Wed. Nov 6th, 2024

ബാലസോർ ട്രെയിൻ ദുരന്തത്തിൽ, അപകടത്തിന്റെ കാരണവും അതിന്റെ ഉത്തരവാദികളെയും കണ്ടെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാക്ക് ഇന്നു തന്നെ പുനസ്ഥാപിക്കാനാണ് ശ്രമമെന്നും ബുധനാഴ്ച്ചയോടെ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. സംഭവത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വർ എയിംസിൽ എത്തി പരിക്കേറ്റവരെ കണ്ടതിനു ശേഷം ബാലസോറിലേക്ക് പോകും.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രഖ്യാപിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.