Fri. May 3rd, 2024

ഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ഭയമില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബിബിസി ഡയറക്ടര്‍ ജനറലും ചീഫ് എഡിറ്ററുമായ ടിം ഡേവി. ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ടിം ഡേവി ഇക്കാര്യം പറഞ്ഞത്. ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ബിബിസി ഇന്ത്യ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ ധൈര്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ബിബിസിയെ സംബന്ധിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി. ‘ഭയമോ പക്ഷപാതമോ ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്മുടെ കഴിവിനേക്കാള്‍ പ്രാധാന്യം മറ്റൊന്നിനുമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകള്‍ എത്തിക്കുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള നമ്മുടെ കടമ. ആ ചുമതലയില്‍ നിന്ന് നമ്മള്‍ പിന്മാറുകയില്ല. ബിബിസിക്ക് പ്രത്യേകമായ ഒരു അജണ്ടയുമില്ലെന്ന് ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ലക്ഷ്യത്താല്‍ നയിക്കപ്പെടുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ലക്ഷ്യം’-ടിം ഡേവി പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിന്ന റെയ്ഡാണ് ഡല്‍ഹിയിലും മുംബൈയിലുമായി നടന്നത്. ബിബിസിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം