Sun. Apr 21st, 2024

ഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചു എന്ന കൃത്രിമ രേഖ ചമച്ച് മറ്റൊരു താത്കാലിക അധ്യാപന നിയമനം നേടാൻ എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ നേതാവും പ്രമുഖ എഴുത്തുകാരിയുമായ കെ വിദ്യ ശ്രമിച്ചു. അവർക്കെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. രണ്ടാഴ്ചയിലധികമായി ഒളിവിലായിരുന്ന കെ വിദ്യ ജൂൺ 21 നു അറസ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇവർ പട്ടികജാതി പട്ടികവർഗ സംവരണം അട്ടിമറിച്ചാണ് ഗവേഷണത്തിന് പ്രവേശനം നേടിയത് എന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജായ കായങ്കുളത്തെ എം എസ് എം കോളേജിൽ കൃത്രിമ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ എസ് എഫ് ഐ പ്രവർത്തകൻ നിഖിൽ തോമസിനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അയാൾ ഇപ്പോഴും ഒളിവിലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെയും വിവേചനങ്ങളുടെയും മഞ്ഞുമലയുടെ ഒരറ്റമാണ് ഇത്തരം പ്രശ്നങ്ങൾ.

Fake Certificate Row
Screen-grab, Copyrights: Desabhimani

ഇത് കാലടി സർവകലാശാലയിലെ പ്രശ്നമാണെങ്കിൽ കണ്ണൂർ സർവകലാശാലയിൽ മുൻ എം.പി.യും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിൻറെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം നിലനിൽക്കുന്നത്. എൻ.എസ്.എസ് ഡെപ്യുറ്റേഷനിലുള്ള പ്രവർത്തന പരിചയം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി 2022 നവംബർ 17 നു വ്യക്തമാക്കിയിരുന്നു. ആ നിലക്ക് പ്രിയ വര്ഗീസിന് നിയമനത്തിലേക്ക് ആവശ്യമായ എട്ട് വർഷത്തെ അധ്യാപന പ്രവർത്തന പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ 2023 ജൂൺ 22നു ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എന്നാൽ ഈ വിധി യുജിസിയുടെ നയങ്ങളെ അകെ ബാധിക്കുന്ന ഒന്നാണെന്ന് വാദങ്ങൾ ഉയർന്നുവരുന്നു.

കാലിക്കറ്റ് സർവകലാശാലയിലേക്ക് വന്നാൽ പാർട്ടി സഖാക്കളേ നിയമിക്കാൻ ഇടതുപക്ഷം നടത്തിയ തിരിമറികൾ ഈയിടെ സുപ്രീം കോടതി വരെ ഇടപെട്ട് വിമർശിച്ചിരുന്നു. കേരളത്തിലെ പ്രമുഖ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാലയിൽ സംവരണ റോസ്റ്റർ ക്രമം പുറത്ത് വിടാൻ കഴിയില്ല എന്ന് കോടതിയിൽ വ്യക്തമാക്കിയത് മുൻപ് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. നിയമിക്കപ്പെട്ട 53 അസിസ്റ്റന്റ് പ്രൊഫസ്സർമാരിൽ 24 പേർ സംവരണ ഊഴം തെറ്റി നിയമിക്കപ്പെട്ടവരാണെന്ന് വിവാദങ്ങൾ ഉയർന്നു. 2023 മെയ് 23 ന് ഡോ കെ പി അനുപമ എന്ന ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിക്കാതിരുന്ന കേസിൽ സർവകലാശാലയുടെ സംവരണ നയങ്ങൾ തെറ്റാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ മറ്റു കേസുകളിലും വിധിയിൽ അനുകൂല തീരുമാനമുണ്ടാക്കാൻ സാധ്യതയുണ്ട്.

അതേ സർവകലാശാലയിലെ മറ്റൊരു ഉദാഹരണം വ്യക്തമാക്കിയാൽ ഗവേഷണപ്രബന്ധം മോഷണമാണെന്ന് സംശയം നിലനിൽക്കേ ശ്രീകല മുല്ലശ്ശേരി എന്ന വ്യക്തിക്ക് കാലിക്കറ്റ് സർവകലാശാല സ്ഥിര നിയമനം നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ പരാതിക്കാരിയായ ഡോ ആൻസി ഭായിക്കെതിരെ മോശം പരാമർശം നടത്തിയാണ് അക്കാലത്തെ സിൻഡിക്കേറ്റ് അതിനെ എതിരിട്ടത്. ഇതേ ശ്രീകല മുല്ലശേരി അദ്ധ്യാപികയായ റഷ്യൻ ആൻഡ് കമ്പാറേറ്റീവ് ലിറ്ററേച്ചർ വിഭാഗത്തിൽ യോഗ്യതയുണ്ടായിരുന്ന കെ ദിവ്യ എന്ന അദ്ധ്യാപികക്ക് വകുപ്പ് മേധാവിയാകാൻ അവസരം നിഷേധിച്ച മറ്റൊരു സംഭവവും ഈ കഴിഞ്ഞ വർഷം ഉണ്ടായി. വിഷയത്തിൽ വൈസ് ചാൻസലർ അദ്ധ്യാപികയ്ക്ക് അനുകൂലമായി തീരുമാനം എടുക്കുകയും ചെയ്തു. ഈ വിഷയത്തില് സിൻഡിക്കേറ്റ് പ്രതികൂലമായാണ് നിന്നത്.

എം ജി യൂണിവേഴ്സിറ്റിയിൽ നടന്ന നിയമന വിവാദം അതിനേക്കാൾ അതിശയകരമാണ്. ഗവേഷണ ബിരുദവും NET യോഗ്യതയുമുണ്ടായിരുന്ന ഡോ രേഖ രാജിൻ്റേത് NET യോഗ്യത അധികമായി കണക്കാക്കി എന്ന കാരണത്തിൽ മാർക്ക് കുറച്ചാണ് ഡോ. നിഷ നായർക്ക് കോടതി നിയമനം നൽകിയത്. ഡോ.നിഷയ്ക്ക് NET യോഗ്യത ഉണ്ടായിരുന്നില്ല. ഗവേഷണ ബിരുദം ഉണ്ടായിരുന്നു. അപേക്ഷിക്കുമ്പോൾ വ്യക്തമാക്കാതിരുന്ന പ്രസിദ്ധീകരണങ്ങൾക്കും ഡോ. രേഖ രാജിന്റെ മാർക്ക് കോടതി ഇടപെട്ട് കുറച്ചു. അങ്ങനെയാണ് ഡോ. രേഖ രാജിനെ അയോഗ്യയാക്കി ഡോ. നിഷയെ കോടതി നിയമിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഡോ. നിഷയെക്കാൾ NET അധിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഡോ. രേഖ രാജിന് ഉണ്ടായിരുന്നു എന്നതാണ് അവരുടെ നിയമനത്തിന് തടസ്സമായത്. ഡോ. ആൻസി ഭായിയും, കെ ദിവ്യയും, ഡോ. രേഖയും ദളിത് വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ റിസർവേഷൻ ക്രമം തെറ്റിച്ചതിലൂടെ നിയമനം ലഭിക്കാതിരുന്നവരെല്ലാം കീഴാള സമുദായങ്ങളിൽ ഉള്ളവരായിരുന്നു.

പാർട്ടി ലഭ്യമാക്കുന്ന വിഭവങ്ങൾ

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടത് സംഘടന പ്രവർത്തനത്തിലൂടെ ലഭിക്കുന്ന സാംസ്‌കാരിക മൂലധനത്തെക്കുറിച്ച് ലേഖകൻ ഒരു കുറിപ്പ് എഴുതിയിരുന്നു. കേരള ചരിത്രത്തിലുടനീളം കോൺഗ്രസ് എന്ന വലതുപക്ഷ സംഘടന അധീശത്വ വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യക്ഷത്തിൽ നിലനിന്നതുമൂലം ഒരുതരത്തിലുള്ള രാഷ്ട്രീയ സത്യസന്ധതയും പുലർത്താത്ത ഇടതുപക്ഷത്തിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെട്ടു എന്ന നിലക്കാണ് അക്കാലത്ത് ലേഖനം വാദങ്ങൾ ഉന്നയിച്ചത്. ഇടതുപക്ഷം ഒരു നൈതിക പക്ഷമായി പൊതുബോധം രൂപപ്പെട്ടു എന്ന നിലക്കാണ് ആ വാദങ്ങൾ രൂപപ്പെട്ടത്. അതായത് ഇടതുപക്ഷം ആയിരിക്കുന്നു എന്നതുകൊണ്ട് ലഭിക്കുന്ന പൊതു സ്വീകാര്യതയെയാണ് സാംസ്കാരിക മൂലധനമായി നിര്വചിച്ചത്. എന്നാൽ നൈതികത എന്ന സങ്കല്പവവുമായി ബന്ധപ്പെട്ട ഒന്നല്ല വ്യത്യസ്ത മൂലധന രൂപങ്ങളെന്നും അത് പല തരം വിഭവങ്ങൾ സ്വായത്തമാക്കാൻ കഴിയുന്ന തരത്തിലുള്ള സവിശേഷ അധികാരമാണെന്നുമുള്ള നിർവചനം അതിലേക്ക് കുറച്ചുകൂടി വ്യക്തത നൽകുന്നതായിരുന്നു.എന്നാലും പാർട്ടിയോടൊപ്പം നിലനില്കുന്നതുകൊണ്ട് ലഭ്യമാകുന്ന മൂലധന രൂപങ്ങൾ ഏത് തരത്തിലുള്ളവയാണെന്ന് മനsസിലാക്കാൻ ആ ലേഖനം പര്യാപ്തമായിരുന്നില്ല അതിലേക്ക് വ്യക്തത വരുത്തുകയാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം.

മുൻപ് സൂചിപ്പിച്ച കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ഉദാഹരണങ്ങൾ എല്ലാം തന്നെ പാർട്ടി എന്ന സംവിധാനത്തിലൂടെ എങ്ങനെ വ്യക്തികൾക്ക് വിവിധ തരത്തിലുള്ള വിഭവങ്ങൾ സ്വായത്തമാക്കാൻ സഹായിച്ചു എന്നതിനെക്കുറിച്ച് ഒരു വ്യക്തത നൽകിക്കഴിഞ്ഞു. അതിലൊരു മാതൃകയുണ്ടെന്ന് തീർച്ചയായും വായനക്കാർക്ക് ഇപ്പോൾ തന്നെ ബോധ്യം വന്നിരിക്കും എന്നിരുന്നാലും വിവിധ മൂലധന രൂപങ്ങളെക്കുറിച്ചുള്ള ഒരു നിർവചനം ഈ കുറിപ്പിന്റെ പൂർണ്ണതയ്ക്ക് ആവശ്യമാണ്.

മൂലധന രൂപങ്ങൾ 

ബോർദ്യു വ്യക്തമാക്കുന്നതനുസരിച്ച് നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയിൽ മറ്റുള്ളവരെ അപേക്ഷിച്ച് ദുർലഭമായ വിഭവങ്ങൾ കരസ്ഥമാക്കാൻ ചില ആളുകൾക്ക് കൈവരുന്ന സവിശേഷമായ അധികാരമാണ് സാംസ്‌കാരിക മൂലധനം. സ്വത്വത്തിന് സമാനമായി ഒരു വ്യക്തിയിൽ ഉൾച്ചേർന്നതായും (Embodied State), ഭൗതികമായ വസ്തുക്കളുടെ ഉപഭോഗത്തിലൂടെ (Objectified State), ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ (Institutionalised State) ഭാഗമായുമൊക്കെ സാംസ്‌കാരിക മൂലധനം ലഭ്യമാകാം.

Pierre Bourdieu
Screen-grab, Copyrights:
thoughtco.com

Embodied State ലുള്ള മൂലധനങ്ങൾക്ക് ഉദാഹരണമായി ബോർദ്യു വ്യക്തമാക്കുന്നത് വ്യക്തിയിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങളാണ്. ശരീര പ്രകൃതി, കുടുംബ പശ്ചാത്തലത്തിലൂടെ ലഭിച്ച അറിവുകൾ, മൂല്യങ്ങൾ, അഭിപ്രായങ്ങൾ, സംസ്കാര ജീവിത രീതികൾ, ഭാഷ പ്രയോഗങ്ങൾ എന്നിവ. പാരമ്പര്യമായി ലഭിക്കുന്ന ഇവ വസ്തുക്കൾ പോലെ കൈമാറൽ അസാധ്യമാണ്. കുടുംബപരമായി വ്യക്തി പഠിച്ചെടുക്കുന്നതും സാമൂഹീകരണ പ്രക്രിയയുടെ ഭാഗമായി ലഭ്യമാകുന്നതുമാണിവ. Objectified Stateലുള്ള ആയിട്ടുള്ള മൂലധനം വസ്തുക്കളുടെ ഉപഭോഗത്തിലൂടെ ലഭ്യമാകുന്നതാണ് എങ്കിൽ പോലും അത് വ്യക്തിയ്ക്കോ കൂട്ടത്തിനോ ലഭ്യമായിട്ടുള്ള Embodied ആയ മൂലധനങ്ങളുടെ വ്യാപ്തി അനുസരിച്ച് കൂടിയും കുറഞ്ഞും ലഭ്യമാകും. പുസ്തകങ്ങളോ, അമൂല്യങ്ങളായ ചിത്രങ്ങളോ, ആഭരണങ്ങളോ പോലെയുള്ള ഇനി അതുമല്ലെങ്കിൽ എന്തെങ്കിലും വാഹനങ്ങളോ യന്ത്രങ്ങളോ ആകാം. എന്നാൽ അവയുടെ കേവലമായ ഉടമസ്ഥതയല്ല മറിച്ച് അതിന്റെ ഉപഭോഗത്തിലൂടെയാണ് ഇത്തരം മൂലധനം കൈവരുന്നത്. ഇത്തരം വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഉയർന്ന Embodied Capital ലഭ്യമായ ഒരാൾക്ക് കൂടുതൽ Objectified Capital ലഭ്യമാകും.

Institutionalised State ലുള്ള മൂലധനങ്ങൾ ലഭ്യമാകുന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന അക്കാദമിക യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അന്തർദ്ദേശീയമായോ കേന്ദ്ര സർവകലാശാലകളിലെ ഉപരിപഠനത്തിലൂടെയോ ലഭിക്കുന്ന മൂലധനങ്ങൾ ഇതിന് ഉദാഹരണമാണ്.

സാമൂഹിക മൂലധനം ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വിഭവങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ ഒരു വ്യക്തിക്ക് അനേകം ആളുകളെ സ്വാധീനിക്കത്തക്ക ബന്ധങ്ങളുണ്ടായിരുന്ന സാഹചര്യമാണ് സാമൂഹിക മൂലധനം. ഒരു പ്രത്യേക സംഘടനയിലൂടെയും കൂട്ടായ്മകളിലെ അംഗത്വങ്ങളിലൂടെയും വിഭവങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന അധികാരമാണ് അത് (Bourdieu, P. 1983)

ജെയിംസ് കോൾമാനും റോബർട്ട് പുട്നമും സാമൂഹിക മൂലധനത്തെ വിശദീകരിക്കുന്നത് പുതിയ തലമുറയിൽപ്പെട്ടവരെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയെ ശക്തമാക്കുവാനായി സമുദായങ്ങളുടെയും കുടുംബങ്ങളുടെയും കൈവശമുള്ള വിഭവങ്ങളായിട്ടാണ് (Jeffrey, C. 2001). സാമ്പത്തികമായ വളർച്ചയെ ത്വരിതപ്പെടുത്തുന്ന കൂട്ടായ്മകളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളായിട്ടാണ് സാമൂഹിക മൂലധനത്തെ അവർ  കണ്ടത്. 

മൂലധന രൂപങ്ങളും പാർട്ടിയും
സിപിഎം എന്നത് ഒരു സംഘടന ആയിരിക്കുന്നതുകൊണ്ട് അതിനകത്തെ അംഗത്വം ഒരു തരത്തിലുള്ള സാമൂഹിക മൂലധനമാണ് എന്ന് സങ്കല്പിക്കേണ്ടി വരും. പ്രാഥമിക പരിശോധനയ്ക്കായി ഒരു പാർട്ടി എന്ന നിലയിൽ സിപിഎമ്മിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ബന്ധങ്ങളും സ്വാധീനവും ഇതിൽ സാമൂഹിക മൂലധനം എന്ന നിർവചനത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. സാമ്പത്തിക ലാഭങ്ങളും വിഭവങ്ങളും സ്വായത്തമാക്കാൻ കഴിയുന്ന ഒന്നായി സിപിഎം എന്ന സംവിധാനത്തിനകത്തെ ബന്ധങ്ങളെയും സ്ഥാനമാനങ്ങളെയും ഉപയോഗിക്കാൻ എല്ലാവർക്കും കഴിയുന്നുണ്ടോ എന്നുള്ളതാണ് പരിശോധന.

ലേഖനം ബോർദ്യുവിന്റെ സാംസ്‌കാരിക മൂലധനത്തെക്കുറിച്ചുള്ള പരികല്പനകൾ മാത്രം അതുപോലെ തന്നെ രീതിശാസ്ത്രമായി പ്രയോഗിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഇന്ത്യൻ സമൂഹത്തിന്റെ ഘടനാപരമായ സവിശേഷതകൾ കൂടി കണക്കിലെടുത്തുകൊണ്ട് വ്യത്യസ്ത മൂലധന രൂപങ്ങൾ ഒരു സമയത്ത് തന്നെ പ്രവർത്തിക്കുന്ന വ്യവസ്ഥയെ സങ്കല്പിച്ചുകൊണ്ടാണ് മുൻപ് സൂചിപ്പിച്ച സംഭവങ്ങളെ വിശകലനം ചെയ്യുന്നത്.

അതായത് പാർട്ടിക്കകത്തും പുറത്തും സംഘടനയുടെയും അതുവഴിയുള്ള ബന്ധങ്ങളെയും (Social Capital) ഉപയോഗിക്കാൻ വ്യക്തികൾക്ക് കഴിയുമ്പോഴും മറ്റ് മൂലധന രൂപങ്ങൾ (Embodied / Objectified / Institutionalised) പല രീതിയിൽ ഒരേ സമയം പ്രവർത്തിക്കുന്നു എന്നതാണ് സങ്കൽപം. പല പ്രതലങ്ങളിലൂടെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ അധീശത്വവ്യവസ്ഥ അസമത്വങ്ങൾ പുനരുല്പാദിപ്പിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ബോർദ്യുവിന്റെ മൂലധന സങ്കല്പങ്ങൾ സഹായിക്കുന്നുണ്ട് എന്ന് ഇന്ത്യൻ സാമൂഹിക ഘടനയിൽ സാമൂഹിക മൂലധനം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചു പഠിച്ച ക്രെയ്ഗ് ജെഫ്‌റി അഭിപ്രായപ്പെടുന്നു(Jeffrey, C. 2001).

ഇന്ത്യയിലെ സവിശേഷ സാഹചര്യം

ഇന്ത്യൻ സാമൂഹിക ഘടനയിൽ വിവിധ മൂലധന രൂപങ്ങളെ സംബന്ധിച്ച സങ്കീർണമായ അറിവുകളാണ് ഉല്പാദിപ്പിച്ചെടുക്കാൻ കഴിയുന്നത്. സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പരമുള്ള ഇടപെടലിന്റെ വളരെ സൂക്ഷമമായി കാഴ്ചയിലാണ് വിവിധ മൂലധനരൂപങ്ങളെക്കുറിച്ചുള്ള പഠനം കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ഇന്ത്യൻ സാമൂഹിക ഘടനയിൽ അതിന്റെ സങ്കീർണതകൾ പഠിക്കുമ്പോൾ ഏറ്റവും പ്രധാനമായ ഘടകം. അതായത് വിഭവങ്ങൾക്ക് വേണ്ടി പരസ്പരമുള്ള മത്സരത്തിന്റെ വളരെ സൂക്ഷമമായ ഇടപെടലിൽ സമൂഹത്തിന്റെ സ്വഭാവം കാരണം ആരെല്ലാം വിജയിക്കുന്നു? ആ വിജയം എങ്ങനെ സാധ്യമാകുന്നു എന്ന് മനസ്സിലാക്കേണ്ടി വരും.

ഇന്ത്യൻ സമൂഹത്തിൽ വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങൾക്കായുള്ള മത്സരങ്ങളെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള സൂക്ഷ്‌മമായ പഠനങ്ങളാണ് അതിനാവശ്യം. അതിലേറ്റവും സവിശേഷം ഇണയ്ക്ക് വേണ്ടിയുള്ള മത്സരമാണെന്ന് ലേഖകൻ കരുതുന്നു. വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങളെക്കാൾ മനുഷ്യന്റെ ജൈവികമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മത്സരമാണ് മർമ്മപ്രധാനമായത്. മനുഷ്യന്റെ നിലനില്പ് തന്നെ സാമൂഹികമായ ബന്ധങ്ങളിൽ നിലനില്കുന്നതുകൊണ്ട് ഏറ്റവും അടിസ്ഥാന സാമൂഹിക ബന്ധമായ ഇണയെ കണ്ടെത്തൽ എന്ന മത്സരവും അതിനെ സഹായിക്കുന്ന ഘടകങ്ങളും വിവിധ മൂലധനരൂപങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കുന്നതായിരിക്കും.

ഇന്ത്യൻ സമൂഹത്തിൽ ഇണകളെ തിരഞ്ഞെടുക്കാനുള്ള പല വിഭാഗം മനുഷ്യരുടെ അധികാരവുമായി ബന്ധപ്പെട്ട മർമ്മപ്രധാനമായ അറിവുകൾ മുൻപ് പങ്കുവെക്കപ്പെട്ടിട്ടുണ്ട്. അതിന്റെ സവിശേഷത അത് കേവലം വിഭവങ്ങൾക്ക് വേണ്ടിയുള്ള പരസ്പര മത്സരത്തേക്കാൾ ഇണകളെ തിരഞ്ഞെടുക്കാനുള്ള മനുഷ്യരുടെ പരസ്പര മത്സരത്തിലേക്ക് അതിന്റെ പരിശോധനയെ ഉയർത്തി എന്നതാണ്. 1916ൽ ബി ആർ അംബേദ്‌കർ എഴുതിയ CASTES IN INDIA: Their Mechanism, Genesis and Development എന്ന കൃതിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ഇന്ത്യയിലെ ശ്രേണികൃതമായ അസമത്വത്തിൽ ഇണകൾക്ക് വേണ്ടിയുള്ള ഈ മത്സരത്തിൽ ഒരു പ്രത്യേക മാതൃക നിലനിന്നിരുന്നതായും ആ മാതൃക ബ്രാഹ്‌മണരിൽ നിന്നും മറ്റു വിഭാഗങ്ങൾ അനുകരിച്ചെന്നും അംബേദ്‌കർ കണ്ടെത്തി.

ഇണകൾക്ക് വേണ്ടിയുള്ള സ്വതന്ത്രമായ പരസ്പര മത്സരം ഇല്ലാതാക്കുന്നതായിരുന്നു ആ മാതൃക. സ്വവിഭാഗങ്ങളിൽ നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് കലരാത്ത രീതിയിൽ (Endogamy) സ്വസമുദായത്തിൽ നിന്നുമാത്രം ഇണകളെ തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം പ്രവർത്തിച്ചു തുടങ്ങിയതാണ് ഈ സാമൂഹിക ക്രമത്തിന്റെ ഏറ്റവും പ്രതിലോമകരമായ പ്രശ്നമായി അംബേദ്‌കർ കണ്ടെത്തിയത്. സമുദായങ്ങളെ മറ്റുവിഭാഗങ്ങളുമായി ഇടകലരുന്നത് തടയാനായിട്ടാണ് ഇത്തരം നിയന്ത്രണങ്ങൾ രൂപപ്പെട്ടത്.

വിഭവങ്ങൾക്ക് വേണ്ടിയിട്ടല്ലാതെ ഇണകൾക്ക് വേണ്ടിയുള്ള സ്വതന്ത്രമായ മത്സരത്തെ തടസപ്പെടുത്തുന്ന സൂക്ഷ്മ സാമൂഹിക ഘടന വിവിധ രൂപങ്ങളിലുള്ള മൂലധങ്ങളെക്കുറിച്ച് പുതിയ സങ്കല്പങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യതയുണ്ടാക്കുന്നു. ബ്രാഹ്മണർ സ്വസമുദായത്തിൽ തന്നെ ഇണകളെ നേടാനുള്ള അധികാരം വിതരണം ചെയ്തത് ബ്രാഹ്മണ പുരുഷന് മേൽക്കൈ നൽകിക്കൊണ്ടാണ്. ഇണകളെ തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം സ്വസമുദായത്തിനകത്ത് കർശനമാക്കിയിരിക്കെ അതിനകത്ത് ഇണകളെ നഷ്ടപ്പെടുന്നവരെ വീണ്ടും നിയന്ത്രിക്കേണ്ടതായ ആവശ്യം രൂപപ്പെട്ടു. ഇത് പരിഹരിക്കപ്പെട്ടത് ബ്രാഹ്‌മണ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സാധിക്കാത്ത ഇണകളെ നൽകിയിട്ടും ബ്രാഹ്‌മണ സ്ത്രീകൾക്ക് മേൽ ചാരിത്ര്യം അടിച്ചേല്പിച്ചിട്ടുമാണ്. അതിന്റെ ഭാഗമായി പുരുഷന്മാർക്ക് ബാല വിവാഹവും സ്ത്രീകൾക്ക് സതിയും വൈധവ്യവും  നൽകപ്പെട്ടു.

കേരളത്തിൽ ഇത് നായർ സമുദായത്തിലെ സ്ത്രീകളെ ഇണകളായി ലഭ്യമാക്കിയിട്ടുള്ള സംബന്ധം എന്ന ദുരാചാരമായിട്ടാണ് പാലിക്കപ്പെട്ടത്. എന്നാൽ സംബന്ധത്തിന് മുൻപ് സൂചിപ്പിച്ചതുപോലെ വിവാഹത്തിന്റെ പദവി ലഭ്യമായിരുന്നില്ല. ഇണകൾക്ക് വേണ്ടിയുള്ള ബ്രാഹ്മണ പുരുഷന്റെ തുടർ മത്സരത്തെ അനുവദിക്കുകയും സമുദായത്തിലെ മറ്റുള്ളവരെയും സമുദായത്തിലല്ലാത്തവരെയും അതിന് പുറത്ത് നിർത്തുന്നതുമായിരുന്നു ശ്രേണികൃതമായ അസമത്വം.

വിവിധ മൂലധന രൂപങ്ങളുടെ ബോർദ്യുവിയൻ നിർവചനങ്ങളിലൊന്നും ഉൾക്കൊള്ളാത്ത പുതിയൊരു തരം മൂലധനമാണിത്. ഒരർത്ഥത്തിൽ ഇത് Embodied State ലുള്ള സാംസ്‌കാരിക മൂലധനമാണെന്ന് സങ്കല്പിച്ചാൽ പോലും അത് പൂർണ്ണമാകില്ല. അത്തരം മൂലധനം വ്യക്തിയിൽ സാമൂഹികരണപ്രക്രിയയിലൂടെ രൂപപ്പെടുന്ന വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഒരാൾ ബ്രാഹ്മണനായിരിത്തീരുന്നത് സാമൂഹികരണപ്രക്രിയയിലൂടെയാണെങ്കിൽ പോലും ജനനത്തിലൂടെ ബ്രാഹ്മണ്യം ഏറ്റുവാങ്ങാത്തൊരാൾക്ക് അതിന്റെ സാമൂഹീകരണം സ്വാഭാവികമായി ലഭ്യമാകുകയില്ല. ആ സാമൂഹികരണത്തിനകത്തേക്ക് മറ്റുള്ളവർക്ക് പ്രവേശനമില്ല. ബ്രാഹ്മണന് ലഭിക്കുന്ന ഈ മൂലധനം Embodied State ലുള്ള സാംസ്‌കാരിക മൂലധനം പോലെ തന്നെ കൈമാറ്റം ചെയ്യൽ സാധ്യമല്ല എങ്കിലും അതിനെ സവിശേഷമാക്കുന്നത് ബ്രാഹ്മണ്യം എന്നത് തീർത്തും ജനനത്തോടെ ലഭിക്കുന്ന സ്വത്വം ആയതുകൊണ്ടാണ്.

ഇന്ത്യൻ സാമൂഹിക ഘടനയെക്കുറിച്ചു പഠിക്കുന്ന അംബേദ്‌കറിന്റെ മറ്റൊരു ഗ്രന്ഥമായ ജാതി നിർമൂലനത്തിൽ (1935) ഇത്തരം അധികാരങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. Castes in India എന്ന ഗ്രന്ഥത്തിൽ ഈ അധികാരത്തിന്റെ കേന്ദ്രത്തിലേക്കാണ് അംബേദ്‌കർ എത്തിനോക്കുന്നതെങ്കിൽ ജാതി നിർമ്മൂലനത്തിൽ ഈ മൂലധനം മറ്റു മൂലധന രൂപങ്ങളിലേക്കുള്ള പരിവർത്തനം എങ്ങനെ സാധ്യമാകുന്നു എന്ന വ്യക്തമാക്കുന്നു.

സാമ്പത്തികമായ അധികാരമല്ല പരമമായ അധികാരം എന്ന് വ്യക്തമാക്കുന്നതിലൂടെയാണ് അംബേദ്‌കർ അതിന് തുടക്കമിടുന്നത്. ദരിദ്രരായ സന്ന്യാസികളെയും ആൾദൈവങ്ങളെയും ഫക്കീർമാരെയും ആളുകൾ എന്തുകൊണ്ട് ബഹുമാനിക്കുന്നു എന്ന് അംബേദ്‌കർ ചോദിക്കുന്നു. ഇന്ത്യയിൽ ചരിത്രത്തിലുടനീളം അധികാരം മതങ്ങളിലൂടെയും വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന് പ്രഖ്യാപിക്കുകയായിരുന്നു അംബേദ്‌കർ.

തൊഴിലാളികളെ ഒരു സമൂഹമായി പരിഗണിച്ചാൽ പോലും അതിനകത്തും ശ്രേണീകൃതമായ ഒരു അധികാരക്രമം (Hierarch) ഉണ്ടെന്നും അംബേദ്‌കർ വിശദീകരിക്കുന്നു. സാമ്പത്തികമായ അധികാരക്രമം എന്ന മാർക്സിസ്റ്റ് സങ്കല്പനത്തെ വിമർശിക്കുമ്പോൾ അദ്ദേഹം സൂചിപ്പിക്കുന്ന പ്രധാന കാര്യം തൊഴിലാളികളെ ഒരു വർഗമായി കണ്ടാൽ പോലും  അവർക്കിടയിലും ഹിന്ദു ശ്രേണിക്കുള്ളിലെ സ്ഥാനത്തിനനുസൃതമായി ലഭ്യമാക്കുന്ന അധികാരമുണ്ടെന്ന് അംബേദ്‌കർ വ്യക്തമാക്കി. അത് മുൻപ് സൂചിപ്പിച്ച മൂലധന രൂപങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവും സങ്കീർണ്ണവുമാണ്. ഒരേ സമയം ജനനം കൊണ്ട് അതിനുള്ള യോഗ്യത നേടുകയും എന്നാൽ സാമൂഹീകരണ പ്രക്രിയയിലൂടെ അത് പഠിച്ചെടുക്കുകയും ചെയുന്നു.

പട്രീഷ്യൻ വിഭാഗത്തിന് മുൻതൂക്കമുണ്ടായിരുന്ന റോമൻ സാമ്രാജ്യത്തിൽ പ്ളേബ്യൻ വിഭാഗത്തിന് പ്രത്യേക കൗൺസിലറെ നിയമിക്കുവാനുള്ള അധികാരവുമായി ബന്ധപ്പെട്ട സംഭവം വിശദീകരിക്കുന്നതിലൂടെ ജാതി നിർമൂലനം എന്ന കൃതിയിൽ മതപരമായ ഇത്തരം സവിശേഷ അധികാരങ്ങളും അധികാരമില്ലായ്മയും ഭൗതിക വിഭവങ്ങൾ നേടാനും അത് നേടിയെടുക്കുന്നതിന് തടസ്സം നിൽക്കാനും കാരണമാകും എന്ന് അംബേദ്‌കർ സൂചിപ്പിക്കുന്നുണ്ട്. പ്ളേബ്യൻ വിഭാഗത്തിന് കൗൺസിലറെ നിയമിക്കുവാൻ കഴിഞ്ഞെങ്കിലും അവരെ തിരഞ്ഞെടുക്കുന്ന മതപരമായ ആചാരത്തിന്റെ സ്വഭാവം കാരണം പട്രീഷ്യൻ വിഭാഗത്തോട് കൂറുള്ള ആളെയാണ് എപ്പോഴും കൗൺസിലറായി തിരഞ്ഞെടുക്കാൻ കഴിഞ്ഞത്. സമാനമായി ഹിന്ദു സമുദായത്തിലെ പുരോഹിത സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തെ അദ്ദേഹം അവസാന ഭാഗത്ത് പ്രശ്നവത്കരിക്കുന്നു. പുരോഹിത സ്ഥാനം ഒരു അധികാരസ്ഥാനമായിട്ടാണ് അംബേദ്‌കർ തുടക്കത്തിൽ തന്നെ സ്ഥാപിച്ചെടുക്കുന്നത്.

ബ്രാഹ്മണനായിരിക്കുന്നതുകൊണ്ട് മാത്രം ഒരാളെ ഹിന്ദു സമൂഹത്തിലെ പുരോഹിത സ്ഥാനത്തേക്ക് എത്തുന്നു എന്നത് ഒരു സവിശേഷമായ മൂലധനമാണ്. മുൻപ് സൂചിപ്പിച്ച ഒരു തരത്തിലുള്ള മൂലധനത്തിന്റെ നിർവചനത്തിലും ഇത്തരത്തിലുള്ള മൂലധനം ഉൾക്കൊള്ളിക്കാൻ കഴിയില്ല. പുരോഹിതനാകാനുള്ള മത്സരത്തിലേക്ക് ഹിന്ദു സമൂഹത്തിലെ എല്ലാവര്ക്കും ശ്രമിക്കാൻ കഴിയേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഒരു ബ്രാഹ്മണന് സ്വതന്ത്രമായ ഒരു തരത്തിലുള്ള മത്സരത്തിലൂടെയും കടന്നുപോകാതെ പുരോഹിതനായിരിക്കാൻ കഴിയും.

ഈ മൂലധനത്തിന്റെ സവിശേഷത ഇത് തീർത്തും ഒരു പ്രത്യേക സമുദായത്തിലെ ജനനം കൊണ്ട് ലഭ്യമാകുന്നതും മറ്റെല്ലാ മൂലധനവുമായി വളരെ എളുപ്പത്തിൽ പരിവർത്തനം ചെയാവുന്നതുമാണ് എന്നതാണ്.

മത്സരിക്കുന്നവരുടെ അംഗത്വത്തിനനുസരിച്ച് ശ്രേണീകൃതമായ അസമത്വ വ്യവസ്ഥയിൽ ഓരോ തട്ട് മുകളിലേക്ക് പോകുന്തോറും വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിലെ അധ്വാനവും ശ്രമങ്ങളും ഇരട്ടിയായി സമൂഹത്തിന് അനുഭവപ്പെടും. ഇതിന് സമാനമായി മത്സരിക്കുന്നവരുടെ അംഗത്വം കീഴ്ത്തട്ടിലേക്ക് പോകുന്തോറും അധ്വാനവും ശ്രമവും സമൂഹത്തിന് പകുതിയായി അനുഭവപ്പെടും.

ഏറ്റവും മുകൾത്തട്ടിലെത്തുമ്പോൾ ഈ മൂലധനം അധ്വാനത്തെയും ശ്രമത്തെയും പല ഇരട്ടിയായി സമൂഹത്തിന് അനുഭവപ്പെടുത്തും. ഈ സ്വഭാവമാണ് ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ പല മൂലധന രൂപങ്ങളെ സങ്കീർണമാക്കുന്നത്.

പാർട്ടി അംഗത്വം എന്നത് ഒരു മൂലധനമല്ല

പാർട്ടി അംഗത്വം എന്ന സാമൂഹിക മൂലധനം ഒരു നുണയാണ് എന്നതാണ് യാഥാർത്ഥ്യം. പാർട്ടിയിലെ അംഗത്വം ഉപയോഗിച്ചുകൊണ്ട് അധികാരവും സമ്പത്തും അടക്കമുള്ള വിഭവങ്ങൾ കൈവശപ്പെടുത്താൻ എല്ലാവര്ക്കും കഴിയുകയില്ല. ഗവേഷണ പ്രബന്ധം പകർത്തിയെഴുത്തിന്റെ സംശയത്തിൽ നിൽക്കുമ്പോൾ പോലും ശ്രീകല മുല്ലശേരിക്ക് സ്ഥിരം അദ്ധ്യാപികയായി കാലിക്കറ്റ് സർവകലാശാലയിൽ നിലനിൽക്കാൻ കഴിയുന്നത് അവർ പാർട്ടിയുമായി ബന്ധമുള്ളതുകൊണ്ടല്ല മറിച്ച് മുൻപ് സൂചിപ്പിച്ച ശ്രേണികൃതമായ വ്യവസ്ഥ അവർക്ക് അത്രമേൽ മൂലധനം അവർക്ക് നല്കുന്നതുകൊണ്ടാണ്. ഇടത് സംഘടനകളിൽ ബന്ധമുണ്ടായിട്ട് പോലും വകുപ്പ് മേധാവി സ്ഥാനത്തേക്ക് ദിവ്യക്ക് മത്സരിക്കാൻ അനേകം തടസങ്ങളുണ്ടായത് അതിനേക്കാൾ മൂലധനം ലഭ്യമായ മറ്റാരോ ആ സ്ഥാനത്തിന് വേണ്ടി ഇടപെട്ടതുകൊണ്ടാണ്.

കേരളത്തിലെ പ്രമുഖ സൈദ്ധാന്തികയും എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഡോ. രേഖ രാജിനെ അവരുടെ സാമൂഹിക ബന്ധങ്ങളും മൂലധനവും തുണക്കാതിരുന്നത് ഇതേ ശ്രേണീകൃത്യമായ മൂലധന വ്യവസ്ഥ കാരണമാണ്. ഡോ. നിഷ നായരേക്കാൾ NET അധിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും രേഖ രാജിന് അധികമുണ്ടായിട്ടും ശ്രേണീകൃതമായി നിഷയ്ക്ക് ലഭ്യമായ മൂലധനം അത്രമേൽ വലുതായതുകൊണ്ടാണ് അവർ നിയമിതയായത്.

കണക്ക് പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിയമനത്തിൽ സംവരണക്രമം തെറ്റി നിയമിതരായ 24 പേർക്കും സംവരണീയരെക്കാൾ ശ്രേണീകൃതമായ മൂലധനം കുറവായിരുന്നു. പാർട്ടിയിൽ വലിയ നേതാവും എഴുത്തുകാരിയും ഒക്കെ ആയിട്ടും വിദ്യക്ക് ഒരു താത്കാലിക ജോലിക്ക് വേണ്ടി കൃത്രിമമായി രേഖ ചമച്ചു സമർപ്പിക്കേണ്ടിവന്നത് പാർട്ടിയിലെ മറ്റുള്ളവർക്ക് ലഭിക്കുന്ന മൂലധനം അവർക്ക് ലഭിക്കാത്തതുകൊണ്ടാണ്. ഗവേഷണപ്രബന്ധത്തിലും നിയമനത്തിലും കൃത്രിമം കാണിച്ചവർക്കെതിരെ അന്വേഷണമോ നടപടികളോ ഇല്ലാതാകുമ്പോഴും നിഖിൽ തോമസ് അറസ്റ്റ് ചെയ്യപ്പെടാത്തപ്പോഴും വിദ്യ അറസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണവും ഇതേ മൂലധനത്തിന്റെ പ്രവർത്തനമാണ് കാണാനാകുക.

ചുരുക്കിപ്പറഞ്ഞാൽ പാർട്ടിയിലെ അംഗത്വത്തിലൂടെ കീഴാളർക്ക് എന്തെങ്കിലും വിഭവങ്ങൾ ലഭ്യമാകുന്നു എന്നത് ഒരു നുണയാണ്. മറിച്ച് അത് ലഭ്യമാകുന്നത് പാർട്ടിയിലെ അംഗങ്ങളായ സവർണർക്ക് മാത്രമാണ്. അവർക്ക് ലഭ്യമാകുന്നത് പാർട്ടിയുടെ സാമൂഹിക മൂലധനമല്ല മറിച്ച് ഇന്ത്യൻ ബ്രഹ്മണ്യ വ്യവസ്ഥയിലെ ശ്രേണീകൃതമായ മൂലധനമാണ്. അത് ബോർദ്യുവിയൻ നിർവചനങ്ങൾക്ക് പുറത്തുള്ള ഒന്നാണ്.

അരവിന്ദ് ഇന്റിജനസ്: ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി

 

അവലംബം:-

https://www.madhyamam.com/kerala/plagarism-allegation-calicut-university-syndicate-with-bad-reference-to-the-complaint-905889?infinitescroll=1

https://www.mediaoneonline.com/calicut-university-gives-permanent-appointment-to-teacher-accused-of-plagiarism

https://www.thehindu.com/news/national/kerala/calicut-varsity-vice-chancellor-proposes-to-appoint-assistant-professor-as-russian-and-comparative-literature-hod/article66793405.ece

https://thewire.in/rights/dalit-professor-rekha-raj-appointment-cancelled

Bourdieu, P. (1983). The Forms of Capital. In J. G. Richardson (Ed.), Handbook of Theory and Research for the Sociology of Education (pp. 241-258). New York: Greenwood Press.

Jeffrey, C. (2001). “A Fist Is Stronger than Five Fingers”: Caste and Dominance in Rural North India. Transactions of the Institute of British Geographers, 26(2), 217–236. http://www.jstor.org/stable/3650669

Ambedkar Bhimrao Ramji. 1916. Castes in India : Their Mechanism Genesis and Development. Jullundur India: Bheem Patrika Publications.

Ambedkar, B. R. (Bhimrao Ramji), 1891-1956. Annihilation of Caste : an Undelivered Speech. New Delhi :Arnold Publishers, 1990.

Bourdieu, P. (1983). The Forms of Capital. In J. G. Richardson (Ed.), Handbook of Theory and Research for the Sociology of Education (pp. 241-258). New York: Greenwood Press.

Quotes

“സ്ത്രീകള്‍ക്കുണ്ടാകുന്ന നേട്ടത്തിലൂടെ മാത്രമേ ഒരു സമുദായത്തിന്‍റെ വളര്‍ച്ചയുടെ തോത് നിര്‍ണ്ണയിക്കാനാകൂ.”- ബി ആർ അംബേദ്‌കർ