Sun. Apr 28th, 2024

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനാണ് അനുമതി നിഷേധിച്ചത്. മോദിയുടെ മലയാള പരിഭാഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കറുപ്പിനോട് അദ്ദേഹത്തിന് ഭയമാണെന്നും എന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങളാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഉന്നയിച്ചത്.

അതേസമയം, നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കേന്ദ്രസര്‍ക്കാര്‍ 13 തവണ ഇന്ധനനികുതി വര്‍ധിച്ചപ്പോള്‍ പ്രതിഷേധിക്കാത്ത പ്രതിപക്ഷത്തിന്റെ സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമരം ആസൂത്രിതമെന്നും കറുപ്പിനോട് വിരോധമില്ലെന്നും, കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം അതിനുവേണ്ടി പടച്ചു വിടുന്നതാണ് ഈ കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുള്ളവര്‍ സാധാരണ നിലയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. എന്നാല്‍ തികച്ചും അപകടകരമായ നിലയില്‍ ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. അത് തടയുവാന്‍ ആവശ്യമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യത്തില്‍ അനിവാര്യമായ നിയമനടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉന്നയിച്ചത്. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങള്‍ക്ക് ഭയമില്ല. ആരെയും ഭയന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തിന് പഴയ വിജയനാണെങ്കില്‍ മറുപടി പറയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം