Sun. May 5th, 2024

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ എല്ലാ ഔദ്യോഗിക പരിപാടികളുെ റദ്ദാക്കി. കേന്ദ്ര റെയിവെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. സംഭവത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

അപകടത്തിന് കാരണം സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്നാണ് നിഗമനം. ആദ്യ അപകടത്തിന് ശേഷം സിഗ്നല്‍ നല്‍കുന്നതില്‍ പിഴവ് പറ്റിയെന്നാണ് പ്രാഥമിക നിഗമനം. ഷാലിമാറില്‍ നിന്ന് കൊല്‍ക്കത്ത-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്സ്പ്രസും യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം