Wed. Dec 18th, 2024

ബെംഗളുരുവില്‍ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ പാത ഉദ്ഘാടനം ചെയ്തത്. കെ ആര്‍ പുര മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള 13.71 കിലോമീറ്റര്‍ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മെട്രോ സ്റ്റേഷനിലെ സൗകര്യങ്ങള്‍ മോദി വിലയിരുത്തി. നിര്‍മാണത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മെട്രോ ജീവനക്കാര്‍ക്കുമൊപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റ് ബിജെപി നേതാക്കളും മെട്രോയില്‍ അല്‍പദൂരം സഞ്ചരിച്ചു.

 

വൈറ്റ് ഫീല്‍ഡ് മേഖലയിലെ ഗതാഗതക്കുരുക്കിന് മെട്രോ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രധാനമെട്രോ പാതയായ പര്‍പ്പിള്‍ ലൈനുമായി കെ ആര്‍ പുരം – വൈറ്റ് ഫീല്‍ഡ് മെട്രോ പാതയെ ഇത് വരെ ബന്ധിപ്പിച്ചിട്ടില്ല. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം തീര്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.