Sun. Dec 22nd, 2024

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത്

ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ മുതല്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിവിധ ഭൂസമരങ്ങളില്‍ വരെ എത്തിനില്‍ക്കുന്നതാണ് ആദിവാസി ജനതയുടെ ആ അതിജീവന ചരിത്രം.

ചരിത്രത്തിന്റെ കനം പേറി ജീവിക്കുമ്പോഴും എത്രയെത്ര സാമൂഹിക അസമത്വങ്ങളാണ് ഈ ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. അടിമത്തം, ഭൂരാഹിത്വം, അവിവാഹിത അമ്മമാര്‍, കുടക് മരണങ്ങള്‍ തുടങ്ങി ഇപ്പോൾ കുറ്റ്യാടി കല്ല്യാണങ്ങൾ വരെ എത്തിനില്‍ക്കുന്നു സാമൂഹിക അസമത്വത്തിന്റെ പട്ടിക. പൊതുസമൂഹത്തില്‍ അത്ര പരിചിതമല്ലാത്ത കുറ്റ്യാടി കല്ല്യാണത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരഞ്ഞാണ് വോക്ക് മലയാളം ടീം താമരശ്ശേരി ചുരം കയറുന്നത്.

തിരുനെല്ലി

അടിയ ജനവിഭാഗം കൂടുതലായി താമസിക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ് വ്യാപകമായി കുറ്റ്യാടി കല്ല്യാണങ്ങള്‍ നടന്നിട്ടുള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. മാനന്തവാടിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് തിരുനെല്ലി. ബ്രഹ്‌മഗിരി മലനിരകളുടെ താഴ്‌വരയിലുള്ള മഴക്കാടുകള്‍ താണ്ടിവേണം തിരുനെല്ലിയിലെത്താന്‍. ബ്രഹ്‌മഗിരിയും നരിനിരങ്ങിമലയും ഉദയഗിരിയും കരിമലയും ഒരു കോട്ടപോലെ തിരുനെല്ലിയെ സംരക്ഷിക്കുന്നതായി തോന്നിപ്പോവും. ഇതിനൊപ്പം ബാവലിപ്പുഴ കൂടി ചേരുന്നതോടെ തിരുനെല്ലിയുടെ ഭൂപ്രകൃതി കൂടുതല്‍ സമ്പന്നമാകുന്നു.

ഈ സമ്പന്നതയില്‍കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരാണ് ഇവിടുത്തെ ആദിവാസി ജനത. തിരുനെല്ലിയിലെ ജനസംഖ്യയില്‍ കൂടുതലും അടിയരാണ്. കര്‍ണാടകയില്‍ നിന്നും വന്ന റാവുളര്‍ ആണ് അടിയരായി അറിയപ്പെടാന്‍ തുടങ്ങിയത്. ഇവരുടെ ആചാരങ്ങളും ഭാഷാപരമായ സവിശേഷതകളും കര്‍ണാടക ദേശസ്വാധീനം വ്യക്തമാക്കുന്നതാണ്. നിലവില്‍ 11000 ത്തിനടുത്താണ് അടിയരുടെ ജനസംഖ്യ. ഇതില്‍ 5262 പുരുഷന്മാരും 5723 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഭൂപരിഷ്‌ക്കരണത്തിനു ശേഷമാണ് കേരളത്തിലെ ആദിവാസി ജനത വലിയ തോതില്‍ ഭൂരഹിതരായി മാറിയത്. വിശാലമായ ഭൂമി ഉണ്ടായിരുന്നവരുടെ കയ്യില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് ആദിവാസികളെ കോളനിവല്‍ക്കരിച്ചു. അതോടെ പാരമ്പര്യമായി തുടരുന്ന കൃഷി നശിച്ചു. ഉപജീവനം ഇല്ലതെയായി. ആദിവാസിയുടെ ആരോഗ്യം ക്ഷയിച്ചു. ഒരുകണക്കിന് പറഞ്ഞാല്‍ വംശം തന്നെ ഇല്ലാതെയാക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

അടിയര്‍ അടിമത്വത്തില്‍ നിന്ന് നിയമം മൂലം മോചിതരായെങ്കിലും തിരുനെല്ലിയിലെ അടിയരുടെ സാമൂഹിക ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അടിമത്വവും അവിവാഹിതരായ അമ്മമാരുടെ കണക്കും പുരുഷന്മാരിലെ മദ്യത്തിന്റെ സ്വാധീനവും ഒരു ഭയം പോലെയാണ് ഓരോ ഊരുകളിലെയും സ്ത്രീകള്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തങ്ങളുടെ പെണ്‍മക്കള്‍ സമാധാനത്തോടെ ജീവിക്കണമെന്ന് ഓരോ അമ്മയും പ്രത്യാശിക്കുന്നുണ്ട്. ഈ പ്രത്യാശയെ ചൂഷണം ചെയ്താണ് ഇടനിലക്കാര്‍ അടിയരുടെ പെണ്‍കുട്ടികളെ കുറ്റ്യാടി കല്ല്യാണം എന്ന പേരിട്ട് വിളിച്ച് വയനാടിന്റെ അതിര്‍ത്തി കടത്തുന്നത്.

ആദിവാസിയെ കൊള്ളയടിച്ച്, അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്ത്, അവരുടെ സ്വര്യജീവിതത്തെ തകര്‍ത്ത്, നക്‌സല്‍ വര്‍ഗീസിനെ കൊലപ്പെടുത്തി കുപ്രസിദ്ധ ഡിജിപി ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള സേന തിരുനെല്ലി വിടുമ്പോള്‍ ‘അവിവാഹിതരായ അമ്മമാര്‍’ എന്ന സാമൂഹിക വിപത്താണ് ഉദയംകൊണ്ടത്. തേയില, കാപ്പി തോട്ടങ്ങളിലേയ്ക്ക് പണിക്കു പോയിരുന്ന സ്ത്രീകള്‍ പലരും മടങ്ങി എത്തിയിരുന്നതും ഗര്‍ഭിണികളായാണ്. അച്ഛനില്ലാത്ത കുട്ടികളെ പെറ്റിട്ട സ്ത്രീകളുടെ ഇന്നത്തെ തലമുറയും ഈ ശപിക്കപ്പെട്ട പാരമ്പര്യം പേറിയാണ് ജീവിക്കുന്നത്.

അറവനാഴി, തിരുനെല്ലി

ആസൂത്രിതമായി കുടിയേറ്റക്കാര്‍ ആദിവാസിയുടെ ഭൂമി പിടിച്ചെടുക്കാനും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പുരുഷന്മാരെ മദ്യത്തിനടിമകളാക്കി. ആ മദ്യമൊഴുക്കല്‍ ഇന്നും ആസൂത്രിതമായി ഊരുകളില്‍ തുടരുന്നുണ്ട്. ഇതില്‍ കണ്ണിചേര്‍ക്കപ്പെട്ട പുതിയ പ്രതിഭാസമാണ് കുറ്റ്യാടി കല്ല്യാണവും. ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിച്ചാണ് പെണ്‍കുട്ടികളെ കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ്, വളയം, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കല്ല്യാണം കഴിച്ചുകൊണ്ട് പോകുന്നത്. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആദിവാസിയെ മദ്യത്തിനടിമയാക്കിവര്‍ തന്നെയാണ് ഇടനിലക്കാരന് പതിനായിരങ്ങള്‍ കൊടുത്ത് ആദിവാസി സ്ത്രീകളെ വയനാട് നിന്ന്  സമതലങ്ങളിലേയ്ക്ക് എത്തിക്കുന്നത്.

കൊല്ലിമൂല, എരുവോക്കി, എടയാര്‍കുന്ന്, മീന്‍കൊല്ലി, ചേകാടി, അറവനാഴി, മാന്താനം, നെട്ടറ എന്നീ ഊരുകളിലാണ് വോക്ക് മലയാളം കുറ്റ്യാടി കല്ല്യാണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. എല്ലാ ഊരുകളില്‍ നിന്നും 18 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള സ്ത്രീകളെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് കല്ല്യാണം കഴിച്ചുകൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി കുറ്റ്യാടി കല്ല്യാണങ്ങള്‍ അടിയര്‍ക്കിടയില്‍ വ്യാപകമായി നടക്കുന്നുണ്ട്.

‘അടിയ, പണിയ, കാട്ടുനായ്ക്കര്‍, വെട്ടക്കുറുമ സമുദായങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടുള്ളത്. അമ്പതിനായിരം, അറുപതിനായിരം ഒക്കെയാണ് ബ്രോക്കര്‍ ഫീസ് എന്നാണ് പറയുന്നത്. ആ ബ്രോക്കര്‍ ആരെന്ന് പോലും അറിയില്ല. ഇവിടെയുള്ള ചെറുപ്പക്കാര്‍ കുടിയന്മാരാണ് എന്ന് ബ്രോക്കര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ ആണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടല്ല. അവിടുന്ന് സധാരണക്കാരായ ആളുകള്‍ വന്നിട്ടാണ് ഇവിടെ വന്ന് വന്‍ തുക ബ്രോക്കര്‍ക്ക് നല്‍കി ലോക്കല്‍ ഏജന്റിനെ നിര്‍ത്തി ഇങ്ങനെ റിക്രൂട്ട് ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് എന്ന് തന്നെയാണ് ഇതിനെ പറയേണ്ടത്.’, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

ഷാജന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍

കല്ല്യാണത്തിന് ഇടനിലക്കാരനായി നില്‍ക്കുന്ന ബ്രോക്കര്‍ക്ക് 50000 രൂപയാണ് കുറഞ്ഞ പ്രതിഫലം. അറവനാഴി ഊരില്‍ കുറഞ്ഞത് ഓരോ വീട്ടിലെയും ഒരു പെണ്‍കുട്ടിയെ വീതം കോഴിക്കോട് ജില്ലയിലേയ്ക്ക് കല്ല്യാണം കഴിപ്പിച്ചു കൊടുത്തിട്ടുണ്ട്. തോണിക്കടവ്, പന്നിക്കല്‍, താഴശ്ശേരി, പുഴവയല്‍, ഷാണമംഗലം, തുറമ്പൂര്‍ കുന്ന്, കട്ടക്കണ്ടി, മൈക്കുനി, കരിമം, ഉണ്ണികപറമ്പ്, കാലങ്കോട്, ബാവലി, തൃശ്ശലേരി തുടങ്ങിയ ഊരുകളിലും കുറ്റ്യാടി കല്ല്യാണങ്ങള്‍ നടന്നിട്ടുണ്ട് എന്ന് അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. പത്താം ക്ലാസ് വിദ്യഭ്യാസവും അതില്‍ കുറവുമുള്ള യുവതികളെയാണ് ഇത്തരത്തില്‍ കല്യാണം കഴിച്ചു കൊണ്ടുപോകുന്നത്. പെണ്‍കുട്ടികളുള്ള ഊരുകള്‍ തിരഞ്ഞുപിടിച്ച് എത്തുന്ന ബ്രോക്കര്‍ സാമ്പത്തിക ശേഷി ഇല്ലായ്മയേയും വിദ്യാഭ്യാസ കുറവിനേയും ചൂഷണം ചെയ്താണ് കല്ല്യാണങ്ങള്‍ ഉറപ്പിച്ചുപോകുന്നത്.

പെണ്ണ് കണ്ടുകഴിഞ്ഞാല്‍ ചെക്കന്റെ വീടു കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ക്ഷണിക്കും. ആ ദിവസം തന്നെയായിരിക്കും കല്ല്യാണ നിശ്ചയവും. തങ്ങള്‍ പോകുന്നത് മകളുടെ കല്ല്യാണം ഉറപ്പിക്കാന്‍ ആണെന്ന് വരന്റെ വീട്ടില്‍ എത്തിയാലാണ് അറിയുന്നത് തന്നെ. തുടര്‍ന്ന് ഒന്നോ രണ്ടോ മാസത്തിനിടെ കല്ല്യാണം. കല്ല്യാണം നടക്കുന്നതാവട്ടെ വരന്റെ നാട്ടിലെ അമ്പലത്തില്‍. വധുവിനു ആഭരണങ്ങള്‍ അടക്കമുള്ള എല്ലാ ചിലവും വരന്റെ വീട്ടുകാര്‍ വഹിക്കും.

കല്ല്യാണം നടന്നതിനുള്ള ആകെ തെളിവ് അമ്പലത്തില്‍ നിന്നും നല്‍കുന്ന ചീട്ട് മാത്രമാണ്. ആദിവാസി വിഭാഗങ്ങളുടെ ആചാരപ്രകാരമല്ലാതെ നടത്തുന്ന വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. കല്ല്യാണം നടന്നതിന്റെ തെളിവായി കല്ല്യാണ ഫോട്ടോ പോലും പെണ്‍കുട്ടികളുടെ വീടുകളില്‍ ഇല്ല. ഹിന്ദു സമുദായത്തിലെ ചില പ്രത്യേക കമ്മ്യൂണിറ്റിയില്‍ പെട്ട താരതമ്യേന നല്ല സാമൂഹിക നിലയിലുള്ള തൊഴില്‍ ഇല്ലാത്ത മധ്യവയസ്സ് കഴിഞ്ഞവരോ മധ്യവയസ്സിലേയ്ക്ക് അടുക്കുന്നവരോ ആണ് തിരുനെല്ലിയിലേയ്ക്ക് ആദിവാസി പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാന്‍ അന്വേഷിച്ച് എത്തുന്നത്. പലരും കൂലിപ്പണി എടുക്കുന്നവരോ സാധാരണ തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരോ അപൂര്‍വ്വം ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരോ ആണ്. പല മാതാപിതാക്കള്‍ക്കും തങ്ങളുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടെ പ്രായമോ, നാടോ, വീട്ടിലെ വിവരങ്ങളോ അറിയില്ല.

“നിയമാനുസൃതമുള്ള വിവാഹം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഉള്ളതാണ്. അതിനു മാത്രമേ നിയമസാധുതയുള്ളൂ. അതുകൊണ്ട് തന്നെ വിവാഹം കഴിച്ച് കൊണ്ടുപോയതിനു ശേഷം ഈ പെണ്‍കുട്ടികളുടെ സാമൂഹിക പദവി എന്ത്? അതില്‍ നിന്നുണ്ടാവുന്ന സന്താന പരമ്പരകളുടെ നിയമസാധുത എന്ത്? ഇല്ലെങ്കില്‍ പദവി എന്ത്? എന്നുള്ളതെല്ലാം ചോദ്യ ചിഹ്ന്നമായി നിലനില്‍ക്കുന്നതാണ്. ഇത്തരത്തില്‍ വിവാഹം നടക്കുന്ന സ്ത്രീയ്ക്ക് സ്വത്ത് അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും നിയമാനുസൃതം കിട്ടേണ്ട കാര്യങ്ങള്‍ക്ക് ഒന്നും തന്നെ അര്‍ഹത ഉണ്ടാകണം എന്നില്ല. മാത്രമല്ല ജനിക്കുന്ന കുഞ്ഞുങ്ങള്‍ മാത്രം പിന്നീട് അവിടെയുള്ള കമ്മ്യൂണിറ്റിയിൽ വളരുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഈ പ്രതിഭാസം തുടരുകയാണ് എങ്കില്‍ വയനാട് ജില്ലയിലെ അതിപിന്നോക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ ഒരു സമൂഹത്തില്‍ നിന്നും നഷ്ടപ്പെടും. അങ്ങനെയുണ്ടായാൽ ആ വംശത്തിന്റെ, ആ വര്‍ഗത്തിന്റെ, ആ ഗോത്രത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ക്രമബന്ധമായി ആ ജാതി, അല്ലെങ്കില്‍ ആ ഗോത്രം തുടച്ചുനീക്കപ്പെടുകയും ചെയ്യും.” ആദിവാസി അവകാശ പ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

എം ഗീതാനന്ദന്‍, ആദിവാസി അവകാശ പ്രവര്‍ത്തകന്‍

എടയാര്‍കുന്ന് ഊരില്‍ നിന്നും ഞങ്ങള്‍ക്ക് കുറ്റ്യാടി കല്ല്യാണത്തിന്റെ ഇരയെ കണ്ടെത്താനായി. മകളുടെ ഭാവി ജീവിതം സുരക്ഷിതമാവാനാണ് ഈ അമ്മ നാദാപുരത്തേയ്ക്ക് മകളെ കല്യാണം കഴിപ്പിച്ചയച്ചത്. മദ്യപിച്ചുള്ള ഉപദ്രവം, ജാതി അധിക്ഷേപം, പട്ടിണിക്കിടല്‍ തുടങ്ങി നിരവധി പീഡനങ്ങള്‍ ആറു വര്‍ഷത്തെ വൈവാഹിക ജീവിതത്തില്‍ ഈ മകള്‍ അനുഭവിച്ചു. ഒടുവില്‍ ഭര്‍ത്താവിന്റെ വീട്ടിലെ തെങ്ങിന്റെ ചുവട്ടില്‍ നിന്നാണ് അമ്മ മകളെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം, ഭര്‍ത്താവിന്റെ സഹോദരന്റെ ഉപദ്രവം, അമ്മയുടെ ഉപദ്രവം എല്ലാം ഈ പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണത്തിന് എടുത്തു നല്‍കിയ വസ്ത്രങ്ങള്‍ അല്ലാതെ ഈ പെണ്‍കുട്ടിയ്ക്ക് വേറെ വസ്ത്രങ്ങള്‍ എടുത്തു നല്‍കിയിട്ടില്ല.

ആറ് വര്‍ഷത്തെ വൈവാഹിക ജീവതത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നത് രണ്ടു കുഞ്ഞുങ്ങളും മര്‍ദ്ദനത്തിന്റെ ഓര്‍മകളും മാത്രമാണ്. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതിനു ശേഷം സ്ത്രീധനം ആവശ്യപ്പെടുന്ന വിവിധ കേസുകളും പല ഊരുകളിലും ഉണ്ട്. സ്വര്‍ണം നല്‍കാന്‍ ലോണ്‍ എടുത്ത് കടക്കെണിയില്‍ ആയ കുടുംബങ്ങളും ഉണ്ട്. അപൂര്‍വ്വം ചില ഭര്‍ത്താക്കന്മാര്‍ മാത്രമേ ഭാര്യമാരുടെ വീടുകളില്‍ അതായത് ആദിവാസി ഊരുകളില്‍ വന്ന് താമസിക്കാറുള്ളൂ. ഇത്തരത്തില്‍ അയിത്തം പാലിക്കുന്നവരുടെ വീടുകളിലാണ് ആദിവാസി പെണ്‍കുട്ടികള്‍ ജീവിക്കുന്നത് എന്നത് ആശങ്കാജനകമാണ്. സാധാരണഗതിയില്‍ മിശ്രവിവാഹം പുരോഗമനപരമാണ്. എന്നാല്‍ ആദിവാസികള്‍ക്കിടയില്‍ നടക്കുന്നത് അങ്ങനെയുള്ളതല്ല. പെണ്‍കുട്ടികളെ ഒരു ഗോത്രത്തില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്ന ഒരു സാമൂഹിക സംവിധാനമായാണ് ഇതിനെ കാണേണ്ടത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.