Sat. Jan 11th, 2025

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസി വരുത്തിയ കുടിശ്ശിക അടയ്ക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശ്ശിക തുക. 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ആണ് വകമാറ്റിയത്. തുക വകമാറ്റിയത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തങ്ങളുടെ ശമ്പളത്തില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് പിടിക്കുന്ന തുക അവരുടെ അക്കൗണ്ടിലേക്ക് വകവെയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 106 ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. 2014 നു ശേഷം യാതൊരുവിധ തുകയും തങ്ങളുടെ അക്കൗണ്ടിലേക്ക് കെഎസ്ആര്‍ടിസി അടച്ചില്ല എന്നാണ് ജീവനക്കാരുടെ പരാതി. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക ഒരുവിധത്തിലും വകമാറ്റാന്‍ പറ്റില്ലെന്നും അതിനാല്‍ ആറു മാസത്തിനകം 2014 മുതലുള്ള കുടിശ്ശികയായ 251 കോടി രൂപ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് കെഎസ്ആര്‍ടിസിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സഹായം കിട്ടുന്നതനുസരിച്ച് തുക തിരിച്ചടയ്ക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ തവണകള്‍ നല്‍കാനാകില്ലെന്നും ആറുമാസത്തിനകം തുക മുഴുവന്‍ തിരിച്ചടയ്ക്കണമെന്നും കോടതി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം