Sun. Dec 22nd, 2024

വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കനത്ത നഷ്ടത്തില്‍ ചെമ്മീന്‍ കര്‍ഷകര്‍. വൈറസ് രോഗവും വിഷാംശമുള്ള വെള്ളം കായലില്‍ എത്തുന്നതിനെ തുടര്‍ന്നും ചെമ്മീനും ഞണ്ടും ചത്തൊടുങ്ങുന്നത് ചെമ്മീന്‍ കൃഷിയെ പ്രതികൂലമായി ബാധിച്ചു.

ചെമ്മീന്‍ ലഭ്യതയില്‍ മൊത്തത്തില്‍ ഉണ്ടായ കുറവ്, ചിലയിനം ചെമ്മീന്‍ ഇനങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ ഉണ്ടായ ഡിമാന്‍ഡ് ഇല്ലായ്മ തുടങ്ങിയവയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതിനു പുറമേ വെള്ളത്തിലെ രാസ മാലിന്യ സാന്നിധ്യം വര്‍ധിച്ചതും നിരോധിത വലകള്‍ അടക്കം ഉപയോഗിച്ച് നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം വ്യാപകമായതും ചെമ്മീന്‍ പാടങ്ങളെ തരിശാക്കി മാറ്റിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഏപ്രില്‍ മധ്യത്തിലാണ് ചെമ്മീന്‍കെട്ടുകളുടെ സീസണ്‍ അവസാനിക്കുന്നത്. നീരൊഴുക്കിന് അനുസൃതമായി ചെമ്മീന്‍ പിടിച്ചെടുക്കാന്‍ ഈ കാലയളവിനുള്ളില്‍ ഇനി 5 അവസരം മാത്രമാണ് ലഭിക്കുക. അതിനുള്ളില്‍ മുടക്കുമുതലിന്റെ നാലിലൊന്നു പോലും തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.

ചെമ്മീന്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ കക്കാ വാരാനും മറ്റ് തൊഴിലിനുമായി പോവുകയാണ്. വലിയ ബോട്ടുകളില്‍ പോയി മീന്‍ പിടിക്കാന്‍ പോകുന്നത് മൂലം പെട്രോളും ഓയിലും വെള്ളത്തില്‍ വീഴുന്നത് ചെമ്മീന്റെ ലഭ്യത കുറയ്ക്കുന്നുവെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. പെരിയാര്‍ നദിക്ക് ചുറ്റുമുള്ള ഫാക്ടറികളില്‍ നിന്ന് മാലിന്യം പുഴയിലേയ്ക്ക് ഒഴുക്കുന്നത് പുഴയിലെ ചെമ്മീനുകള്‍ ചത്ത് ഒടുങ്ങുന്നതിന് കാരണമാകുന്നുവെന്ന് ഫാം ഉടമകള്‍ പറയുന്നു.

വെള്ളത്തിലെ രാസമാലിന്യ ഭീഷണി സാന്നിധ്യം വര്‍ധിച്ചതാണ് ചെമ്മീന്‍ ലഭ്യത കുറയാനുള്ള മറ്റൊരു പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇപ്പോള്‍ പുഴകളില്‍ വേലിയേറ്റം അതി ശക്തമാണ്. ഇത്തരത്തില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം മുതലാക്കി പുഴയിലേക്ക് വന്‍തോതില്‍ രാസമാലിന്യം തുറന്നുവിടുന്ന പതിവ് പല ഫാക്ടറികള്‍ക്കും ഉണ്ട്. ഇത്തരത്തില്‍ എത്തിയ വിഷവെള്ളം വ്യാപകമായതോടു കൂടിയാണ് ലഭ്യത തീര്‍ത്തും കുറഞ്ഞതെന്ന് കര്‍ഷകര്‍ പറയുന്നു. നേരത്തെ നിരവധി വള്ളങ്ങളില്‍ പോയി മീന്‍ പിടിച്ചിരുന്ന തെഴിലാളികള്‍ക്ക് ഇന്ന് ഒരു വഞ്ചിയില്‍ പോലും മീന്‍ ലഭിക്കുന്നില്ല എന്ന് തെഴിലാളികള്‍ പറയുന്നു. ഒരു സീസണില്‍ ലക്ഷങ്ങളാണ് ഫാം ഉടമകള്‍ക്ക് നഷ്ടം വരുന്നത്. ലക്ഷങ്ങള്‍ മുടക്കി മീന്‍ ഇറക്കിയാലും മുടക്കു മുതല്‍ പോലും തിരിച്ചു ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.

തൊഴിലാളികളെ ലഭിക്കുന്നില്ല എന്നത് ഫാം ഉടമകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. രാവിലെ 8 മണിക്ക് പണിക്കിറങ്ങുന്നവര്‍ ഉച്ചവരെ മാത്രമാണ് പണിയെടുക്കുക. അത്രയും ബുദ്ധിമുള്ള ജോലിയാണിത്. ഒരു ദിവസം തൊഴിലാളികള്‍ക്ക് 800 രൂപാ വരെ നല്‍കേണ്ടി വരും. തൊഴിലാളികള്‍ക്ക് കൂലിയും മറ്റ് ചിലവും കഴിഞ്ഞാല്‍ പിന്നെ കെട്ട് ഉടമകള്‍ക്ക് ഒന്നും ലഭിക്കില്ല. ഇപ്പോള്‍ മത്സ്യ കെട്ടുകള്‍ നോക്കാനും അന്യസംസ്ഥാന തൊഴിലാളികളെ ഏല്‍പ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് ഫാം ഉടമകള്‍ പറയുന്നു.

ചെമ്മീന്‍ കൃഷി സീസണ്‍ കഴിഞ്ഞ പൊക്കാളി കൃഷിചെയ്യുകയാണ് പതിവ് എന്നാല്‍ ചെമ്മീന്‍ കൃഷി പോലെ തന്നെ പൊക്കാളി കൃഷിയും വന്‍ നഷ്ട്ടത്തിലാണ്. അതിനാല്‍ തന്നെ പൊക്കാളി ചെയ്യണോ എന്നാ ആശങ്കിയിലാണ് കര്‍ഷകര്‍. വര്‍ഷം മുഴുവന്‍ വരുമാനം ലഭിച്ചിരുന്ന പ്രദേശമാണ് വൈപ്പിന്‍. വൈപ്പിനിലെ തന്നെ പല പ്രദേശങ്ങളിലും ചെമ്മിനും അതുകഴിഞ്ഞാല്‍ നെല്ലുമായി സമൃദ്ധമായിരുന്നു. എന്നാല്‍ കൊറൊണയും വെള്ളപ്പൊക്കവും ഈ പ്രദേശത്തിന്റെ ഫലഭുയിഷ്ടത നശിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ പല പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യവും കക്കൂസ് മലിന്യവും വന്ന് അടിഞ്ഞതോടെ മീനുകള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങി. മീനുകള്‍ ചത്ത് പൊങ്ങി വരാതെ കായലില്‍ തന്നെ അടിയുന്നതും മീനിന്റെ ലഭ്യത കുറക്കുന്നുനുവെന്ന് തൊഴിലാളികള്‍ പറയുന്നു. ചെമ്മീന്‍ പോലെ തന്നെയാണ് ഞണ്ടും. വറുതി സമയത്ത് പലപ്പോഴും കര്‍ഷകര്‍ക്ക് താങ്ങായിരുന്ന ഞണ്ട് തീരെ കിട്ടാതാവുകയും ചെയ്തു. ഒറ്റ ഞണ്ടു പോലും ഈ സീസണില്‍ ലഭിക്കാത്ത ചെമ്മീന്‍ കെട്ടുകള്‍ ഉണ്ട്. പ്രാദേശികമായി ഞണ്ട് ഇടപാട് നടത്തിയിരുന്ന പലരും ഇപ്പോള്‍ അത് അവസാനിപ്പിച്ചിരിക്കുകയാണ്. വിദേശത്തേക്ക് ഞണ്ട് അയച്ചിരുന്ന കമ്പനികളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കെട്ട് നടത്തിപ്പുകാര്‍ക്ക് ആ വഴിക്കുള്ള ആദായവും അടഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.