ്ട്. ഇവരുടെ കൂട്ടുകെട്ട് വലിയൊരു ശൃഖലയാണ്. ഗെയിം ലൈവ് സ്ട്രീമിംഗ് വഴി യൂടൂബിൽ ലക്ഷക്കണക്കിനു സബ്സ്ക്രൈബേഴ്സ് ഉള്ള ഹീറോകൾ ഇവരുടെ റോൾ മോഡലുകളാണ്. “ചിൽ ആൻഡ് എൻജോയ്” എന്നതാണ് അപ്രഖ്യാപിത മുദ്രാവാക്യം.
കഥ തീർന്നു
ഇനി ചോദ്യത്തിലേക്ക് വരാം. രാഘവൻ – റഹ്മാൻ തലമുറയിൽ തുടങ്ങി രണ്ട് പിൻതലമുറകളെ ഇവിടെ പരിചയപ്പെട്ടു. ഇതിൽ ആരാണ് പാരലൽ വേൾഡിൽ കഴിയുന്നവർ? ആരുടെ ലോകമാണ് റിയൽ വേൾഡ്?
റഹ്മാനെയും രാഘവനെയും സംബന്ധിച്ചിടത്തോളം സുമേഷും സിനാനും പാരലൽ വേൾഡിലാണ്, അവർ അങ്ങനെ ചിന്തിച്ചിട്ടില്ലെങ്കിലും. രാഘവൻ്റെയും സുമേഷിൻ്റെയും തലമുറകൾ തമ്മിലുളള അന്തരം ഇവിടെ പ്രകടമാണ്. ഇൻ്റർനെറ്റ് യുഗത്തിലെ ജീവബിന്ദുക്കളാണ് സുമേഷും സിനാനും. റഹ്മാനും രാഘവനും ഇൻ്റർനെറ്റ് കേട്ടറിവ് മാത്രമായിരിക്കും.
നിത്യേന കണ്ടുമുട്ടുന്ന റഹ്മാനും രാഘവനും ഒരിക്കലും പരസ്പരം സംസാരിക്കാത്ത, അവർ പുറത്ത് പറയാൻ മടിക്കുന്ന പല കാര്യങ്ങളും ശാരീരികമായി പരസ്പരം കണ്ടുമുട്ടിയില്ലെങ്കിലും സുമേഷും സിനാനും ഓൺലൈനിൽ സംസാരിക്കും, പക്ഷേ അവർ പരസ്പരം തിരിച്ചറിയുന്നില്ല. അവരുടേത് വിർച്വൽ ലോകമാണ്. ഓഫ്‌ലൈൻ ജീവിതത്തിൽ നിന്ന് വ്യക്തികൾ അകന്ന് വിർച്വൽ ലോകമെന്നു വിളിക്കുന്ന ഓൺലൈൻ ലോകത്ത് കയറി ഉപകരണത്തിനകത്തുള്ള മനുഷ്യ പ്രതീകങ്ങളോട് സംവേദനം നടത്തുന്ന മാറ്റമാണ് സുമേഷിൻ്റെയും സിനാനിൻ്റെയും തലമുറയുടേത്.
ഇനി റഹ്മാൻ്റെയും രാഘവൻ്റെയും പേരക്കുട്ടികളുടെ ജീവിതത്തിലേക്ക് വരാം. ന്യൂ ജെൻ പിള്ളേര് എന്ന് വിളിക്കാവുന്ന പേരക്കുട്ടികളുടേത് ഇൻസ്റ്റാഗ്രാമിലൂടെയുള്ള “chill and enjoy” ഓൺലൈൻ ജീവിതമാണ്. ഈ ജിവിതം സുമേഷിനും സിനാനും അന്യമാണ്. എന്നാൽ രാഘവനും റഹ്മാനും അന്യമായ ഫേസ്ബുക്കും ട്വിറ്ററും സുമേഷിനും സിനാനും റിയൽ വേൾഡിൻ്റെ ഭാഗമാണ്. ചുരുക്കിപ്പറഞ്ഞാൽ മൂന്ന് തലമുറ മൂന്ന് ലോകത്താണ്. ഓരോരുത്തർക്കും തനിക്ക് അന്യമായത് പാരലൽ വേൾഡാണ്.
ഇനി അൽപം കാര്യത്തിലേക്ക് വരാം
ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും അന്യമായ റഹ്മാൻ്റെയും രാഘവൻ്റെയും തലമുറ കുറച്ച് വർഷങ്ങൾ കൊണ്ട് ഈ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമായേക്കും. ശേഷമുള്ള എല്ലാ പിൻതലമുറയും ഇൻ്റർനെറ്റിൻ്റെ ഉപഭോക്താക്കളാണ്. അതിനാൽ റഹ്മാൻ – രാഘവൻ്റെ തലമുറയെ പറ്റിയുള്ള ചർച്ചകൾക്ക് തൽക്കാലം വിരാമമിടാം. സുമേഷ് – സിനാൻ തലമുറയും പേരക്കുട്ടികളുടെ തലമുറയുമാണ് നമ്മുടെ വിഷയം.
മുകളിൽ കണ്ടതുപോലെ സുമേഷ് -സിനാനും പേരക്കുട്ടികളും തമ്മിൽ ഒരു തലമുറയുടെ മാറ്റമുണ്ട്. തലമുറകൾ തമ്മിലുള്ള അന്തരം മനുഷ്യകുലത്തിൽ സ്വാഭാവികമാണ്. അതിൽ ഒരു തലമുറയെ പറ്റി മറ്റൊന്നിനേക്കാൾ മോശമെന്നോ നല്ലതെന്നോ പറയുന്നതിനർത്ഥമില്ല.
പിൻതലമുറയെ പറ്റി മുൻതലമുറക്കുള്ള വേവലാതികൾക്ക് സോക്രട്ടീസിൻ്റെ കാലം വരെയുള്ള പഴക്കമുണ്ട് (അതിനെ തലമുറ സിൻഡ്രോം എന്ന് തൽക്കാലം പേരിട്ട് വിളിക്കാം). തനിക്ക് രസിക്കാത്തത് പുളിക്കും എന്നാണല്ലോ. പേരക്കുട്ടികളുടെ തലമുറ ശോഷണത്തിൻ്റെ വക്കിലാണ് എന്നായിരിക്കും സുമേഷിൻ്റെ തലമുറയുടെ ആശങ്ക. പക്ഷേ അതിലും വലിയ ആശങ്ക സുമേഷിൻ്റെ തലമുറയെ പറ്റി റഹ്മാൻ്റെയും രാഘവൻ്റെയും തലമുറക്കുണ്ടായിരിക്കും. അതിങ്ങനെ തുടരും.
ഈ ലേഖനം എഴുതുമ്പോൾ സോഷ്യൽ മീഡിയയിൽ (അതായത് സുമേഷിൻ്റെ തലമുറ ഉപയോഗിക്കുന്ന ഫേസ്ബുക്കിൽ) പ്രധാന ചർച്ച പേരക്കുട്ടികളുടെ തലമുറക്ക് സംഭവിക്കുന്ന മൂല്യശോഷണത്തെ പറ്റിയാണ്. മലയാളിയുടെ ഫേസ്ബുക്ക് ലോകത്തെ പൊളിറ്റിക്കൽ കറക്റ്റ്നെസൊന്നും പേരക്കുട്ടികളുടെ തലമുറകൾക്കില്ല എന്നതാണ് പ്രധാന വിമർശനം.
സാങ്കേതിക വിദ്യകളുടെ നടുമുറ്റത്തേക്ക് പിറന്നു വീണവരാണ് പുതിയ തലമുറയിലെ കുട്ടികൾ. ലോകത്തെ ആധുനികമായ എല്ലാ മാറ്റങ്ങളെയും അടുത്തറിയുന്നവരാണവർ. പരമാവധി ലൈഫ് എൻജോയ് ചെയ്യാൻ ശ്രമിക്കുന്നവർ. സുമേഷിൻ്റെ തലമുറയും അതിനു മുമ്പുള്ളവരും ആദരവോടെ കൊണ്ടു നടന്നിരുന്ന ഐഡിയോളജിക്കൽ ചർച്ചകളിലോ മത- രാഷ്ട്രീയ വരട്ടു വാദങ്ങളിലോ കുടുങ്ങിക്കിടന്ന് മടുപ്പ് പിടിക്കാത്ത ജീവിതം ആഗ്രഹിക്കുന്നവരാണവർ. നെറ്റ്ഫ്ലിക്സിലും ഡിസ്നിയിലും ശ്രദ്ധിക്കുന്നവർ. ഇംഗ്ലീഷിലും കൊറിയനിലും ഇറങ്ങുന്ന പുതിയ സീരീസുകൾ കണ്ട് ലോകത്തെ മനസിലാക്കുന്നവർ.
ലോകത്തെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥ അനുനിമിഷം മാറുന്നുണ്ട്. ആരെങ്കിലും നിർമ്മിച്ചു വെച്ച സിദ്ധാന്തങ്ങൾക്കനുസരിച്ചല്ല ലോകം മുന്നേറുന്നത്. ലോകത്തെ മനുഷ്യന്മാർ ആകെപ്പാടെ എന്ത് ചിന്തിക്കുന്നു എന്നതിനനുസരിച്ചാണ് ലോകം ചലിക്കുന്നത്. അതുകൊണ്ട് പുതിയ തലമുറ ജീവിക്കുന്ന പുതിയ ജീവിതത്തെ പഴയ തലമുറ അവരുടെ ലോജിക്കും യുക്തിയും വെച്ച് അളക്കുന്നതിന് അർത്ഥമില്ല. അങ്ങനെ തലമുറകളായി മാറാത്ത ലോജിക്കുകൾ കൊണ്ടു നടന്നിരുന്നെങ്കിൽ ഇന്നുള്ള മാറ്റങ്ങളെല്ലാം ലോകത്തിന് അന്യമാകുമായിരുന്നു.
ലോകത്ത് എന്ത് മാറ്റങ്ങൾ കടന്നു വന്നാലും മാറാൻ പാടില്ല എന്ന് നാം കരുതുന്ന ചില സാർവത്രിക മൂല്യങ്ങളുണ്ട്. സ്ത്രീവിരുദ്ധതക്കും വംശീയ വെറികൾക്കും ജാതീയതക്കും ബോഡി ഷെയിമിംഗിനും എതിരായ മാനവിക മൂല്യങ്ങൾ. തെറിവിളികൾക്കും സഭ്യമല്ലാത്ത പെരുമാറ്റങ്ങൾക്കും സ്വീകാര്യത നൽകാതിരിക്കാനുള്ള പൊതുതാത്പര്യങ്ങൾ. ഇതെല്ലാം എന്നും പാലിക്കപ്പെടണമെന്നും ജനാധിപത്യ പെരുമാറ്റങ്ങൾ നിലനിൽക്കണമെന്നുമാണ് ആധുനികമായ ബോധ്യം. ഈ ബോധ്യമൊന്നും പേരക്കുട്ടികളുടെ തലമുറയ്ക്കില്ല എന്നാണ് ഇന്ന് സോഷ്യൽ മീഡിയയിൽ സുമേഷുമാരുടെ ചർച്ച.
പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന് വിളിക്കപ്പെടുന്ന മൂല്യങ്ങളിലേക്ക് ഒരു ദിവസം പൊടുന്നനെ എത്തിപ്പെട്ടവരല്ലല്ലോ നമ്മളാരും തന്നെ. പേരക്കുട്ടികളുടെ തലമുറക്കും ഈ പൊളിറ്റിക്കൽ കറക്റ്റ്നെസ് അന്യമല്ല; പക്ഷേ അവർക്ക് അതിലേക്കുള്ള വാതായനങ്ങൾ മുതിർന്ന തലമുറ എന്ന് വിളിക്കപ്പെടുന്ന സുമേഷിൻ്റെ തലമുറ അടച്ചിടുന്നതാണ് ഇവിടെ കാതലായ പ്രശ്നം.
വിശദീകരിക്കാം
ആധുനിക സമൂഹത്തിൽ പൊതുമണ്ഡലം (public sphere) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകമാണ് പത്ര-മാധ്യമങ്ങൾ. എല്ലാ തലമുറയിൽപ്പെട്ടവരും പത്രമാധ്യമങ്ങളുടെ ആശ്രിതരായിരുന്നു. പിന്നീട് ഇൻ്റർനെറ്റ് യുഗത്തിൽ സോഷ്യൽ മീഡിയ കടന്നു വരുന്നു. ഫേസ്ബുക്കും ട്വിറ്ററും പ്രധാന സോഷ്യൽ ഇടങ്ങളായതോടെ യുവതലമുറ അവയുടെ പ്രധാന ആശ്രിതരായി മാറി.
പത്ര-മാധ്യമങ്ങളേക്കാൾ വേഗത്തിൽ ചർച്ചകളും ആശയ കൈമാറ്റങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നു. സോഷ്യൽ മീഡിയ പത്ര-മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുമോ എന്ന് പോലും ഒരുവേള ആശങ്കകൾ ഉയർന്നിരുന്നു. പക്ഷേ പത്രമാധ്യമങ്ങൾക്കു പിടിച്ചു നിൽക്കാനായത് അവ സോഷ്യൽ മീഡിയയുടെ ട്രെൻഡ് മനസ്സിലാക്കി മുന്നോട്ടു പോയതുകൊണ്ടാണ്. രണ്ട് സമാന്തര ലോകമായി മാറാതെ പത്ര-മാധ്യമലോകവും ഫേസ്ബുക്കും ട്വിറ്ററുമടങ്ങുന്ന സോഷ്യൽ മീഡിയയും ഇന്ന് മുന്നോട്ടു പോവുന്നുണ്ട്.
ട്വിറ്ററിലും ഫേസ്ബുക്കിലും വരുന്ന പോസ്റ്റുകൾക്ക് പിറ്റേ ദിവസത്തെ പത്രങ്ങൾ വാർത്തകൾ നൽകുന്നു. പകൽ ഫേസ്ബുക്കിലും ട്വിറ്ററിലും നടക്കുന്ന ചർച്ചകളാണ് പലപ്പോഴും വാർത്താ ചാനലുകളിലെ അന്തിച്ചർച്ചകളുടെ വിഷയങ്ങൾ. ഓരോ സോഷ്യൽ മീഡിയ ഉപഭോക്താവിനും താൻ പൊതുജനമധ്യത്തിലാണെന്ന ബോധ്യം ഉണ്ടാവുന്നുണ്ട്. അങ്ങനെയാണ് പൊളിറ്റിക്കൽ കറക്റ്റനെസ് ബോധം രൂപപ്പെട്ടു വന്നത്.
പൊതുജനം തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധമാണ് ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഒരാളെ പ്രാപ്തനാക്കുന്നത്. പിന്നീട് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട നിയമങ്ങൾ സർക്കാർ നടപ്പിലാക്കിത്തുടങ്ങി. ഇങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയ നമ്മുടെ പൊതുസമൂഹ ജീവിതവുമായി ഇണങ്ങി വന്നത്.
ഇന്ന് പുതിയ തലമുറയിലെ കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വ്യത്യസ്തമാണ്. ടിക്ടോക്കും ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും മുതൽ പലതരം ഓൺലൈൻ ഗെയിമിംഗ് & സ്ട്രീമിംഗ് ആപ്പുകൾ വരെയുണ്ട്. ഗെയിമിംഗ് യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്താണ് തൊപ്പി എന്ന അപരനാമത്തിലറിയപ്പെടുന്ന പയ്യൻ ലക്ഷക്കണക്കിനു സബ്സ്ക്രൈബേഴ്സിനെ കൂടെ കൂട്ടിയത്. ഈ സബ്സ്ക്രൈബേഴ്സിൽ ബഹുഭൂരിപക്ഷവും കുട്ടികളാണെന്ന കാര്യത്തിൽ സംശയമില്ല.
ടിക്ടോക്ക് ഇന്ത്യയിൽ നിരോധിക്കപ്പെടുന്നതിന് മുമ്പ് അത് കൗമാരക്കാർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. ടിക്ടോക് വീഡിയോകൾക്ക് റിയാക്ഷൻ നടത്തുന്ന ഒരു യുട്യൂബ്ചാനൽ രംഗത്തു വന്നപ്പോൾ അവക്ക് മില്യൺ വരെ സബ്സ്ക്രൈബേഴ്സ് ഒറ്റ ദിവസം കൊണ്ട് ലഭിക്കുകയുണ്ടായി. അവിടെയും ഭൂരിപക്ഷവും കുട്ടികളായിരുന്നു.
ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരായ ഫോളോവേഴ്സിനെ കൊണ്ട് മാത്രം മില്യൺ കണക്കിനു ഫോളോവേഴ്സുള്ള പല ഐഡികൾ ഉണ്ട്. chill and enjoy എന്നതാണ് അപ്രഖ്യാപിത മുദ്രാവാക്യം.
ഫേസ്ബുക്കും ട്വിറ്ററും പത്ര-മാധ്യമങ്ങളുടെ നോട്ടത്തിലും നിരീക്ഷണത്തിലും വന്നതു പോലെ കുട്ടികൾ നിരന്ന് നിൽക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ടിക്ടോക്കോ ഇൻസ്റ്റഗ്രാമോ ഓൺലൈൻ ഗൈമിംഗുകളോ മറ്റു സോഷ്യൽ മീഡിയാ അപ്ലിക്കേഷനുകളോ പത്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽ പതിയുന്നില്ല. സ്വാഭാവികമെന്നോണം ഇവിടെ വിഹരിക്കുന്ന കുട്ടികൾ പൊതുസമൂഹത്തിൻ്റെ നിരീക്ഷണ പരിധിക്കു പുറത്തായി.
പൊളിറ്റിക്കൽ കറക്റ്റ്നസും പൊതുഇടങ്ങളിൽ പാലിക്കപ്പെടേണ്ട മര്യാദകളും അവർക്ക് അന്യമായി. അതിരുകളിലാത്ത ലോകം. മുതിർന്നവരുടെ നിരീക്ഷണമില്ല. പത്രമാധ്യമങ്ങളുടെ ഫീച്ചറിങ്ങില്ല. അങ്ങനെ ബോഡി ഷെയിമിംഗും സ്ത്രീവിരുദ്ധ വാക്കസർത്തുകളും തെറിപ്പാട്ടുകളുമായി അവർ ജീവിതം ആഘോഷിക്കുന്നു. തിരുത്താൻ ഒരു ശക്തിയുമില്ല. ഇങ്ങനെയൊക്കെയാണ് ഇന്ന് സുമേഷിൻ്റെ തലമുറ സോഷ്യൽ മീഡിയയിൽ പാരലൽ വേൾഡ് എന്ന് വിളിച്ച് ആശങ്കപ്പെടുന്ന പേരക്കുട്ടികളുടെ തലമുറ ആഭാസങ്ങൾ ആഘോഷമാക്കിയും തെറിവിളി നടത്തിയും പൊതുസമൂഹത്തിൻ്റെ നോട്ടം കടക്കാത്ത പൊളിറ്റിക്കൽ കറക്റ്റ്നെസ് പ്രവർത്തിക്കാത്ത അടഞ്ഞ ലോകത്ത് വിഹാരിക്കുന്നത്.
മാറ്റം ഉണ്ടാവേണ്ടത് പൊതുസമൂഹത്തിനാണ്. ഉത്തരവാദിത്തം പത്ര-മാധ്യമങ്ങൾക്കാണ്. കുട്ടികൾ ഇടപെടുന്ന മേഖലകൾക്ക് വിസിബിലിറ്റി നൽകാൻ മാധ്യമങ്ങൾ തയ്യാറാവണം. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ വ്യവഹാര മേഖലയാക്കി മാറ്റിയതു പോലെ പുതിയ തലമുറയുടെ ടേസ്റ്റ് & പ്രിഫറൻസുകൾ മനസിലാക്കി അവരുടെ സോഷ്യൽ മീഡിയാ എൻ്റർടെയ്ൻമെൻ്റ് ജീവിതങ്ങളെ ഫീച്ചറുകളായി പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം.
ഫുഡ് വ്ലോഗേർസും ടെക് ട്രാവലേഴ്സും ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ തികക്കാൻ നെട്ടോട്ടമോടുമ്പോൾ കുട്ടികൾ തങ്ങളുടെ ചാനലുകളിൽ നിഷ്പ്രയാസം ലക്ഷക്കണക്കിനു ഫോളോവേഴ്സിനെ കണ്ടെത്തുന്നുണ്ടെങ്കിൽ അത് വാർത്തയാക്കാനും എൻ്റർടെയ്ൻമെൻ്റ് പേജുകളിൽ അവരുടെ വിശേഷണങ്ങൾ പങ്കുവെക്കാനും മാധ്യമങ്ങൾ ശ്രമിക്കണം. അത്തരം കുട്ടികളുമായി ഇൻ്റർവ്യൂ നടത്തണം. അവരെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കണം. ഇങ്ങനെയൊക്കെയാണ് തങ്ങൾ പൊതുസമൂഹത്തിൻ്റെ ഭാഗമാണെന്ന ബോധം അവർക്കുണ്ടാവുക. ഇത് അവരെ ഉത്തരവാദപ്പെട്ട പൗരനും പൊളിറ്റിക്കൽ കറക്റ്റ്നെസ്സോടെ പെരുമാറുന്ന മനുഷ്യനുമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലും ഒതുങ്ങിക്കൂടി മതവും രാഷ്ട്രീയവും കൊണ്ടുള്ള വരട്ടുവാദ ചർച്ചകളിൽ മാത്രമായി സമയം തീർക്കുന്ന മുതിർന്ന തലമുറക്ക് മാറിയ കാലത്തെ പുതിയ തലമുറയുടെ ടേസ്റ്റ് & പ്രിഫറൻസ് അറിയാനും അവർ ആഗ്രഹിക്കുന്ന എൻ്റർടെയിൻമെൻ്റ് ജീവിതം മനസിലാക്കാനും പുതിയ കാലത്തെ സാങ്കേതിക വിദ്യയുടെ വികാസം പരിചയപ്പെടാനും ഇതൊക്കെ ഉപകരിക്കും.
അവസാനമായി പറയാനുള്ളത്, പ്രശ്നം തൊപ്പിയുടെയോ അവനെ പിന്തുണക്കുന്ന ലക്ഷക്കണക്കിനു കുട്ടികൾക്കോ അല്ല. അവരെ മനസിലാക്കി പൊതുസമൂഹത്തിൽ അവർക്ക് ദൃശ്യത (visibility) നൽകി അവരെ പൊതുമണ്ഡലത്തിൻ്റെ ഭാഗമാക്കി ചേർത്ത് സാമൂഹിക മര്യാദകൾ ഉൾക്കൊണ്ട് വളരാനുള്ള അവസരം അവർക്ക് ലഭ്യമാക്കാത്ത മുതിർന്ന തലമുറക്കാരായ പൊതുസമൂഹത്തിനാണ് പ്രശ്നം. അവഗണിച്ച് നന്നാക്കാമെന്ന് കരുതണ്ട, കൂടെ ചേർത്തു നിർത്തുകയാണ് വേണ്ടത്. ‘തലമുറ സിൻഡ്രോം’ വെടിഞ്ഞ് നമുക്ക് ചിന്തിച്ച് തുടങ്ങാം.
ലത്തീഫ് അബ്ബാസ്: മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അനുകാലിക വിഷയങ്ങളിൽ എഴുതുന്നു. ചരിത്രം, രാഷ്ട്രീയം, തത്വചിന്ത വ്യവഹാരങ്ങളിൽ ഇടപെടുന്നു. എല്ലാത്തിനുമുപരി ലോകത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവജാലങ്ങളിൽ ഒരുവൻ
FAQS
എന്താണ് ഇന്റർനെറ്റ് യുഗം?
ഇന്റർനെറ്റ് പൊതു ഉപയോഗത്തിനായി പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമായതിന് ശേഷമുള്ള കാലഘട്ടത്തെയാണ് ഇന്റർനെറ്റ് യുഗം സൂചിപ്പിക്കുന്നത്
ആരാണ് സോക്രട്ടീസ്?
പാശ്ചാത്യ തത്ത്വചിന്തയുടെ സ്ഥാപകനെന്ന നിലയിൽ അറിയപ്പെടുന്ന ഏഥൻസിൽ നിന്നുള്ള ഒരു ഗ്രീക്ക് തത്ത്വചിന്തകനായിരുന്നു
Quotes
ആളുകളെ ആകർഷിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ആളുകളെ സ്വാധീനിക്കാൻ അത് ഉപയോഗിക്കുക” – ഡേവ് വില്ലിസ്