Fri. May 17th, 2024

തിരുവനന്തപുരം: ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാമെന്ന് ഗതാഗതവകുപ്പ്. ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗത വകുപ്പ് ഒഴിവാക്കി. കേരള മോട്ടോര്‍വാഹന നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ ഭേദഗതി സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുകയായിരുന്നു. നിയമ ഭേദഗതിയെത്തുടര്‍ന്ന് കറുത്ത നിറം വരെ ലോറികള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാകും. വെളിച്ചം പ്രതിഫലിക്കുന്ന റിഫല്‍ക്ടീവ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാണെങ്കിലും മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണില്‍പെടാനുള്ള സാധ്യത കുറവാണ്. വെളിച്ചം പ്രതിഫലിപ്പിക്കാത്ത മാറ്റ് ഫിനിഷ് പെയിന്റ് ഉപയോഗിച്ച വാഹനങ്ങള്‍ മിക്കപ്പോഴും കണ്ണില്‍പെടാറില്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടാറുണ്ട്. ഇത്തരം നിറങ്ങള്‍ ലോറികള്‍ക്കും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം