Mon. Dec 23rd, 2024

കൊച്ചി: നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിക്കൊപ്പം ഹാജരാക്കിയ നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം. നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമാണെന്ന് ഈ മൊഴികളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്നാണ് കോടതി പരാമര്‍ശിച്ചത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍സുനി ഹൈക്കോടതിയെ സമീപിച്ചത്. ആറ് വര്‍ഷമായി ജയിലിലാണെന്നും കൂട്ടുപ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ആയിരുന്നു പള്‍സര്‍ സുനിയുടെ പ്രധാന വാദം. അതേസമയം, പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. കേസില്‍ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന വിചാരണകോടതിയുടെ ആവശ്യം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ് സുനി ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം