Mon. Dec 23rd, 2024

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയി ഡോ കെ ജെ റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് കെ ജെ റീന. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു സെലക്ഷന്‍ കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു സെലക്ഷന്‍ കമ്മിറ്റി. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ കെ ജെ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചപ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ കെ ജെ റീന. പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറുടെ ചുമതലയും ഡോ റീന നിര്‍വഹിച്ചിട്ടുണ്ട്. മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ ആര്‍ എല്‍ സരിത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ പുതിയ ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പുതിയ നിയമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം