Mon. Dec 23rd, 2024

വാഷിങ്ടണ്‍: ലോകബാങ്ക് മേധാവിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കനായ അജയ് ബന്‍ഗയെയാണ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഏറ്റവും അടിയന്തരമായ വെല്ലുവിളികളെ നേരിടാന്‍ പൊതു-സ്വകാര്യ വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള നിര്‍ണായക അനുഭവം ബന്‍ഗയ്ക്ക് ഉണ്ടെന്ന് നാമനിര്‍ദേശം ചെയ്യവെ ബൈഡന്‍ പറഞ്ഞു. മാസ്റ്റര്‍കാര്‍ഡ് മുന്‍ സിഇഒ ആണ് അജയ് ബന്‍ഗ. നിലവില്‍ ഓഹരി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റികിലെ വൈസ് ചെയര്‍മാനാണ് അദ്ദേഹം. നിലവിലെ മേധാവി ഡേവിഡ് മാല്‍പാസ് നേരത്തെ വിരമിക്കാന്‍ തീരുമാനിച്ചതോടെയാണ് പുതിയ നാമനിര്‍ദേശം. 2019 ല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് ഡേവിഡ് മാല്‍പാസിനെ നാമനിര്‍ദേശം ചെയ്തത്. 2024 നാണ് മാല്‍പാസിന്റെ കാലാവധി കഴിയുന്നത്. എന്നാല്‍ അദ്ദേഹം നേരത്തെ സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചതിനാലാണ് പുതിയ മേധാവിയെ നാമനിര്‍ദേശം ചെയ്തത്. സാധാരണ അമേരിക്കക്കാരാണ് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുക. മാര്‍ച്ച് 29 വരെയാണ് നാമനിര്‍ദേശം സ്വീകരിക്കുന്നത്. വനിതാ സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് ബാങ്ക് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം