Thu. Dec 19th, 2024

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ചൈനയും ഇന്ത്യയും തമ്മില്‍ യുദ്ധമോ ഏറ്റുമുട്ടലുകളോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതേസമയം, അതിര്‍ത്തി പ്രശ്‌നം വളരെ സങ്കീര്‍ണ്ണമായതിനാല്‍ ഒരു കരാറിലെത്തുന്നത് എളുപ്പമല്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തില്‍ മൂന്നാം കക്ഷികളുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സഹായകമാകില്ലെന്നും മാ ജിയ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മാ ജിയയുടെ പരാമര്‍ശം. ചൈനയോ ഇന്ത്യയോ ഈ വിഷയത്തില്‍ ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുടര്‍ച്ചയായ ചര്‍ച്ചയാണ് മുന്നിലുള്ള വഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ഞങ്ങളുടെ ഉഭയകക്ഷി പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള വിവേകം രണ്ട് രാജ്യങ്ങള്‍ക്ക് ഉണ്ടെന്നും ഞങ്ങള്‍ക്ക് അത് ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഈ ഉഭയകക്ഷി തര്‍ക്കത്തില്‍ ഇടപെടാന്‍ മറ്റാരെയും,പ്രത്യേകിച്ച് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരെ ക്ഷണിക്കുന്നില്ലെന്നും മാ ജിയ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം