Sat. Jan 18th, 2025
medical scam

ശരാശരി ഒന്നര ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ റോഡ്‌ അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ വലിയൊരു ശതമാനവും മരണത്തിനു കീഴടങ്ങുന്നത് മസ്തിഷ്ക മരണത്തെ തുടര്‍ന്നാണ്.

ര്‍വീസ് സെക്ടറിലെ ഏറ്റവും ബഹുമാനമര്‍ഹിക്കുന്ന ജോലി തന്നെയാണ് ഡോക്ടര്‍മാരുടേത്, അതില്‍ യാതൊരു സംശയവുമില്ല. ആരുടെ മുന്നില്‍ കള്ളം പറഞ്ഞാലും ഡോക്ടര്‍മാരുടെയും വക്കീലന്മാരുടെയും മുന്നില്‍ മാത്രം കള്ളം പറയരുത് എന്നാണ് നമ്മുടെ വഴക്കം. ഈ വഴക്കം സൂചിപ്പിക്കുന്നത് ഒരു സാധാരണക്കാരന്‍ ഡോക്ടറിലും വക്കീലിലും അര്‍പ്പിക്കേണ്ട വിശ്വസ്തതയുടെ ആവശ്യകതയാണ്.

ഒരാള്‍ മറ്റൊരാളെ വിശ്വസിക്കുന്നതിന്‍റെ അടിസ്ഥാനം അവരിലുള്ള സത്യസന്ധതയാണ്. ഇക്കൂട്ടര്‍ തങ്ങളുടെ സത്യസന്ധത തെളിയിക്കേണ്ടത് അവരുടെ ജോലിയില്‍ പാലിക്കുന്ന ധാര്‍മ്മികതയിലൂടെയാണ്. വക്കീല്‍ നിയമസംവിധാനത്തിന്‍റെ ഭാഗമായതിനാല്‍ നിയമവും നീതിയുമാണ് അവരുടെ ധാര്‍മ്മികത. എന്നാല്‍ ഡോക്ടര്‍മാരാവട്ടെ പൊതു ആരോഗ്യത്തിന്‍റെ ഭാഗമായതിനാല്‍ ജീവനാണ് അവരുടെ ധാര്‍മ്മികത. രണ്ട് മേഖലയിലും ധാര്‍മ്മികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെ അവയവ ദാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുണ്ടായ വിധി കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വലിയ അധാര്‍മ്മികതകളുടെ ചുരുളുകളാണഴിച്ച് കാണിക്കുന്നത്. 2009 നവംബര്‍ 26 ന് ഉണ്ടായ മൂവാറ്റുപുഴ സ്വദേശി വി ജെ എബിന്‍ എന്ന 19 വയസ്സുകാരന്‍റെ മരണവും അതിനെ തുടര്‍ന്നുണ്ടായ അവയവദാന കച്ചവടവും ഇന്ത്യയില്‍ ഊര്‍ജ്ജിതമായി തുടരുന്ന അവയവദാന മാഫിയയുടെ സമൂഹത്തിലെ അപ്രമാദിത്വം തുറന്നു കാണിക്കുന്നതാണ്.

വി ജെ എബിന്‍ ലേക്ഷോര്‍ Screen-grab, Copyrights: kerala kaumudi

1994 ലാണ് മനുഷ്യ അവയവദാന നിയമം (THOTA 1994) ഇന്ത്യയില്‍ നിലവില്‍ വരുന്നത്. നിയമത്തില്‍ അനധികൃതമായ അവയവദാന പ്രക്രിയയെ 10 വര്‍ഷം വരെ തടവും 20 ലക്ഷം വരെ പിഴയും വിധിക്കാവുന്ന കുറ്റമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുപോലെ ഇത്തരം അനധികൃത അവയവദാനത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും റദ്ദാക്കുമെന്ന് പ്രത്യേകമെടുത്ത് പറയുന്നുണ്ട്. എങ്കിലും തുടര്‍ന്നുള്ള വര്‍ഷത്തില്‍ ഈ നിയമത്തെ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഗവണ്‍മെന്‍റിന് സാധിച്ചില്ല. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ വലിയ നിലയ്ക്ക് തുടര്‍ന്നു പോന്നു.

പ്രധാനമായും രണ്ടു രീതികളിലാണ് ഈ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഒന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും സാമ്പത്തിക ആവശ്യങ്ങളുള്ളവരെയും തിരഞ്ഞുപിടിച്ച് പണം വാഗ്ദാനം ചെയ്ത് അവയവങ്ങള്‍ തട്ടിയെടുക്കുകയും അതിലൂടെ അവ വലിയ തുകയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നരീതി. മറ്റൊന്ന് അപകടങ്ങളില്‍ മസ്തിഷ്ക മരണം സംഭവിക്കുന്നരില്‍ നിന്നുള്ള അവയവങ്ങളെടുക്കുന്ന രീതി. അവയവദാന നിയമവുമായി ബന്ധപ്പെട്ട് പണം വാങ്ങിയുള്ള അവയവദാനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പക്ഷേ പണം വാങ്ങിയുള്ള ഈ സമ്പ്രദായം തുടര്‍ന്നു കൊണ്ടേയിരുന്നു. അതുകൊണ്ട് ഈ രണ്ട് രീതികളിലും വലിയ ചൂഷണങ്ങളാണ് നടക്കുന്നത്. പണം ആവശ്യമുള്ളവരെയും കടക്കെണിയിലുള്ളവരെയും അവയവദാനത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഇത്തരത്തില്‍ ചതിക്കപ്പെട്ട് അവയവങ്ങള്‍ മോഷ്ടിക്കപ്പെട്ട അനേകം സാധാരണ ജനങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ ചൂഷകരെ സഹായിക്കാന്‍ അധികാരികളും ഡോക്ടര്‍മാരുമുണ്ടെന്നുള്ള  സത്യം വിസ്മരിക്കാനാവില്ല. അതുപോലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കുള്ള സ്വകാര്യത ഈ കുറ്റകൃത്യങ്ങള്‍ക്കുള്ള മറയാകുന്ന പ്രവണതയും വളരെ വ്യാപകമാണ്. ചികിത്സ മുടക്കുന്നതു വഴിയോ, താമസിപ്പിക്കുന്ന വഴിയോ അല്ലെങ്കില്‍ ബോധപൂര്‍വ്വം മസ്തിഷ്ക മരണം സൃഷ്ടിക്കുന്ന വഴിയോ ആയുള്ള ഈ കുറ്റകൃത്യങ്ങളുടെ കുടപിടിക്കല്‍ മെഡിക്കല്‍ രംഗത്തെ വലിയ വെല്ലുവിളിയാണ്.

2008 ല്‍ ഡല്‍ഹിയില്‍ നടന്ന അവയവദാന കച്ചവടത്തിന്‍റെ വാര്‍ത്തകള്‍ ഏറെ പേടിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു കൊണ്ടുവന്നത്. 20 വര്‍ഷങ്ങള്‍ക്കൊണ്ട് 600 ല്‍ അധികം അനധികൃത അവയവ ചൂഷണങ്ങളാണ് അമിത്ത് കുമാറിന്‍റെ  നേതൃത്വത്തിലുള്ള സംഘം ചെയ്തത്. അമിത്ത് കുമാറിന്‍റെയും സംഘത്തിന്‍റെയും മുന്‍ ജീവിതം തേടിയിറങ്ങിയ അന്വേഷണ സംഘത്തിന് അവയവ ചൂഷണ മാഫിയയുടെ കുറ്റകൃത്യ ചരിത്രങ്ങളുടെ വലിയ ലോകമാണ് തുറന്നു കിട്ടിയത്. ഹൊറര്‍ ഡോക്ടര്‍ എന്ന അമിത്ത് കുമാര്‍ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. അവയവ ചൂഷണവുമായി ബന്ധപ്പെട്ടുതന്നെ മുന്‍പ് 4 തവണ അമിത്ത് കുമാര്‍ അറസ്റ്റിലായിട്ടുമുണ്ട്. അമിത്ത് കുമാറിന്‍റെ സഹോദരന്‍ ജീവന്‍കുമാര്‍, ജനറല്‍ ഫിസിഷന്‍ ഉപേന്ദ്ര അഗര്‍വാള്‍, അനസ്തേഷ്യ വിദഗ്ദ്ധൻ സരജ് കുമാര്‍ എന്നിവരെയാണ് അമിത്ത് കുമാറിനൊപ്പം അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സരജ് കുമാര്‍ അവയവ ചൂഷണവുമായി ബന്ധപ്പെട്ട 3 കേസിലെ പ്രതിയായിരുന്നു. ഇത്രയും നീചകൃത്യങ്ങള്‍ ചെയ്ത അമിത്ത് കുമാര്‍ അറസ്റ്റിന് കുറച്ചു ദിവസങ്ങള്‍ക്കുശേഷം 20 ലക്ഷം രൂപ പോലീസിന് കൈക്കൂലി നല്‍കി പുറത്തിറങ്ങുകയും ചെയ്തിരുന്നു.

delhi kidney scam
ഡല്‍ഹി കിഡ്നി സ്കാം Screen-grab, Copyrights: times of india

ഐഎംഎയുടെ മൂന്നംഗ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയിലേക്ക് കൈമാറി. സിബിഐയുടെ അന്വേഷണത്തിലൂടെ ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഗ്രേറ്റര്‍ നോയ്ഡ, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന 2 ആശുപത്രികളെയും 10 ലബോറട്ടറികളെയും കേസില്‍ ഉള്‍പ്പെടുത്തി. ഇതേ സമയം അറസ്റ്റിനെ ഭയന്ന് അമിത്ത് കുമാര്‍ രാജ്യം കടന്നിട്ടുണ്ടായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം നേപ്പാളില്‍ നിന്നാണ് അമിത്ത് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുന്ന വേളയില്‍ പോലും കേസില്‍ നിന്നും തലയൂരാന്‍ ഭീമമായ തുക കൈക്കൂലി നല്‍കാന്‍ അമിത്ത് കുമാര്‍ തയ്യാറായിരുന്നു, പക്ഷേ ശ്രമം വിജയിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 10 ലക്ഷത്തോളം തുക ബാങ്കില്‍ നീക്കിയിരിപ്പുണ്ടെന്നും , കോടിക്കണക്കിന് രൂപ വിദേശ കറന്‍സി രൂപത്തിലും അമിത്തിന്‍റെ കൈവശമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അങ്ങനെ അമിത്ത് കുമാറിന് ഐപിസി സെക്ഷന്‍ 326, 342, 420,120ബി എന്നീ വകുപ്പുകളില്‍ കോടതി 7 വര്‍ഷം കഠിന തടവും 60 ലക്ഷം പിഴയും വിധിച്ചു. പക്ഷേ ഇതിനൊന്നും അമിത്ത് കുമാര്‍ എന്ന മെഡിക്കല്‍ ക്രിമിനലിനെ തടയാനായില്ല. അയാള്‍ അയാളുടെ കൃത്യങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അമിത്ത് കുമാറിനെ പോലെയുള്ള ഒട്ടനേകം ക്രിമിനലുകള്‍ ഇന്ത്യയില്‍ അറസ്റ്റിലായിട്ടുണ്ട്. അതില്‍ പ്രധാനമായി എടുത്തു പറയേണ്ടത് 2016 ല്‍ നടന്ന രാജ്കുമാര്‍ റാവു കേസാണ്. അമിത്ത് കുമാറിനെ പോലെ അവയവ ചൂഷണ റാക്കറ്റിലെ പ്രധാനിയായിരുന്നു രാജ്കുമാര്‍ റാവു. രാജ്കുമാര്‍ റാവു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം അവയവ ചൂഷണങ്ങള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. 2016 ല്‍ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. തുടര്‍ന്നും സമാന കുറ്റകൃത്യങ്ങള്‍ തുടര്‍ന്ന റാവു രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അറസ്റ്റിലായി. 2004 – 05 കാലഘട്ടത്തില്‍ തന്നെ തന്‍റെ വൃക്ക ദാനം ചെയ്ത കാര്യവും അറസ്റ്റിലായതിനെ തുടര്‍ന്ന് റാവു പോലീസിനോട് പറഞ്ഞു. റാവുവിന് പണത്തോടുള്ള ആര്‍ത്തി വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകള്‍ ലഭിക്കുകയുണ്ടായി.

അവയവ ചൂഷണവുമായി ബന്ധപ്പെട്ട് വളരെ അടുത്ത കാലത്ത് നടന്ന സംഭവമാണ് മൊഹാലിയിലേത്. ഇന്‍ഡസ് ഇന്‍റര്‍നാഷ്ണല്‍ ആശുപത്രിയെ ചുറ്റിപ്പറ്റി നടന്ന ഈ സംഭവം അഭിഷേക് എന്ന അവയവദാന കോര്‍ഡിനേറ്ററിന്‍റെ വലിയ കുറ്റകൃത്യങ്ങളെയാണ് തുറന്നു കാട്ടിയത്. സിര്‍സ സ്വദേശിയായ കപില്‍ എന്ന 28 കാരന്‍റെ അനുഭവങ്ങളിലൂടെയാണ് അവയവ ചൂഷണ മാഫിയകളുടെ നീച പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകമറിയുന്നത്. 10 ലക്ഷം രൂപയ്ക്ക് തന്‍റെ വൃക്ക പാനിപ്പറ്റിലുള്ള സതിഷ് തയലിന് ദാനം ചെയ്യാന്‍ അഭിഷേക് മുഖാന്തരം തീരുമാനിച്ചു. പണം വാങ്ങിയുള്ള അവയവ ദാനം നിയമപരമായി കുറ്റമായതിനാല്‍ അഭിഷേക് കപിലിന് അമന്‍ തയല്‍ (സതീഷ്‌ തയലിന്‍റെ മകന്‍റെ പേര്) എന്ന വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി അവയവ ദാനം നടത്തി. മുന്‍‌കൂര്‍ തുകയായി 4.5 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2023 മാര്‍ച്ച്‌ 6 നാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

delhi kidney scam
ഡല്‍ഹി കിഡ്നി സ്കാം Screen-grab, Copyrights: outlook India

ഓപ്പറേഷനെ തുടര്‍ന്ന് കപില്‍ വീട്ടില്‍ അടച്ചു പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിതനായി. പറഞ്ഞുറപ്പിച്ച പ്രകാരമുള്ള ബാക്കി തുക കപിലിന് ലഭിച്ചിരുന്നില്ല. ലഭിച്ച തുക ഏതാണ്ട് മുഴുവനായും തന്നെ സുഹൃത്തിന്‍റെ തുക ഇരട്ടിപ്പിക്കല്‍ പദ്ധതിയില്‍ നിക്ഷേപിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുമാതിരി കപില്‍ നിക്ഷേപിച്ച പണം മുഴുവനും വൈകാതെ നഷ്ടപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പോലീസില്‍ കപില്‍ പരാതിപ്പെട്ടു. പോലീസിന്‍റെ അന്വേഷണത്തില്‍ അഭിഷേക് എന്ന വ്യക്തി 34 തവണ ഇതിനു സമാനമായി അവയവ ചൂഷണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അഭിഷേകിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ കേസുകള്‍ എല്ലാം തന്നെ പോലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍ ഗണപതി പറയുന്നതനുസരിച്ച് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്. ബൈക്ക് അപകടത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിന് സബ്ഡ്യൂറല്‍ ഹെമറ്റോമ (Subdural Hematoma) എന്ന തലച്ചോറില്‍ രക്തം കട്ടപ്പിടിക്കുന്ന തരത്തിലുള്ള പരിക്കായിരുന്നു ഉണ്ടായിരുന്നത്. ഈ പരിക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഓപ്പറേഷന്‍ ചെയ്‌താല്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാവുന്നതായിരുന്നു. എന്നാല്‍ മാര്‍ ബസേലിയസ് ആശുപത്രിയിലെ ന്യൂറോസര്‍ജന്‍ ഈ വഴി സ്വീകരിക്കാതെ മസ്തിഷ്ക മരണം സംഭവിക്കുന്നതിനായി ചികിത്സ താമസിപ്പിച്ച് എബിനെ ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. അതേ സമയം തന്നെ എബിന്‍റെ അവയവങ്ങളെടുക്കുന്നതിനായുള്ള ടെസ്റ്റുകള്‍ നടത്തി സമയം കളയുകയും ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ മാര്‍ ബസേലിയസിലെ ന്യൂറോസര്‍ജന്‍ ഇതിനു മുന്‍പ് ലേക്ഷോറില്‍ പ്രവര്‍ത്തിച്ചിരുന്നതായും തെളിഞ്ഞു. ലേക്ഷോറില്‍ എബിന്‍ വെന്‍റിലേറ്ററില്‍ കഴിയുമ്പോള്‍ ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നതായി മൊഴിയും തെളിവുമുണ്ട്. പക്ഷേ മസ്തിഷ്ക മരണം സംഭവിച്ചവര്‍ക്ക് ശ്വാസമെടുക്കാന്‍ സാധിക്കുകയില്ലെന്ന് ഡോക്ടര്‍ ഗണപതി ഉറപ്പിച്ചു പറയുന്നു.

ലേക്ഷോറില്‍ വച്ച് എബിന് മസ്തിഷ്ക മരണം സംഭവിക്കുകയും ,അതിനെ തുടര്‍ന്ന് എബിന്‍റെ അവയവങ്ങള്‍ ദാനം നല്‍കാനയി എടുക്കുകയും ചെയ്തു. എബിന്‍റെ രക്ഷകര്‍ത്താക്കള്‍ സംഭവത്തിലെ അസ്വഭാവികത ചൂണ്ടിക്കാണിച്ച് കേസ് നല്‍കുകയും അങ്ങനെ  അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം ആശുപത്രിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയുണ്ടെന്ന് വാദിച്ച ഡോ. ജി. ഗണപതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ഒപ്പില്‍ ചിലത് വ്യാജമാണെന്ന് കണ്ടെത്തി. ഈ തെളിവിനെ തുടര്‍ന്ന് സംസ്ഥാനതല കമ്മറ്റി ഈ സംഭവം പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. അതിലൂടെ വലിയ കുറ്റകൃത്യങ്ങളാണ് എബിന്‍റെ കേസില്‍ നടന്നതെന്ന് തെളിഞ്ഞു.

lakeshore organ scam
ഡോ. ഗണപതി Screen-grab, Copyrights: india post english

മസ്തിഷ്ക മരണങ്ങള്‍ സംഭവിക്കുന്ന കേസുകളില്‍ മരണം സാക്ഷ്യപ്പെടുത്താനായി 6 മണിക്കൂര്‍ മൃതശരീരം സൂക്ഷിക്കേണ്ടതുണ്ട്. അതുപോലെ സംഭവം നടന്ന ആശുപത്രിയ്ക്ക് പുറമേ നിന്നുള്ള രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 4 ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം ഒരേ സമയം സ്ഥിരീകരിക്കേണ്ടതുമുണ്ട്. അതുപോലെ ആപ്നിയ ടെസ്റ്റ്‌ നടത്തേണ്ടതും വീഡിയോ റെക്കോര്‍ഡിംഗ് നടത്തേണ്ടതും അനിവാര്യമാണ്. എബിന്‍റെ സംഭവത്തില്‍ ഈ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല എന്നത് പുനരന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അവയവം മാറ്റിവയ്ക്കുന്ന ഡോക്ടര്‍മാര്‍ക്കും ചില യോഗ്യതകള്‍ ബാധകമാണ്. ഈ മേഖലയില്‍ ശരിയായ നിലയ്ക്കുള്ള പരിശീലനവും പരിചയവും ഇതിന് അത്യന്താപേക്ഷിതമാണ്. അതുപോലെ മുന്‍പ് ചെയ്ത് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ വിജയ ശതമാനം ഉയര്‍ന്നു നില്‍ക്കുകയും, അവയവം സ്വീകരിച്ചവരുടെ മരണനിരക്ക് നിശ്ചിത ശതമാനത്തിന് താഴെയായിരിക്കുകയും വേണം.

ലേക്ഷോറില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ ഒന്നും തന്നെ ഈ മാനദണ്ഡങ്ങളില്‍ ഉള്ളടങ്ങാത്തവരായിരുന്നു. അതോടൊപ്പം എബിന്‍റെ അവയവങ്ങളില്‍ അധികവും വിദേശത്തുള്ളവരാണ് സ്വീകരിച്ചിരുന്നത്. പക്ഷേ 2012 ലെ മനുഷ്യ അവയവദാന നിയമ പ്രകാരം ഇന്ത്യയില്‍ അവയവങ്ങള്‍ക്ക് സ്വീകര്‍ത്താക്കള്‍ ഇല്ലെങ്കില്‍ മാത്രമേ അവ വിദേശത്തുള്ളവര്‍ക്ക് കൈമാറാന്‍ പാടുള്ളൂ എന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ എബിന്‍റെ അവയവങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ അനധികൃതമായി വന്‍തുകയ്ക്ക് കച്ചവടം ചെയ്യപ്പെടുകയാണുണ്ടായത്.

ശരാശരി ഒന്നര ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ റോഡ്‌ അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ വലിയൊരു ശതമാനവും  മരണത്തിനു കീഴടങ്ങുന്നത് മസ്തിഷ്ക മരണത്തെ തുടര്‍ന്നാണ്. ഇങ്ങനെ മസ്തിഷ്ക മരണം സംഭവിക്കുന്നതില്‍ എല്ലാം അപകടത്തിന്‍റെ ആഘാതം കരണം ഉണ്ടാകുന്നതാണോ അതോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് അന്വേഷിക്കേണ്ടതു തന്നെയാണ്. ഡോക്ടര്‍ ഗണപതിയെ പോലെയുള്ളവരുടെ ഇടപെടല്‍ ഇങ്ങനെ അനധികൃതമായി മരണപ്പെടേണ്ടിയിരുന്ന ഒട്ടേറെ മനുഷ്യ ജീവനുകളെയാണ് രക്ഷിച്ചത്. മാഫിയകളുടെ പണത്തിനും പവറിനുമെതിരെ ശക്തമായി നില്‍ക്കുന്ന ഇത്തരം വ്യക്തികളെ അഭിനന്ദിക്കുക തന്നെ വേണം. പണംകൊണ്ട് കിട്ടേണ്ട നീതി വൈകിക്കാന്‍ ഇവര്‍ക്ക് ഇന്നു സാധിക്കുന്നുണ്ട്. അതിനാല്‍ ഡോക്ടര്‍ ഗണപതിയെ പോലെയുള്ളവരുടെ പിന്നില്‍ നമ്മള്‍ ഓരോരുത്തരും അണിചേരുക തന്നെ വേണം. ആര്‍ത്തി കൊണ്ട് സമനില തെറ്റിയ ഈ മാഫിയകളെ ഈ ഭൂമുഖത്തു നിന്നും പൂര്‍ണ്ണമായി തുടച്ചുമാറ്റേണ്ടതുണ്ട്.

ഈ മാഫിയകള്‍ക്ക് നമ്മുടെ സമൂഹത്തിന്‍റെ എല്ലാ കോണിലും കടന്നു ചെല്ലാന്‍ സാധിച്ചിട്ടുണ്ട്. എളുപ്പത്തില്‍ എതിര്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ സങ്കീര്‍ണ്ണമായ പ്രവര്‍ത്തന രീതികളാണ് ഇവര്‍ അവലംബിക്കുന്നത്. ഏറെക്കുറെ സ്ലീപ്പര്‍സെല്‍ തീവ്രവാദികളെ പോലെ ഒരു പ്രധാന നേതാവിന്‍റെ കീഴില്‍ വരുന്ന അനേകം ഏജന്റുകളും അവരുടെ സഹായികളും ഉള്‍പ്പെടെയുള്ളവരുടെ വലിയ ചങ്ങലയാണിത്‌. ഭീമമായ തുകയുടെ കച്ചവടങ്ങള്‍ ആയതിനാല്‍ തന്നെ ഇവര്‍ക്കുള്ള അനധികൃത സ്വത്തുകള്‍ കണക്കറ്റതാണ്. ഡല്‍ഹിയിലെ അമിത്ത് കുമാറിന്‍റെ കാര്യം തന്നെയെടുത്താല്‍ മതി. കാനഡയില്‍ വളരെ ഉയര്‍ന്ന ജീവിത നിലവാരം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അമിത്ത്. കേസ് അന്വേഷണത്തിന്‍റെ നാള്‍വഴികളില്‍ അതിനെക്കുറിച്ചെല്ലാം വലിയ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതുമാണ്.

organ donation
അവയവദാനം Screen-grab, Copyrights: hindustan times

ഇന്ത്യയിലെ പ്രധാന മതങ്ങള്‍ പൊതുവേ അവയവ ദാനത്തെ എതിര്‍ക്കുന്നവയാണ്. മുസ്ലിം മതവിശ്വാസം അനുസരിച്ച് ദൈവം തന്ന ശരീരത്തില്‍ യാതൊരു കുറവുകളും വരുത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ല എന്നാണ്. ഹിന്ദു വിശ്വാസം പറയുന്നത് ഈ ജന്മത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ അടുത്ത ജന്മത്തില്‍ ആ അവയവമില്ലാതെ ജനിക്കേണ്ടി വരുമെന്നാണ്. ഇങ്ങനെ പൊതുവില്‍ അവയവദാനത്തെക്കുറിച്ച് എതിരായ നിലപാടാണ് മതങ്ങള്‍ പറയുന്നത്.

അവയവദാനം മഹാദാനം തന്നെയാണ്. ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊരാള്‍ കാരണമാകുന്നത് വലിയ കാരണം തന്നെയാണ്. പക്ഷേ അതിന്‍റെ പിന്നമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുക തന്നെ വേണം. പണം നല്‍കിയും ഭീഷണിപ്പെടുത്തിയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് അവയവങ്ങള്‍ തട്ടിയെടുക്കുന്നതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയും നടപ്പാക്കുകയും വേണം. അതുപോലെ ആരോഗ്യ മേഖലയിലെ “ടെക്നിക്കലി ക്വാളിഫൈഡ് ഗവണ്‍മെന്‍റ് സര്‍ട്ടിഫൈഡ് മെഡിക്കല്‍ ക്രിമിനലുകളെ” തിരിച്ചറിഞ്ഞ് അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുകയും അവ തുടരാനുള്ള സാധ്യത ഇല്ലാതാക്കുകയും വേണം. ഡോക്ടര്‍ എന്ന ജോലിയുടെ പ്രിവിലേജില്‍ സുരക്ഷ നേടാന്‍ ഇക്കൂട്ടരെ അനുവദിക്കരുത്. അതോടൊപ്പം ഈ മാഫിയയ്ക്ക് കുട പിടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ ശിക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി