Sat. Jan 18th, 2025

വാഷിങ്ടണ്‍: പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന നല്‍കുന്ന സഹായം ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക. ഇതുമൂലം ചൈനയുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന ആശങ്കയാണ് യുഎസിന്. യുഎസ് നയതന്ത്ര പ്രതിനിധിയായ ഡോണാള്‍ഡ് ലുവാണ് ഇക്കാര്യം പറഞ്ഞത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനം. ചൈന ഡെവലപ്‌മെന്റ് ബാങ്ക് പാകിസ്ഥാന് 700 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ധനകാര്യമന്ത്രി ഇഷ്‌ക് ദാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രതികരണം. ഇന്ത്യയോടും മേഖലയിലെ മറ്റു രാജ്യങ്ങളോടും ചൈന നല്‍കുന്ന സഹായത്തെ കുറിച്ച് ബ്ലിങ്കന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ച നടത്തും. ചൈന ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബാഹ്യ ശക്തിയുടെ നിര്‍ബന്ധിത തീരുമാനങ്ങളല്ലാതെ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ രാജ്യങ്ങളെ യുഎസ് എങ്ങനെ സഹായിക്കുന്നുവെന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം