Sat. Oct 5th, 2024

ഹൃദ്‌രോ​ഗ വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസിയെടുത്തയാളുടെ  നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നൽകേണ്ടെന്ന് ഹൈക്കോടതി. ഹൃദ്‌രോ​ഗ വിവരം മൂടി വെച്ചതിലൂടെ പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവമാണ് ഉണ്ടായതെന്ന് കോടതി പറഞ്ഞു. ഇന്‍ഷുറന്‍സ് തുക നൽകണമെന്ന എറണാകുളം സബ്കോടതിയുടെ ഉത്തരവിനെതിരെ എല്‍ഐസി സോണല്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്. 1993 നവംബര്‍ ഒന്നിനാണ് പോളിസി എടുക്കുന്നത്. ഡിസംബർ 14 ന് പോളിസി നിലവിൽ വരികയും 1995 ജൂലൈ 10ന് പോളിസി ഉടമ മരിക്കുകയും ചെയ്തു. തുടർന്ന് ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ ക്ലെയിം തുക ആവശ്യപ്പെട്ട് നോമിനിയായ ഭാര്യ എല്‍ഐസിയെ സമീപിക്കുകയായിരുന്നു. രോഗവിവരം മറച്ച് വച്ച് പോളിസി എടുത്തതെന്ന കാരണത്താല്‍ ക്ലെയിം എല്‍ഐസി നിഷേധിച്ചിരുന്നു. ഇതിനെതിരെ പോളിസി ഉടമയുടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എല്‍ഐസി ഉത്തരവാദിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.