Mon. Sep 9th, 2024

ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ട്രെയിനിന്‍റെ ബ്രേക്ക്‌ തകരാറിലായതിനെ തുടര്‍ന്നുണ്ടായ അപകടം ചുഴറ്റിയെടുത്തത് 750 ല്‍ അധികം ജീവനുകളായിരുന്നു

ന്ത്യയില്‍ ഒരു ദിവസം ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ശരാശരിയെണ്ണം 23 ദശലക്ഷമാണ്, ഇത് ഓസ്ട്രേലിയ എന്ന രാജ്യത്തിലെ മുഴുവന്‍ ജനസംഖ്യയ്ക്ക് തുല്യമായി വരും. ഇത്രയും ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു പൊതു ഗതാഗതസൗകര്യം എത്രമാത്രം സുരക്ഷ ഉറപ്പാക്കുന്നുണ്ട് ? ഒഡിഷയിലെ ബാലസോറില്‍ ബഹനാഗ സ്റ്റേഷനു സമീപം ജൂണ്‍ 2 ന് രാത്രി നടന്ന വന്‍ ട്രെയിന്‍ ദുരന്തം ഇന്ത്യന്‍ റെയില്‍ വേയുടെ കെടുകാര്യസ്ഥതയെ ഒരിക്കല്‍ കൂടി  ചോദ്യം ചെയ്യുകയാണ്. ഒഡിഷയില്‍ കാര്യങ്ങള്‍ വളരെ ദയനീയമാണ്. അവിടത്തെ ഔദ്യോഗിക മരണ നിരക്കില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.  

indian train

മൃതശരീരങ്ങള്‍ക്കിടയില്‍ നിന്ന് സ്വന്തം മകനെ തിരയുന്ന അച്ഛന്‍റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. അത്തരത്തില്‍ അപ്രതീക്ഷിതമായി ദുരന്തം ഞെരുക്കി കളഞ്ഞ എത്രയെത്ര ജീവനുകള്‍, പുതിയ പ്രതീക്ഷകളുമായി യാത്ര തുടങ്ങിയ എത്രയെത്ര മനുഷ്യര്‍, ഉറ്റവരുടെ മടങ്ങി വരവുകള്‍ കാത്തിരിക്കുന്ന എത്രയെത്ര കുടുംബങ്ങള്‍. ഇവരുടെയെല്ലാം നഷ്ടങ്ങള്‍ കേവലം 10 ലക്ഷം കൊണ്ട് നികത്താനാകുമോ ? ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം ആര് ഏറ്റെടുക്കും ? 

train crash

പൂര്‍വ്വ ഇന്ത്യയുടെ ഭാഗമായിരുന്ന (ഇന്ന് പാകിസ്ഥാനില്‍) കോട് ലഖ്പത്തില്‍ 1907 ഒക്ടോബര്‍ 24 ന് നടന്ന ട്രെയിന്‍ ദുരന്തത്തെയാണ്‌ ഇന്ത്യയിലെ ആദ്യത്തേതായി കണക്കാക്കുന്നത്. ഈ ദുരന്തത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഈ ദുരന്തത്തിന് ഒന്നര വയസ്സു തികയും മുന്‍പ് ഹരിയാനയിലെ ബറാറയില്‍ 22 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്ത മറ്റൊരു ട്രെയിന്‍ ദുരന്തവും  സംഭവിക്കുകയുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ട്രെയിന്‍ ദുരന്തങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 1920 നും 1940 നും ഇടയില്‍ അഞ്ചോളം ട്രെയിന്‍ ദുരന്തങ്ങളില്‍ നിന്നും 300 നു മുകളില്‍ ജീവനുകള്‍ പൊലിഞ്ഞു, അതിലധികം പേര്‍ക്ക് സാരമായ പരിക്കുകളുണ്ടാകുകയും ചെയ്തു. ഇതില്‍ പാറ്റ്നമൊറാദാബാദ് ട്രെയിന്‍ ദുരന്തങ്ങളില്‍ മാത്രം  കൊല്ലപ്പെട്ടവരുടെ എണ്ണം 100 നു മുകളിലായിരുന്നു. 

train crash

ഒരു തരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷമാണ് ട്രെയിന്‍ ദുരന്തങ്ങളുടെ കണക്ക് കുത്തനെ ഉയരുന്നത്. 1950 കളില്‍ മാത്രമായി ചെറുതും വലുതുമായ പതിനെട്ടോളം ട്രെയിന്‍ ദുരന്തങ്ങള്‍ ഇന്ത്യയിലുണ്ടായി, ഇതില്‍ 773 പേര്‍ കൊല്ലപ്പെടുകയും ചെയ്തു, പരിക്കു പറ്റിയവരുടെ എണ്ണവും അത്രത്തോളം തന്നെ വരും. 1960 കളില്‍ ഈ കണക്ക് അല്പം കുറഞ്ഞെങ്കിലും വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. 1961 മുതല്‍ 1969 വരെയുള്ള കാലഘട്ടത്തില്‍ 16 ട്രെയിന്‍ ദുരന്തങ്ങളാണ് സംഭവിച്ചത്. ഈ ദുരന്തങ്ങളില്‍പ്പെട്ട് 900 ല്‍ അധികം പേരാണ് മരണത്തിനു കീഴടങ്ങിയത്.  70 കളിലും 80 കളിലും ഈ നിരക്കില്‍ വന്ന വ്യത്യാസം വളരെ ഞെട്ടിപ്പിക്കുന്നതാണ്. 70 കളില്‍ മാത്രമായി 60 ട്രെയിന്‍ ദുരന്തങ്ങളാണുണ്ടായത്, ഈ ദുരന്തങ്ങള്‍ കവര്‍ന്നെടുത്തത് 2000 ത്തോളം ജീവനുകളും.

india-train-accident-2-3

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് 1981 ജൂണ്‍ 6 ന് ബീഹാറിലെ മാന്‍സിയ്ക്കും സഹസ്രയ്ക്കും നടുവില്‍ വച്ച് പാളം തെറ്റിയ ട്രെയിന്‍ ഭാഗ്മതി നദിയിലേക്ക് മറിഞ്ഞുണ്ടായത്. ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ട്രെയിനിന്‍റെ ബ്രേക്ക്‌ തകരാറിലായതിനെ തുടര്‍ന്നുണ്ടായ അപകടം ചുഴറ്റിയെടുത്തത് 750 ല്‍ അധികം ജീവനുകളായിരുന്നു. 1980 മുതല്‍ 1990 വരെയുള്ള കാലയളവില്‍ റെയില്‍ പാളങ്ങളില്‍ തകര്‍ന്നത് 1700 ല്‍ അധികം ജീവനുകളാണ്. ഇന്ത്യ കൂടുതല്‍ ശാസ്ത്രീയ അടിത്തറ കൈവരിക്കുമ്പോഴും ഇത്തരം ദുരന്തങ്ങളെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല. ഫിറോസബാദില്‍ 358 പേരെ മരണത്തിനു വിട്ടുകൊടുത്ത ട്രെയിന്‍ ദുരന്തം ഉള്‍പ്പെടെ 1990 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ 34 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

india-train-accident-2-3

ഇരുപത്തിയൊന്നാം നൂറ്റാണ്ടായതോടെ കാര്യങ്ങള്‍ക്ക് തീവ്രത കൂടി, ഇക്കഴിഞ്ഞ 23 വര്‍ഷങ്ങള്‍ക്കിടയില്‍ 116 തവണയാണ് ഇന്ത്യയില്‍ ട്രെയിന്‍ അപകടങ്ങളുണ്ടായത്. ചെറുതും വലുതുമായ ഇത്തരം അപകടങ്ങളില്‍ നിന്നായി 2357 പേരാണ് ഈ ഭൂമുഖത്ത് നിന്നും ഇല്ലാതായത്. ഇത്രയും ഭീകരമായ കണക്കുകള്‍ പുറത്തു വന്നിട്ടും ഇന്ത്യയിലെ അധികാരികള്‍ റെയില്‍വേ യാത്രികര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകുന്നില്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്.      

india-train-rush

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ അധികവും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും റെയില്‍വേ പാളങ്ങള്‍ തെറ്റിയും ഉണ്ടാകുന്നവയാണ്. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടയിടികള്‍ക്ക് പ്രധാന കാരണം തെറ്റായ സിഗ്നലിംഗ് സംവിധാനവും ലോകോ പൈലറ്റിന്‍റെ അശ്രദ്ധയുമാണ്, അതോടൊപ്പം ട്രെയിനില്‍ വരുന്ന സാങ്കേതിക പ്രശ്നങ്ങളും ഈ നിലയിലേക്ക് കാര്യങ്ങളെ നയിച്ചേക്കാം. 

india-train-accident-2-3

പാളം തെറ്റിയുണ്ടാകുന്ന അപകടങ്ങളിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ വ്യക്തമാണ്. പാളത്തിലെ ദുര്‍ഘടമായ വളവുകള്‍, പാളത്തിന്‍റെ ജംഗ്ഷനുകളിലെ അപാകതകള്‍ ഇവയെല്ലാം സമയാസമയം പരിഹരിക്കേണ്ടതുണ്ട്. റെയില്‍വേ സ്ലീപ്പറുകളുടെ ബലം, റെയില്‍ റോഡുകള്‍ അവയില്‍ ഘടിപ്പിച്ചിരിക്കുന്ന രീതി ഇവയെല്ലാം പാളംതെറ്റലിന്‍റെ കാരണങ്ങളായി മാറാം. ഇത്തരം ചെറിയ കാര്യങ്ങളിലെ അനാസ്ഥ വരുത്തി വെച്ച വലിയ ദുരന്തങ്ങള്‍ അനേകമാണ്. മറ്റൊന്ന്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം പാളം തെറ്റിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളാണ്, 1981 ല്‍  ബീഹാറിലുണ്ടായ ട്രെയിന്‍ ദുരന്തം, 1988 ലെ പെരുമണ്‍ ദുരന്തം, 2001 ലെ കടലുണ്ടി ട്രെയിന്‍ അപകടം  എന്നിങ്ങനെയുള്ള അപകടങ്ങളെല്ലാം ഇത്തരത്തില്‍ പ്രകൃതി കൂടി പ്രതിയായ സംഭവങ്ങളാണ്. 

india-train-accident-2-3
kadalundi railway bridge

ഇതുകൂടാതെ തീവ്രവാദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അക്രമ സ്വഭാവമുള്ള യാത്രികരില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും ഇന്ത്യയില്‍ സ്ഥിരം കാഴ്ചയാണ്.  കഴിഞ്ഞ ഏപ്രില്‍ 23 ന് കോഴിക്കോട് എലത്തൂരില്‍ വച്ച് ഷാരൂഖ് സൈഫി എന്ന യുവാവ് അഴിച്ചുവിട്ട ആക്രമണത്തെ ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്.

india-train-accident-2-3

ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന യാത്രാസംവിധാനത്തില്‍ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഏറെ കാലമായി ഭിക്ഷാടനത്തിന്‍റെ കേന്ദ്രമായാണ് നിലകൊല്ലുന്നത്. ആ അന്തരീക്ഷം സാധാരണ യാത്രക്കാരില്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും അതേതുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും ഇന്ത്യയില്‍ അത്ര വിരളമല്ല. സൗമ്യ എന്ന സാധു പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതും ഇന്ത്യന്‍ റെയില്‍വേയുടെ ഈ അഴിഞ്ഞ സംവിധാനത്തിലെ പ്രശ്നമാണ്.

ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സുരക്ഷിതമായൊരു യാത്രാ സംവിധാനം ഇനിയും ഇന്ത്യന്‍ റെയില്‍വേ നല്‍കാന്‍ തയ്യാറാകുന്നില്ലായെങ്കില്‍ റെയില്‍വേ ദുരന്തങ്ങളുടെ പട്ടികയുടെ നീളം ഇനിയും കൂടിക്കൊണ്ടേയിരിക്കും. ഒഡിഷയിലേതിലും വലിയ വിപത്ത് വരും ദിവസങ്ങളില്‍ നമ്മള്‍ കാണേണ്ടി വരും.                   

 

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി